Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി മന്ത്രിസഭയിൽ ഏറ്റവും സ്പീഡുള്ള മന്ത്രി പ്രകാശ് ജാവേദ്കർ; 100 ദിവസം കൊണ്ട് 240 പദ്ധതികൾക്ക് ക്ലിയറൻസ്; അനുമതി ലഭിച്ചത് രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക്

മോദി മന്ത്രിസഭയിൽ ഏറ്റവും സ്പീഡുള്ള മന്ത്രി പ്രകാശ് ജാവേദ്കർ; 100 ദിവസം കൊണ്ട് 240 പദ്ധതികൾക്ക് ക്ലിയറൻസ്; അനുമതി ലഭിച്ചത് രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക്

ന്യൂഡൽഹി: ഉത്തരം വളഞ്ഞാൽ കഴുക്കോലുകളും വളയുമെന്ന പഴഞ്ചൊല്ല് പോലെത്തന്നെ ഉത്തരം നന്നായാൽ കഴുക്കോലുകളും നന്നാവുമെന്ന് പറയേണ്ടി വരും. ജനോപകാര പ്രവർത്തനങ്ങൾ ഊർജസ്വലതയോടെ പെട്ടെന്ന് ചെയ്ത് തീർക്കാൻ ചുക്കാൻ പിടിക്കുന്ന പ്രധാനമന്ത്രി മോദിക്കൊപ്പമെത്താനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനും കേന്ദ്രമന്ത്രിമാർ മത്സരിക്കുകയാണ്. തൽഫലമായി മികച്ച പ്രകടനം കാഴ്ച വച്ച് തങ്ങളുടെ മന്ത്രാലയത്തെ മുന്നിലെത്തിക്കാൻ ഓരോ മന്ത്രിമാരും അശ്രാന്തപരിശ്രമം നടത്തുകയാണ്.

ഈ മത്സരത്തിൽ ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നത് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറാണ്. ആദ്യത്തെ 100 ദിവസത്തിനുള്ളിൽ മറ്റുള്ളവരെ പിന്നിലാക്കി മിന്നുന്ന പ്രകടനമാണ് ജാവേദ്കർ നടത്തിയിരിക്കുന്നതെന്ന് കാണാം. ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ 240 പദ്ധതികൾക്കാണ് പരിസ്ഥിതിമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതോടെ വഴിയൊരുങ്ങിയിരിക്കുന്നത്. ഇതിന് മുമ്പത്തെ സർക്കാരിന്റെ കാലത്ത് പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരിൽ ചുവപ്പുനാടയിൽ കുരുങ്ങിയ നിരവധി പദ്ധതികൾക്ക് ഇതിലൂടെ മോചനം ലഭിച്ചിരിക്കുന്നുവെന്ന് മന്ത്രാലയത്തിന്റെ രേഖകൾ വെളിപ്പെടുത്തുന്നു. റോഡ്, പവർപ്ലാന്റുകൾ, എണ്ണ പര്യവേഷണം തുടങ്ങിയ മേഖലകളിലെ പുതിയ നിക്ഷേപത്തിനും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും ഈ ക്ലിയറൻസിലൂടെ വഴിയൊരുങ്ങുന്നു.

രണ്ട് എൻവയോൺമെന്റ് കമ്മിറ്റികളുടെ മിനുറ്റ്‌സിലാണ് 240 പദ്ധതികൾക്ക് അനുമതി നൽകിയതിന്റെ രേഖകളുള്ളത്. എക്‌സപർട്ട് അപ്രൈസൽ കമ്മിറ്റി(ഇഎസി) ദി ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റി(എഫ്എസി) എന്നിവയുടെ മിനുറ്റ്‌സുകളിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളുള്ളത്. പരിസ്ഥിത പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതികളെ നിരീക്ഷിക്കുന്ന കമ്മിറ്റിയാണ് എക്‌സ്പർട്ട് അപ്രൈസൽ കമ്മിറ്റി. വനഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്ന കമ്മിറ്റിയാണ് ദി ഫോറസ്ട്രി അഡൈ്വസറി കമ്മിറ്റി. കോൾ, മൈനിങ് ആൻഡ് തെർമൽ പവർ പോലുള്ള നിർണായകമായ ആറ് മേഖലകളിലെ 217 പ്രൊജക്ടുകൾക്കാണ് ഇഎസി മുന്നുമാസത്തിനുള്ളിൽ അനുമതി നൽകിയിരിക്കുന്നത്. ഇതിനു മുമ്പത്തെ പരിസ്ഥി മന്ത്രിയായിരുന്ന ജയ്‌റാം രമേഷ് തന്റെ ആദ്യത്തെ ഏഴ് മാസത്തിനിടെ അംഗീകാരം നൽകിയ പദ്ധതികളുടെ എണ്ണത്തേക്കാൾ അഞ്ചിരട്ടിയലധികം വരുമിത്.

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ പോലുള്ള പൊതുമേഖലാ കമ്പനികൾക്ക് തങ്ങളുടെ കപ്പാസിറ്റി വർധിപ്പിക്കാനും പുതിയ പദ്ധതികൾ ആരംഭിക്കാനും പുതിയ പദ്ധതികൾക്കായി സർവേ നടത്താനും അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്വകാര്യ മേഖലയിലെ പ്രമുഖ പദ്ധതികൾക്കും മന്ത്രാലയം അനുമതി നൽകിയിരിക്കുന്നു. രാജസ്ഥാനിലെ കൈൺ എനർജിയുടെ എണ്ണയുൽപാദനം 50ശതമാനം വർധിപ്പിക്കാൻ അനുമതി നൽകിയത് ഇതിന്റെ ഭാഗമായാണ്.

വ്യവസായ വികസനത്തിനായി 7,122 ഹെക്ടർ വനഭൂമി വിട്ടുകൊടുക്കാനുള്ള എഫ്എസിയുടെ തീരുമാനം വ്യവസായ മേഖലക്ക് ഗുണമായിത്തീർന്നു. ആദ്യത്തെ മൂന്ന് മാസത്തിനിടയിലാണ് ഈ നിർണായകതീരുമാനമുണ്ടായതെന്നും ശ്രദ്ധേയമാണ്. 41 പദ്ധതികളിൽ 33നും പ്രസ്തുത കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ ഗുജറാത്തിലെ ഉപ്പുമായി ബന്ധപ്പെട്ട ആറ് പദ്ധതികളും ഉൾപ്പെടുന്നു. സമീപവാസികൾക്ക് ഹാനികരമാണെന്നതിന്റെ പേര് പറഞ്ഞ് കഴിഞ്ഞ രണ്ട് വർഷക്കാലമായി തടഞ്ഞു വയ്ക്കപ്പെട്ട പദ്ധതികളായിരുന്നു ഇവ. ജയ്‌റാം രമേശിന്റെ കാലത്ത് ഒരു വർഷം കൊണ്ട് വിട്ടു കൊടുത്ത വനഭുമിയാണ് മൂന്ന് മാസം കൊണ്ട് ജാവേദ്കർ വ്യവസായ ആവശ്യത്തിനായി വിട്ടു കൊടുത്തിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ ഫോറസ്റ്റ് ലാൻഡ് ഡൈവേർഷനുമായി ബന്ധപ്പെട്ട മാസാന്ത കണക്കുകളാണ് ഇത് വെളിപ്പെടുത്തുന്നത്.

പരിസ്ഥിതിയെ സംരംക്ഷിച്ചു കൊണ്ടുള്ള സാമ്പത്തികവികസനമാണ് എൻഡിഎ ഗവൺമെന്റിന്റെ ലക്ഷ്യമെന്നാണ് ജാവേദ്കർ പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ചില പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മലിനീകരണ സാധ്യത കൂടുതലുള്ള സിമെന്റ് വ്യവസായത്തിന്റെ എമിഷൻ സ്റ്റാൻഡേർഡ് അപ്‌ഗ്രേഡ് ചെയ്യുക, ഗംഗാ നദീതീരത്ത് മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ അടച്ച് പൂട്ടുക തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP