Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാടൻ തണുപ്പിൽ നിന്ന് കന്യാകുമാരിയിലെ ചൂടിലേക്ക് രാഹുൽ ഗാന്ധി മാറുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ കന്യാകുമാരിയിൽ മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമം; രാഹുൽ മാറിയാൽ പകരം കെ സി വേണുഗോപാൽ വരുമോ? അമേഠിയിൽ സ്മൃതി ഇറാനിയോട് ഏറ്റുമുട്ടുന്നത് ആത്മഹത്യാപരം ആയതിനാൽ കോൺഗ്രസിൽ ആലോചനകൾ മുറുകുന്നു

വയനാടൻ തണുപ്പിൽ നിന്ന് കന്യാകുമാരിയിലെ ചൂടിലേക്ക് രാഹുൽ ഗാന്ധി മാറുമോ?  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ കന്യാകുമാരിയിൽ മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമം; രാഹുൽ മാറിയാൽ പകരം കെ സി വേണുഗോപാൽ വരുമോ?  അമേഠിയിൽ സ്മൃതി ഇറാനിയോട് ഏറ്റുമുട്ടുന്നത് ആത്മഹത്യാപരം ആയതിനാൽ കോൺഗ്രസിൽ ആലോചനകൾ മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കന്യാകുമാരിയിൽ മത്സരിക്കുമോ? ഇതിന്റെ സാധ്യതകൾ കോൺഗ്രസ് ആരായുകയാണെന്ന് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു. കോൺഗ്രസിന്റെ വിജയ് വസന്തിനെ മാറ്റി വയനാട് എംപി കന്യാകുമാരിയിൽ എത്തുമോ എന്നാണ് അറിയേണ്ടത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ല.

2019 ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ചില കോൺഗ്രസ് എപിമാർ പ്രിയങ്ക ഗാന്ധി കന്യാകുമാരിയിൽ നിന്ന് മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, പ്രിയങ്ക അതുസ്വീകരിച്ചില്ല. എന്തായാലും, രാഹുലിനെ കന്യാകുമാരിയിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നതിന് രണ്ടുകാരണങ്ങളുണ്ട്.

ഒന്നാമതായി കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലത്തിൽ, ബിജെപിക്ക് എതിരെ നേർക്കുനേർ പോരാട്ടമാകും. ഡിഎംകെയും, ഇടതുകക്ഷികളുമായി സഖ്യത്തിലായ കോൺഗ്രസിന് ജയിച്ചുകയറാൻ വിഷമവുമില്ല. രണ്ടാമതായി, സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുമായി അടുപ്പം പുലർത്തുന്ന രാഹുൽ, വയനാട്ടിൽ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നതിലെ ഔചിത്യക്കുറവ്. എന്തായാലും, ആദ്യത്തെ കാരണത്തിനാണ് കൂടുതൽ പ്രാധാന്യം കോൺഗ്രസ് നേതാക്കൾ കൽപിക്കുന്നത്.

2019 ലും ബെംഗളൂരു റൂറലിനൊപ്പം കന്യാകുമാരിയും രാഹുലിന് മത്സരിക്കാനുള്ള മണ്ഡലങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. അവസാന നിമിഷം അത് വയനാട്ടിലേക്ക് മാറ്റുകയായിരുന്നു. രാഹുൽ കന്യാകുമാരിയിലേക്ക് മാറിയാൽ, പകരം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കുമെന്നും സൂചനയുണ്ട്. കന്യാകുമാരിയിൽ മത്സരിച്ചാൽ, രാഹുൽ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സംയുക്ത സ്ഥാനാർത്ഥിയായിരിക്കും.

2019 ൽ രാഹുൽ അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റിരുന്നു. സ്മൃതി ഇറാനി തന്റെ വികസന പ്രവർത്തനങ്ങളിലൂടെ അമേഠിയിൽ സ്വാധീനം ഉറപ്പിച്ചതോടെ, നിലവിലെ സാഹചര്യത്തിൽ, രാഹുലിന് സീറ്റ് തിരിച്ചുപിടിക്കുക എളുപ്പമാവില്ല. 1980ൽ സജ്ജയ് ഗാന്ധിയാണ് അമേഠിയിൽ ആദ്യമായി മത്സരിച്ച ഗാന്ധി-നെഹ്റു കുടുംബാംഗം. പിന്നീട് രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഇവിടെനിന്ന് എംപിമാരായി. രാഹുൽ ഗാന്ധി ആദ്യമായി അമേഠിയിൽ മത്സരിച്ചത് 2004ലാണ്. തുടർച്ചയായി മൂന്നു തവണ വിജയിച്ചു. 2019ൽ നാലാംതവണ സ്മൃതി ഇറാനിക്ക് മുന്നിൽ അടിപതറി. അടുത്ത തിരഞ്ഞെടുപ്പിൽ അമേഠിയിൽ സമാജ് വാദി പാർട്ടിയും സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സൂചനയുണ്ട്. ഇതോടെ, അമേഠിയിൽ മത്സരിക്കുക രാഹുലിന് ആത്മഹത്യാപരമായിരിക്കും.

വയനാട്ടിലെ ജയത്തെ തുടർന്ന് എംപി സ്ഥാനം നിലനിർത്തിയ രാഹുലിന് അവിടെ മുഖ്യ എതിരാളികൾ ഇടതുപക്ഷം ആണെന്ന പ്രശ്‌നമുണ്ട്. ബിജെപിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിൽ നിന്ന് ഒളിച്ചോടുന്നുവെന്ന വ്യാഖ്യാനവും വരാം. അതുകൊണ്ട് തന്നെ ഭാരത് ജോഡോ യാത്ര ആരംഭിച്ച കന്യാകുമാരി തന്നെ രാഹുൽ തിരഞ്ഞെടുത്തേക്കാം. കർണാടകയിൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ തന്നെ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിങ് രീതി വ്യത്യസ്തമായതുകൊണ്ട് ബെംഗളൂവിൽ മത്സരിച്ച് ജയിക്കുക എളുപ്പമായിരിക്കില്ല. അതുകൊണ്ടാണ് കന്യാകുമാരിയിൽ കണ്ണുവയ്ക്കുന്നത്.

1969 ൽ കെ കാമരാജ് കന്യാകുമാരിയിൽ( നേരത്തെ നാഗർകോവിൽ) മത്സരിച്ചപ്പോൾ ഭരണകക്ഷിയായ ഡിഎംകെ, സ്വതന്ത്ര പാർട്ടിയുമായി ചേർന്ന മത്സരിച്ചെങ്കിലും, കോൺഗ്ര്‌സ് നേതാവിനെ കീഴ്‌പ്പെടുത്താൻ ആയിരുന്നില്ല. ഇപ്പോൾ ഡിഎംകെ കോൺഗ്രസിന് ഒപ്പമാണ്. രാഹുൽ കന്യാകുമാരിയിൽ നിന്ന് മത്സരിക്കുന്ന കാര്യം കെ സി വേണുഗോപാൽ സ്ഥിരീകരിച്ചിട്ടില്ല. പല മണ്ഡലങ്ങളിൽ നിന്നും മത്സരിക്കാൻ രാഹുലിന് ക്ഷണമുണ്ട്. എന്തായാലും കന്യാകുമാരി രാഹുലിന് സുരക്ഷിത മണ്ഡലമായിരിക്കുമെന്ന് ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP