Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിയെ തോൽപ്പിക്കാൻ അവരുടെ ദൗർബല്യങ്ങൾ എനിക്ക് നന്നായി അറിയാം; ഭാരത് ജോഡോ യാത്രയിലെയും കർണാടക തിരഞ്ഞെടുപ്പിലെയും അനുഭവ പാഠങ്ങൾ കണ്മുമ്പിൽ; കർണാടകത്തിൽ പത്ത് മടങ്ങ് പണം അധികം ബിജെപി ഒഴുക്കിയിട്ടും ജയം കോൺഗ്രസിനൊപ്പം നിന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് ജയിക്കാൻ വേണ്ടത് എന്തെല്ലാം? യുഎസിലെ പരിപാടിയിൽ വിശദീകരിച്ച് രാഹുൽ ഗാന്ധി

ബിജെപിയെ തോൽപ്പിക്കാൻ അവരുടെ ദൗർബല്യങ്ങൾ എനിക്ക് നന്നായി അറിയാം; ഭാരത് ജോഡോ യാത്രയിലെയും കർണാടക തിരഞ്ഞെടുപ്പിലെയും അനുഭവ പാഠങ്ങൾ കണ്മുമ്പിൽ;  കർണാടകത്തിൽ പത്ത് മടങ്ങ് പണം അധികം ബിജെപി ഒഴുക്കിയിട്ടും ജയം കോൺഗ്രസിനൊപ്പം നിന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് ജയിക്കാൻ വേണ്ടത് എന്തെല്ലാം? യുഎസിലെ പരിപാടിയിൽ വിശദീകരിച്ച് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

സാന്റ ക്ലാര: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങും മുമ്പേ പ്രതിപക്ഷ ഐക്യത്തിനായി ഓടി നടക്കുകയാണ് നേതാക്കൾ. ബിജെപിയെ തറപറ്റിക്കാൻ എന്താണ് മാർഗ്ഗമെന്ന് തലപുകയ്ക്കുന്നു. പ്രതിപക്ഷം ശരിയായ രീതിയിൽ അണിനിരന്നാൽ, ബിജെപിയെ തോൽപ്പിക്കാം എന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം. യുഎസിൽ, കാലിഫോർണിയ സർവകലാശാലയിൽ, സിലിക്കൺ വാലി കാമ്പസിൽ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

' ഒരുരാഷ്ട്രീയക്കാരനെന്ന നിലയിൽ ബിജെപിയുടെ ദൗർബല്യങ്ങൾ എനിക്ക് കാണാൻ കഴിയും. പ്രതിപക്ഷം ശരിയായ രീതിയിൽ ഒത്തുപിടിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയും', രാഹുൽ പറഞ്ഞു.

' കർണാടക തിരഞ്ഞെടുപ്പ് നിരീക്ഷിച്ചാൽ, പൊതുബോധപ്രകാരം, കോൺഗ്രസ് പാർട്ടി ബിജെപിക്ക് എതിരെ പോരാടിയെന്നും അവരെ തോൽപ്പിച്ചെന്നുമാണ്. എന്നാൽ, അതിന് ഞങ്ങൾ ഉപയോഗിച്ച സമീപനം വ്യക്തമായി പലരും മനസ്സിലാക്കിയിട്ടില്ല. തികച്ചും വ്യത്യസ്തമായ സമീപനമാണ് കോൺഗ്രസ് ഉപയോഗിച്ചത്. ഭാരത് ജോഡോ യാത്രയുടെ അനുഭവപാഠങ്ങളാണ് കർണാടകയിൽ പ്രായോഗികമാക്കിയത്, രാഹുൽ പറഞ്ഞു.

കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിനേക്കാൾ പത്തിരട്ടി പണം ചെലവഴിച്ചു. എന്നിട്ടും ജയം കോൺഗ്രസിനൊപ്പം നിന്നു. 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനൊപ്പം, ബിജെപിയെ തോൽപ്പിക്കാൻ ഒരു ബദൽ ദർശനവും ആവശ്യമാണ്. ഭാരത്‌ജോഡോ യാത്ര അത്തരമൊരു ദർശനം മുന്നോട്ടുവയ്ക്കുന്നതിന്റെ ആദ്യ ചുവട് വയ്പായിരുന്നു. ഒരുപ്രതിപക്ഷ പാർട്ടിയും ഭാരത് ജോഡോ യാത്ര എന്ന ആശയത്തോട് വിയോജിക്കില്ല, രാഹുൽ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് അണിനിരന്നാൽ മാത്രം പോരാ, വെറുതെ ഒരു കൂട്ടമല്ലെന്നും, രാജ്യത്തെ മുന്നോട്ടുനയിക്കാൻ ഒരു മാർഗ്ഗം കാണിച്ചുതരുന്ന കൂട്ടായ്മയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയാണ് പരിശ്രമം, രാഹുൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ബിജെപി സർക്കാർ ഏജൻസികളെ ദുരുപയോഗിക്കുന്നു

ബിജെപി സർക്കാർ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും, ഏജൻസികളെ ദുരുപയോഗം ചെയ്യുകയുമാണെന്ന് രാഹുൽ ആരോപിച്ചു. ജനങ്ങളുമായി ബന്ധപ്പെടാനുള്ള മാധ്യമങ്ങളെല്ലാം ബിജെപി-ആർഎസ്എസ് നിയന്ത്രിതമായതുകൊണ്ടാണ് ഞങ്ങൾ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അതുകൊണ്ടാണ് രാജ്യത്തിന്റെ ദക്ഷിണദേശത്ത് നിന്ന് ശ്രീനഗർ വരെ പദയാത്ര നടത്താൻ തീരുമാനിച്ചത്. യാത്രയ്ക്കിടെ, മാധ്യമങ്ങൾ ബിജെപിയെ സഹായിക്കാൻ വേണ്ടി പല കാര്യങ്ങളും എടുത്തുകാണിക്കുകയാണെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട്, മാധ്യമങ്ങളിൽ കാണുന്നത് എല്ലാം ശരിയെന്ന് കരുതരുത്.

ദരിദ്രരും ന്യൂനപക്ഷങ്ങളും അരക്ഷിതർ

രാജ്യത്തെ ദരിദ്രരും ന്യൂനപക്ഷങ്ങളും നിസ്സഹായാവസ്ഥയിലാണ്. ' ഇന്ത്യാക്കാർ പരസ്പരം വെറുക്കുന്നതിൽ വിശ്വസിക്കുന്നില്ല. ഈ സംവിധാനത്തെ നിയന്ത്രിക്കുന്ന ഒരുചെറിയ സംഘം ആളുകളും മാധ്യമങ്ങളുമാണ് വിദ്വേഷത്തീ ആളിക്കത്തിക്കുന്നത്, രാഹുൽ പറഞ്ഞു.

നേരത്തെ സൻ ഫ്രാൻസിസ്‌കോയിൽ, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ, പതിവ് പോലെ ബിജെപിയെയും പ്രധാനമന്ത്രിയെയും ലക്ഷ്യമാക്കി രാഹുൽ ആഞ്ഞടിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച മൊഹബത്ത് കാ ദുക്കാൻ പരിപാടിയിലായിരുന്നു പരിഹാസം.

' ലോകം വളരെ വിശാലവും സങ്കീർണവുമാണ്...എല്ലാ കാര്യങ്ങളും ഒരാൾക്ക് അറിയുക സാധ്യമല്ല. ഇന്ത്യയിലാകട്ടെ ഒരുവിഭാഗം ആളുകൾക്ക് ഒരുരോഗമുണ്ട്, തങ്ങൾക്ക് എല്ലാമറിയാം എന്നവർക്ക് ഉറപ്പാണ്. ദൈവത്തേക്കാൾ നന്നായി കാര്യങ്ങൾ അറിയാമെന്ന് അവർ കരുതുന്നു. ദൈവത്തിന് ഒപ്പമിരുന്ന് അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാൻ കഴിയും. നമ്മുടെ പ്രധാനമന്ത്രി തീർച്ചയായും അങ്ങനെ ഒരാളാണ്. ദൈവത്തിനൊപ്പം മോദിജി ഇരിക്കുകയാണെങ്കിൽ, പ്രപഞ്ചം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മറ്റും വിശദീകരിക്കും...അതോടെ ദൈവത്തിനാകെ താൻ സൃഷ്ടിച്ചതിനെ കുറിച്ച് സംശയമാകും', രാഹുൽ പറഞ്ഞു. ചരിത്രകാരന്മാർക്ക് ചരിത്രവും, ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രവും, സൈന്യത്തിന് യുദ്ധവും വിശദീകരിച്ച് കൊടുക്കാമെന്ന് അവർ കരുതുന്നു. അതിന്റെ അടിസ്ഥാനം തന്നെ നിലവാരമില്ലായ്മയാണ്. അവർ ആരെയും കേൾക്കാൻ തയ്യാറല്ല, രാഹുൽ സദസിനോട് പറഞ്ഞത് ഇങ്ങനെ.

ഭരണകക്ഷി രാഹുലിന്റെ പരാമർശങ്ങളോട് ശക്തമായാണ് പ്രതികരിച്ചത്. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി വിമർശിച്ചു.

''രാഹുൽ വിദേശത്തുപോകുമ്പോൾ ജിന്നയുടെ ആത്മാവോ അല്ലെങ്കിൽ അൽ ഖായിദ പോലുള്ള ആളുകളുടെ ചിന്താഗതിയോ അദ്ദേഹത്തിൽ പ്രവേശിക്കും. ഇന്ത്യയിൽ തിരിച്ചെത്തി മികച്ച ബാധയൊഴിപ്പിക്കലുകാരനിൽ നിന്ന് അവയെ ഒഴിപ്പിച്ചുവിടണമെന്ന് നിർദ്ദേശിക്കുന്നു. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിച്ചത് ഇന്നും അംഗീകരിക്കാൻ സാധിക്കാത്തതാണ് രാഹുലിന്റെ പ്രശ്നം. ജനാധിപത്യത്തെ രാഹുൽ ഗാന്ധി രാജാധികാരവുമായാണ് ഉപമിച്ചത്. ഇന്ത്യയെ നാണംകെടുത്താനുള്ള കരാറാണ് രാഹുൽ എടുത്തിരിക്കുന്നത്. കോൺഗ്രസ് മുസ്ലിംകളെ ച്യൂയിങ് ഗം പോലെ ഉപയോഗിച്ചു'' നഖ്വി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP