Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സെന്റ് സ്റ്റീഫൻസിൽ അഡ്‌മിഷൻ ലഭിച്ചത് ഷൂട്ടിങ് മികവിന്റെ പേരിൽ സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ വഴി; അഭിഷേക് ബച്ചന്റെ സുഹൃത്തായി കൗമാരജീവിതം അടിച്ചു പൊളിച്ചു; ഹാർഡ് വാർഡിലും ട്രിനിറ്റിയിലും പഠിച്ച് അക്കാദമിക് മികവ് തെളിയിച്ചു; ഏറെക്കാലം ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ല; അദ്യവരവ് പരാജയപ്പെട്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കി: ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാം

സെന്റ് സ്റ്റീഫൻസിൽ അഡ്‌മിഷൻ ലഭിച്ചത് ഷൂട്ടിങ് മികവിന്റെ പേരിൽ സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ വഴി; അഭിഷേക് ബച്ചന്റെ സുഹൃത്തായി കൗമാരജീവിതം അടിച്ചു പൊളിച്ചു; ഹാർഡ് വാർഡിലും ട്രിനിറ്റിയിലും പഠിച്ച് അക്കാദമിക് മികവ് തെളിയിച്ചു; ഏറെക്കാലം ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ല; അദ്യവരവ് പരാജയപ്പെട്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കി: ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാം

മറുനാടൻ ഡെസ്‌ക്ക്‌

രാഹുൽ ഗാന്ധിയെ ഭാവി ഇന്ത്യൻ പ്രധാനമന്ത്രി എന്നു വിശേഷിപ്പിച്ചാൽ അത് അധികപ്രസംഗം ആവുമോ? 47-ാം വയസിൽ ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായെത്തിയ രാഹുൽ ഗാന്ധി ഒരിക്കൽ എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി ആവുകയില്ല എന്നു തീർത്തു പറയാൻ ആർക്ക് സാധിക്കും? അടുത്ത തെരഞ്ഞെടുപ്പിൽ അത് നടന്നില്ലെങ്കിലും അഞ്ചോ പത്തോ വർഷത്തിനു ശേഷം അങ്ങനെ സംഭവിച്ചെന്നു വരാം. ആദ്യ വരവിൽ പരാജയപ്പെട്ട രാഹുൽ രണ്ടാം വരവ് ആഘോഷം ആക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിക്ക് എങ്ങും പ്രതീക്ഷ തന്നെയാണ്.

ചെറിയ പ്രായത്തിൽ തന്നെ കോൺഗ്രസിന്റെ അദ്ധ്യക്ഷ പദവിയിൽ എത്തിയ രാഹുൽ നരേന്ദ്ര മോദി എന്ന ബിജെപിയുടെ കരുത്തുറ്റ നേതാവിന് ശക്തനായ എതിരാളിയായി മാറുമെന്നാണ് ഇന്ത്യൻ രാഷ്ട്രീയം കണക്കു കൂട്ടുന്നത്. ഒരു പക്ഷേ ഉടനെ ഒന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് വലിയ ചലനം സൃഷ്ടിക്കാനായില്ലെങ്കിലും അഞ്ചോ പത്തോ വർഷങ്ങൾക്കു ശേഷം രാഹുൽ കരുത്തുറ്റ നേതാവായി മാറുമെന്ന് തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണക്കു കൂട്ടൽ. അച്ഛൻ നഷ്ടപ്പെട്ട കുട്ടിക്കാലവും ചെറുപ്പം മുതലുള്ള രാഷ്ട്രീയ ജീവിതവും രാഹുലിനെ കരുത്തുറ്റ വ്യക്തിയായി മാറ്റിയിട്ടുണ്ടെന്നാണ് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടത്.

സ്‌കൂളിൽ ശരാശരിയിൽ താഴെ മാത്രമുള്ള ഒരു വിദ്യാർത്ഥിയായിരുന്നു രാഹുൽ ഗാന്ധി. മുത്തശ്ശിയും മുൻ പ്രധാന മന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെയും പിതാവും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ കണ്ട് വളർന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ കുട്ടിക്കാലം. കുടുംബത്തിലെ എല്ലാവരും തന്നെ കോൺഗ്രസ് അദ്ധ്യക്ഷന്മാരും. അതുകൊണ്ട് തന്നെ രാഹുലിന്റെ പുതിയ
സ്ഥാനാരോഹണത്തെ എങ്ങനെ കാണണമെന്ന് ആളുകൾക്ക് ഇനിയും മനസ്സിലായിട്ടില്ല.ഇത് കിരീടധാരണമാണോ അഭിഷേകമാണോ തിരഞ്ഞെടുപ്പാണോ അല്ലെങ്കിൽ സ്വാഭാവികമായ ഒന്നാണോ എന്ന ചോദ്യം ജനങ്ങളെയും കുഴക്കുന്നു.

മഹത്തായ പാരമ്പര്യമുള്ള രാജ്യത്തെ പ്രധാന പാർട്ടികളിലൊന്നായ കോൺഗ്രസിന്റെ തലപ്പത്ത് രാഹുൽ എത്തുമ്പോൾ അഥിനെ ആശങ്കയോടെ നോക്കിക്കാണുന്നവരും നിരവധിയാണ്. അലസമായുള്ള രാഹുലിന്റെ രീതികൾ തന്നെ, നെഹ്രുവിനെയോ ഇന്ദിരയെയോ അല്ലെങ്കിൽ രാജീവിനെയോപോലെയല്ല രാഹുൽ. പൊതുവേ അശ്രദ്ധനാണ് അദ്ദേഹം. രാഹുലിനെ സംബന്ധിച്ച് അധികാരമെന്നത് പാരമ്പര്യസ്വത്താണ്, ഉത്തരവാദിത്വമല്ല. അധികാരത്തുടർച്ച അയാൾക്കിപ്പോഴും ഒരു പരീക്ഷണമാണ്.

കുട്ടിക്കാലവും സ്‌കൂൾ ജീവിതവും
രാഹുൽ ഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം ഡൽഹിയിലെ സെന്റ് കൊളമ്പിയാസ് സ്‌കൂളിലായിരുന്നു. പിന്നീട് 1981 മുതൽ 1983 വരെ ഉത്തരാഖണ്ഡിലെ ഡറാഡൂണിലുള്ള ഡൂൺ സ്‌കൂളിലും വിദ്യാഭ്യാസം നടത്തി. പിന്നീട് ഡൽഹിയിലെ മോഡൽ സ്‌കൂളിലായി രാഹുലിന്റഎ പഠനം. ശരാശരിയിൽ താഴെയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ഡൽഹിയിലെ മോഡൽ സ്‌കൂളിൽ പഠിച്ചു വളർന്ന രാഹുൽ ഗാന്ധി. ഏതു നേരവും കളിച്ചു നടക്കാൻ ആഗ്രഹിച്ചിരുന്ന ഒരു സാധാരണ വിദ്യാർത്ഥി. ഡൽഹിയിലെ ഏറ്റവും നല്ല സ്‌കൂളുകളിൽ ഒന്നിൽ പഠിച്ചിട്ടും രാഹുൽ പറയത്തക്ക കേമമനായ വിദ്യാർത്ഥിയൊന്നുമായിരുന്നില്ല.

താൽപര്യം സ്‌പോർട്‌സിൽ
വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ സ്‌പോർട്‌സിനെയാണ് രാഹുൽ അക്കാലത്ത് സ്‌നേഹിച്ചിരുന്നത്. ഷൂട്ടിങ്, ബാഡ്മിന്റൺ, ടെന്നിസ്, ഗോൾഫ്, സ്‌ക്വാഷ്, ഹാർപൂൺ തുടങ്ങി കായികവിനോദങ്ങളിലായിരുന്നു രാഹുലിന് പ്രിയം. ഷൂട്ടിങ്ങിൽ എട്ട് മെഡലുകളും ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 32-ാം സ്ഥാനവും രാഹുൽ എന്ന കൗമാരക്കാരൻ നേടിയിരുന്നു. അങ്ങനെ സ്പോർട്സ് ക്വാട്ടയിലാണ് രാഹുലിന് സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രവേശനം ലഭിച്ചത്.

സെന്റ് സ്റ്റീഫൻസ് കോളേജിലെ യൗവ്വനം
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു രാഹുൽ കോളേജ് വിദ്യാഭ്യാസം തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ കോളേജിൽ പ്രവേശനം ലഭിക്കുവാൻ രാഹുലിന്റെ സ്‌കൂൾ ഫനൽ പരീക്ഷയിലെ മാർക്കോ വീടിന്റെ പ്രശസ്തിയോ മതിയായിരുന്നില്ല. സ്‌കൂൾ പരീക്ഷയിൽ 61 ശതമാനം മാത്രം മാർക്ക് നേടിയ രാഹുലിന് സ്പോർട്സ് ക്വാട്ടയിലാണ് കോളേജ് അധികൃതർ പ്രവേശനം നൽകിയത്. സാമ്പത്തിക ശാസ്ത്രത്തിനു 49 ശതമാനവും, ഗണിതത്തിന് 41 ശതമാനവും മാത്രമായിരുന്നു രാഹുലിന്റെ മാർക്ക്.

എന്നാൽ സെന്റ് സ്റ്റീഫൻസിലെ രാഹുലിന്റെ പഠനം അധിക കാലം തുടർന്നില്ല. ഒരു വർഷത്തിനു ശേഷം രാഹുൽ സെന്റ് സ്റ്റീഫൻസ് വിട്ടു. തുടർന്ന് ഹാവാർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുക്കുന്നതിന് അമേരിക്കയിലേയ്ക്കു പോയി. പിന്നീട് ട്രിനിറ്റിയിൽന്ന് ഡവലപ്മെന്റ് ഇക്കണോമിക്സിലും ബിരുദം നേടി. ഇക്കാലത്ത് അത്യപൂർവ്വമായാണ് രാഹുൽ പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ടത്.

അഭിഷേക് ബച്ചനുമായി അടിച്ചു പൊളിച്ചുള്ള കൗമാര കാലം
അടിച്ചു പൊളിച്ചുള്ള കൗമാരക്കാലം തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടേത്. അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനായിരുന്നു കൗമാര കാലത്ത് രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ. അഭിഷഏകിനെ കൂടാതെ സുമൻ ദുബയുടെ മകൻ അമിതാഭും രാഹുലിന്റെ സൗഹൃദത്തിൽ ഉൾപ്പെടുന്നു.

പിതാവിന്റെ മരണത്തോടെ സുരക്ഷാ വലയത്തിൽ
1991ൽ പിതാവ് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ വെച്ച് കൊല്ലപ്പെട്ടതോടെ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും ശക്തമായ സുരക്ഷാ വലയത്തിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ രാഹുലോ പ്രിയങ്കയോ അധികമായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

കൊളമ്പിയൻ സുന്ദരിയും വിവാദവും
ഹർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാലത്ത് രാഹുൽ പൊതു വേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എങ്കിലും ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരൻ വിവാദത്തിൽ നിറഞ്ഞു. ഒരു കൊളംബിയൻ പെൺകുട്ടിയുമായുള്ള പ്രണയത്തെക്കുറിച്ചുള്ളതായിരുന്നു രാഹുലിനെ അക്കാലത്ത് മാധ്യമങ്ങളിൽ നിറച്ച് നിർത്തിയത്. കൊളമ്പിയൻ പെൺകുട്ടിയമായി രാഹുൽ കറങ്ങി നടക്കുന്ന പടങ്ങളും പുറത്തു വന്നു. ഇതോടെ ഈ കുട്ടിയുമായി ഉടൻ വിവാഹം നടക്കും എന്നായിരുന്നു അന്ന് വാർത്തകൾ വന്നത്.

2004ൽ മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ സ്പാനിഷ് ഗേൾഫ്രണ്ടായ വെറോണിക്ക് കാർട്ടെല്ലിയെ കുറിച്ചു പറഞ്ഞു. ആർക്കിടെക്ടായ വെനിൻസ്വലക്കാരി വേറോണിക്കിന് പിന്നാലെ ഇതോടെ മാധ്യമങ്ങളും കൂടി. അമ്മ എന്ന നിലയിൽ സോണിയാ ഗാന്ധി രാഹുലിന്റെ വ്യക്തിജീവിതത്തിലും ഇഷ്ടങ്ങളിലും ഒരിക്കലും കൈകടത്തിയിരുന്നില്ലെന്ന് കുടുംബത്തോട് അടുത്ത വ്യക്തികൾ വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊഫഷണൽ ജീവിതം
അമേരിക്കയിലെ ബിരുദ പഠനത്തിന് ശേഷം ലണ്ടനിലെ മോണിറ്റർ ഗ്രൂപ്പിൽ മൂന്ന് വർഷക്കാലം ജോലി നോക്കി. 2002ൽ ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി മുംബൈയിലെ ബാക്കോപ്‌സ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിലും ഡയറക്ടറായി ജോലി നോക്കി. പിന്നീടാണ് രാഷ്ട്രീയ രംഗത്തേക്ക് രാഹുൽ ചുവട് മാറ്റിപ്പിടിച്ചത്.

രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം
സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി അമേഠിയിൽ മത്സരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി ഒരിടവേളയ്ക്ക് ശേഷം മാധ്യമങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കാഴ്ചയിൽ രാജീവ് ഗാന്ധിയെ ഓർമിപ്പിക്കുന്ന രാഹുൽ ഒരു പ്രചരണ തന്ത്രം കൂടിയായിരുന്നു സോണിയയ്ക്ക് അന്ന്. അത് രാഹുലിന്റെ പൊതുരംഗത്തേയ്ക്കുള്ള കടന്നുവരവിന്റെ ആരംഭം കൂടിയായി ഇതു മാറി.

പിതാവ് മത്സരിച്ചു ജയിച്ചിട്ടുള്ള അമേഠി മണ്ഡലത്തിൽ നിന്നുമായിരുന്നു രാഹുലിന്റെ രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്‌പ്പ്. 2004ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അമേഠിയിൽ നിന്നും ജയിച്ച് ലോക്‌സഭയിലേക്ക് എത്തുകയും ചെയ്തു. ഇതോടെ അമ്മയ്‌ക്കൊപ്പം പൊതുപരിപാടികളിലും കോൺഗ്രസ് പാർട്ടി മീറ്റിങ്ങുകളിലും പങ്കെടുത്തു തുടങ്ങി. 2006ൽ റായ്ബറേലിയിൽ നിന്നും മത്സരിച്ച് ജയിച്ച സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യ ആയുധമാക്കിയതും രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയുമായിരുന്നു. 2007ഓടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി രാഹുൽ മാറി.

ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ കരുത്തായി മാറിയ രാഹുൽ യുവാക്കളെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ വലിയ ഘടകമായി. കോൺഗ്രസിന്റെ ശക്തികൂട്ടാൻ രാജ്യമുടനീളം സഞ്ചരിച്ചു. പതുക്കെ പതുക്കെ കോൺഗ്രസിന്റെ കരുത്തായി മാറി. അപ്പോഴെ പലരും പ്രവചിച്ചു ഭാവിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ എന്ന്. ഒടുവിൽ അതു സത്യമായി മാറുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP