Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാട്ട് കേൾക്കാൻ ആള് കൂടും, പക്ഷേ വോട്ടാകില്ല; നാട്ടുകാരുടെ മനസ്സറിയാവുന്നവൻ കരുക്കൾ നീക്കുന്നത് നിശബ്ദമായി; ബീഹാറിൽ കനയ്യകുമാർ ഉയർത്തുന്ന ഓളമെല്ലാം വെറുതെയാകുമോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസൻ പ്രശാന്ത് കിഷോർ പ്രതിപക്ഷ ഐക്യത്തിനായി നടത്തുന്ന നീക്കങ്ങൾ നെഞ്ചിടിപ്പ് കൂട്ടുന്നത് കനയ്യയുടെയും കൂട്ടരുടെയും; ബീഹാറിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി പ്രശാന്ത് കിഷോർ ഇറങ്ങുമ്പോൾ അവസാനിക്കുന്നത് സിപിഐയുടെ അവസാന പ്രതീക്ഷയും

പാട്ട് കേൾക്കാൻ ആള് കൂടും, പക്ഷേ വോട്ടാകില്ല; നാട്ടുകാരുടെ മനസ്സറിയാവുന്നവൻ കരുക്കൾ നീക്കുന്നത് നിശബ്ദമായി; ബീഹാറിൽ കനയ്യകുമാർ ഉയർത്തുന്ന ഓളമെല്ലാം വെറുതെയാകുമോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസൻ പ്രശാന്ത് കിഷോർ പ്രതിപക്ഷ ഐക്യത്തിനായി നടത്തുന്ന നീക്കങ്ങൾ നെഞ്ചിടിപ്പ് കൂട്ടുന്നത് കനയ്യയുടെയും കൂട്ടരുടെയും; ബീഹാറിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി പ്രശാന്ത് കിഷോർ ഇറങ്ങുമ്പോൾ അവസാനിക്കുന്നത് സിപിഐയുടെ അവസാന പ്രതീക്ഷയും

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ബീഹാർ. ദേശീയ രാഷ്ട്രീയവും സംസ്ഥാന സാഹചര്യങ്ങളും രണ്ടാണെന്ന തിരിച്ചറിവ് ഡൽഹി തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ പശ്ചാത്തലത്തിലാണ് ബീഹാർ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് വേദിയാകുന്നത്. ജാതി രാഷ്ട്രീയവു വ്യക്തിപ്രഭാവവും നിയന്ത്രിച്ചിരുന്ന ബീഹാർ രാഷ്ട്രീയത്തിൽ സിപിഐയുടെ യുവ നേതാവാണ് ബിജെപിക്കും ജെഡിയുവിനും ബദലായി ഒരു മുന്നണി എന്ന ലക്ഷ്യവുമായി ജന്മൻഗൺ യാത്രയുമായി എത്തിയത്. മോദി കഴിഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ക്രൗഡ് പുള്ളർ എന്ന് ദേശീയ മാധ്യമങ്ങൾ പോലും കനയ്യയെ വാഴ്‌ത്തിയപ്പോൾ ഇടത് രാഷ്ട്രീയത്തിന് ബീഹാറിന്റെ മണ്ണൊരുങ്ങുന്നു എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ കരുതിയത്. എന്നാൽ, സാക്ഷാൽ നരേന്ദ്ര മോദിയേയും നിതീഷ് കുമാറിനെയും അരവിന്ദ് കെജ്രിവാളിനെയും വരെ അധികാര കസേരയിലെത്തിച്ച പ്രശാന്ത് കിഷോർ ബീഹാർ രാഷ്ട്രീയത്തിൽ നിശബ്ദ വിപ്ലവം സൃഷ്ടിക്കാനാണ് തയ്യാറാകുന്നത്.

ബീഹാർ രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ ശോഭ കെട്ടുപോകുന്നത് ഇടത് നേതാവ് കനയ്യകുമാറിന് തന്നെയാകും. അടുത്തകാലത്ത് ഇടത് പക്ഷത്തിന് ഉയർത്തിക്കാട്ടാൻ കിട്ടിയ നേതാവായിരുന്നു കനയ്യ. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ കനയ്യയേക്കാളും കഴിവും അനുഭവ സമ്പത്തും ഉള്ള ആളാണ് പ്രശാന്ത് കിഷോർ. ലോക്‌സഭയിലേക്ക് മോദിയെ ജയിപ്പിച്ച അതേ പ്രശാന്ത് കിഷോറിന് ഡൽഹി നിയമസഭയിൽ മോദിയേയും അമിത്ഷായേയും തറപറ്റിക്കാനും കഴിഞ്ഞിരുന്നു. പ്രായോഗിക രാഷ്ട്രീയവും പ്രൊഫഷണൽ രാഷ്ട്രീയവും ഒരുപോലെ കൈമുതലാക്കിയ കനയ്യക്ക് പ്രത്യശാസ്ത്രത്തിന്റെ പിൻബലം കൊണ്ട് മാത്രം പ്രശാന്ത് കിഷോറിനെ നേരിടാനും മുന്നിലെത്താനും കഴിയില്ല.

മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവുമായിരുന്ന ജിതന്റാം മാഞ്ചി, ആർഎൽഎസ്‌പി അധ്യക്ഷൻ ഉപേന്ദ്ര ഖുശ്വാഹ, വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി തുടങ്ങിയവരുമായും പ്രശാന്ത് ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുവാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നു പ്രശാന്ത് നേരത്തേ തന്നെ പറഞ്ഞിരുന്നു. പ്രതിപക്ഷ കക്ഷികളെ ജെഡിയു ബിജെപി സഖ്യത്തോടൂ ൊരുതാൻ കഴിയുന്ന നിലയിലേക്കു മാറ്റുകയെന്നതാണു പ്രശാന്തിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. യൂത്ത് ഇൻ പൊളിറ്റിക്സ് എന്ന ഫോറം നേരത്തേ തന്നെ രൂപീകരിച്ചു തിരഞ്ഞെടുപ്പിനു മുൻപായി യുവാക്കളെ കൂടെ കൂട്ടാനുള്ള പ്രവർത്തനങ്ങൾ പ്രശാന്ത് ആരംഭിച്ചിരുന്നു.

പ്രശാന്തിനെ കൂടെ കൂട്ടാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും ആരുടെ ഒപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതുമില്ല. ബിഹാറിന്റെ വികസനത്തിൽ ഊന്നിയാണു പ്രശാന്തിന്റെ പ്രചാരണം. സംസ്ഥാനത്തു വികസനത്തിന്റെ അഭാവമുണ്ടെന്നു ചൂണ്ടിക്കാണിച്ച പ്രശാന്ത്, വികസന റേറ്റിങ്ങിൽ 22ാം സ്ഥാനത്തുനിന്ന് ബിഹാറിനെ ആദ്യ പത്തിൽ എത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. നിതീഷ് അധികാരത്തിൽ വരുമ്പോൾ എങ്ങനെയാണോ ബിഹാർ, ആ അവസ്ഥയിൽ നിന്ന് എറെ മുന്നേറാനായില്ല. യുവതലമുറ മികച്ച ജീവിത സാഹചര്യങ്ങൾ തേടി മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറുകയാണ് പ്രശാന്ത് ആരോപിച്ചു.

എൻഡിഎയുമായുള്ള നിതീഷിന്റെ കൂട്ടുകെട്ട് എന്തു മെച്ചമാണ് ബിഹാറിനു കൊണ്ടു വന്നതെന്നു വിശദീകരിക്കാൻ പ്രശാന്ത് വെല്ലുവിളിക്കുകയും ചെയ്തു. ഗോഡ്‌സെയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്കൊപ്പമാണ് നിതീഷ് ചേർന്നിട്ടുള്ളത്. ഗാന്ധിക്കും ഗോഡ്‌സെയ്ക്കും ഒരുമിച്ച് പോകാൻ സാധിക്കില്ലെന്നും പ്രശാന്ത് പറയുന്നു. ലാലുവിന്റെ ഭരണത്തിനു ശേഷം സംസ്ഥാനം എത്ര വികസിച്ചു എന്നതിനെക്കുറിച്ചാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും പ്രശാന്ത് വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ബിഹാറിന്റെ വികസന മുരടിപ്പിന് കാരണം നിതീഷാണെന്ന പ്രശാന്തിന്റെ പ്രചാരണം ആളിക്കത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. ബാത്ത് ബിഹാർ കീ ക്യാംപെയ്‌നിൽ കോൺഗ്രസും അണിചേർന്നു. പ്രശാന്ത് കിഷോറിന്റെ യൂത്ത് ആർമിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായാൽ നിതീഷിന്റെ അടിത്തറ തകരുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. അതേ സമയം, ഈ നിക്കങ്ങളെല്ലാം സിപിഐയുടെ സകല പ്രതീക്ഷകളെയും തകിടം മറിക്കും എന്നുറപ്പാണ്.

കനയ്യയുടെ ശക്തിയും ദൗർബല്യവും

പ്രസംഗത്തിലൂടെ ആൾക്കാരെ കയ്യിലെടുക്കാനുള്ള കഴിവാണ് കനയ്യയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നടന്ന കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ കനയ്യയെ രാജ്യത്തെ യുവാക്കളുടെ താരമാക്കി മാറ്റി. പക്ഷേ, സിപിഐ എന്ന കനയ്യയുടെ പ്രസ്ഥാനമാണ് അയാളുടെ ഏറ്റവും വലിയ ദൗർബല്യം. ബീഹാറിന്റെ അധികാരം പിടിക്കാനോ എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്‌ച്ചവെക്കാനോ പോലുമുള്ള സംഘടനാ സംവിധാനം സിപിഐക്കില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം രൂപീകരിക്കുകയും അതിൽ പത്തോ പതിനഞ്ചോ സീറ്റിൽ മത്സരിക്കുകയും മാത്രമേ ബീഹാറിൽ സിപിഐക്ക് ചെയ്യാനാകൂ. അതും സഖ്യത്തിലെ എല്ലാ കക്ഷികളും സിപിഐയെ അംഗീകരിച്ചാൽ മാത്രം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും ഒരുമുന്നണിയിലും ഇടംകിട്ടാതെ ഇടത് പാർട്ടികൾ ബീഹാറിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കനയ്യയുടെ പ്രസംഗം കേൾക്കാൻ എത്തുന്നവരുടെ പോലും വോട്ട് ഉറപ്പാക്കാൻ കനയ്യ കുമാറിനാകില്ല.

പ്രശാന്ത് കിഷോറിന്റെ ശക്തിയും ദൗർബല്യവും

ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് പ്രശാന്ത് കിഷോറിനോളം അറിവുള്ള മറ്റൊരാൾ ഇന്നില്ല എന്ന് തന്നെ പറയാം. ജനങ്ങളുടെ ചിന്തകളെ എങ്ങനെ വോട്ടാക്കി മാറ്റണം എന്ന കൃത്യമായ ധാരണയാണ് പ്രശാന്ത് കിഷോറിന് കരുത്ത്. അതേസമയം, സ്വന്തമായി ഒരു പാർട്ടി ഇല്ലാത്തതും ആരെ വിശ്വാസത്തിലെടുക്കണം എന്ന ആശയക്കുഴപ്പവുമാണ് പ്രശാന്ത് കിഷോർ നേരിടുന്ന വെല്ലുവിളി.

എൻഡിഎ കക്ഷികളെ ഒഴിവാക്കി മൂന്നാം കക്ഷി രൂപീകരിക്കാനാണ് പ്രശാന്ത് കിഷോറിന്റെ നീക്കം. മുമ്പും ഇത്തരം നീക്കങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായിരുന്നു. എന്നാൽ അന്ന് ജെഡിയു ബിജെപിക്ക് പുറത്തായിരുന്നു. ഇത്തവണ ചെറുപാർട്ടികളെയും ഒപ്പം കോൺഗ്രസിനെയും ആർജെഡിയെയും കൂടെ കൂട്ടിയുള്ള രാഷ്ട്രീയ തന്ത്രമാണ് കിഷോർ ഒരുക്കുന്നത്. 2015ൽ ഇത്തരമൊരു നീക്കമാണ് നിതീഷിനെ ബീഹാറിൽ വിജയിപ്പിച്ചത്. ആർജെഡിയും സഖ്യത്തിലുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു മൂന്നാം കക്ഷി വന്നാൽ നിതീഷിന്റെ രാഷ്ട്രീയ അസ്തമനം കൂടിയാവും അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP