Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിലെ സർക്കാർ ബം​ഗ്ലാവ് ഒഴിഞ്ഞ് പ്രിയങ്കാ ​ഗാന്ധി; ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന കേന്ദ്രത്തിന്റെ തിട്ടൂരം അനുസരിച്ച എഐസിസി ജനറൽ സെക്രട്ടറി ഇനി തട്ടകം മാറ്റുന്നത് ഉത്തർപ്രദേശിലേക്ക്; ഇന്ദിര ഗാന്ധിയുടെ അമ്മായി ഷീല കൗളിന്റെ ലഖ്‌നൗവിലെ വസതി ബേസ് ക്യാമ്പ് ആക്കുമെന്ന് റിപ്പോർട്ടുകൾ; യോ​ഗിയുടെ യുപിയിൽ കൊടിപാറിക്കാനുറച്ച് ഇന്ദിരയുടെ ചെറുമകൾ എത്തുന്നതിന്റെ ആവേശത്തിൽ അണികളും

ഡൽഹിയിലെ സർക്കാർ ബം​ഗ്ലാവ് ഒഴിഞ്ഞ് പ്രിയങ്കാ ​ഗാന്ധി; ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന കേന്ദ്രത്തിന്റെ തിട്ടൂരം അനുസരിച്ച എഐസിസി ജനറൽ സെക്രട്ടറി ഇനി തട്ടകം മാറ്റുന്നത് ഉത്തർപ്രദേശിലേക്ക്; ഇന്ദിര ഗാന്ധിയുടെ അമ്മായി ഷീല കൗളിന്റെ ലഖ്‌നൗവിലെ വസതി ബേസ് ക്യാമ്പ് ആക്കുമെന്ന് റിപ്പോർട്ടുകൾ; യോ​ഗിയുടെ യുപിയിൽ കൊടിപാറിക്കാനുറച്ച് ഇന്ദിരയുടെ ചെറുമകൾ എത്തുന്നതിന്റെ ആവേശത്തിൽ അണികളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ബം​ഗ്ലാവ് ഒഴിഞ്ഞതിന് പിന്നാലെ പ്രിയങ്കാ​ഗാന്ധി ഉത്തർ പ്രദേശിലേക്ക് താമസം മാറ്റും എന്ന ചർച്ചകൾ സജീവം. ഡൽഹി ലൂട്യൻസിലെ 35 ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഇന്നാണ് പ്രിയങ്ക ​ഗാന്ധി ഒഴിഞ്ഞത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന് നേരത്തെ കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയം പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ബന്ധുവിന്റെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക ലക്നൗവിലേക്ക് മാറുന്നതെന്നാണ് റിപ്പോർട്ടുകൾ.

1997 മുതൽ ഈ ബംഗ്ലാവിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. സോണിയ ഗാന്ധിക്കും കുടുംബത്തിനും നൽകിവന്നിരുന്ന എസ്‌പി.ജി സുരക്ഷ പിൻവലിച്ച സാഹചര്യത്തിൽ സർക്കാർ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നായിരുന്നു ജൂലായ് ഒന്നിന് പ്രിയങ്കയ്ക്ക് നൽകിയ നോട്ടീസിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. 3.26 ലക്ഷം രൂപ കുടിശിക അടയ്ക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഓൺലൈനായി പ്രിയങ്കാ ഗാന്ധി ഈ തുക അടച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ ബംഗ്ലാവ് ഒഴിയണമെന്ന് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ ബിജെപി. വക്താവും എംപിയുമായ അനിൽ ബലൂണിക്ക് ഇതേ ബംഗ്ലാവ് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു.

പ്രിയങ്കയോട് സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ട സർക്കാർ തീരുമാനത്തെ നിരവധി കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നു. ഈ മാസം ആദ്യം ഉത്തരവ് പുറത്തുവന്ന ശേഷം തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2019 നവംബറിൽ പ്രിയങ്കയുടെ എസ് പി ജി സുരക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. എസ് പി ജി സുരക്ഷയില്ലാത്ത ഒരാൾക്ക് സുരക്ഷ പ്രശ്‌നങ്ങളുടെ പേരിൽ സർക്കാർ ഉടസ്ഥതയിലുള്ള വീട് അനുവദിക്കാൻ പറ്റില്ലെന്ന് മന്ത്രാലയം പ്രിയങ്കയ്ക്ക് നൽകിയ ഒഴിപ്പിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമുള്ള ഇസ്ഡ് കാറ്റഗറി സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നു. സെപ്ഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ചട്ടങ്ങൾ സർക്കാർ മാറ്റിയെഴുതിയതിനെ തുടർന്നാണ് ഇവർ സുരക്ഷാ വലയത്തിന് പുറത്തായത്. 1991-ൽ മുൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി എൽടിടിഇയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടശേഷം മൂവരും എസ് പി ജിയുടെ സുരക്ഷയിലായിരുന്നു. ബിജെപി സർക്കാരിന്റെ പുതിയ ചട്ടപ്രകാരം മുൻ പ്രധാനമന്ത്രിക്കും കുടുംബത്തിനും അഞ്ച് വർഷം സുരക്ഷ നൽകിയാൽ മതിയെന്നാണ്.

ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ ലഖ്‌നൗവിലെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നത് എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് പ്രവർത്തകയായിരുന്നു കൗൾ. യു.പി. കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് കൗൾ ഹൗസ് ബേസ് ക്യാമ്പാക്കാനാണ് പ്രിയങ്കയുടെ തീരുമാനം.താമസം മാറുന്നതിലൂടെ യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നഗരത്തിലേക്കാണ് പ്രിയങ്ക എത്തുന്നത്. തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ പലായനം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് നേരെയുണ്ടായ ആക്രമണം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രിയങ്ക ആദിത്യനാഥിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.യോഗി സർക്കാരിനെതിരെ കൂടുതൽ വെല്ലുവിളികൾ ഉയർത്തി ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കി കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക എത്തുന്നത്.

അടുത്തകാലത്തായി ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ പ്രിയങ്ക കൂടുതൽ ഇടപെടൽ നടത്തിയിരുന്നു. ബിജെപിക്കും യോഗി ആദിത്യനാഥിനും എതിരെ മാത്രമല്ല മായാവതിക്കും ബിഎസ്‌പിക്കും എതിരെ കൂടിയാണ് പ്രിയങ്കയുടെ തുറന്ന യുദ്ധം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അടുത്ത സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന മായാവതി അടുത്ത കാലത്തായി കളം മാറ്റിപ്പിടിക്കുകയാണ്. ബിജെപി പക്ഷത്തേക്ക് മായാവതി ചായുന്നത് തിരിച്ചറിഞ്ഞതോടെയാണ് കോൺഗ്രസും കളി മാറ്റുന്നത്. ഉത്തർ പ്രദേശിൽ മായാവതിയെ പൂട്ടാനുറച്ചാണ് പ്രിയങ്ക ഗാന്ധിയുടെ കരുനീക്കങ്ങൾ. ബിഎസ്‌പി വോട്ടുബാങ്കിലാണ് പ്രിയങ്കയും കോൺഗ്രസും കണ്ണുവെക്കുന്നത്.

സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത വെച്ച പ്രിയങ്കയെ കോൺഗ്രസ് ആദ്യം തന്നെ നിയോഗിച്ചത് ഉത്തർ പ്രദേശിലേക്കാണ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് വൻ തിരിച്ചടിയേറ്റു. 2022ൽ ഉത്തർ പ്രദേശിൽ പാർട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുള്ളത്. പ്രിയങ്ക ചുമതല ഏറ്റെടുത്തതിന് ശേഷം യുപിയിൽ കോൺഗ്രസിന് പുത്തൻ ഉണർവ് തന്നെയുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് വിഹിതം ഉയർത്തി. നിരവധി ബിഎസ്‌പി നേതാക്കളടക്കം കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിക്കും യോഗി ആദിത്യ നാഥിനും എതിരെ തുടർച്ചയായി, രൂക്ഷമായ ആക്രമണം തന്നെ പ്രിയങ്ക ഗാന്ധി ഓരോ ദിവസവും അഴിച്ച് വിടുന്നത്. പ്രിയങ്കാ ​ഗാന്ധി മുഴുവൻ സമയവും സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്കായി എത്തുമെന്ന സൂചനകൾ നേരത്തേ തന്നെ യുപിയിലെ കോൺ​ഗ്രസ് നേതാക്കൾ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP