Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ ഇന്ത്യയുടെ സൃഷ്ടിക്കായി ഉറച്ച ചുവടുകളോടെ മോദി; സർക്കാരുണ്ടാക്കാൻ രാഷ്ട്രപതിയുടെ ക്ഷണം; രാംനാഥ് കോവിന്ദിന്റെ ക്ഷണം അമിത്ഷായുടെ നേതൃത്വത്തിൽ എൻഡിഎ സംഘം സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതോടെ; എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം അതാണ് ലക്ഷ്യമെന്ന് മോദി എൻഡിഎ പാർലമെന്ററി യോഗത്തിൽ; പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിർത്തണം; ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടണം: ഭരണഘടനയിൽ തലതൊട്ടുവന്ദിച്ച് മോദിയുടെ പ്രസംഗം

പുതിയ ഇന്ത്യയുടെ സൃഷ്ടിക്കായി ഉറച്ച ചുവടുകളോടെ മോദി; സർക്കാരുണ്ടാക്കാൻ രാഷ്ട്രപതിയുടെ ക്ഷണം; രാംനാഥ് കോവിന്ദിന്റെ ക്ഷണം അമിത്ഷായുടെ നേതൃത്വത്തിൽ എൻഡിഎ സംഘം സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതോടെ; എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം അതാണ് ലക്ഷ്യമെന്ന് മോദി എൻഡിഎ പാർലമെന്ററി യോഗത്തിൽ; പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിർത്തണം; ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടണം: ഭരണഘടനയിൽ തലതൊട്ടുവന്ദിച്ച് മോദിയുടെ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ പാർലമെന്ററി പാർട്ടി നേതാവ് നരേന്ദ്ര മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. അമിത്ഷായുടെ നേതൃത്വത്തിലുള്ള എൻഡിഎ പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണിത്. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ജെ ഡി യു നേതാവ് നിതീഷ് കുമാർ, എൽ ജെ പി നേതാവ് രാം വിലാസ് പാസ്വാൻ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറേ, ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയവരും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയത്. സത്യപ്രതിജ്ഞയുടെ തീയതിയും സമയവും, മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുവിവരങ്ങളും അറിയിക്കാൻ രാംനാഥ് കോവിന്ദ് മോദിയോട് നിർദ്ദേശിച്ചു.

കാവൽ പ്രധാനമന്ത്രിയായി തുടർന്ന് സർക്കാർ രൂപീകരിക്കാൻ രാംനാഥ് കോവിന്ദ് തന്നോട് ആവശ്യപ്പെട്ടതായി മോദി അറിയിച്ചു. ഈ മാസം 30 ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന. ശനിയാഴ്ച വൈകിട്ട് ചേർന്ന എൻഡിഎ പാർലമെന്ററി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. നിധിൻ ഗഡ്കരി, രാജ്നാഥ്സിങ് എന്നിവർ മോദിയെ പിന്താങ്ങി. എൻഡിഎ പാർലമെന്ററി യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്.എൻഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആർജെഡി നേതാവ് നിതീഷ് കുമാർ, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവർ എൻഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, മറ്റ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തന്നെ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് മോദി നന്ദി പറഞ്ഞു. ഭരണഘടനയിൽ തലതൊട്ടുവന്ദിച്ച ശേഷമാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് മോദി പ്രത്യേകം ആശംസകൾ നേർന്നു.

ഇന്ത്യൻ ജനാധിപത്യം പക്വതയ്യാർജ്ജിച്ചുകഴിഞ്ഞു. വൻഭൂരിപക്ഷത്തോടെയുള്ള ജനവിധി ഉത്തരവാദിത്വങ്ങൾ കൂട്ടുന്നു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പുതിയ ഊർജ്ജത്തോടെ പുതിയ യാത്ര തുടങ്ങാം. ഈ തിരഞ്ഞെടുപ്പ് ഭരണത്തിന് അനുകൂലമായിരുന്നു. ജനങ്ങളും സർക്കാരും തമ്മിലുള്ള പരസ്പര വിശ്വാസം മാത്രമല്ല, ജനങ്ങൾക്കിടയിലുള്ള വിശ്വാസം കൂടിയാണ്. ഇതാണ് ആ വിശ്വാസം പിറവി കൊള്ളാൻ കാരണം. ഇടയിലുള്ള മതിലുകൾ ഭേദിക്കാനും സമൂഹത്തെ ഒന്നിപ്പിക്കാനും കഴിഞ്ഞു. ജനങ്ങൾ പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും നമ്മൾ അതിന് സാക്ഷികളാണെന്നും മോദി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കണം. വിജയത്തിൽ അഹങ്കരിക്കരുത്. വിഐപി സംസ്‌കാരം പിന്തുടരാൻ പാടില്ല. അധികാരത്തിലും പ്രശസ്തിയിലും വീണുപോകരുതെന്നും എംപിമാരോട് മോദി പറഞ്ഞു.

ഭരണഘടനയ്ക്ക് മുന്നിൽ വണങ്ങിക്കൊണ്ടാണ് ഞാൻ നിങ്ങളോട് പറയുന്നത് നമ്മൾ ജനപ്രതിനിധികൾക്ക് പക്ഷപാതങ്ങളില്ല. നമുക്കൊപ്പം ഇപ്പോൾ ഉള്ളവർക്കും ഇനി ഒപ്പമുണ്ടാകാൻ പോകുന്നവർക്കും ഒപ്പം നമ്മളുണ്ടാകും. ഞാൻ ഗാന്ധിജിയും ദീൻ ദയാൽ ഉപാധ്യായയും രാം മനോഹർ ലോഹ്യയും ബാബ സാഹിബ് അംബേദ്കറും പഠിപ്പിച്ച കാര്യങ്ങളിൽ വിശ്വസിക്കുന്നു. നിങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ളവരാകാം. എന്നാൽ നിങ്ങളെല്ലാം ഇന്ത്യയുടെ നിയമനിർമ്മാതാക്കളാണ്. കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണം. മോദിയാണ് നിങ്ങളെ ജയിപ്പിച്ചത് എന്ന് കരുതരുത്. ജനങ്ങളാണ് ജയിപ്പിച്ചത്. ഒരു പാർട്ടിക്ക് എത്ര സീറ്റ് കിട്ടിയാലും മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യം നൽകണമെന്നും മോദി പറഞ്ഞു.

മികച്ച വിജയം ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങൾ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു.എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം അതാണ് ലക്ഷ്യം. പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണം. ഭരണഘടനയെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാൻ. നിങ്ങൾക്കു തുല്യനാണെന്നും മോദി പറഞ്ഞു.നമ്മളെ വിശ്വസിച്ചവർക്കു വേണ്ടിയാണു നമ്മൾ ഇവിടെയെത്തിയിട്ടുള്ളത്.സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയധികം വനിതാ എംപിമാർ പാർലമെന്റിൽ എത്തുന്നത്. വനിതാ ശാക്തീകരണത്തിന് ഇത് വഴിയൊരുക്കും. ജനപ്രതിനിധികൾക്ക് അതിരുകളില്ല. മുമ്പ് നമ്മളോടൊപ്പമുണ്ടായിരുന്നവർക്കും നാളെ നമ്മളോടൊപ്പമുണ്ടാകുന്നവർക്കും ഒപ്പമാണ് നമ്മൾ.

കുടുംബവാഴ്ച, ജാതി രാഷ്ട്രീയം, പ്രീണന രാഷ്ട്രീയം എന്നിവയെ മറികടന്ന് മികച്ച പ്രവർത്തനത്തിന്റെ രാഷ്ട്രീയത്തെയാണ് 2019 ലെ ലേക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരഞ്ഞെടുത്തതെന്ന് അമിത് ഷാ പറഞ്ഞു. മോദി തന്റെ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട്. രാജ്യം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ അഭിവൃദ്ധിപ്പെട്ടു. ജനങ്ങൾക്ക് അദ്ദേഹത്തെ വിശ്വാസമാണ്. അദ്ദേഹത്തിന്റെ ദർശനത്തിൽ ജനങ്ങൾക്ക് വിശ്വാസമാണ്. രാജ്യം തുറന്ന ഹൃദയത്തോടെ മോദിയുടെ പരീക്ഷണത്തെ പിന്തുണച്ചു. തനിക്ക് മോദിക്കൊപ്പം വർഷങ്ങളോളം ജോലി ചെയ്ത് പരിചയമുണ്ടെന്നും കഴിഞ്ഞ 20 വർഷത്തിനിടെ ഒരു അവധി പോലും അദ്ദേഹം എടുത്തിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു.

മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ അനുഗ്രഹവും നരേന്ദ്ര മോദി തേടിയ ശേഷമാണ് മോദി ചുമതലയേറ്റത്.

ഇന്ന് രാവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും രാഷ്ട്രപതിയെ കണ്ടു. പുതിയ എംപിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറി. 349 അംഗങ്ങളാണ് പതിനേഴാം ലോക്‌സഭയിൽ എൻഡിഎക്കുള്ളത്. ഇതിൽ 303 പേരും ബിജെപിയുടെ എംപിമാരാണ്. ഈ മാസം മുപ്പതിന് വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇതിന് മുമ്പ് നരേന്ദ്ര മോദി വാരാണസിയും ഗാന്ധിനഗറും സന്ദർശിക്കും.

ധനമന്ത്രിയായി അരുൺ ജയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയൽ എത്തിയേക്കും. നിലവിൽ ഊർജ, റെയിൽ വകുപ്പുകളുടെ മന്ത്രിയാണ് പിയൂഷ് ഗോയൽ. അനാരോഗ്യം കാരണം ജയ്റ്റ്‌ലിക്ക് പിന്നാലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പുതിയ മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് സൂചന. ഇത്തവണ സുഷമാ സ്വരാജ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP