Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഉർവ്വശീ ശാപം ഉപകാരമാക്കാൻ ഒരുങ്ങി പ്രിയങ്ക ഗാന്ധി! ലോധി എസ്റ്റേറ്റിലെ വസതി ഒഴിഞ്ഞാൽ പ്രിയങ്ക താമസിക്കാൻ വസതി തിരഞ്ഞെടുക്കുന്നത് ലക്‌നൗവിൽ; ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ വസതി ക്യാമ്പാക്കും; യുപി സർക്കാറിന്റെ നിശിദ വിമർശകയായി കളംനിറഞ്ഞ പ്രിയങ്ക ഇനി യോഗിയുമായി നേരിട്ട് ഏറ്റുമുട്ടും; ബിജെപിക്കെതിരായ ആരോപണങ്ങളുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു തന്നെ നീങ്ങും; നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഇന്ദിരയുടെ കൊച്ചുമകൾക്ക് സാധിക്കുമോ?

ഉർവ്വശീ ശാപം ഉപകാരമാക്കാൻ ഒരുങ്ങി പ്രിയങ്ക ഗാന്ധി! ലോധി എസ്റ്റേറ്റിലെ വസതി ഒഴിഞ്ഞാൽ പ്രിയങ്ക താമസിക്കാൻ വസതി തിരഞ്ഞെടുക്കുന്നത് ലക്‌നൗവിൽ; ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ വസതി ക്യാമ്പാക്കും; യുപി സർക്കാറിന്റെ നിശിദ വിമർശകയായി കളംനിറഞ്ഞ പ്രിയങ്ക ഇനി യോഗിയുമായി നേരിട്ട് ഏറ്റുമുട്ടും; ബിജെപിക്കെതിരായ ആരോപണങ്ങളുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു തന്നെ നീങ്ങും; നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഇന്ദിരയുടെ കൊച്ചുമകൾക്ക് സാധിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എന്തായാലും ഉർവ്വശീ ശാപം ലഭിച്ചു. ഇനി അത് ഉപകാരമാക്കാൻ പറ്റുമോ നോക്കാം? കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് സർക്കാർ വസതി ഒഴിയാൻ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം നൽകിയത് അടുത്തിടെയാണ്. ഓഗസ്റ്റ് ഒന്നിനുള്ളിൽ ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് അറിയിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിനുള്ള എസ്‌പി.ജി സുരക്ഷ കഴിഞ്ഞ നവംബറിൽ സർക്കാർ പിൻവലിച്ചിരുതിന് പിന്നാലെയാണ് ഈ തീരുമാനം. എന്തായാലും ഈ തീരുമാനം വന്നതോടെ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ നേടിട്ട് ഇടപെടൽ നടത്താൻ വഴിയുണ്ടോ എന്ന മാർഗ്ഗമാണ് പ്രിയങ്ക തേടിയത്. അതുകൊണ്ട് തന്നെ ലക്‌നൗവിൽ വീടെടുത്തു താമസിക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

ഉത്തർ പ്രദേശിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഡൽഹിയിൽനിന്ന് ലഖ്‌നൗവിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ് പ്രിയങ്ക ഗാന്ധി വധേര. സർക്കാർ ബംഗ്ലാവ് വിട്ടുനൽകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് ലഭിച്ച നോട്ടീസ് ഇതുസംബന്ധിച്ച തീരുമാനം വേഗത്തിലാക്കിയെന്ന് പ്രിയങ്കയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ കാരണങ്ങളെ തുടർന്ന് 1997-ലാണ് പ്രിയങ്ക ഗാന്ധിക്ക് താമസിക്കുന്നതിനായി സർക്കാർ ബംഗ്ലാവ് അനുവദിച്ചത്. ഓഗസ്റ്റ് 1-ന് ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രിയങ്കയ്ക്ക് കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയത്തിന്റെ നോട്ടീസ് ലഭിച്ചത്. എസ്‌പിജി സുരക്ഷയില്ലാത്തതിനാൽ സർക്കാർ ബംഗ്ലാവ് ഉപയോഗിക്കുന്നതിന് സാധുതയില്ലെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്. 3.26 ലക്ഷം രൂപ കുടിശ്ശിക നൽകാനും ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ വഴി ഉടൻ തന്നെ പ്രിയങ്ക പണം അടച്ചു.

പ്രിയങ്കയ്ക്ക് നേരെയുള്ള സർക്കാർ നടപടി കോൺഗ്രസ് നേതൃത്വത്തോടുള്ള പ്രധാനമന്ത്രിയുടെ കടുത്ത വിദ്വേഷത്തിന്റെ കുടിപ്പകയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ഈ വർഷം തുടക്കം തന്നെ താമസം മാറുന്നത് സംബന്ധിച്ച് പ്രിയങ്ക ആലോചിച്ചിരുന്നുവെന്നും കൊറോണ വൈറസ് വ്യാപനവും മകളുടെ പരീക്ഷയുമാണ് പദ്ധതി ദീർഘിപ്പിച്ചതെന്നും കോൺഗ്രസ് പറയുന്നു. ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ ലഖ്‌നൗവിലെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നത്. കോൺഗ്രസ് പ്രവർത്തകയായിരുന്നു കൗൾ. യു.പി. കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് കൗൾ ഹൗസ് ബേസ് ക്യാമ്പാക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

താമസം മാറുന്നതിലൂടെ യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നഗരത്തിലേക്കാണ് പ്രിയങ്ക എത്തുന്നത്. തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ പലായനം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് നേരെയുണ്ടായ ആക്രമണം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രിയങ്ക ആദിത്യനാഥിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.യോഗി സർക്കാരിനെതിരെ കൂടുതൽ വെല്ലുവിളികൾ ഉയർത്തി ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കി കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക എത്തുന്നത്.

അടുത്തകാലത്തായി ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ പ്രിയങ്ക കൂടുതൽ ഇടപെടൽ നടത്തിയിരുന്നു. ബിജെപിക്കും യോഗി ആദിത്യനാഥിനും എതിരെ മാത്രമല്ല മായാവതിക്കും ബിഎസ്‌പിക്കും എതിരെ കൂടിയാണ് പ്രിയങ്കയുടെ തുറന്ന യുദ്ധം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അടുത്ത സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന മായാവതി അടുത്ത കാലത്തായി കളം മാറ്റിപ്പിടിക്കുകയാണ്. ബിജെപി പക്ഷത്തേക്ക് മായാവതി ചായുന്നത് തിരിച്ചറിഞ്ഞതോടെയാണ് കോൺഗ്രസും കളി മാറ്റുന്നത്. ഉത്തർ പ്രദേശിൽ മായാവതിയെ പൂട്ടാനുറച്ചാണ് പ്രിയങ്ക ഗാന്ധിയുടെ കരുനീക്കങ്ങൾ. ബിഎസ്‌പി വോട്ടുബാങ്കിലാണ് പ്രിയങ്കയും കോൺഗ്രസും കണ്ണുവെക്കുന്നത്.

സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത വെച്ച പ്രിയങ്കയെ കോൺഗ്രസ് ആദ്യം തന്നെ നിയോഗിച്ചത് ഉത്തർ പ്രദേശിലേക്കാണ്. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് വൻ തിരിച്ചടിയേറ്റു. 2022ൽ ഉത്തർ പ്രദേശിൽ പാർട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുള്ളത്. പ്രിയങ്ക ചുമതല ഏറ്റെടുത്തതിന് ശേഷം യുപിയിൽ കോൺഗ്രസിന് പുത്തൻ ഉണർവ് തന്നെയുണ്ട്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് വിഹിതം ഉയർത്തി. നിരവധി ബിഎസ്‌പി നേതാക്കളടക്കം കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്ത് ബിജെപിക്കും യോഗി ആദിത്യ നാഥിനും എതിരെ തുടർച്ചയായി, രൂക്ഷമായ ആക്രമണം തന്നെ പ്രിയങ്ക ഗാന്ധി ഓരോ ദിവസവും അഴിച്ച് വിടുന്നത്.

അതിനൊപ്പം പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിരിക്കുന്ന മായാവതിയേയും കടന്നാക്രമിച്ചതാണ് പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് ഒരു ബദൽ തങ്ങൾ മാത്രമാണ് എന്നാണ് പ്രിയങ്ക ഗാന്ധി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ബിഎസ്‌പിയുടെ ദളിത് വോട്ടുകളിലും പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസിനും ഉന്നമുണ്ട്. ഉത്തർപ്രദേശിൽ അടിത്തറ ഇളകി നിൽക്കുകയാണ് ബിഎസ്‌പി. തിരിച്ച് വരവിന് പറ്റിയ കൂട്ട് കോൺഗ്രസ് അല്ല ബിജെപിയാണ് എന്നാണ് മായാവതി കണക്ക് കൂട്ടുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടും ചൈനയുമായുള്ള അതിർത്തി തർക്കത്തിലുമടക്കം ബിജെപിക്ക് ചേർന്ന നിലപാടാണ് മായാവതി സ്വീകരിച്ചത്. മാത്രമല്ല ഗാന്ധി കുടുംബത്തിലെ നേതാക്കളെ കടന്നാക്രമിക്കുന്നതും മായാവതി പതിവാക്കുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഉത്തർ പ്രദേശിൽ ബിജെപിയുടെ അപ്രമാദിത്വം സമ്മതിച്ച് കൊടുത്ത മട്ടിലാണ് മായാവതി. എല്ലാവരുടേയും വികസനം എന്ന മായാവതിയുടെ 2007ലെ മുദ്രാവാക്യം ബിജെപി അടിച്ച് മാറ്റിയതിൽ പോലും അവർ പ്രതികരിച്ചിട്ടില്ല. 2007ൽ ദളിത് വോട്ടുകളും ബ്രാഹ്മണ വോട്ടുകളും കേന്ദ്രീകരിച്ചതാണ് മായാവതിക്ക് വിജയത്തിന് കാരണമായത്. പ്രിയങ്ക ഗാന്ധിയും കോൺഗ്രസും കണ്ണ് വെയ്ക്കുന്നതും അതേ വോട്ട് ബാങ്കിലാണ്. അതാണ് മായാവതിയെ അസ്വസ്ഥപ്പെടുത്തുന്നതും. ബിഎസ്‌പി വോട്ട് ബാങ്ക് കോൺഗ്രസ് സ്വന്തമാക്കിയാൽ പിന്നെ പാർട്ടിക്ക് നിലനിൽപ്പില്ല. അതുകൊണ്ട് തന്നെയാണ് ബിജെപിയോട് മൃദുസമീപനം മായാവതി സ്വീകരിക്കുന്നതും. അടുത്തിടെ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മായാവതി പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമാണ്.

ഭാവിയിൽ ബിജെപിയുമായി സഖ്യമാണ് മായാവതി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. 1995ൽ ബിജെപിയുമായി ചേർന്ന് ഉത്തർ പ്രദേശിൽ സർക്കാർ രൂപീകരിച്ച ചരിത്രം മായാവതിക്കുണ്ട്. നിലവിൽ പ്രിയങ്ക ഗാന്ധിയുടെ മുന്നേറ്റം തടയുക എന്നതാണ് മായാവതിയുടെ ലക്ഷ്യം. മായാവതിയുടെ പോക്ക് എങ്ങോട്ടാണ് എന്ന് പ്രിയങ്ക ഗാന്ധി കൃത്യമായി മനസ്സിലാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്ക് യുപി സർക്കാർ നോട്ടീസ് നൽകിയപ്പോൾ അവർ പ്രതികരിച്ചത്, താൻ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾ ആണെന്നും ഭയപ്പെടുത്താൻ നോക്കേണ്ട എന്നുമാണ്. മാത്രമല്ല ചില അപ്രഖ്യാപിത ബിജെപി വക്താക്കളെ പോലെ പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാക്കളെ പോലെ അല്ല താൻ എന്നും പ്രിയങ്ക മായാവതിക്ക് എതിരെ ഒളിയമ്പ് എയ്യുകയുണ്ടായി.

1997 ഫെബ്രുവരിയിലാണ് ലോധി എസ്റ്റേറ്റിലെ 6യ നമ്പർ 35 ബംഗ്ലാവും എസ്‌പിജി സുരക്ഷയും ഗാന്ധി കുടുംബത്തിന് അനുവദിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്‌പിജി സുരക്ഷ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സർക്കാർ പിൻവലിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP