Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കി ബംഗാളികൾ; നിയമ ഭേദഗതിയെ എതിർക്കുന്ന മമത പോലും സമാധാനത്തിന് അഭ്യർത്ഥിച്ചിട്ടും അക്രമത്തിന് ശമനമില്ല; റോഡുകൾ ഉപരോധിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തിട്ടും അരിശം തീരാത്ത പ്രക്ഷോഭകർ റയിൽവെ സ്‌റ്റേഷന് തീകൊളുത്തിയത് ഇന്ന് ഉച്ചതിരിഞ്ഞ്; അഗ്നിക്കിരയാക്കിയത് മൂന്ന് സംസ്ഥാന ബസുകൾ ഉൾപ്പെടെ 15 ബസുകളും

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കി ബംഗാളികൾ; നിയമ ഭേദഗതിയെ എതിർക്കുന്ന മമത പോലും സമാധാനത്തിന് അഭ്യർത്ഥിച്ചിട്ടും അക്രമത്തിന് ശമനമില്ല; റോഡുകൾ ഉപരോധിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തിട്ടും അരിശം തീരാത്ത പ്രക്ഷോഭകർ റയിൽവെ സ്‌റ്റേഷന് തീകൊളുത്തിയത് ഇന്ന് ഉച്ചതിരിഞ്ഞ്; അഗ്നിക്കിരയാക്കിയത് മൂന്ന് സംസ്ഥാന ബസുകൾ ഉൾപ്പെടെ 15 ബസുകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷേഭം ബംഗാളിൽ ശക്തമാകുകയാണ്. പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി മമത ബാനർജി തന്നെ സമാധാനത്തിന് അഭ്യർത്ഥിച്ചിട്ടും ഫലം കാണുന്നില്ല. സംസ്ഥാനത്ത് അക്രമകാരികൾ അഴിഞ്ഞാടുകയാണ്. കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ തെരുവിലിറങ്ങിയതിനെത്തുടർന്ന് പൊലീസ് വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പ്രക്ഷോഭകാരികൾ ബംഗാളിലെ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗത്തിന് തീയിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിക്കുകയും ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തുകയും ചെയ്തു.

ഇന്ന് രാവിലെ നൂറുകണക്കിന് ആളുകൾ സംക്രയിൽ റെയിൽവേ സ്റ്റേഷനിലും പരിസരത്തും റോഡുകൾ ഉപരോധിക്കുകയും കടകൾക്ക് തീയിടുകയും ചെയ്തു. ഉച്ചകഴിഞ്ഞ് അവർ സ്റ്റേഷൻ സമുച്ചയത്തിൽ പ്രവേശിച്ച് ടിക്കറ്റ് കൗണ്ടറിന് തീകൊളുത്തി. റെയിൽവേ സംരക്ഷണ സേനയും ഉദ്യോഗസ്ഥരും പ്രക്ഷോഭകരെ തടയാൻ ശ്രമിച്ചപ്പോൾ അവരെ മർദ്ദിച്ചു.

മുർഷിദാബാദ് ജില്ലയിലെ പോരദംഗ, ജംഗിപുർ, ഫറക്ക, ബൗറിയ, നൽപുർ സ്റ്റേഷനുകൾ, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രക്ഷോഭക്കാർ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തി. മൂന്ന് സംസ്ഥാന ബസുകൾ ഉൾപ്പെടെ പതിനഞ്ച് ബസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ബംഗാളിന്റെ വടക്ക്, തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത 34 ഉപരോധിച്ചു. മറ്റ് നിരവധി റോഡുകളും തടഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർക്കുന്ന രാഷ്ട്രീയ നേതാവാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ, സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാക്കരുത് എന്ന മമതയുടെ അഭ്യർത്ഥന പ്രക്ഷോഭകാരികൾ തള്ളി. റോഡും ട്രെയിനും തടയരുത്. സാധാരണക്കാരെ ഉപദ്രവിക്കുന്നത് അനുവദിക്കില്ല. കുഴപ്പങ്ങൾ സൃഷ്ടിക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നവരോട് ദയകാണിക്കില്ല. ബസുകൾക്ക് തീയിടുകയും ട്രെയിനുകൾ തടസപ്പെടുത്തുകയും ചെയ്ത് പൊതു സ്വത്ത് നശിപ്പിക്കുന്നവർക്കുമെതിരെ നടപടിയെടുക്കും എന്നും മമത മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും സമാധാനത്തിനായി അഭ്യർത്ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. അസമിലും പശ്ചിമബംഗാളിലും തുടങ്ങിയ പ്രക്ഷോഭം രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കും മേഘാലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. എല്ലായിടങ്ങളിലും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുകയും വ്യാപക സംഘർഷങ്ങളുണ്ടാവുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിൽ പ്രശ്ന ബാധിത സംസ്ഥാനങ്ങളിൽ കൂടുതൽ അർധ സൈനിക വിന്യാസം നടത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. അസമിലെ ചില ജില്ലകളിൽ സംഘർഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും സാഹചര്യം സാധാരണ നിലയിലെയ്ക്ക് മടങ്ങിയിട്ടില്ല. 

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഡൽഹി നേതൃത്വത്തിന് അടിയറവ് പറയുകയാണെന്ന് അസം പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള 'ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ' (ആസു) ആരോപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ അക്രമരഹിത ബഹുജനസമരം തുടരുമെന്ന് 'ആസു' മുഖ്യ ഉപദേഷ്ടാവ് സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ വ്യക്തമാക്കി. എന്നാൽ പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം തുടങ്ങിയ ശേഷം അസമിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ഭാസ്‌കർ ജ്യോതി മഹന്തയുടെ പ്രതികരണം. സംസ്ഥാനം പൊതുവിൽ ശാന്തമാണെങ്കിലും പൊലീസും സുരക്ഷാസേനയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ നിശാനിയമം 12 മണിക്കൂറാക്കി ചുരുക്കി. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിലാണിതെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ല ഡെപ്യൂട്ടി കമീഷണർ എംഡബ്ല്യു നൊങ്ബ്രി പറഞ്ഞു. അതേസമയം പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമായി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ അക്രമാസക്തമായ പ്രതിഷേധം വിവിധ സംഘടനകൾ തുടരുകയാണ്. ഡൽഹിയിലേക്ക് വ്യാപിച്ച പ്രതിഷേധം ജാമിയ മിലിയ യൂണിവഴ്സിറ്റിയിലടക്കം സംഘാർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ദേശീയ സുരക്ഷ സമിതി യോഗം വിലയിരുത്തി. കൂടുതൽ അർധ സൈനിക വിന്യാസം നടത്താനാണ് ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP