Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം ഞാൻ സ്വീകരിക്കുകയാണ്, ഞങ്ങൾക്ക് വിമാനം ആവശ്യമില്ല; പക്ഷെ, സഞ്ചരിക്കാനും ജനങ്ങളോടും പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം; കശ്മീരിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞതിന് മറുപടിയായി വിമാനം അയക്കാം എന്നു പറഞ്ഞ കശ്മീർ ഗവർണർക്ക് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ

താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം ഞാൻ സ്വീകരിക്കുകയാണ്, ഞങ്ങൾക്ക് വിമാനം ആവശ്യമില്ല; പക്ഷെ, സഞ്ചരിക്കാനും ജനങ്ങളോടും പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം; കശ്മീരിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞതിന് മറുപടിയായി വിമാനം അയക്കാം എന്നു പറഞ്ഞ കശ്മീർ ഗവർണർക്ക് രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന് ശേഷം ജമ്മു കാശ്മീരിൽ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുരക്ഷയുടെ ഭാഗമായുള്ള കർശന നിയന്ത്രണങ്ങൾ എടുത്തുമാറ്റാത്ത സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം കാര്യങ്ങൾ സ്‌ഫോടനാത്മകമാണ്. എന്നാൽ, ഇതിനിടെ ജമ്മു കശ്മീരിലെ സാഹചര്യം നേരിട്ടു വന്നുകണ്ടു മനസ്സിലാക്കാൻ ആവശ്യപ്പെട്ട സംസ്ഥാന ഗവർണർ സത്യപാൽ മാലിക്കിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് രാഹുൽ മാറുപടിയുമായി രംഗത്തുവന്നത്.

ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കാനുള്ള താങ്കളുടെ സ്നേഹം നിറഞ്ഞ ക്ഷണം പ്രതിപക്ഷ നേതാക്കളും ഞാനും സ്വീകരിക്കുകയാണ്. ഞങ്ങൾക്ക് വിമാനം ആവശ്യമില്ല. പക്ഷെ സഞ്ചരിക്കാനും ജനങ്ങളോടും മുഖ്യധാരാ നേതാക്കളോടും അവിടെ നിയോഗിച്ചിരിക്കുന്ന പട്ടാളക്കാരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ദയവായി ഉറപ്പാക്കണം.- രാഹുൽ ട്വിറ്ററിൽ കുറിച്ചു. ജമ്മു കശ്മീരിൽനിന്ന് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കഴിഞ്ഞദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ ഇവിടേക്ക് വരാൻ താൻ ക്ഷണിക്കുകയാണ്.

വരാൻ വിമാനം അയക്കാം. വന്ന് സാഹചര്യങ്ങൾ പരിശോധിച്ചതിനു ശേഷം സംസാരിക്കൂവെന്നായിരുന്നു ഗവർണറുടെ വാക്കുകൾ. ഉത്തരവാദിത്തമുള്ള വ്യക്തിയാണ് രാഹുലെന്നും അതിനാൽ ഇത്തരത്തിൽ സംസാരിക്കരുതെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുൽ എത്തിയത്. രാഹുലിന്റെ പരാമർശവും ഗവർണറുടെ വെല്ലുവിളിയും കൂടി ആയപ്പോൾ കശ്മീരിലേക്ക് പ്രതിപക്ഷത്തിന്റെ വരവ് എളുപ്പമായ അവസ്ഥയിലാണ്.

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിൽ പരക്കെ അക്രമം നടന്നതായി വിദേശ മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം ഇന്ത്യൻ സർക്കാരും ഇന്ത്യൻ വാർത്താ ഏജൻസികളിലൂടെയും ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെയും നൽകിയ റിപ്പോർട്ടുകൾ കശ്മീരിൽ സമാധാനപരമായ അന്തരീക്ഷമാണ് ഉള്ളതെന്നായിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ കശ്മീരിൽ സന്ദർശനം നടത്തി പ്രദേശവാസികളോട് സംസാരിച്ചു. കശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് സ്ഥാപിക്കുന്ന വീഡിയോകളാണ് വാർത്ത ഏജൻസി എഎൻഐ മുഖാന്തരം കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്. അതേസമയം, വിദേശമാധ്യമങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയാണ് കശ്മീരിനെക്കുറിച്ച് പുറത്ത് വിടുന്നത്. കേന്ദ്രസർക്കാരിന് എതിരെ കടുത്ത പ്രതിഷേധം കശ്മീരിൽ നടന്നതായും ഇതിൽ ഒന്നിൽ നൂറ് കണക്കിന് ആളുകൾ അണിനിരന്ന ഒരു വമ്പൻ പ്രതിഷേധവും ഉണ്ടായതായി ബ്രിട്ടീഷ് മാധ്യമസ്ഥാപനം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

ബിബിസി റിപ്പോർട്ട് പൂർണമായും കേന്ദ്രസർക്കാർ തള്ളിയിരുന്നു. 20 പേരിൽക്കൂടുതൽ ആളുകൾ അണിനിരന്ന ഒരു പ്രതിഷേധവും കശ്മീരിൽ ഉണ്ടായിട്ടില്ലെന്നും ഒറ്റപ്പെട്ട ചില ചെറിയ പ്രതിഷേധങ്ങൾ മാത്രമാണ് കശ്മീരിൽ നടന്നതെന്നുമാണ് കേന്ദ്രസർക്കാർ വാദം. സോഷ്യൽ മീഡിയയിലും ബിബിസിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. ബിബിസി ഇന്ത്യ വിരുദ്ധവും വ്യാജവുമായ വാർത്തകളാണ് സംപ്രേഷണം ചെയ്യുന്നത് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ബിബിസി പ്രസ്താവന ഇറക്കി.

നൂറ് ശതമാനം സത്യസന്ധമായ റിപ്പോർട്ടുകളാണ് തങ്ങളുടെതെന്ന് വാദിച്ച വാർത്താ ചാനൽ, ഇതുവരെയുള്ള കശ്മീർ റിപ്പോർട്ടിങ്ങിൽ ഉറച്ചുനിൽക്കുകയാണെന്നും കനത്ത നിയന്ത്രണങ്ങളുള്ള കശ്മീരിൽ വളരെ പ്രയാസപ്പെട്ടാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും ഇത് തുടരുമെന്നും വ്യക്തമാക്കി. ഭരണഘടന ഭേദഗതിയിലൂടെ കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35-എ അനുച്ഛേദങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. കശ്മീരിൽ കനത്ത സൈനിക വിന്യാസം നടത്തി, മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്ത് അപ്രതീക്ഷിതമായാണ് ബിൽ അമിത് ഷാ അവതരിപ്പിച്ചത്.

ആഴ്‌ച്ചകളായി എർപ്പെടുത്തിയ കർഫ്യൂ ഇപ്പോഴും കശ്മീരിൽ തുടരുകയാണ്. ജമ്മു-കശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു-കശ്മീർ, ലഡാഖ് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയാണ് സർക്കാർ ചെയ്തത്. വിഭജനം കശ്മീരിനെ പൂർണമായും ഇന്ത്യയുടെ ഭാഗമാക്കുമെന്നും മേഖലയിലെ വിഘടനവാദം അവസാനിപ്പിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP