Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഓസ്ട്രേലിയയിലെ പ്രതിപക്ഷ അംഗങ്ങൾ വരെ പങ്കെടുത്തു; ഇതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി; ഞാൻ സംസാരിക്കുമ്പോൾ ലോകം എന്നിൽ മാത്രമല്ല ഇന്ത്യയിലെ 140 കോടി ജനങ്ങളിലാണ് വിശ്വാസമർപ്പിച്ചത്'; ഇന്ത്യയിലെ പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

'ഓസ്ട്രേലിയയിലെ പ്രതിപക്ഷ അംഗങ്ങൾ വരെ പങ്കെടുത്തു; ഇതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി; ഞാൻ സംസാരിക്കുമ്പോൾ ലോകം എന്നിൽ മാത്രമല്ല ഇന്ത്യയിലെ 140 കോടി ജനങ്ങളിലാണ് വിശ്വാസമർപ്പിച്ചത്'; ഇന്ത്യയിലെ പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിന് ശേഷം വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. മോദി പങ്കെടുത്ത വിദേശ രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തിരികെ നാട്ടിലെത്തിയ മോദിക്ക് ഇവിടെയും വലിയ സ്വീകരണം ഒരുക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിക്കാനായി എയർപോർട്ടിലെത്തിയിരുന്നു. ജപ്പാൻ, പാപ്പുവ ന്യൂഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.

അതേസമയം തിരിച്ചെത്തിയയുടൻ തന്നെ ഇന്ത്യയിലെ പ്രതിപക്ഷത്തെ വിമർശിച്ച് അദ്ദേഹം നടത്തിയ പരാമർശവും ഇപ്പോൾ ചർച്ചയാകുകയാണ്. ഓസ്ട്രേലിയയിൽ ഇന്ത്യക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ആ രാജ്യത്തെ പ്രതിപക്ഷ എംപിമാർ വരെ പങ്കെടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. എയർപോർട്ടിലെത്തിയ അനുയായികളോട് സംസാരിക്കുകയായിരുന്നു മോദി.

''സിഡ്നിയിലെ ഇന്ത്യൻ വംശജർ നടത്തിയ പരിപാടിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാത്രമല്ല പങ്കെടുത്തത്. മുൻ പ്രധാനമന്ത്രി, പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ, ഭരണപക്ഷ അംഗങ്ങൾ എന്നിവരും പങ്കെടുത്തിരുന്നു. ഇതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി. ഇന്ത്യൻ വംശജരുടെ പരിപാടിയിൽ അവരെല്ലാവരും ഒന്നിച്ചെത്തിയിരുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.

'' എന്റെ രാജ്യത്തിന്റെ സംസ്‌കാരത്തെപ്പറ്റി പറയാൻ ആരംഭിച്ചപ്പോൾ ഞാൻ നോക്കിയത് ലോകത്തിന്റെ കണ്ണുകളിലേക്കാണ്. നിങ്ങളാണ് ഈ സർക്കാരിനെ നിയമിച്ചത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇന്ത്യയെ അത്രയധികം സ്നേഹിക്കുന്നവരാണ്. അല്ലാതെ പ്രധാനമന്ത്രിയെ സ്നേഹിക്കുന്നവരല്ല,'' പ്രധാനമന്ത്രി പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് തന്റെ രാജ്യത്തെ സവിശേഷതകളെ അവർക്ക് മുന്നിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'' എന്റെ രാജ്യത്തെപ്പറ്റി വളരെ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഞാൻ സംസാരിച്ചത്. നിങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണിത്. ഞാൻ സംസാരിക്കുമ്പോൾ ലോകം എന്നിൽ മാത്രമല്ല ഇന്ത്യയിലെ 140 കോടി ജനങ്ങളിലാണ് വിശ്വാസമർപ്പിച്ചത്. അവരെയാണ് ഞാൻ പ്രതിനിധാനം ചെയ്യുന്നത്,' മോദി പറഞ്ഞു.

അതേസമയം യുവതലമുറയുടെ കഴിവുകൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നുണ്ടെന്നും അവസരം ലഭിക്കുമ്പോൾ അവർ ആത്മവിശ്വാസത്തോടെ കഴിവ് പുറത്തെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ത്യയുടെ സംസ്‌കാരത്തെയും സവിശേഷതകളെയും പറ്റി പറയുമ്പോൾ ഒരിക്കലും ഒരു അടിമത്ത മനോഭാവത്തോടെ സംസാരിക്കരുത്. ധൈര്യത്തോടെ സംസാരിക്കണം. ലോകം നമ്മളെ കേൾക്കാൻ കാത്തിരിക്കുകയാണ്. നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. അതിനോട് യോജിക്കുന്ന നിലപാടാണ് ലോകരാജ്യങ്ങൾക്കുമുള്ളത്,'' മോദി കൂട്ടിച്ചേർത്തു.

അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആഹ്വാനം തള്ളി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി രംഗത്തുവന്നു. ഈ മഹത്തായ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ അന്തസത്തയ്ക്ക് ചേർന്നതല്ലെന്നും ജഗൻ മോഹൻ റെഡ്ഡി ഫേസ്‌ബുക്കിൽ കുറിച്ചു. പുതിയ മന്ദിരം പൂർത്തിയാക്കിയ പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തന്റെ പാർട്ടി ചടങ്ങിൽ പങ്കെടുക്കുമെന്നും ആന്ധ്രാ മുഖ്യമന്ത്രി അറിയിച്ചു.

''ഗംഭീരവും വിശാലവുമായ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചതിന് നരേന്ദ്ര മോദിജിയെ ഞാൻ അഭിനന്ദിക്കുന്നു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റ് നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു, അത് നമ്മുടെ രാജ്യത്തെ ജനങ്ങൾക്കും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവകാശപ്പെട്ടതാണ്. ഇത്തരമൊരു ശുഭകരമായ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ മനോഭാവമല്ല. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും മാറ്റിവെച്ച്, ഈ മഹത്തായ ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനാധിപത്യത്തിന്റെ യഥാർത്ഥ ആത്മാവിൽ, എന്റെ പാർട്ടി ഈ ചരിത്ര സംഭവത്തിൽ പങ്കുചേരും''- ജഗൻ മോഹൻ റെഡ്ഡി കുറിച്ചു.

ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്, ആം ആദ്മി അടക്കം 19 പാർട്ടികൾ വിട്ടുനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കിയത്. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.

പ്രതിപക്ഷ പാർട്ടികളുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെഡി വ്യക്തമാക്കിയിരുന്നു. പങ്കെടുക്കുമെന്ന് ബിജെഡി അറിയിച്ചത്. 1.4 ബില്യൺ ജനങ്ങളെ പ്രതിനിധീകരിക്കുന്ന സഭയാണ് പാർലമെന്റ് എന്നും ഭരണഘടനാ സ്ഥാപനങ്ങൾ ഏതൊരു വിഷയത്തിനും മുകളിലായിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്നും ബിജെഡിയുടെ പ്രസ്താവനയിൽ പറയുന്നു.

കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, ശിവസേന (യുബിടി), സമാജ്വാദി പാർട്ടി, സിപിഐ, സിപിഎം, ജെഎംഎം, കേരള കോൺഗ്രസ് എം, വിടുതലൈ ചിരുതേഗൽ കച്ചി, രാഷ്ട്രീയ ലോക്ദൾ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യുണൈറ്റഡ്), എൻസിപി, ആർജെഡി , മുസ്ലിം ലീഗ്, നാഷണൽ കോൺഫറൻസ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നീ പാർട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

പ്രസിഡന്റ് ദ്രൗപതി മുർമുവിനെ മാറ്റി നിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തീരുമാനം കടുത്ത അപമാനവും ജനാധിപത്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണവുമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ജനാധിപത്യത്തിന്റെ ആത്മാവ് പാർലമെന്റിൽ നിന്ന് ഊറ്റിയെടുക്കപ്പെടുമ്പോൾ, ഒരു പുതിയ കെട്ടിടത്തിന് ഒരു വിലയും ഞങ്ങൾ കാണുന്നില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള ഞങ്ങളുടെ കൂട്ടായ തീരുമാനം തങ്ങൾ പ്രഖ്യാപിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. കൂടാതെ, ഹിന്ദുത്വ പ്രചാരകൻ വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തിലാണ് ചടങ്ങെന്നതും പ്രതിപക്ഷം വിമർശനവിഷയമാക്കുന്നു.

അതേസമയം, പാർലമെന്റ് ഉദ്ഘാടനത്തിന് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോ എന്ന് അവരവർക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. 970 കോടി രൂപാ ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമ്മാണം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP