Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

അമരീന്ദറിന് പകരം നവ്‌ജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് മുഖ്യമന്ത്രി ആക്കാൻ ചടുലനീക്കം; സിദ്ധുവിനെ വാഴിച്ചാൽ ഉടക്കിട്ട് പാർട്ടി വിടുമെന്ന് സൂചിപ്പിച്ച് അമരീന്ദർ; പാക്കിസ്ഥാനുമായി സിദ്ധുവിനുള്ള ബന്ധം ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നും പിൻഗാമിയായി അംഗീകരിക്കാൻ ആവില്ലെന്നും ക്യാപ്റ്റൻ; അടിക്കടിയും തിരിച്ചടിയുമായി കോൺഗ്രസ് നീങ്ങുമ്പോൾ എഎപിക്ക് സന്തോഷം

അമരീന്ദറിന് പകരം നവ്‌ജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് മുഖ്യമന്ത്രി ആക്കാൻ ചടുലനീക്കം; സിദ്ധുവിനെ വാഴിച്ചാൽ ഉടക്കിട്ട് പാർട്ടി വിടുമെന്ന് സൂചിപ്പിച്ച് അമരീന്ദർ;  പാക്കിസ്ഥാനുമായി സിദ്ധുവിനുള്ള ബന്ധം ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്നും പിൻഗാമിയായി അംഗീകരിക്കാൻ ആവില്ലെന്നും ക്യാപ്റ്റൻ; അടിക്കടിയും തിരിച്ചടിയുമായി കോൺഗ്രസ് നീങ്ങുമ്പോൾ എഎപിക്ക് സന്തോഷം

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: പഞ്ചാബിൽ, സുനിൽ ഝക്കർ അടക്കം പല പേരുകളും കേൾക്കുന്നുണ്ടെങ്കിലും, അമരീന്ദർ സിങ്ങിന് പകരം നവ്‌ജ്യോത് സിങ് സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. 50 ലേറെ എംഎൽഎമാർ നിലവിൽ സിദ്ധുവിന്റെ കൂടെയുണ്ടെന്ന കണക്കുകൾ ശരിയാണെങ്കിൽ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ, സിദ്ധുവിനെ വാഴിച്ചാൽ അമരീന്ദർ ഉടക്കിട്ട് പാർട്ടി പിളർത്തുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഹൈക്കമാൻഡ് നീക്കം. തന്റെ പിൻഗാമിയായി സിദ്ധുവിനെ അംഗീകരിക്കില്ലെന്ന് അമരീന്ദർ എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി കഴിഞ്ഞു. വേണ്ടിവന്നാൽ, പാർട്ടി വിടുമെന്ന സൂചനയും അദ്ദേഹം അഭിമുഖത്തിൽ നൽകുന്നു.

'രാജ്യത്തിന് വേണ്ടി ഞാൻ സിദ്ധുവിന്റെ പേരിനെ എതിർക്കും, ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമാണ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് അയാളുടെ സുഹൃത്ത്. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ് വയുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. സിദ്ധു കഴിവ്‌കെട്ട ആളാണ്. എന്റെ സർക്കാരിൽ പൂർണ പരാജയമായിരുന്നു. ഒരുവകുപ്പ് കൊടുത്തിട്ട് പോലും അത് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഏഴ് മാസത്തേക്ക് ഫയലുകൾ നോക്കിയില്ല', ക്യാപ്റ്റൻ കുറ്റപ്പെടുത്തി.

അമരിന്ദർ മന്ത്രിസഭയിൽ അംഗമായിരുന്ന സിദ്ദു, 2019 ജൂലൈയിലാണ് രാജിവച്ചത്. ജൂണിലെ മന്ത്രിസഭാ അഴിച്ചുപണിയിൽ സിദ്ദുവിൽനിന്ന് പ്രധാനപ്പെട്ട തദ്ദേശ ഭരണ വകുപ്പ് എടുത്തുമാറ്റി പകരം വൈദ്യുതി, പാരമ്പര്യേതര ഊർജ വകുപ്പ് നൽകിയിരുന്നു. ഇതോടെ പുതിയ വകുപ്പുകൾ ഏറ്റെടുക്കാതെ സിദ്ദു രാജി സമർപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് അമരിന്ദർസിദ്ദു 'ശീതയുദ്ധം' സജീവമായതും. ഈ വർഷം മാർച്ചിൽ പാർട്ടിവിടുമെന്ന സൂചന നൽകിയ സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തിയിരുന്നു. എന്നാൽ സിദ്ദു അതു നിരസിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പിസിസി പ്രസിഡന്റ് സ്ഥാനം നൽകാൻ തീരുമാനിച്ചത്. ഇതിനെതിരെ അമരിന്ദർ ശക്തമായി രംഗത്തുവന്നു. ഹൈക്കമാൻഡ് നീക്കം സംസ്ഥാനത്ത് പാർട്ടിയുടെ പിളർപ്പിനു വഴിവയ്ക്കുമെന്ന മുന്നറിയിപ്പോടെ അമരിന്ദർ സോണിയയ്ക്ക് കത്തയക്കുകയും ചെയ്തു. അതേസമയം, കോൺഗ്രസിൽ തന്നെ തുടരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാൻ ആവില്ല എന്നായിരുന്നു മറുപടി

മുറിവേറ്റ് പടിയിറക്കം

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിങ് പടിയിറങ്ങിയത് തികച്ചും അപമാനിതനായി. തന്റെ രോഷവും സങ്കടവും മടുപ്പും ക്യാപ്റ്റൻ വാർത്താസമ്മേളനത്തിൽ മറച്ചുവച്ചതുമില്ല. 'ഇത്തരത്തിലുള്ള അപമാനം ഇനി സഹിക്കാൻ വയ്യെന്ന് ഞാൻ സോണിയ ഗാന്ധിയോട് പറഞ്ഞു. അടുത്ത മാസങ്ങളിൽ ഇത് മൂന്നാം തവണയാണ് ഹൈക്കമാൻഡ് എൽഎ മാരെ കാണുന്നത്. ഇത്തരത്തിലുള്ള അപമാനം സഹിച്ച് പാർട്ടിയിൽ തുടരാൻ വയ്യ', അദ്ദേഹം തുറന്നടിച്ചു. ഇന്ന് വൈകുന്നേരം ചേരാൻ പോകുന്ന കോൺഗ്രസ് നിയമസഭ കക്ഷി യോഗം തന്നെ അറിയിച്ചില്ല. മൂന്നുതവണ എംഎൽഎമാരുടെ യോഗം ചേർന്നത് തന്നെ അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. ഇതോടെ അമരീന്ദർ പാർട്ടി പിളർത്തുമെന്ന അഭ്യൂഹങ്ങൾ പരന്നുകഴിഞ്ഞു. അതോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ? അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇന്നലെ അർദ്ധരാത്രി വിളിച്ചുചേർത്ത പഞ്ചാബ് എംഎൽഎമാരുടെ അടിയന്തര യോഗമാണ് നിർണായകമായത്. ഭൂരിപക്ഷം എംഎൽഎമാരും മാറ്റം ആവശ്യപ്പെട്ടതോടെ മാസങ്ങളായി തുടരുന്ന പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക് എത്തി. സംസ്ഥാനത്ത് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് യോഗത്തെ കുറിച്ച് ട്വീറ്റ് ചെയ്യുകയും അമരീന്ദറിന്റെ എതിരാളി നവജ്യോത് സിങ് സിദ്ദു പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ, 79 കാരനായ അമരീന്ദർ പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.

അമരീന്ദർ സിങ്ങിന്റെ മകൻ റണീന്ദർ സിങ്ങിന്റെ ട്വീറ്റിലും ഇക്കാര്യം വ്യക്തമാണ്. 'പിതാവ് രാജ്ഭവനിലേക്ക് രാജിക്കായി പോകുമ്പോൾ ഒപ്പം ചേരാൻ അഭിമാനമുണ്ട്....കുടുംബനാഥൻ എന്ന നിലയിൽ ഇനി പുതിയ തുടക്കം' ഇതുവരെ രാജിവയ്ക്കണമെന്ന പാർട്ടി നിർദ്ദേശത്തെ അമരീന്ദർ ചെറുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പിളർപ്പ് കോൺഗ്രസിൽ പ്രതീക്ഷിക്കാം.

അമരീന്ദർ വിശ്വസ്തരായ എംഎൽഎമാരെ കണ്ടു

നിർണായക നിയമസഭാ കക്ഷിയോഗത്തിന് മുന്നോടിയായി അമരീന്ദർ തന്റെ വിശ്വസ്തരായ എംഎൽഎമാരുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് വിമത മന്ത്രിമാരും എംഎൽഎമാരും അമരീന്ദറിനുള്ള പിന്തുണ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

സുനിൽ ഝക്കർ പുതിയ മുഖ്യമന്ത്രി?

മുൻ പഞ്ചാബ് മുഖ്യമന്ത്രി സുനിൽ ഝക്കർക്കാണ് പുതിയ മുഖ്യമന്ത്രിയായി നറുക്ക് വീഴാൻ സാധ്യത. സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കുന്ന എഎപിയെ നേരിടാൻ സിഖ് ഇതര മുഖം ഉയർത്തി കാട്ടേണ്ടത് ആവശ്യമെന്ന് കോൺഗ്രസ് കരുതുന്നു. തിരഞ്ഞെടുപ്പിൽ സിദ്ദു സംസ്ഥാന അദ്ധ്യക്ഷനായും സുനിൽ ഝക്കർ മുഖ്യമന്ത്രിയായും ഒരു സിഖ്-സിഖിതര ചേരുവയാണ് ആലോചിക്കുന്നത്. പ്രതാപ് സിങ് ബജ്വയുടെ പേരും കേൾക്കുന്നുണ്ട്. ബിയാന്ത് സിങ്ങിന്റെ ചെറുകമകൻ രൺവീത് സിങ് ബിട്ടുവിന്റെ പേരും പരിഗണനയിലുണ്ട്.

അമരീന്ദറിന് തിരിച്ചടി ആയത്...

ജൂലൈയിൽ മുഖ്യമന്ത്രിയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് പാർട്ടി സിദ്ദുവിനെ പഞ്ചാബ് പിസിസി അദ്ധ്യക്ഷനാക്കിയത്. എന്നിട്ടും വടംവലി പരസ്യമായി തന്നെ തുടർന്നു. സിദ്ധു നിയമിച്ച ചില ഉപദേഷ്ടാക്കളെ ചൊല്ലിയുള്ള തർക്കവും അവരുടെ ചില പ്രസ്താവനകളും കാര്യങ്ങൾ വഷളാക്കി. കഴിഞ്ഞ മാസം നാല് മന്ത്രിമാരും 24 എംഎൽമാരും എതിരെ രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ അമരീന്ദറിന് പ്രതികൂലമായി.

രാജിക്കത്ത് കൈമാറിയതിനു ശേഷം ഏതെങ്കിലും പാർട്ടിയിലേക്ക് ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. ഭാവി രാഷ്ട്രീയത്തിൽ അവസരം ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തുമെന്നും കൂടെയുള്ളവരുമായി ചർച്ചകൾ നടത്തിയതിനു ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഈ മാസം തന്നെ ഇത് മൂന്നാം തവണയാണ് തന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണുന്നത്. അതുകൊണ്ടാണ് രാജിവെക്കാൻ തീരുമാനിച്ചത്. പാർട്ടിക്ക് ആരെയാണ് വിശ്വാസമുള്ളത്, അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

അഭിപ്രായ സർവേകൾ അമരീന്ദറിന് തിരിച്ചടിയായി

പഞ്ചാബിൽ അടുത്തിടെ നടത്തിയ അഭിപ്രായ സർവേയിൽ മുഖ്യമന്ത്രിയുടെ ജനപ്രീതിയിൽ താഴാട്ടാണെന്ന് വ്യക്തമായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പുമായി വിവിധ ചാനലുകൾ നടത്തിയ അഭിപ്രായ സർവേകളിലും സമാനമായ കണ്ടെത്തലാണുണ്ടായത്. ഇതോടുകൂടിയാണ് അമരീന്ദറിനെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഒരുവിഭാഗം എംഎൽഎമാർ ഹൈക്കമാൻഡിനെ അറിയിച്ചത്. അതേസമയം, തന്നെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്താൽ പാർട്ടി വിടുമെന്ന് അമരീന്ദർ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP