Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രിയങ്ക നിയമിച്ചയാളെ രാഹുൽ ഗാന്ധി പുറത്താക്കി! ഉത്തർപ്രദേശ് പിടിക്കാൻ ഇറങ്ങിയ ജ്യേഷ്ഠനും അനുജത്തിയും തമ്മിലടി തുടങ്ങിയോ? രാഹുലിന്റെ തിരുത്ത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക നടത്തിയ ആദ്യത്തെ നിയമനം; യുപി കോൺഗ്രസിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും കുമാർ ആശിഷിനെ നീക്കിയത് ബിഹാർ ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതിയെന്ന് ബോധ്യമായതോടെ; പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രമാകുന്നതിൽ ആശങ്കയോടെ നേതാക്കളും

പ്രിയങ്ക നിയമിച്ചയാളെ രാഹുൽ ഗാന്ധി പുറത്താക്കി! ഉത്തർപ്രദേശ് പിടിക്കാൻ ഇറങ്ങിയ ജ്യേഷ്ഠനും അനുജത്തിയും തമ്മിലടി തുടങ്ങിയോ? രാഹുലിന്റെ തിരുത്ത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്ക നടത്തിയ ആദ്യത്തെ നിയമനം; യുപി കോൺഗ്രസിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും കുമാർ ആശിഷിനെ നീക്കിയത് ബിഹാർ ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതിയെന്ന് ബോധ്യമായതോടെ; പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രമാകുന്നതിൽ ആശങ്കയോടെ നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസ് നേതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. രാഹുൽ ഗാന്ധി നേരിട്ട് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു കൊണ്ടിരുന്ന വേളയിലാണ് പ്രിയങ്ക ഗാന്ധിയെ പാർട്ടി ചുമതല ഏൽപ്പിച്ചത്. ഉത്തർ പ്രദേശിൽ നിന്നും കൂടുതൽ സീറ്റുകൾ നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രിയങ്കക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകിയത്. എന്നാൽ, ഒരു കുടുംബത്തിൽ നിന്നും സഹോദരങ്ങൾ രണ്ടു പേരും രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് രണ്ട് അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കുമെന്ന വികാരം തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു. ഈ ആശങ്കയ്ക്ക് കൂടുതലാക്കുന്ന വിധത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നത്.

ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റ ശേഷം നടത്തിയ നിയമനം റദ്ദാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഉത്തർപ്രദേശിന്റെ ചുമതലയുള്ള പാർട്ടി സെക്രട്ടറിയായി പ്രിയങ്ക നിയമിച്ച കുമാർ ആശിഷിനെയാണ് രാഹുൽ ഗാന്ധി പുറത്താക്കിയത്. പ്രിയങ്ക ചുമതലേറ്റ ശേഷമുള്ള ആദ്യ നിയമനങ്ങളിൽ ഒന്നായിരുന്നു ഇത്.

2005 ബിഹാർ ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതിയായ വ്യക്തിയാണ് കുമാർ ആശിഷ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധി നയിക്കുന്ന ഉത്തർപ്രദേശ് ടീമിൽ നിന്നും ഇയാളെ പുറത്താക്കിയത്. ആശിഷിന്റെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു. കുമാർ ആശിഷിനെ പ്രിയങ്ക സെക്രട്ടറിയായി നിയമിച്ചതിൽ ബിഹാറിൽ നിന്നുള്ള നിരവധി നേതാക്കൾ പാർട്ടി കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ആശിഷിനെ പുറത്താക്കിയില്ലെങ്കിൽ അത് രാഷ്ട്രീയ എതിരാളികൾ പ്രിയങ്കക്കെതിരെ ഉപയോഗിക്കുമെന്ന വാദവും ഉയർന്നിരുന്നു.

പോകുന്ന ഇടത്തെല്ലാം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേക്കാൾ കയ്യടി നേടുന്നത് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണെന്ന വാർത്തകൾ വന്നിരുന്നു. കോൺഗ്രസ് പ്രവർത്തകർ പ്രിയങ്ക ഗാന്ധിയിൽ മറ്റൊരു ഇന്ദിരയെ കാണുന്നു. ഭാവിയിൽ കോൺഗ്രസിന്റെ തലപ്പത്തേക്ക് പലരും ഇന്നേ പ്രിയങ്കയെ കാണുന്നു. പ്രിയങ്ക യുപിയിൽ തിരക്കിട്ട നീക്കങ്ങളിലുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർ പ്രദേശിൽ കോൺഗ്രസ് വിജയം ഉറപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് പ്രിയങ്ക ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമുള്ളത്. ഇരുവരേയും സഹായിക്കുന്നതായി ആറ് എഐസിസി സെക്രട്ടറിമാരേയും കോൺഗ്രസ് നിയമിച്ചിട്ടുണ്ട്. രണ്ട് പേരുടേയും ടീമിൽ മൂന്ന് പേർ വീതം.

റാണ ഗോസ്വാമി, ധീരജ് ഗുർജർ, രോഹിത് ചൗധരി എന്നിവരെ പടിഞ്ഞാറേ യുപിയുടെ ചുമതലയിലുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ കീഴിലും കുമാർ ആശിഷ്, ബാജിറാവു ഖഡേ, സുബൈർ ഖാൻ എന്നിവരെ പ്രിയങ്ക ഗാന്ധിയുടെ ടീമിലുമാണ് നിയോഗിച്ചത്. ഇക്കൂട്ടത്തിൽ പ്രിയങ്കയുടെ ടീമിലെ കുമാർ ആശിഷിനെ ആണ് രാഹുൽ പുറത്താക്കിയിരിക്കുന്നത്. നിയമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് കുമാർ ആശിഷ് പുറത്താക്കപ്പെട്ടിരിക്കുന്നത്. സച്ചിൻ നായികിനെ ആണ് പകരക്കാരനായി കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. കുമാർ ആശിഷിനെ പുറത്താക്കിയതായി പറയുന്ന കോൺഗ്രസിന്റെ പത്രക്കുറിപ്പിൽ പക്ഷേ കാരണം എന്താണ് എന്ന് പറയുന്നില്ല.

2005ൽ യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ ബീഹാറിൽ പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർത്തിയ കേസിൽ കുമാർ ആശിഷ് ആരോപണ വിധേയൻ ആയിരുന്നു. അന്ന് കോൺഗ്രസ് ആശിഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഈ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കുമാർ ആശിഷ് കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തി. എന്നുമാത്രമല്ല ബീഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇയാൾ മത്സരിച്ചിട്ടുമുണ്ട്. കുമാർ ആശിഷിനെ പ്രിയങ്ക ടീമിലെടുത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

സോഷ്യൽ മീഡിയയിൽ കോൺഗ്രസ് വലിയ തോതിൽ വിമർശിക്കപ്പെട്ടു. ബീഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡ് അടക്കമുള്ളവർ കുമാർ ആശിഷിന്റെ നിയമനത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഇതോടെയാണ് കുമാർ ആശിഷിനെ സെക്രട്ടറിയായി നിയമിച്ചതിന് എതിരെ രാഹുൽ രംഗത്തെത്തിയത്. രാഹുൽ ആശിഷിനെ നീക്കുകയും പകരം സച്ചിൻ നായികിനെ നിയോഗിക്കുകയും ചെയ്തത്. പ്രചാരണ ചുമതലകളാണ് യുപിയിലെ 6 പാർട്ടി സെക്രട്ടറിമാർക്കും ഉള്ളത്.

പുറത്തു വന്ന വാർത്തകൾ നിസ്സാരമായ കാര്യമാണെങ്കിലും രണ്ടു പേരും തമ്മിൽ ഭിന്നതയുടെ സൂചനയാണ് ഇതെന്ന വിധത്തിൽ മാധ്യമ റിപ്പോർട്ടുകളും പുറത്തുവരുന്നു. ക്രമേണ പ്രിയങ്ക പാർട്ടിയിലെ അധികാര കേന്ദ്രായി മാറുമെന്ന് വിലയിരുത്തപ്പെടുന്നവർ ഏറെയാണ്. നേരത്തെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തോട് രാഹുൽ പുറംതിരിഞ്ഞു നിൽക്കുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം തെറ്റാണെന്ന് ഇരുവരും പ്രവർത്തിയിലൂടെ തെളിയിച്ചു. പക്ഷേ മുറിവുകളേറെ ഒരുമിച്ച് നേരിട്ട ചേട്ടനും അനിയത്തിയും തമ്മിലുള്ള ആത്മബന്ധം ആഴമേറിയതായിരുന്നു. അമേഠിയിലടക്കം രാഹുലിന്റെ കൈപിടിച്ചെത്തുന്ന പ്രിയങ്കയുടെ ചിത്രം അത് വ്യക്തമാക്കി. ആവശ്യം വരുമ്പോൾ കുറിക്കുകൊള്ളുന്ന മറുപടികൾ ബിജെപിക്ക് നൽകാൻ ഈ രാഷ്ട്രീയ രഹിത ഘട്ടങ്ങളിലും പ്രിയങ്ക മടിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പ്രിയങ്കയുടെ നാവിന്റെ മൂർച്ചയറിഞ്ഞു.

കോൺഗ്രസിനൊപ്പം രാജ്യവും അതി നിർണ്ണായകമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെ കടന്നുപോകുന്ന നേരത്ത് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. പഴയ പ്രതാപകാലം സ്വപ്നം കാണുന്ന് കോൺഗ്രസ് അണികൾക്ക്, വീണ്ടും ഇന്ത്യയുടെ ഭരണചക്രത്തിലേക്ക് തിരികെയെത്താൻ പാടുപെടുന്ന കോൺഗ്രസിന്റെ നേതൃനിരയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഊർജ്ജ സ്രോതസ്സായി പ്രിയങ്ക. രാഷ്ട്രീയ എതിരാളികളും പ്രിയങ്കയുടെ വരവിൽ ഒട്ടൊന്ന് അസ്വസ്ഥമായതുപോലെ തോന്നി. നരേന്ദ്ര മോദിയടക്കം ബിജെപിയുടെ തലമുതിർന്നവരെല്ലാം തൊട്ടുപിന്നാലെ വിമർശനമുയർത്തി രംഗത്തെത്തി.

കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉത്തർപ്രദേശിലേക്കുള്ള ആദ്യവരവ് തന്നെ പരമാവധി വലിയ ശക്തിപ്രകടനമാക്കാൻ കോൺഗ്രസിനായിരുന്നു. പിസിസി നേതൃത്വം അതിനായി കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങി. ലക്‌നൗ നഗരത്തിലൂടെ രാഹുലിനും ജ്യോതിരാദിത്യയ്ക്കുമൊപ്പം റോഡ് ഷോ നടത്തിയ പ്രിയങ്ക നേതാക്കൾക്കിടയിൽ തിളങ്ങി നിന്നു. ജനക്കൂട്ടം പ്രിയങ്ക വിളികളുമായി വാഹനത്തിന് ചുറ്റും തടിച്ചുകൂടി. പിങ്ക് നിറമുള്ള പ്രിയങ്ക ടീ ഷർട്ടുകൾ ധരിച്ച ചെറുപ്പക്കാർ നൃത്തം വച്ചു.

മൂന്നുദിവസം സംസ്ഥാനത്ത് തങ്ങിയ അവർ 16 മണിക്കൂർ വരെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരുമായി സംസാരിച്ച് കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കി. 1951ലെ 388 സീറ്റെന്ന നിലയിൽ നിന്ന് വെറും 7 സീറ്റിലെത്തി നിൽക്കുന്നു നിയമസഭയിൽ പാർട്ടിയുടെ സ്ഥിതി. ലോക്്‌സഭയിൽ കയ്യിലുള്ളത് ഗാന്ധി കുടുംബത്തിന്റെ സ്ഥിരം മണ്ഡലങ്ങളായ അമേഠിയും റായ് ബറേലിയും മാത്രം. സംഘടന സംവിധാനങ്ങൾ തീർത്തും ദുർബലം. ഈ സംഘടനാ സംവിധാനത്തെ ഉടച്ചുവാർക്കാനുള്ള ചുമതലയാണ് പ്രിയങ്കയിൽ രാഹുൽ ഗാന്ധി ഏൽപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP