Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മോദി ഇവിടെ ജനകീയൻ; ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടർമാർ; ദലിതർ 27 ശതമാനവും; അവർ ബിജെപിക്കൊപ്പമാണ്'; ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് മമത ഒപ്പംകൂട്ടിയ പ്രശാന്ത് കിഷോറിന്റെ ക്ലബ്ബ്ഹൗസ് ചാറ്റ് തിരിഞ്ഞു കൊത്തുന്നത് തൃണമൂലിനെ; നാലാംഘട്ട വോട്ടെടുപ്പിനിടെ ഓഡിയോ പുറത്തുവിട്ട് ബിജെപി

'മോദി ഇവിടെ ജനകീയൻ; ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടർമാർ; ദലിതർ 27 ശതമാനവും; അവർ ബിജെപിക്കൊപ്പമാണ്'; ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് മമത ഒപ്പംകൂട്ടിയ പ്രശാന്ത് കിഷോറിന്റെ ക്ലബ്ബ്ഹൗസ് ചാറ്റ് തിരിഞ്ഞു കൊത്തുന്നത് തൃണമൂലിനെ; നാലാംഘട്ട വോട്ടെടുപ്പിനിടെ ഓഡിയോ പുറത്തുവിട്ട് ബിജെപി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഭരണത്തുടർച്ചയ്ക്കായി തന്ത്രങ്ങൾ മെനയാൻ മമതാ ബാനർജി ഒപ്പംകൂട്ടിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നരേന്ദ്ര മോദി അനുകൂല ചാറ്റ് പുറത്തു വന്നത് വിവാദത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാളിൽ മമതയെപ്പോലെ ജനകീയനാണെന്ന് സമൂഹമാധ്യമ ആപ്ലിക്കേഷനായ ക്ലബ്ഹൗസിന്റെ ചാറ്റിൽ കിഷോർ പറഞ്ഞതിന്റെ ഓഡിയോ പുറത്തുവന്നത്. ഇതിന്റെ ഓഡിയോ ക്ലിപ്പുകൾ ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരുമായുള്ള ചാറ്റിലാണ് കിഷോർ ഇക്കാര്യങ്ങൾ പറയുന്നത്. മമത ബാനർജി സർക്കാരിനുനേർക്കുള്ള ധ്രുവീകരണം, രോഷം തുടങ്ങിയവയും ദലിത് വോട്ടുകളും ബിജെപിക്ക് അനുകൂലമായി ഈ തിരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെടുമെന്നും കിഷോർ പറയുന്നുണ്ട്.

തൃണമൂലിന്റെ കൈയിൽനിന്ന് ഈ തിരഞ്ഞെടുപ്പ് നഷ്ടപ്പെട്ടുപോയെന്നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്ത് ആരോപിക്കുന്നത്. ആരെങ്കിലും ക്ഷണിക്കുന്നതിലൂടെ മാത്രം അംഗങ്ങളാകാൻ സാധിക്കുന്ന സമൂഹമാധ്യമ ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ്. ഇവിടെ ചാറ്റിനുള്ള ശബ്ദസന്ദേശങ്ങൾ അയയ്ക്കാനുള്ള സൗകര്യവും ഉണ്ട്.

ഒരു ഓഡിയോ ക്ലിപ്പിൽ കിഷോർ ഇങ്ങനെ പറയുന്നു 'മോദിയുടെ പേരിലും ഹിന്ദു എന്നതിന്റെ പേരിലുമാണ് വോട്ട് നടക്കുന്നത്. ധ്രുവീകരണം, മോദി, ദലിത്, ഹിന്ദി സംസാര ഭാഷ തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. മോദി ഇവിടെ ജനകീയനാണ്. ഹിന്ദി സംസാരിക്കുന്ന ഒരു കോടിയിലധികം വോട്ടുള്ള ജനങ്ങളുണ്ട്. ദലിതർ 27 ശതമാനവും. അവർ ബിജെപിക്കൊപ്പമാണ് നിൽക്കുന്നത്. ഇതിനൊപ്പം ധ്രുവീകരണവും നടക്കുന്നു'.

ആകെ എട്ടു ഘട്ട പോളിങ്ങാണ് നടക്കാനുള്ളത്. ഈ ഘട്ടങ്ങളെ പ്രശാന്ത് കിഷോറിന്റെ ഓഡിയോ എങ്ങനെ സ്വാധീനിക്കുമെന്നതാണ് രാഷ്ട്രീയ വിദഗ്ദ്ധർ ഉറ്റുനോക്കുന്നത്. മെയ്‌ 2ന് ഫലം പുറത്തുവരും.

അതേസമയം, ക്ലബ്ഹൗസ് ചാറ്റിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് പ്രശാന്ത് കിഷോർ ചോദിച്ചു. ചില ഭാഗങ്ങൾ മാത്രം പുറത്തുവിടുന്നതിനു പകരം മുഴുവനും പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുന്നു.

നേരത്തേയും ഇപ്പോഴും ഒരു കാര്യം ആവർത്തിച്ചു പറയുന്നു ബംഗാളിൽ ബിജെപി 100 സീറ്റുകൾ കടക്കില്ല, പ്രശാന്ത് കിഷോർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP