Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആംആദ്മിയിലെ പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതായി റിപ്പോർട്ട്; കെജ്രിവാളും യോഗേന്ദ്രയാദവും കണ്ടാൽ മിണ്ടാത്ത അവസ്ഥയിൽ; പ്രശാന്ത് ഭൂഷൺ ക്ഷോഭത്തിൽ; രഹസ്യ ഇമെയിലുകൾ പുറത്ത്

ആംആദ്മിയിലെ പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതായി റിപ്പോർട്ട്; കെജ്രിവാളും യോഗേന്ദ്രയാദവും കണ്ടാൽ മിണ്ടാത്ത അവസ്ഥയിൽ; പ്രശാന്ത് ഭൂഷൺ ക്ഷോഭത്തിൽ; രഹസ്യ ഇമെയിലുകൾ പുറത്ത്

ന്യൂഡൽഹി: ആംആദ്മി പാർട്ടിയിലെ പടലപ്പിണക്കങ്ങൾക്ക് പുതിയ മാനം നൽകി യോഗേന്ദ്ര യാദവ് രാഷ്ട്രീയ കാര്യ സമിതി സ്ഥാനം രാജിവച്ചേക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ഭിന്നതയാണ് ഇപ്പോൾ വീണ്ടും പുറത്തുവന്നിരിക്കുന്നത്. കേജ്‌രിവാൾ ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്നാരോപിച്ച് യോഗേന്ദ്ര യാദവ് എഴുതിയ കത്ത് മാദ്ധ്യമങ്ങളിൽ വന്നിരുന്നു. യോഗേന്ദ്ര യാദവ് രാജിവയ്ക്കുമെന്നും സൂചനയുണ്ട്

ഇതിനിടെ ആം ആദ്മി പാർട്ടിയിൽ രണ്ട് ചേരികളെന്ന് പാർട്ടി ഓംബുഡ്‌സ്മാൻ വിശദീകരിക്കുന്ന കത്ത് പുറത്തുവന്നു. അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്ന പക്ഷവും അദ്ദേഹത്തെ എതിർക്കുന്ന പക്ഷവുമാണ് പാർട്ടിയിലുള്ളത്. പാർട്ടി രണ്ട് ചേരിയായാണ് പ്രവർത്തിക്കുന്നതെന്ന് ഓംബുഡ്‌സ്മാൻ അഡ്‌മിറൽ എൽ രാംദാസ് വെളിപ്പെടുത്തുന്ന ഇമെയിൽ പുറത്തു വന്നു. പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമമാണ് അദ്ദേഹത്തിന്റെ ഇമെയിൽ സന്ദേശം പുറത്തുവിട്ടത്. ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാവ് കൂടിയായ യേഗേന്ദ്ര യാദവും കെജ്രിവാളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് പാർട്ടി ഓംബുഡ്‌സ്മാന്റെ ഇമെയിൽ പുറത്തു വന്നത്.

പ്രശാന്ത് ഭൂഷൺ സ്ഥാനാർത്ഥി വിഷയത്തിൽ ഉന്നയിച്ച അഭിപ്രായങ്ങൾ പരിഗണിച്ചില്ലെന്ന് രാംദാസിന്റെ കത്തിൽ പറയുന്നുണ്ട്. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡൽഹി മന്ത്രിസഭ 'ആൺകുട്ടികളുടെ ക്‌ളബാ'ണെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നും എക്‌സിക്യൂട്ടിവ് യോഗത്തിൽ രാംദാസ് ചൂണ്ടിക്കാട്ടി. പ്രധാന യോഗതീരുമാനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്നതും വിമർശന വിധേയമായി.

പാർട്ടി നേതൃത്വത്തിലുള്ളവർക്ക് പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ടു. പാർട്ടിക്കുള്ളിൽ ആശയ വിനിമയം ഇല്ലാതായെന്നും ഓംബുഡ്‌സ്മാൻ ആരോപിക്കുന്നു. ഇതിന്റെ തുടർച്ചയാണ് കെജ്രിവാളും യോഗേന്ദ്ര യാദവും തമ്മിലുള്ള ഭിന്നത. എത്ര ശ്രമിച്ചിട്ടും ഭിന്നത പരിഹരിക്കാൻ സാധിച്ചില്ലെന്ന ആരോപണവും എ.എ.പി വൃത്തങ്ങളിൽ സജീവമാണ്. അരവിന്ദ് കെജ്രിവാൾ ഏകാധിപതിയെ പോലെ പെരുമാറുന്നതായി നേതാക്കൾക്കിടയിൽ ആരോപണമുണ്ട്. അഡ്വ. പ്രശാന്ത് ഭൂഷൻ, യോഗേന്ദ്ര യാദവ്, ഷാസിയ ഇൽമി എന്നിവരാണ് കെജ്രിവാൾ ഏകാധിപതിയേപ്പോലെ പെരുമാറുന്നുവെന്ന ആരോപണം ഉന്നയിച്ചത്.

ഇതിൽ ഷാസിയ ഇൽമി പിന്നീട് എ.എ.പി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രശാന്ത് ഭൂഷണ് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നതായും രാംദാസിന്റെ കത്ത് വെളിപ്പെടുത്തുന്നു. പാർട്ടിയിലെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചില്ലെങ്കിൽ താൻ പാർട്ടി വിടുമെന്നും പത്ര സമ്മേളനം വിളിച്ച് പൊതുജനങ്ങളോട് എല്ലാം വിളിച്ചു പറയുമെന്നും പ്രശാന്ത് ഭൂഷൻ പറഞ്ഞതായി രാംദാസിന്റെ കത്ത് വെളിപ്പെടുത്തുന്നു. കെജ്രിവാൾ മുഖ്യമന്ത്രി പദവിയും പാർട്ടിയുടെ ദേശീയ കൺവീനർ പദവിയും ഒരേ സമയം വഹിക്കുന്നതിനെതിരെയാണ് കത്തിലെ മറ്റൊരു വിമർശനം.

ചരിത്ര വിജയത്തിനുശേഷം ഡൽഹിയിൽ അധികാരത്തിലേറിയ ആം ആദ്മി പാർട്ടിക്ക് നേതൃനിരയിലെ പടലപ്പിണക്കം വലിയ തലവേദനയാകുമെന്നാണ് സൂചന. ഡൽഹി തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ കേജ്‌രിവാളുമായി ഉടക്കിയ പ്രശാന്ത് ഭൂഷൺ കുറച്ചു നാളായി അകന്നു നിൽക്കുകയാണ്. നതൃനിരയിലെ ഭിന്നത ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയുടെ ആഭ്യന്തര ലോക്പാലും മുൻ നാവിക സേനാ മേധാവിയുമായ അഡ്‌മിറൽ രാംദാസ് 27ന് നടന്ന ദേശീയ എക്‌സിക്യൂട്ടിവിൽ കുറിപ്പ് നൽകിയിരുന്നു. കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും യോഗത്തിനെത്തിയില്ല.

കേജ്‌രിവാളിനെ അനുകൂലിക്കുന്ന നേതാക്കൾ യോഗേന്ദ്ര യാദവിനെ കടുത്ത ഭാഷയിൽ വിമർശിച്ചതായി അറിയുന്നു. തുടർന്ന് പാർട്ടി ഉന്നതതല സമിതിയായ രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിക്കണമെന്ന് നിർദ്ദേശമുയർന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എക്‌സിക്യൂട്ടിവ് കമ്മിറ്റി കേജ്‌രിവാളിനെ ചുമതലപ്പെടുത്തി. അതിനിടെ, കേജ്‌രിവാൾ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് വിട്ടുനിൽക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുള്ളതിനാൽ ഒഴിവാക്കണമെന്നാണ് കേജ്‌രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സിക്യൂട്ടിവ് കമ്മിറ്റി ഇതംഗീകരിച്ചിട്ടില്ല.

നിയമസഭാ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തതിലുള്ള ഭിന്നതയെ ചൊല്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും പ്രശാന്ത് ഭൂഷൺ സജീവമായിരുന്നില്ല. ചരിത്രവിജയം നേടിയ ശേഷമുള്ള ആഘോഷങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. കേജ്‌രിവാളിന്റെ പ്രവർത്തനശൈലിയെ ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ പിതാവ് ശാന്തിഭൂഷൺ പ്രസ്താവനയിറക്കിയത് വിവാദമായിരുന്നു. അന്ന് ശാന്തിഭൂഷണിന്റെ നിലപാടിനെ തള്ളിയെങ്കിലും പ്രശാന്ത് ഭൂഷൺ പിന്നീട് അകന്നു നിൽക്കുകയായിരുന്നു. അദ്ദേഹത്തെ തിരിച്ചു വിളിക്കാൻ കേജ്‌രിവാൾ ശ്രമിച്ചതുമില്ല. രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് പ്രശാന്ത് ഭൂഷൺ ഉടൻ രാജിവയ്ക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP