Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തകർന്നു തരിപ്പണമായ കോൺഗ്രസിനെ രണ്ടുതവണ അധികാരത്തിൽ എത്തിച്ച സൗമ്യശാലി; രാഹുലിന് പകരക്കാരനെ കണ്ടെത്താനാവാതെ നട്ടം തിരിഞ്ഞ കോൺഗ്രസിനെ വഴിയാധാരമാക്കാൻ താൽപ്പര്യമില്ലാതെ വന്നപ്പോൾ മനസില്ലാ മനസ്സോടെ യേസ് മൂളി; വിവരം അറിഞ്ഞു ഞെട്ടിയെങ്കിലും മറ്റൊരു നിർവ്വാഹവുമില്ലാതെ രാഹുലും അംഗീകരിച്ചു; രോഗബാധിത ആയതിനാൽ എല്ലാം മകനെ ഏൽപ്പിച്ചു വിശ്രമത്തിന് പോയ അമ്മ ഒരു നിവൃത്തിയുമില്ലാതെ വീണ്ടും അധികാരം ഏൽക്കുന്നത് ഇങ്ങനെ

തകർന്നു തരിപ്പണമായ കോൺഗ്രസിനെ രണ്ടുതവണ അധികാരത്തിൽ എത്തിച്ച സൗമ്യശാലി; രാഹുലിന് പകരക്കാരനെ കണ്ടെത്താനാവാതെ നട്ടം തിരിഞ്ഞ കോൺഗ്രസിനെ വഴിയാധാരമാക്കാൻ താൽപ്പര്യമില്ലാതെ വന്നപ്പോൾ മനസില്ലാ മനസ്സോടെ യേസ് മൂളി; വിവരം അറിഞ്ഞു ഞെട്ടിയെങ്കിലും മറ്റൊരു നിർവ്വാഹവുമില്ലാതെ രാഹുലും അംഗീകരിച്ചു; രോഗബാധിത ആയതിനാൽ എല്ലാം മകനെ ഏൽപ്പിച്ചു വിശ്രമത്തിന് പോയ അമ്മ ഒരു നിവൃത്തിയുമില്ലാതെ വീണ്ടും അധികാരം ഏൽക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഉഴറുന്ന ഘട്ടത്തിലാണ് സോണിയ ഗാന്ധി വീണ്ടും പാർട്ടിയുടെ അധ്യക്ഷ പദവിയിൽ എത്തുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കി വീണ്ടും കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുകയും തുടർന്ന് ഭരണ തുടർച്ചയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്ത പ്രതാപമുള്ള നേതാവാണ് സോണിയ ഗാന്ധി. അതുകൊണ്ട് തന്നെ വീണ്ടും സോണിയ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ പ്രവർത്തകർ പ്രതീക്ഷയിലാണ്. എന്നാൽ മുമ്പുള്ള വിധത്തിലല്ല, സോണിയ ഇക്കുറി കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. അസുഖബാധയെ തുടർന്ന് സ്വയം മാറി രാഹുലിനെ ചുമതല ഏൽപ്പിച്ച അവർ രാഹുൽ ആ പദവിയിൽ തുടരാൻ താൽപ്പര്യം കാണിക്കാതെ വന്നപ്പോൾ ഗത്യന്തരമില്ലാതെയാണ് വീണ്ടും ആ പദവിയിൽ എത്തിച്ചേർന്നത്.

രാഹുലിന് പകരം ആര് എന്ന ചോദ്യവുമായി കോൺഗ്രസ് വട്ടംതിരിയുന്ന ഘട്ടത്തിലാണ് സോണിയ വീണ്ടും ആ പദവി ഏറ്റെടുത്തത്. വർക്കിങ് കമ്മിറ്റി യോഗത്തിൽ നാടകീയ നീക്കമാണ് സോണിയയുടെ പേര് ഉയർന്നു വന്നത്. നെഹ്‌റു കുടുംബമല്ലാതെ മറ്റൊരു അഭയസ്ഥാനം കോൺഗ്രസിന് ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് അവരുടെ സ്ഥാനാരോഹണം വ്യക്തമാക്കുന്നത്. തന്റെ പിൻഗാമിയായി നെഹ്‌റു കുടുംബത്തിൽ നിന്നാരും വേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിലപാടു മറികടന്നാണ്, സോണിയയെ ഇടക്കാല പ്രസിഡന്റാക്കാൻ പാർട്ടി സമ്മർദം ചെലുത്തിയത്. ഇതോടെ സ്ഥിരം പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പിനു സോണിയ നേതൃത്വം നൽകും.

പുതിയ അധ്യക്ഷനെ കണ്ടെത്താൻ വേണ്ടി ഇന്നലെ രാവിലെ 11നു ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനമാകാതെ ഒരു മണിക്കൂറിൽ പിരിഞ്ഞു. പിന്നീട് സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചു പ്രവർത്തക സമിതി അംഗങ്ങൾ ചർച്ച നടത്തിയെങ്കിലും കേരളമടക്കമുള്ളവ രാഹുൽ അല്ലാതെ മറ്റാരും വേണ്ടെന്ന് ഉറച്ച നിലപാടെടുത്തു. സംസ്ഥാനങ്ങളുമായുള്ള യോഗത്തിൽ നിന്ന് സോണിയയും രാഹുലും വിട്ടു നിന്നു. രാത്രി എട്ടിനു വീണ്ടും യോഗം ചേർന്നെങ്കിലും രാഹുൽ എത്തിയില്ല. രാഹുൽ തന്നെ പ്രസിഡന്റ് പദവിയിൽ തുടരണമെന്ന പ്രമേയം വർക്കിങ് കമ്മിറ്റി പാസാക്കാൻ ഒരുങ്ങി.

ഇക്കാര്യം രാഹുലിനെ അറിയിക്കാൻ ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരെ യോഗം ചുമതലപ്പെടുത്തി. മുറിക്കു പുറത്തിറങ്ങിയ ഇരുവരും രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, തന്റെ തീരുമാനത്തിൽ അണുവിട വ്യത്യാസം ഇല്ലെന്നും പ്രമേയം അംഗീകരിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇതോടെ ഈ പ്രതീക്ഷ നശിച്ച നേതാക്കൾ മറ്റു മാർഗ്ഗങ്ങളെ കുറിച്ചു തിരക്കി. തുടർന്ന് സോണിയ ഇടക്കാല പ്രസിഡന്റാകണമെന്ന പ്രമേയം പാസാക്കി. പിൻഗാമിയായി നെഹ്‌റു കുടുംബത്തിൽ നിന്നാരും വേണ്ടെന്ന് രാഹുൽ മുൻപു വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ അദ്ദേഹത്തോടു ചോദിക്കാതെ തനിക്കു തീരുമാനമെടുക്കാനാവില്ലെന്ന് സോണിയ അറിയിക്കുകയായിരുന്നു.

തുടർന്ന് പ്രിയങ്കയ്‌ക്കൊപ്പം മുറിക്കു പുറത്തിറങ്ങിയ സോണിയ രാഹുലിനെ ഫോണിൽ വിളിച്ചു. യോഗത്തിലെ സ്ഥിതിഗതികൾ സോണിയ രാഹുലിനോടു വിവരിച്ചു. ഒടുവിൽ പാർട്ടി അധ്യക്ഷയായി അമ്മ എത്തുന്നതിന് സമ്മതം മൂളുകയായിരുന്നു സോണിയ. തിരികെയെത്തിയ സോണിയ തൽക്കാലത്തേക്കു താൻ ഏറ്റെടുക്കാൻ തയാറാണെന്നു വ്യക്തമാക്കി. പിന്നാലെ രാഹുലും യോഗത്തിനെത്തി. രാത്രി പത്തരയോടെ യോഗം അവസാനിക്കും മുൻപു പുറത്തിറങ്ങിയ രാഹുൽ, മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയെങ്കിലും പ്രസിഡന്റ് വിഷയത്തിൽ മൗനം പാലിച്ചു. ജമ്മു കശ്മീരിലെ ക്രമസമാധാന നിലയെക്കുറിച്ചു സംസാരിച്ച അദ്ദേഹം, പ്രസിഡന്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയാതെ നടന്നു നീങ്ങി. ഏതാനും നിമിഷങ്ങൾക്കു ശേഷം യോഗം പൂർത്തിയാക്കി പുറത്തിറങ്ങിയ ഗുലാം നബി ആസാദ് സോണിയ കോൺഗ്രസിനെ നയിക്കും എന്ന് അറിയിക്കുകയായിയിരുന്നു.

കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാം വരവിൽ സോണിയയെ കാത്തിരിക്കുന്നത് ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ള കടുത്ത വെല്ലുവിളി. 1998 മാർച്ചിൽ ആദ്യം പ്രസിഡന്റായ സോണിയ 2 തവണ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സഖ്യകക്ഷികളുമായി ഊഷ്മള ബന്ധം നിലനിർത്തുന്നതിൽ സോണിയയ്ക്കുള്ള മികവ് നിലവിൽ പാർട്ടിക്കാവശ്യമാണെന്നും ഇന്നലെ നേതാക്കൾ ചൂണ്ടിക്കാട്ടി.

19 വർഷം കോൺഗ്രസിനെ നയിച്ച സോണിയ 2017 ഡിസംബറിലാണു പദവിയൊഴിഞ്ഞത്. എഴുപത്തിരണ്ടുകാരിയായ അവർ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞായിരുന്നു സ്ഥാനത്തു നിന്നു മാറിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്തുണ്ടായിരുന്നില്ലെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഉൾപ്പെടെ സജീവസാന്നിധ്യമായിരുന്നു. കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ മറ്റു പാർട്ടി നേതാക്കളുമായുള്ള സഖ്യചർച്ചകളിലും സോണിയ ഇടപെട്ടു. റായ്ബറേലിയിൽ നിന്ന് വീണ്ടും എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ലോക്‌സഭാ, രാജ്യസഭാ എംപിമാർ ഉൾപ്പെട്ട കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിപിപി) അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് സോണിയ ഈ പദവിയിലെത്തിയത്. പതിനേഴാം ലോക്‌സഭയുടെ ആദ്യദിനം മുതൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

1998ൽ കോൺഗ്രസ് നേതൃത്വത്തിലേക്കു സോണിയ വരുമ്പോൾ ദിശ നഷ്ടപ്പെട്ടൊരു കപ്പലായിരുന്നു പാർട്ടി. അതിനാൽത്തന്നെ സോണിയയുടെ അധികാരവാഴ്ചയ്ക്ക് ഉയർച്ചതാഴ്ചകളുടെ മൂന്നു കാലഘട്ടമുണ്ട്. 1998 മുതൽ 2004 വരെ ശിഥിലമായ ഒരു പാർട്ടിയുടെ പുനരുദ്ധാരണം. 2004 മുതൽ 2014 വരെ യുപിഎ അധ്യക്ഷ എന്ന നിലയിൽ സമർഥമായ നേതൃത്വം. 2014 മുതൽ 2017 വരെ രോഗാതുരമായ തന്റെ ശരീരത്തോടുള്ള പോരാട്ടം. 132 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോർഡുമായിട്ടായിരുന്നു 2017ൽ പടിയിറക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP