Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ഭരിക്കണമെങ്കിൽ യുപി കീഴടക്കിയേ മതിയാവൂ; യുപി കീഴടക്കാൻ ഇന്ദിരയുടെ കൊച്ചുമകളെ മുന്നിൽ നിർത്തി പോരാടാൻ ഉറച്ച് കോൺഗ്രസ്; ഹത്രസിലെ പെൺകുട്ടിയുടെ കണ്ണീരൊപ്പാനും യോഗി സർക്കാരിനെ ചടുലമായി ചോദ്യം ചെയ്യാനും പാർട്ടിയുടെ 'പവർ ബാങ്ക്'; കിഴക്കൻ യുപിയുടെ ചുമതലക്കാരിയായി ഒതുങ്ങാതെ കളം നിറഞ്ഞ് കളിക്കുമ്പോൾ ഹൈക്കമാൻഡിന്റെ മനസ്സിലിരുപ്പ് എന്താണ്?

ഇന്ത്യ ഭരിക്കണമെങ്കിൽ യുപി കീഴടക്കിയേ മതിയാവൂ; യുപി കീഴടക്കാൻ ഇന്ദിരയുടെ കൊച്ചുമകളെ മുന്നിൽ നിർത്തി പോരാടാൻ ഉറച്ച് കോൺഗ്രസ്; ഹത്രസിലെ പെൺകുട്ടിയുടെ കണ്ണീരൊപ്പാനും യോഗി സർക്കാരിനെ ചടുലമായി ചോദ്യം ചെയ്യാനും പാർട്ടിയുടെ 'പവർ ബാങ്ക്'; കിഴക്കൻ യുപിയുടെ ചുമതലക്കാരിയായി ഒതുങ്ങാതെ കളം നിറഞ്ഞ് കളിക്കുമ്പോൾ ഹൈക്കമാൻഡിന്റെ മനസ്സിലിരുപ്പ് എന്താണ്?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ പോകുകയാണ്. സോണിയ ഗാന്ധി തന്നെ ഇടക്കാല അദ്ധ്യക്ഷയായി തുടരുന്നു. രാഹുൽ ഇടയ്ക്ക് സജീവമായും ഇടയ്ക്ക് മൗനം പാലിച്ചും അങ്ങനെ. അദ്ധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ മനസ്സ് തുറക്കുന്നുമില്ല. കാർഷിക ബില്ലും, ഹത്രസ് സംഭവവും രാഷ്ട്രീയമായി അൽപം മൈലേജ് കോൺഗ്രസിന് നൽകിയെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ അതൊന്നും പോരാ. ഇതെല്ലാം മനസ്സിൽ കണ്ടാവണം, ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയെ കൂടുതൽ ഉയർത്തിക്കാട്ടാനാണ് പാർട്ടിയുടെ ശ്രമം.

ഹത്രസ് സംഭവം അടക്കം യുപിയിലെ സംഭവങ്ങളിൽ സജീവമായി ഇടപെടുന്ന പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി അവതരിപ്പിക്കുമോ? അങ്ങനെ കരുതുന്നവർ ഏറെ. പാർട്ടി സ്ഥാപകദിനത്തിൽ അത്തരത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവായ സുരേന്ദ്ര രാജ്പുത്തിന്റെ പരോക്ഷ പരാമർശം ഇങ്ങനെ: 'പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി രണ്ടുമാസത്തിന് ശേഷം സമ്പൂർണമായ പ്രചാരണം തുടങ്ങും'

സ്ഥാപകദിനം ഇത്തവണ വിപുലമായി ആഘോഷിക്കാനാണ് പാർട്ടി തീരുമാനം. അതേസമയം, പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കണമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്. പാർട്ടിയുടെ മുഖ്യസംഘാടകയും, താരപ്രചാരകയുമായി അവർ തുടർന്നാൽ മതിയെന്ന വാദവും പ്രബലമാണ്. എന്നാൽ, പ്രിയങ്കയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ സമ്മർദ്ദമേറുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ചെയ്യുന്നത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് പ്രിയങ്കയെ ആദ്യമായി ഔദ്യോഗിക ഭാരവാഹി ആക്കിയതും, കിഴക്കൻ യുപിയുടെ ചുമതല നൽകിയതും. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് എന്നിവയെയും എല്ലാ അനുബന്ധ സംഘടനകളെയും, ജില്ലാ, നഗര കമ്മിറ്റികളെയും കഴിഞ്ഞ ഒരുവർഷമായി പ്രിയങ്ക പുനരുജ്ജീവിപ്പിച്ചു. പഴയമട്ടിൽ യുപിസിസി ജംബോ കമ്മിറ്റിയല്ല. കാര്യങ്ങൾ പഠിക്കാനും, നടത്തിയെടുക്കാനും ശേഷിയുള്ള 55 ഔദ്യോഗിക ഭാരവാഹികളെയാണ് പ്രിയങ്ക തിരഞ്ഞെടുത്തിരിക്കുന്നത്. മിക്കവരും 45-50 പ്രായത്തിന് ഇടയിൽ ഉള്ളവരാണ്.

സഞ്ജയ് ഗാന്ധി 1970 ൽ പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ പുനരുദ്ധാരണ പദ്ധതിയുടെ ചുവട് പിടിച്ചാണ് പ്രിയങ്കയുടെ നീക്കം. അന്ന് സഞ്ജയ് സിങ്, അരുൺ കുമാർ മുന്ന, നിർമൽ ഖാത്രി, ഹരീഷ് റാവത്ത് എന്നിങ്ങനെ യുവതുർക്കികളുടെ പട തന്നെ വന്നു. അടിയന്തരവസ്ഥയ്ക്ക് ശേഷം പാർട്ടി അധികാരത്തിൽ നിന്ന് അകന്നുനിൽക്കുമ്പോളായിരുന്നു സഞ്ജയ് ഗാന്ധിയുടെ പുനരുജ്ജീവന പദ്ധതി. പ്രിയങ്കയും സമാനമായ രീതിയിൽ, പാർട്ടി ആശയങ്ങളോട് ചേർന്നുനിൽക്കുന്ന യുവതലമുറയെ ആണ് തിരഞ്ഞടുത്തിരിക്കുന്നത്. സോൻഭദ്ര കൂട്ടക്കൊലയായാലും ഹത്ര മാനഭംഗക്കേസായാലും യുപിസിസി അദ്ധ്യക്ഷൻ ചടുലനായ അജയ് കുമാർ ലല്ലൂവിന്റെ നേതൃത്വത്തിൽ ശക്തമായ സമരമാണ് യോഗി സര്ഡക്കാരിനെ വെല്ലുവിളിച്ച് നടക്കുന്നത്.

ഡിസംബർ അവസാനത്തോടെ പാർട്ടിയുടെ ബ്ലോക്ക്-വില്ലേജ്, ബൂത്ത് ലെവൽ തലത്തിൽ ചട്ടക്കൂടാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് യുപി കോൺഗ്രസ് കമ്മിറ്റി വക്താവായ സുരേന്ദ്ര രാജ്പുത് പറയുന്നു. ഡൽഹിയിലെ ഭൂരിപക്ഷം നേതാക്കളും പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കണമെന്ന അഭിപ്രായക്കാരാണ്. ഇക്കാര്യത്തിൽ ഗാന്ധി കുടുംബത്തിന്റെ അംഗീകാരമാണ് വേണ്ടത്. എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളു.

യുപിയിൽ പൊരുതി നോക്കാൻ പ്രിയങ്ക

അടുത്തകാലത്തായി ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ പ്രിയങ്ക കൂടുതൽ ഇടപെടൽ നടത്തിയിരുന്നു. ബിജെപിക്കും യോഗി ആദിത്യനാഥിനും എതിരെ മാത്രമല്ല മായാവതിക്കും ബിഎസ്‌പിക്കും എതിരെ കൂടിയാണ് പ്രിയങ്കയുടെ തുറന്ന യുദ്ധം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അടുത്ത സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന മായാവതി അടുത്ത കാലത്തായി കളം മാറ്റിപ്പിടിക്കുകയാണ്. ബിജെപി പക്ഷത്തേക്ക് മായാവതി ചായുന്നത് തിരിച്ചറിഞ്ഞതോടെയാണ് കോൺഗ്രസും കളി മാറ്റുന്നത്. ഉത്തർ പ്രദേശിൽ മായാവതിയെ പൂട്ടാനുറച്ചാണ് പ്രിയങ്ക ഗാന്ധിയുടെ കരുനീക്കങ്ങൾ. ബിഎസ്‌പി വോട്ടുബാങ്കിലാണ് പ്രിയങ്കയും കോൺഗ്രസും കണ്ണുവെക്കുന്നത്.

സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത വെച്ച പ്രിയങ്കയെ കോൺഗ്രസ് ആദ്യം തന്നെ നിയോഗിച്ചത് ഉത്തർ പ്രദേശിലേക്കാണ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് വൻ തിരിച്ചടിയേറ്റു. 2022ൽ ഉത്തർ പ്രദേശിൽ പാർട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുള്ളത്. സംസ്ഥാനത്ത് ബിജെപിക്കും യോഗി ആദിത്യ നാഥിനും എതിരെ തുടർച്ചയായി, രൂക്ഷമായ ആക്രമണം തന്നെ പ്രിയങ്ക ഗാന്ധി ഓരോ ദിവസവും അഴിച്ച് വിടുന്നത്. ഹത്രസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങൾ പാർട്ടിയുടെ ഇമേജിനെ പുഷ്ടിപ്പെടുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP