Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ഗ്രാമ-നഗര ഹൃദയങ്ങൾ ഒരുപോലെ തൊട്ടറിഞ്ഞുള്ള യാത്ര; കളിയാക്കലുകൾ അതിജീവിച്ച് പക്വമതിയായ ലീഡറായി രാഹുൽ ഗാന്ധി; അഞ്ച് മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് കാശ്മീരിൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് പ്രതീക്ഷകളേറെ; പ്രതിപക്ഷ ഐക്യത്തെ രാഹുലിനു നയിക്കാനാകുമോ എന്നതിൽ ആശയക്കുഴപ്പം; ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം, വീണ്ടുമൊരു യാത്ര മനസ്സിലുണ്ടെന്ന് രാഹുൽ

ഗ്രാമ-നഗര ഹൃദയങ്ങൾ ഒരുപോലെ തൊട്ടറിഞ്ഞുള്ള യാത്ര; കളിയാക്കലുകൾ അതിജീവിച്ച് പക്വമതിയായ ലീഡറായി രാഹുൽ ഗാന്ധി; അഞ്ച് മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് കാശ്മീരിൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് പ്രതീക്ഷകളേറെ; പ്രതിപക്ഷ ഐക്യത്തെ രാഹുലിനു നയിക്കാനാകുമോ എന്നതിൽ ആശയക്കുഴപ്പം; ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം, വീണ്ടുമൊരു യാത്ര മനസ്സിലുണ്ടെന്ന് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവ് കേൾക്കേണ്ടി വന്ന കളിയാക്കുലുകൾക്ക് കൈയും കണക്കുമില്ലായിരുന്നു. പലപ്പോഴും രാഹുലിന്റെ കയ്യിൽ നിന്നും പോയ വാക്കുകളും ഇതിന് കാരണമായി. എന്നാൽ, കഴിഞ്ഞ അഞ്ച് മാസത്തെ ഭാരത് ജോഡോ യാത്രയിൽ നിന്നും രാഹുൽ ഗാന്ധിയെന്ന നേതാവ് ഒരുപാട് പഠിച്ചു. ഇന്ത്യയെ അടുത്തറിയാൻ നടത്തിയ യാത്രയിലൂടെ അദ്ദേഹം ഇന്ന് എതിരാളികൾ പോലും സമ്മതിക്കും വിധത്തിൽ പക്വമതിയായ നേതാവായി മാറിക്കഴിഞ്ഞു. ഉത്തരേന്ത്യൻ മാധ്യമങ്ങൾ യാത്രയെ അവഗണിച്ചില്ലായിരുന്നെങ്കിൽ ഈ ഐതിഹാസിക യാത്ര മോദിക്ക് ഒത്ത എതിരാളിയെ സമ്മാനിക്കുന്ന നേതാവായി മാറുമായിരുന്നു. എങ്കിലും കോൺഗ്രസിന് പുത്തൻ ഉണർവ്വു നൽകാൻ ഭാരത് ജോഡോ യാത്ര കൊണ്ട് സാധിച്ചിട്ടുണ്ട്.

ജമ്മു കശ്മീർ പി സി സി ഓഫീസിൽ രാവിലെ പത്ത് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പതാക ഉയർത്തും. പതിനൊന്ന് മണിക്ക് സമാപന സമ്മേളനം തുടങ്ങും.രണ്ട് മണി വരെ നീളുന്ന സമ്മേളനത്തിൽ 11 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും. അതേസമയം പ്രധാന കക്ഷികൾ വിട്ടുനിൽക്കുന്നത് കോൺഗ്രസിന്റെ സഖ്യനീക്കങ്ങൾക്ക് ക്ഷീണമായി. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങൾക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര. യാത്ര അവസാനിപ്പിക്കുന്നത് മികച്ച രീതിയിൽ തന്നയാക്കാനുള്ള പരിശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

2022 സെപ്റ്റംബർ 7 ന് ആണ് രാഹുൽഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയിൽ തുടങ്ങുന്നത്. ആർഎസ്എസ് നിക്കറിന് തീ പിടിക്കുന്ന ചിത്രം പുറത്ത് വിട്ട് തുടക്കം വലിയ രാഷ്ട്രീയ യാത്രയെന്ന സൂചന അതോടെ കൈവന്നെങ്കിലും പിന്നീട് കോൺഗ്രസ് ലെവൽ താഴ്‌ത്തിപ്പിടിച്ചു. അതേസമയം യാത്രയുടെ തുടക്കത്തിൽ കേരളം വിട്ടാൽ യാത്രയിൽ പങ്കെടുക്കാൻ ആളുണ്ടാകുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെ അതിജീവിക്കുകയാണ് യാത്രയിൽ സംഭവിച്ചത്.

നാല് ദിവസത്തെ തമിഴ്‌നാട് പര്യടത്തിന് ശേഷം സെപ്റ്റംബർ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. എംപിയായ സംസ്ഥാനത്ത് വലിയ വരവേൽപ്പ് രാഹുലിന് ലഭിച്ചു. രാഹുൽഗാന്ധിയുടെ സംസ്ഥാന സർക്കാരിനെതിരായ വിമർശനം. സിപിഎമ്മിന്റെ കണ്ടെയ്‌നർ യാത്രയെന്ന പരിഹാസം തുടങ്ങിയവ ചർച്ചയായി. സെപ്റ്റംബർ 30ന് യാത്ര കർണാടകയിലേക്ക് കയറി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ധരാമയയ്യേയും ഡികെ ശിവകുമാറിനെയും ചേർത്ത് പിടിക്കാനുള്ള രാഹുലിന്റെ ശ്രമമായിരുന്നു കൗതുകകരം. സോണിയഗാന്ധി യാത്രയുടെ ഭാഗമായത് രാഹുലിനും പാർട്ടിക്കും ഊർജ്ജമായി. ബെല്ലാരിയിൽ വച്ച് യാത്ര ആയിരം കിലോമീറ്റർ പിന്നിട്ടു.

നവംബർ ഏഴിന് മഹാരാഷ്ട്രയിൽ കടന്നു. സംസ്ഥാനത്തെ സഖ്യകക്ഷികളായ എൻസിപി, ശിവസേന പാർട്ടികൾ യാത്രയിൽ ഭാഗമായത് കോൺഗ്രസിന് നേട്ടമായി. 14 ദിവസമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര പദയാത്ര നടത്തിയത്. ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു സവർക്കർ എന്ന രാഹുലിന്റെ വിമർശനം ഇവിടെ വച്ചാണ്. നവംബർ 23 ന് ഭാരത് ജോഡോ മധ്യപ്രദേശിൽ എത്തി. പ്രിയങ്കഗാന്ധി രാഹുലിനൊപ്പം ചേർന്നത് ഇവിടെ വച്ചാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷ വെക്കുന്ന സംസ്ഥാനത്ത് കമൽനാഥിന് ഒപ്പം ശക്തിപ്രകടനത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്. രാഹുലിന്റെ താടിയെ കുറിച്ചുള്ള ബിജെപി പരിഹാസം ഈ സമയത്താണ്.

ഡിസംബർ 4 ന് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ. പരസ്പരം ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഒരുമിച്ച് നിർത്തി പ്രശ്‌നങ്ങൾ ഇല്ലെന്ന് രാഹുൽ പ്രകടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവെക്കണെന്ന് ആരോഗ്യമന്ത്രി വിമർശിച്ചതും ഇതിനിടെയാണ്. ഡിസംബർ 13 ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ യാത്രിലെത്തി. 16ന് ഭാരത് ജോഡോ നൂറ് ദിവസം തികച്ചു.

21 ഡിസംബറിൽ ഹരിയാനയിൽ കയറി 24 ന് ഡൽഹിയിലെത്തി. ഡൽഹിയിലെ ചെങ്കോട്ടയിൽ കോൺഗ്രസ് വലിയ റാലി സംഘടിപ്പിച്ചു. സിനിമതാരം കമൽ ഹാസൻ യാത്രയിലെത്തി. ഇതിന് ശേഷം 9 ദിവസത്തെ ഇടവേള. ഉത്തർപ്രദേശിൽ എന്തുകൊണ്ടു പോകുന്നില്ലെന്ന വിമർശനം നിൽക്കെ ജനുവരി 3ന് യുപിയിലൂടെ അഞ്ച് ദിവസം യാത്ര കടന്നു പോയി. തണുപ്പ് കാലത്തും രാഹുൽ ടീ ഷർട്ട് മാത്രം ധരിച്ച് യാത്ര ചെയ്യുന്നത് ചർച്ചയായി. അയോധ്യ രാം ക്ഷേത്രത്തിലെ മുഖ്യ പൂജരി ആചാര്യ സത്യേന്ദ്രദാസ് രാഹുലിന് ആശംസ നേർത്ത് കത്തയച്ചു.

ജനുവരി പത്തിന് പഞ്ചാബിലെത്തിയ രാഹുൽ സുവർണക്ഷേത്രം സന്ദർശിച്ചു. യാത്രക്കിടെ എംപി സന്തോക് സിങ് ചൗധരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.11 ദിവസമായിരുന്നു പഞ്ചാബ് പര്യടനം. കശ്മീരിൽ വച്ചാണ് ഭാരത് ജോഡോയിലെ ഏറ്റവും വലിയ വിവാദം രാഹുലും കോൺഗ്രസും നേരിട്ടത്. സർജിക്കൽ സ്‌ട്രൈക്കിന് ദിഗ്‌വിജയ് സിങ് തെളിവ് ചോദിച്ചത് ബിജെപി ആയുധമാക്കി. ഒടുവിൽ രാഹുലിന് ദിഗ്‌വിജയ് സിങിനെ തള്‌ലിപ്പറയേണ്ടി വന്നു. സമാപിക്കാനിരിക്കെ രാഹുലിന്റെ സുരക്ഷ പ്രശ്‌നം ലാൽ ചൗക്കിലെ പതാക ഉയർത്തലുമായിരുന്നു പ്രധാന സംഭവങ്ങൾ ഒടുവിൽ 136 ദിവസം നാലായിരത്തിലധികം പിന്നിട്ട് ജനുവരി മുപ്പതിന് സമാപനം

ഗൗരവമില്ലാത്ത നേതാവ് എന്ന വിമർശനങ്ങളിൽ നിന്നും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാണ് താനെന്ന് പ്രതിഛായയിലേക്ക് ഉയരാൻ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധിക്കായി. നടന്നു തീർത്ത വഴികളില്ലാം എല്ലാം കോൺഗ്രസിന്റെ ഭാവി തനിൽ സുരക്ഷിതമാണെന്ന സന്ദേശവും രാഹുൽ പ്രവർത്തകർക്ക് നൽകി. ഇതുവരെ ഇന്ത്യൻ രാഷ്ട്രീയം കണ്ട രാഹുലിൽ നിന്നും തീർത്തും വ്യത്യസ്തനായ നേതാവിനെയാണ് കോൺഗ്രസ് ഇനി പ്രതീക്ഷിക്കുന്നത്. ഇതുവരെ നിങ്ങളുടെ മനസിലുള്ള രാഹുൽ ഗാന്ധിയല്ലത്. ആ രാഹുൽ മരിച്ചിരിക്കുന്നു. യാത്രക്കിടെ വാർത്തസമ്മേളനത്തിൽ രാഹുൽ നടത്തിയ പ്രസ്താവന ഭാവി ചുവടുകളിലേക്കുള്ള സൂചനയാണ്.

ഉയർത്തെണീക്കുമോ കോൺഗ്രസ്?

ഭാരത് ജോഡോ യാത്ര വിജയമാണെങ്കിലും കോൺഗ്രസിന് ഉയർത്തെണീക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നിർണായക ലോകസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ യാത്രയുടെ ഊർജം പാർട്ടി എത്രത്തോളം നിലനിർത്തുമെന്നത് പ്രധാനമാണ്. വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും രാഹുൽ ഭാരത് ജോഡോ യാത്രയിലൂടെ മറുപടി നൽകിയെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് സംഘടനാ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് യാത്ര പൂർത്തിയാക്കുന്നത്. പക്ഷേ യാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയിൽ തമ്മിലടി തുടരുന്നത് കേരളത്തിലടക്കം കണ്ടു.

തെരഞ്ഞെടുപ്പടുത്ത രാജസ്ഥാനിലും കർണാടകയിലും പോലും നേതാക്കൾ ഒറ്റക്കെട്ടല്ല. വിശാല പ്രതിപക്ഷ ഐക്യത്തെ നയിക്കാൻ കോൺഗ്രസ് എത്രത്തോളം പ്രാപ്തമാണെന്ന് സംശയിക്കാൻ ഉദാഹരണങ്ങളേറെ. കൂടുതൽ പാർട്ടികളെയും ഒപ്പം നിറുത്തി സഖ്യം വിപുലപ്പെടുത്താനും നിലവിലെ കോൺഗ്രസിന്റെ പ്രതിച്ഛായയിലൂടെ സാധിക്കുമോയെന്നത് സംശയമാണ്. കോൺഗ്രസിനെ ഒഴികെയുള്ള പ്രതിപക്ഷപാർട്ടികൾ ഒരുമിക്കുന്ന ചടങ്ങുകളും കൂടിവരുന്നു. വിഭജിച്ചു നിൽക്കുന്ന കക്ഷികൾ കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിന് തയാറാകുമോയെന്നതും നിർണായകമാണ്.

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാധാരണ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ജോഡോ യാത്ര പൂർത്തിയാകുമ്പോൾ ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള മനോഭാവത്തിൽ കാതലായ മാറ്റം വരുമെന്നാണ് പാർട്ടിയിലെ നേതാക്കളുടെ പ്രതീക്ഷ. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെയുള്ള ഹാഥ് സേഹാഥ് അഭിയാൻ, പ്രിയങ്കാ ഗാന്ധി നയിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മഹിളാ മാർച്ച് എന്നിവയുണ്ടാകും. ഇത് താഴെത്തട്ടിൽ കൂടുതൽ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്. രാഹുൽ ഗാന്ധി തന്നെ വീണ്ടും പ്രചാരണപരിപാടികളുമായി രംഗത്തെത്തുമെന്ന സൂചനയുണ്ട്.

വീണ്ടുമൊരു യാത്രാ സാധ്യത തള്ളാതെ രാഹുൽ ഗാന്ധി?

ഭാരത് ജോഡോ യാത്ര സമാപിച്ചെങ്കിലും ഇതൊരു തുടക്കം മാത്രമാണെന്നും ബിജെപിയും ആർഎസ്എസും രാജ്യത്തു പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനെതിരായ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വീണ്ടുമൊരു യാത്രയ്ക്ക് കൂടിയുള്ള സാധ്യതയും രാഹുൽ തള്ളുന്നില്ല. ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവമായിരുന്നു ഈ യാത്രയെന്നാണ് രാഹുൽ പറയുന്നത്. ലക്ഷക്കണക്കിനാളുകളെ കണ്ടു. അവരുടെ സ്‌നേഹവും മനക്കരുത്തും നേരിട്ടറിഞ്ഞു. ഒരുപാടു കാര്യങ്ങൾ പഠിച്ചു. കോൺഗ്രസ് പ്രവർത്തകരെക്കാൾ കൂടുതൽ സാധാരണ ജനങ്ങളാണു യാത്രയിൽ പങ്കെടുത്തത്. അതുകൊണ്ടുതന്നെ ഇതു ജനങ്ങളുടെ യാത്രയാണെന്നും രാഹുൽ പറയുന്നു.

പടിഞ്ഞാറുനിന്നു കിഴക്കോട്ട് മറ്റൊരു യാത്ര ഉണ്ടോ എന്ന ചോദ്യത്തിനും രാഹുൽ ഇന്നലെ മറുപടി നൽകിയിരുന്നു. ഇപ്പോൾ തന്നെ മറുപടി വേണോ? ഞാൻ ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ചു വന്നതല്ലേയുള്ളൂ. അത്തരമൊരു യാത്ര എന്റെ മനസ്സിലുണ്ട്. അന്തിമ തീരുമാനമെടുത്തിട്ടില്ല. വീണ്ടുമൊരു യാത്ര വേണമെന്ന് എനിക്കൊപ്പം നടന്നവർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. വരട്ടെ, നോക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്റെ പൂർവികർ കശ്മീരിൽ നിന്ന് അലഹാബാദിലേക്കു ചേക്കേറിയവരാണ്. അവർ അന്നു സഞ്ചരിച്ച വഴിയിലൂടെയുള്ള എന്റെ പിൻനടത്തമായിരുന്നു ഇത്. ഒരുതരത്തിൽ ഞാൻ വീട്ടിലേക്കാണു നടന്നെത്തിയതെന്നും കാശ്മീരിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ രാഹുൽ പ്രതികരിച്ചു. കാശ്മീരിൽ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടെങ്കിൽ ജമ്മുവിൽ നിന്ന് കശ്മീരിലെ ലാൽ ചൗക്കിലേക്ക് കേന്ദ്രമന്ത്രി അമിത് ഷാ എന്തുകൊണ്ടു നടക്കുന്നില്ല? ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി എത്രയുംവേഗം പുനഃസ്ഥാപിക്കണമെന്നാണു കോൺഗ്രസിന്റെ നിലപാടെന്നം അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഐക്യനീക്കങ്ങളെ കുറിച്ചും രാഹുൽ മറുപടി നൽകി. ചർച്ചകളിലൂടെയും നിരന്തര ആശയവിനിമയങ്ങളിലൂടെയുമാണു പ്രതിപക്ഷ ഐക്യം ഉരുത്തിരിയുക. കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നതു ശരിയാണ്. എന്നാൽ, ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിൽക്കുകതന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP