Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ സുഹൃത്താണ് റഷ്യയെന്ന് അമേരിക്കൻ മണ്ണിൽ പറയാൻ കാട്ടിയ ആർജ്ജവം; യുക്രയിനിൽ കേന്ദ്രത്തെ പിന്തുണയ്ക്കുമ്പോഴും ചർച്ചയാക്കിയത് ഇന്ത്യൻ ജനാധിപത്യം നേരിയുന്ന വെല്ലുവിളികൾ; 2024ൽ മോദിയെ തോൽപ്പിക്കുമെന്ന് ശപഥം; അയോഗ്യതയെ അവസരമാക്കി രാഹുൽ; അമേരിക്കൻ യാത്ര കോൺഗ്രസിന് ആവേശമാകുമ്പോൾ

ഇന്ത്യയുടെ സുഹൃത്താണ് റഷ്യയെന്ന് അമേരിക്കൻ മണ്ണിൽ പറയാൻ കാട്ടിയ ആർജ്ജവം; യുക്രയിനിൽ കേന്ദ്രത്തെ പിന്തുണയ്ക്കുമ്പോഴും ചർച്ചയാക്കിയത് ഇന്ത്യൻ ജനാധിപത്യം നേരിയുന്ന വെല്ലുവിളികൾ; 2024ൽ മോദിയെ തോൽപ്പിക്കുമെന്ന് ശപഥം; അയോഗ്യതയെ അവസരമാക്കി രാഹുൽ; അമേരിക്കൻ യാത്ര കോൺഗ്രസിന് ആവേശമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടത്തിന് കിട്ടുന്ന സ്വീകാര്യത ഗുണകരുമാകുമെന്ന വിലയിരുത്തലിൽ കോൺഗ്രസ്. ഇന്ത്യയിലെ യഥാർത്ഥ പ്രതിപക്ഷ നേതാവായി രാഹുൽ ഉയരുകയാണ്. ഇന്ത്യയിൽ ജനാധിപത്യം തകർന്നാൽ അതിന്റെ ആഘാതം ലോകം മുഴുവൻ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. 2024ൽ മോദിയെ തോൽപ്പിക്കുമെന്നും രാഹുൽ പറയുന്നു. ഇത്തരം നിലപാട് പ്രഖ്യാപനങ്ങളിലൂടെ കോൺഗ്രസിന് രാജ്യാന്തര പ്രസക്തി നേടിയെടുക്കുകയാണ് രാഹുൽ.

ഇന്ത്യയിലെ ജനാധിപത്യം നിലനിർത്താൻ പോരാടേണ്ടത് എല്ലാവരുടെയും കടമയാണെന്ന് 6 ദിവസത്തെ യുഎസ് സന്ദർശനം നടത്തുന്ന രാഹുൽ നാഷനൽ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വെല്ലുവിളികൾ നേരിടുന്നുവെങ്കിലും ഇന്ത്യയിലെ ജനാധിപത്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബിജെപിയെ പരാജയപ്പെടുത്തും രാഹുൽ പറഞ്ഞു. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷം കോൺഗ്രസ് തന്നെയെന്ന് ലോകത്തെ അറിയിക്കുക കൂടിയാണ് രാഹുൽ. കർണ്ണാടകയിൽ കോൺഗ്രസിനുണ്ടായ വിജയം അമേരിക്കൻ യാത്രയ്ക്ക് കൂടുതൽ പ്രസക്തിയും നൽകുന്നു.

മുസ്‌ലിം ലീഗ് പൂർണമായി മതനിരപേക്ഷ പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ മുസലിം ലീഗുമായുള്ള സഖ്യത്തെപ്പറ്റിയുള്ള ചോദ്യത്തിന് 'ലീഗിൽ മതനിരപേക്ഷതയ്ക്ക് നിരക്കാത്ത ഒന്നും ഇല്ലെന്ന്' രാഹുൽ മറുപടി നൽകി. എന്നാൽ തൊട്ടുപിന്നാലെ കടുത്ത ആക്രമണവുമായി ബിജെപി രംഗത്തെത്തി. ജിന്നയുടെ മുസലിംലീഗ് എങ്ങനെ മതനിരപേക്ഷ പാർട്ടിയാകും എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ചോദിച്ചു. ജിന്നയുടെ ലീഗിനെയും ഇന്ത്യൻ യൂണിയൻ മുസലിം ലീഗിനെയും കൂട്ടിക്കുഴച്ച് ബിജെപി കള്ളം പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ തിരിച്ചടിച്ചു. എന്നാൽ വിദേശകാര്യ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുകയാണ് രാഹുൽ. യുക്രയിൻ നയത്തിലും റഷ്യൻ വിഷയത്തിലുമെല്ലാം അമേരിക്കയിൽ നിലപാട് പറയാൻ രാഹുൽ മടിച്ചില്ല.

റഷ്യ ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്ന് അമേരിക്കയിൽ പറയാനുള്ള ആർജ്ജവവും രാഹുൽ കാട്ടി. യുക്രെയിൻ-റഷ്യ സംഘർഷത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പിന്തുണക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഞങ്ങൾക്ക് റഷ്യയുമായി ഒരു ബന്ധമുണ്ട്. അവരിൽ ചില ആശ്രയത്വങ്ങളുണ്ട്. അതിനാൽ ഇന്ത്യൻ സർക്കാരിന്റെ നിലപാട് തന്നെയാണ് തനിക്കുമുള്ളത്. ഞങ്ങളുടെ താത്പര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ കോൺഗ്രസ് എങ്ങനെ വിലയിരുത്തുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്ത്യയും യു.എസും തമ്മിലെ ബന്ധം സുപ്രധാനമാണെന്നും ഇരുരാജ്യങ്ങൾക്കുമിടെയിലെ പ്രതിരോധ ബന്ധം പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയിൻ - റഷ്യ സംഘർഷം പരിഹരിക്കാൻ നയതന്ത്ര മാർഗം സ്വീകരിക്കണമെന്നും ഉപരോധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. യുക്രെയിന് മാനുഷിക സഹായങ്ങൾ നൽകുന്ന ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ റഷ്യയെ കുറ്റപ്പെടുത്താതെയുള്ള നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.

ലോക്‌സഭയിൽ നിന്നും താൻ അയോഗ്യനാക്കപ്പെടുമെന്നു കരുതിയിരുന്നില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ അയോഗ്യനാക്കപ്പെട്ടതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്കു ലഭിച്ചതായി രാഹുൽ വിശദീകരിച്ചു. കലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ പ്രതികരണം.

''2000ത്തിലായിരുന്നു എന്റെ രാഷ്ട്രീയ പ്രവേശം. ഞാൻ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് അന്നു ചിന്തിച്ചിരുന്നില്ല. പക്ഷേ അയോഗ്യനാക്കപ്പെട്ടതോടെ എനിക്ക് വലിയൊരു അവസരം ലഭിച്ചു. രാഷ്ട്രീയത്തിലെ കാര്യങ്ങൾ ഇങ്ങനെയാണ്' ഇതായിരുന്നു ലോക്‌സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രാഹുലിന്റെ പ്രതികരണം.

ഭാരത് ജോഡോ യാത്രയെക്കുറിച്ചും രാഹുൽ വിദ്യാർത്ഥികളുമായി സംസാരിച്ചു. രാജ്യത്ത് ജനാധിപത്യപരമായ പോരാട്ടം നടത്താൻ പ്രതിപക്ഷത്തിനു കഴിയാത്ത അവസ്ഥയായിരുന്നു. ആറു മാസങ്ങൾക്കു മുമ്പാണ് 'നാടകം' ആരംഭിച്ചത്. പ്രതിപക്ഷം രാജ്യത്ത് പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടു പോകാമെന്നു തീരുമാനിച്ചതെന്ന് രാഹുൽ വെളിപ്പെടുത്തി.

''ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ഇവിടെയുണ്ട്. അവരുമായി ബന്ധം സ്ഥാപിക്കാനും സംസാരിക്കാനും എനിക്കു താൽപ്പര്യമുണ്ട്. അതെന്റെ കടമയുമാണ്. ഇത്തരം വിദേശയാത്രകളിൽ ഞാൻ ആരുടെയും പിന്തുണ തേടാറില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇവിടെ വരാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല.' രാഹുൽ ഗാന്ധി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP