Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202225Saturday

'ലൗ ജിഹാദ്' പ്രചാരണങ്ങൾ പോലെ റോഹിങ്ക്യൻ അഭയാർഥികൾ, മുസ്ലിം ജനസംഖ്യ, നിർബന്ധിത മതപരിവർത്തനം എന്നിവയിൽ വ്യാജ വാർത്തകൾ; യുപി പൊലീസ് മുസ്ലീങ്ങളെ ഭീകരനിയമങ്ങൾ ചുമത്തി അറസ്റ്റ് തുടരുന്നു; ചെറുക്കാൻ സംഘടിതശ്രമം വേണമെന്ന് പോപ്പുലർ ഫ്രണ്ട്

'ലൗ ജിഹാദ്' പ്രചാരണങ്ങൾ പോലെ റോഹിങ്ക്യൻ അഭയാർഥികൾ, മുസ്ലിം ജനസംഖ്യ, നിർബന്ധിത മതപരിവർത്തനം എന്നിവയിൽ വ്യാജ വാർത്തകൾ; യുപി പൊലീസ് മുസ്ലീങ്ങളെ ഭീകരനിയമങ്ങൾ ചുമത്തി അറസ്റ്റ് തുടരുന്നു; ചെറുക്കാൻ സംഘടിതശ്രമം വേണമെന്ന് പോപ്പുലർ ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുസ്ലിം സമുദായത്തിനെതിരെ വർധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങളിലും അപകീർത്തി പ്രചാരണങ്ങളിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിർവാഹക സമിതി യോഗം പാസാക്കിയ പ്രമേയം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾക്കെതിരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .പശുവിന്റെ പേരിൽ ജനങ്ങളെ നിരന്തരമായി കൊന്നുകൊണ്ടിരിക്കുന്നു. അസം, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങളുണ്ടായി. നോയ്ഡയിൽ അക്രമാസക്തമായ ജനക്കൂട്ടം പള്ളി തകർക്കുകയും ഒരാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. മഥുരയിലും ഹരിദ്വാറിലും പള്ളികൾക്കു നേരെ സമാനമായ അക്രമ സംഭവങ്ങളുണ്ടായി. ജമ്മു കശ്മീരിലെ രജൗരിയിൽ എരുമയുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന 24 വയസുള്ള ഐജാസ് ദാറിനെ മർദ്ദിച്ചു കൊലപ്പെടുത്തി.

നിരപരാധികൾ അക്രമിക്കപ്പെടാൻ അവരുടെ മുസ്ലിം സ്വത്വം മതിയായ കാരണമായിത്തീരുന്നു. ഇരകൾക്ക് നീതി ഉറപ്പുവരുത്തുന്നതിനും സുരക്ഷയൊരുക്കുന്നതിനും പകരം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെയും പൗരാവകാശ പ്രവർത്തകരെയും വേട്ടയാടുകയാണ് ഉത്തർപ്രദേശ് സർക്കാർ. ഈ അവസ്ഥയെ മറികടക്കാൻ ഇരകൾക്കും മതേതര കൂട്ടായ്മകൾക്കും ഇടയിൽ സാമൂഹികവും നിയമപരവും രാഷ്ട്രീയപരവുമായ സംഘടിത ശ്രമങ്ങൾ ഉണ്ടാകണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു.

യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണങ്ങളുടെ ഭാഗമായാണ് നിരപരാധിയായ മുസ്ലിം പ്രബോധകരെ അറസ്റ്റ് ചെയ്തതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിർവാഹക സമിതി പാസാക്കിയ മറ്റൊരു പ്രമേയത്തിൽ പറഞ്ഞു.

ഡോ. മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗീർ ഖാസ്മി എന്നിവരെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്ത നടപടിയെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അപലപിച്ചു. യോഗിയുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനുള്ള സ്വകാര്യ സായുധ സംഘമായി യുപി എ.ടി.എസ് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നിർബന്ധിത മതപരിവർത്തനം എന്ന സങ്കൽപ്പം തന്നെ അസംബന്ധമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന ഏത് മതവും തിരഞ്ഞെടുക്കാനും വിശ്വസിക്കാനുമുള്ള അവകാശത്തെ യുപി സർക്കാർ കളങ്കപ്പെടുത്തുകയും തീവ്രവാദ പ്രവർത്തനമായി കണക്കാക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന, ഏതൊരാൾക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശങ്ങൾക്ക് വിരുദ്ധമാണ് സംസ്ഥാനത്ത് നിലവിലുള്ള മതപരിവർത്തന നിരോധന നിയമം.

ദുർഭരണവും ഭരണപരാജയവും മൂലം ജനങ്ങൾ എല്ലാ മേഖലയിലും അസംതൃപ്തരാണെന്ന് യോഗി സർക്കാരിന് അറിയാം. മുസ്ലിംകൾക്കെതിരെ ഭയവും വിദ്വേഷവും സൃഷ്ടിക്കുന്നതിനും സാമുദായിക ധ്രുവീകരണം നടത്തുന്നതിനും പുതിയ വഴികൾ തേടികൊണ്ടിരിക്കുകയാണവർ. മുൻ കാലങ്ങളിൽ 'ലൗ ജിഹാദ്' പ്രചാരങ്ങൾ നടത്തിയത് പോലെ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് റോഹിംങ്ക്യൻ അഭയാർഥികൾ, മുസ്ലിം ജനസംഖ്യാ, നിർബന്ധിത മതപരിവർത്തനം എന്നിവയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. യുപി പൊലീസ് നിരപരാധികളായ മുസ്ലിംങ്ങളെ ഭീകരനിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുന്ന നടപടി തുടർന്നുകൊണ്ടിരിക്കുന്നു. ഈ നിരപരാധികളുടെ പ്രയാസങ്ങളെ കുറിച്ച് ആരും ചോദിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. മിക്ക കേസുകളിലും വർഷങ്ങളോളം തടവ് ശിക്ഷ അനുഭവിച്ച ശേഷം കോടതി ഇവരെ വെറുതെ വിടുകയാണ് ചെയ്യുന്നത്.

നിരപരാധികൾക്കെതിരായ പീഡനങ്ങളെ നിയമപരമായും ജനാധിപത്യപരമായും ചെറുക്കാൻ തയ്യാറാവണമെന്ന് രാജ്യത്തെ മുഴുവൻ ജനാധിപത്യ ശക്തികളോടും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP