Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ധനവില കുതിക്കുമ്പോൾ മോദി മൗനത്തിൽ; 'അച്ഛാ ദിൻ' വന്നത് മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാർക്ക് മാത്രം; റഫാൽ ഇടപാടിനെക്കുറിച്ചും ഒന്നും മിണ്ടുന്നില്ല; ജനങ്ങളുടെ നാൽപത്തി അയ്യായിരം കോടി കൊള്ളയടിച്ച് സുഹൃത്തിന് നൽകി; മാനസ സരോവർ യാത്രക്ക് ശേഷം എത്തിയ ആദ്യ പരിപാടിയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി; ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധം പ്രതിപക്ഷ ഐക്യകാഹളത്തിന്റെയും വേദിയായി

ഇന്ധനവില കുതിക്കുമ്പോൾ മോദി മൗനത്തിൽ; 'അച്ഛാ ദിൻ' വന്നത് മോദിയുടെ സുഹൃത്തുക്കളായ കുത്തക മുതലാളിമാർക്ക് മാത്രം; റഫാൽ ഇടപാടിനെക്കുറിച്ചും ഒന്നും മിണ്ടുന്നില്ല; ജനങ്ങളുടെ നാൽപത്തി അയ്യായിരം കോടി കൊള്ളയടിച്ച് സുഹൃത്തിന് നൽകി; മാനസ സരോവർ യാത്രക്ക് ശേഷം എത്തിയ ആദ്യ പരിപാടിയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി; ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധം പ്രതിപക്ഷ ഐക്യകാഹളത്തിന്റെയും വേദിയായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിയെ നേരിടാൻ മൃദുഹിന്ദുത്വ കാർഡ് പുറത്തിറക്കാൻ ഒരുങ്ങുന്ന കോൺഗ്രസ് അതിന്റെ ആദ്യ ചുവടായാണ് രാഹുൽ ഗാന്ധിയുടെ മാനസ സരോവർ യാത്രയെ കണ്ടത്. ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൡലേക്കുള്ള മുന്നറിയിപ്പു കൂടിയായി കണ്ടിരുന്നു. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി തടയിടാനാണ് കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായാണ് ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ന് അഖിലേന്ത്യാ ബന്ദ് കോൺഗ്രസ് നടത്തിയത്. മാനസ സരോവർ യാത്രക്ക് ശേഷമെത്തിയ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ പരിപാടിയിൽ മോദിക്കെതിരെ ആഞ്ഞടിച്ചു രംഗത്തെത്തി.

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനത്തിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ 70 വർഷത്തിനിടെ രൂപ ഇത്ര വലിയ തകർച്ച നേരിട്ടിട്ടില്ല. എന്തിനാണ് രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. റഫാൽ സംഭവത്തിലും മോദി മൗനം തുടരുകയാണെന്ന് രാഹുൽ ആരോപിച്ചു. ബിജെപിയുടെ മുൻ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അച്ഛേദിൻ വാദത്തെയും അദ്ദേഹം പരിഹസിച്ചു. അച്ഛേദിൻ വന്നത് മോദിയുടെ കുറച്ച് കുത്തക മുതലാളിമാർക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്ത് കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും സ്ത്രീകൾ പീഡനത്തിനിരയാകുമ്പോഴും മൗനം വെടിയാൻ പ്രധാനമന്ത്രി തയാറാകുന്നില്ല. ഭരണത്തിലേറുമ്പോൾ മോദി നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടതുമില്ല. ബിജെപിയെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് പാഠം പഠിപ്പിക്കുമെന്നും അവരെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് സർക്കാരിന് യാതൊരു പരിഗണനയുമില്ല. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായും പരാജയപ്പെട്ടു. കർഷകരും സ്ത്രീ സമൂഹവും ഇരുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ എഴുപതു വർഷംകൊണ്ട് ഉണ്ടാകാത്ത നേട്ടം നാലു വർഷംകൊണ്ട് ഉണ്ടായെന്നാണ് മോദി പറയുന്നത്. കഴിഞ്ഞ എഴുപതു വർഷത്തിനിടയിൽ രാജ്യത്തെ ജനങ്ങൾ ഇത്രയും ഭിന്നിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടില്ല. കഴിഞ്ഞ എഴുപതു വർഷത്തിനിടയിൽ രൂപയുടെ മൂല്യം ഇത്രയും ഇടിഞ്ഞ സ്ഥിതിയും ഇന്ധനവില ഇത്രയും വർധിച്ച സാഹചര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയാണ് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും രംഗത്തെത്തിയത്. നരേന്ദ്ര മോദി സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളും ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ എല്ലാ അതിരുകളും ലംഘിച്ചെന്നും മന്മോഹൻ സിങ് അഭിപ്രായപ്പെട്ടു. ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരെ പിന്തുണയ്ക്കുന്നതിൽ സമ്പൂർണ പരാജയമാണ് മോദി സർക്കാർ. രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കാനാണ് നാം ഒന്നിച്ചുചേർന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ നാം അവഗണിക്കണം. പഴയ പ്രശ്നങ്ങൾ ഉപേക്ഷിച്ച് പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും മന്മോഹൻ ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസവും മുൻ പ്രധാനമന്ത്രി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സാമ്പത്തിക നയങ്ങൾ നടപ്പിലാക്കിയതിലെ പരാജയങ്ങളും തൊഴിലില്ലായ്മയും ഉയർത്തിയായിരുന്നു സാമ്പത്തിക വിദഗ്ദൻ കൂടിയായ മന്മോഹൻ സിങിന്റെ വിമർശനം. 21 പ്രതിപക്ഷ പാർട്ടികളാണ് കോൺഗ്രസ് നേതൃത്വം നൽകിയ ഭാരത് ബന്ദിൽ പങ്കെടുത്തത്. ഡൽഹിയിലെ പ്രക്ഷോഭത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകി. പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം കൂടിയായി ഇന്നത്തെ സമരം.

മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്, യുപിഎ മുൻ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും പ്രതിഷേധ റാലിയിൽ എത്തി. 21 പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ് അറിയിച്ചു. ഗുലാം നബി ആസാദ്, മനോജ് ശർമ്മ, തുടങ്ങിയവരും പ്രതിപക്ഷ പാർട്ടി നേതാക്കളായ ശരത് പവാർ, ശരത് യാദവ്, മനോജ് ഝാ, സോമനാഥ് ഭാരതി, തുടങ്ങിയവരും പ്രതിഷേധത്തിനെത്തി. ബന്ദ് പ്രഖ്യാപിച്ചിട്ടും ചില സംസ്ഥാനങ്ങളിൽ ഇന്ധന വില ഉയർത്തിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ബന്ദ് പ്രഖ്യാപിച്ചിട്ടും അഭിമാനത്തേടെ ബിജെപി സർക്കാർ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റം വികസനം കൊണ്ടുവരുമെന്നാണ് ഇപ്പോഴും കേന്ദ്ര സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിൽ നിന്നും ആരംഭിച്ച മാർച്ച് രാംലീല മൈതാനിയിൽ അവസാനിക്കും. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും മാർച്ചിൽ പങ്കുചേർന്നു. തൃണമൂൽ കോൺഗ്രസും എസ്‌പി, ബി.എസ്‌പി, ടി.എം.സി, ഡി.എം.കെ, ആർ.ജെ.ഡി എന്നീ പാർട്ടികളാണ് പിന്തുണയറിയിച്ചത്. അതേസമയം കടകമ്പോളങ്ങളും സ്ഥാപനങ്ങളുമടച്ചുള്ള സമരത്തിനില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചിരുന്നു. നിരവധി ട്രേഡ് യൂണിയനുകളും ബന്ധിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP