Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരുത്തു വീണ്ടെടുക്കാൻ ഡൽഹിയിൽ കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി; 'രാഹുൽ എന്റെ നേതാവ്; രാജ്യത്തെ സംരക്ഷിക്കാനായി ജനങ്ങൾ ശബ്ദമുയർത്തേണ്ട സമയം' എന്നു പറഞ്ഞ് പ്രിയങ്ക ഗാന്ധി; രാഹുൽ.. രാഹുൽ വിളികളുമായി അണികളും; രാം ലീല മൈതാനിയിലെ പ്രവർത്തകരുടെ ആവേശം രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരികെ കൊണ്ടുവരാനെന്ന് സൂചന; പൗരത്വ നിയമഭേദഗതിയിൽ പ്രതിരോധത്തിലായ കേന്ദ്രത്തിനെതിരെ തുടർ സമരങ്ങളുമായി മുന്നോട്ടു നീക്കാൻ ഉറപ്പിച്ചു കോൺഗ്രസ് നേതൃത്വം

കരുത്തു വീണ്ടെടുക്കാൻ ഡൽഹിയിൽ കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി; 'രാഹുൽ എന്റെ നേതാവ്; രാജ്യത്തെ സംരക്ഷിക്കാനായി ജനങ്ങൾ ശബ്ദമുയർത്തേണ്ട സമയം' എന്നു പറഞ്ഞ് പ്രിയങ്ക ഗാന്ധി; രാഹുൽ.. രാഹുൽ വിളികളുമായി അണികളും; രാം ലീല മൈതാനിയിലെ പ്രവർത്തകരുടെ ആവേശം രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരികെ കൊണ്ടുവരാനെന്ന് സൂചന; പൗരത്വ നിയമഭേദഗതിയിൽ പ്രതിരോധത്തിലായ കേന്ദ്രത്തിനെതിരെ തുടർ സമരങ്ങളുമായി മുന്നോട്ടു നീക്കാൻ ഉറപ്പിച്ചു കോൺഗ്രസ് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചു കൊണ്ട് കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലി. രാം ലീല മൈതാനിയിലെ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പി. ചിദംബരം തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്തു. രാഹുൽ ഗാന്ധി തിരികെ കോൺഗ്രസ് അധ്യക്ഷൻ പദവിയിലേക്ക് തിരികെ വരുമെന്ന സൂചനയാണ് റാലിയിൽ നൽകുന്നത്. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമായി.

അധികം താമസിയാതെ രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് സാധ്യതകൾ ഊട്ടിയുറപ്പിക്കുന്നതാണ് 'ഭാരത് ബച്ചാവോ' റാലി. രാംലീല മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളുടെ കൈകളിൽ രാഹുലിന്റേതല്ലാത്ത ഒരു നേതാവിന്റെയും പേരോ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല. വേദിയിൽ പ്രസംഗിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാകട്ടെ, തന്റെ നേതാവ് രാഹുലാണെന്നും പറയുകയുണ്ടായി. തന്റെ നേതാവാണ് രാഹുലിനെന്ന് പറഞ്ഞതോടെ അണികൾക്കിടയിലെ ആവേശവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മാത്രമല്ല, വേദിയിലെത്തിയ ഒരു നേതാവിനെയും പ്രസംഗിക്കാൻ അനുവദിക്കാത്ത അണികൾ, 'രാഹുൽ, രാഹുൽ' എന്ന മുദ്രാവാക്യം മുഴക്കിയതും ശ്രദ്ധേയമായി. മൈതാനത്തുണ്ടായിരുന്ന രാഹുലിന്റെ കട്ടൗട്ടും, പാർട്ടി ഉയർത്തിക്കാണിക്കാൻ ആഗ്രഹിക്കുന്ന നേതാവ് അദ്ദേഹം തന്നെയെന്നു വ്യക്തമാക്കുന്നതായിരുന്നു. ആറുമാസമായി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടെങ്കിലും, ദിവസങ്ങൾ മാത്രമേയായിട്ടുള്ളൂ രാഹുൽ വീണ്ടും സജീവമാകാൻ തുടങ്ങിയിട്ട്. ഇത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ചുവരവാണെന്നാണു രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.

സാഹോദര്യവും കർഷകരുടെ അഭിമാനവും സൈനികരുടെ ജീവത്യാഗവുമാണ് നമ്മുടെ രാജ്യം. നമ്മുടെ രാജ്യത്തെ ഇന്ന് അനീതി പൊതിഞ്ഞിരിക്കുന്നു. അനീതിക്കെതിരെ ഇന്ന് പോരാടാത്തവരെ ചരിത്രം ഭീരുവെന്ന് വിളിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. ബിജെപി രാജ്യത്തിന് എന്താണ് നൽകിക്കൊണ്ടിരിക്കുന്നത്? നമ്മൾ ആലോചിക്കണം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോകം നമ്മിലേക്ക് നോക്കുമായിരുന്നു എന്നാൽ ബിജെപി അധികാരത്തിലെത്തി ആറ് വർഷത്തിനിപ്പുറം എന്താണ് അവസ്ഥ?- പ്രിയങ്ക ചോദിച്ചു. ബിജെപി സർക്കാരിന്റെ 6 വർഷത്തിനുശേഷം ജി.ഡി.പി തകരുകയാണ്. ഫാക്ടറികൾ അടച്ചുപൂട്ടുന്നു. ഇന്ന് തൊഴിലില്ലായ്മ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ബസ് സ്റ്റോപ്പിലും പത്രങ്ങളിലും നമ്മൾ കാണുന്നത് മോദി വന്നാൽ എല്ലാം ശരിയാകും എന്ന വാചകമാണ്. എന്നാൽ സത്യത്തിൽ എന്താണ് സംഭവിച്ചത്. ഒരു കിലോ ഉള്ളിയുടെ വില നൂറ് രൂപയായി. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയിൽ രാജ്യം എത്തി. മാത്രമല്ല നാല് കോടി തൊഴിലുകൾ ഇല്ലാതായി. ഇതാണ് മോദി വന്നതിലൂടെ സംഭവിച്ചത്.

രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ പോരാടിയില്ലെങ്കിൽ നമ്മൾ ഭീരുക്കളാണ്. ഭരണഘടനാ വിരുദ്ധമായ എല്ലാ നിയമങ്ങൾക്കെതിരെയും പോരാടേണ്ടതുണ്ട്. രാജ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ബാബാ സാഹേബിന്റെ ഭരണഘടന ഈ സർക്കാർ തകർക്കുന്ന നാൾ വിദൂരമല്ല. ജനങ്ങളോട് ശബ്ദമുയർത്താൻ ഞാൻ ആവശ്യപ്പെടുകയാണ്. ഓരോ ഇന്ത്യക്കാരന്റേയം സ്വപ്നം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. -പ്രിയങ്ക പറഞ്ഞു. ഇന്ത്യയിലാകമാനം പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. ന്യൂയോർക്ക്, ലണ്ടൻ, സിഡ്‌നി, ഡബ്ലിൻ തുടങ്ങിയ വിദേശ നഗരങ്ങളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

രാഹുൽ തിരികെ വരണമെന്ന ആവശ്യം കുറച്ചു കാലമായി തന്നെ സജീവമായി നിലനിൽക്കുന്നതാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിൽപ്പോലും അദ്ദേഹം വീണ്ടും സജീവമായിക്കഴിഞ്ഞു. അതിനിടെ അദ്ദേഹം നടത്തിയ 'റേപ്പ് കാപിറ്റൽ' പരാമർശത്തിനെതിരെ ബിജെപി ലോക്സഭ സ്തംഭിപ്പിച്ചതും അനുകൂല ഘടകമായി. താൻ മാപ്പ് പറയില്ലെന്ന രാഹുലിന്റെ നിലപാടും ഏറെ ചർച്ച ചെയ്യപ്പെട്ടു. അടുത്തവർഷം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പോടെയായിരിക്കും രാഹുലിന്റെ തിരിച്ചുവരവെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽ സമ്മതിച്ചാൽ ഡൽഹി തെരഞ്ഞെടുപ്പിന്റെ ചുമതല നൽകുമെന്ന് ഇന്നലെ മുതിർന്ന നേതാവ് പി. ചിദംബരം പറഞ്ഞതും ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്.

രാജ്യം പ്രതിസന്ധിയിൽക്കൂടിയാണു കടന്നുപോകുന്നതെന്നും പാർട്ടിക്ക് രാഹുലിന്റെ നേതൃത്വം വേണമെന്നും അദ്ദേഹത്തിന്റെ വിശ്വസ്തൻ കൂടിയായ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞതും ഇതിന്റെ സൂചനയായിരുന്നു. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടുകഴിഞ്ഞു. രാഹുലിന്റെ തിരിച്ചുവരവിനുള്ള സാധ്യതകളിൽ തടസ്സമായി നിന്നത് പാർട്ടിയിലെ വെറ്ററന്മാരാണ്. അവർ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനൊപ്പമായിരുന്നു നിന്നത്. എന്നാൽ അതിൽ മാറ്റം വന്നെന്നാണു സൂചനകൾ.

അതാണ് മഹാരാഷ്ട്രയിൽ നടന്ന സർക്കാർ രൂപീകരണ ചർച്ചകളിൽ രാഹുലിന്റെ വിശ്വസ്തനായ വേണുഗോപാലിനു പ്രധാന റോൾ നൽകിയത്. അതിനുശേഷം മഹാരാഷ്ട്രയിലെ പുതിയ സ്പീക്കറായ നാനാ പട്ടോലെ, മന്ത്രി നിതിൻ റാവത്ത് എന്നിവരുടെ സ്ഥാനമാനങ്ങളും അതിന്റെ ബാക്കിപത്രങ്ങളാണ്. ഇരുവരും രാഹുലിന്റെ വിശ്വസ്തരിൽപ്പെട്ടവരാണ്. അതിനും മുൻപ് രാഹുലിന്റെ വിശ്വസ്തരായ സുഷ്മിത ദേവ്, പ്രവീൺ ചക്രവർത്തി, ആർ.പി.എൻ സിങ്, ജിതേന്ദ്ര സിങ് എന്നിവർക്ക് യഥാക്രമം മഹിളാ മോർച്ച, ഡാറ്റ സെൽ ഇൻ ചാർജ്, ജാർഖണ്ഡ് ഇൻ ചാർജ്, ഒഡിഷ ഇൻ ചാർജ് സ്ഥാനങ്ങളും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP