Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി.. മോദി.. ആരവത്താൽ ശബ്ദം നിലച്ച സത്യപ്രതിജ്ഞാ ചടങ്ങ്; മൂന്നാമനാക്കി രണ്ടാമനെ നിയമിക്കുമ്പോൾ എങ്ങും പ്രതീക്ഷ; ദൃഢപ്രതിജ്ഞ ചൊല്ലി മൂന്ന് മന്ത്രിമാർ; ഏറ്റവും കൂടുതൽ കയ്യടി സ്മൃതി ഇറാനിക്ക്; സുഷമ സ്വരാജിനെ കണ്ടപ്പോൾ എണീറ്റു തൊഴുതു രാഹുൽ ഗാന്ധി; നിശബ്ദനായി എല്ലാത്തിനും സാക്ഷിയായി മന്മോഹൻ സിങ്; മോദിയുടെ രണ്ടാം വരവിലെ ചില അവിസ്മരണീയ കാഴ്‌ച്ചകൾ ഇങ്ങനെ

മോദി.. മോദി.. ആരവത്താൽ ശബ്ദം നിലച്ച സത്യപ്രതിജ്ഞാ ചടങ്ങ്; മൂന്നാമനാക്കി രണ്ടാമനെ നിയമിക്കുമ്പോൾ എങ്ങും പ്രതീക്ഷ; ദൃഢപ്രതിജ്ഞ ചൊല്ലി മൂന്ന് മന്ത്രിമാർ; ഏറ്റവും കൂടുതൽ കയ്യടി സ്മൃതി ഇറാനിക്ക്; സുഷമ സ്വരാജിനെ കണ്ടപ്പോൾ എണീറ്റു തൊഴുതു രാഹുൽ ഗാന്ധി; നിശബ്ദനായി എല്ലാത്തിനും സാക്ഷിയായി മന്മോഹൻ സിങ്; മോദിയുടെ രണ്ടാം വരവിലെ ചില അവിസ്മരണീയ കാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിവിധ രാഷ്ട്രത്തലവന്മാരെയും രാഷ്ട്രീയ നേതാക്കളെയും സാക്ഷികളാക്കി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപതിജ്ഞ ചെയ്തപ്പോൾ ഡൽഹി രാഷ്ട്രപതിഭവനിൽ ഇന്നലെ നിലയ്ക്കാത്ത ആരവങ്ങളായിരുന്നു. ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലിയ മോദി ആരവങ്ങൾക്കിടയിലൂടെയാണ് സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തിയത്. മോദി.. മോദി വിളികൾ മുഴങ്ങുകയായിരുന്നു എങ്ങും. ആദ്യ മോദി മന്ത്രിസഭയിൽ ഉണ്ടായിരുന്ന സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി തുടങ്ങിയ വൻ മുഖങ്ങൾ ഇത്തവണ ഇല്ലാത്തത് മന്ത്രിസയുടെ മാറ്റുകുറയ്ക്കുന്നുണ്ട്. എന്നാൽ, പുതുമുഖങ്ങലെ അണിനിരത്തി ഭരണം സുഗമമാക്കാനുള്ള വഴിയാണ് മോദി തേടുന്നത്. ഇത്തവണ മോദിക്കൊപ്പം തന്നെ കരുത്തനായി അമിത്ഷായും മന്ത്രിസഭയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രപ്രസ്ഥത്തിലെ 'ബാഹുബലി'യായി മോദി

സൂപ്പർഹിറ്റായി ബാഹുബലിയിലെ ത്രില്ലടിപ്പിക്കുന്ന രംഗം പോലെ ആവേശഭരിതമായാണ് ഇന്നലെ നരേന്ദ്ര മോദി സത്യവാചകം ചെല്ലിയത്. വലിയ ഹർഷാരവങ്ങൾക്ക് നടുവിലേക്കായിരുന്നു അദ്ദേഹം എത്തിയത്. അപ്പോൾ ഏഴുമണിയാവാൻ രണ്ടു മിനിറ്റ് അവശേഷിക്കോ മോദി എത്തിയപ്പോൾ ആരവം മുഴങ്ങി. വിശിഷ്ടാതിഥികളടക്കം എഴുന്നേറ്റു നിന്നു. എല്ലാവരെയും വണങ്ങി മോദി നിയുക്ത മന്ത്രിമാർക്കായുള്ള സീറ്റുകളിലെ ഒന്നാമത്തെ കസേരയിലിരുന്നു. സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതിയുടെ സെക്രട്ടറി സഞ്ജയ് കോത്താരി മോദിയുടെ പേരു വിളിച്ചപ്പോഴും ആരവങ്ങൾ മുഴങ്ങി.മോദി പ്രസംഗപീഠത്തിനടുത്തെത്തിയപ്പോഴും 'മോദി, മോദി' എന്ന ആരവങ്ങൾ തീർന്നില്ല. സത്യപ്രതിജ്ഞ ചൊല്ലിത്തുടങ്ങിയപ്പോഴാണ് അവ നിലച്ചത്.

മോദിക്ക് ശേഷം രണ്ടാമനായി സത്യവാചകം ചൊല്ലിയത് മുൻ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗായിരുന്നു. മൂന്നാമനായാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ സത്യവാചകം ചൊല്ലിയത്. മന്ത്രിസഭയിലെ രണ്ടാമനാര് എന്ന ചോദ്യം ഇതോടെ ഉയർന്നിട്ടുണ്ട്. ആഭ്യന്തരം ആരു കൈവശം വെക്കുമെന്നതാണ് പ്രധാനമായും ഇനി അറിയേണ്ടത്. അമിത്ഷാ തന്നെ ആഭ്യന്തര മന്ത്രിയാകാനുള്ള സാധ്യതയുണ്ട്.

എന്നാം നിശബ്ദമായി കണ്ട് മന്മോഹൻ, സുഷമ സ്വരാജ് എത്തിയപ്പോൾ എഴുനേറ്റ് തൊഴുതു രാഹുൽ ഗാന്ധി

മുൻ പ്രധാനമന്ത്രിമാരിയിൽ ഡോ. മന്മോഹൻ സിംഗാണ് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിത്. ദേവെഗൗഡ വരുമെന്നു പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. മുൻ പ്രസിഡന്റ് പ്രതിഭാപാട്ടീൽ ചടങ്ങിനെത്തി. കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ഒരുമിച്ചാണു വന്നത്. ബിജെപി നേതാവ് ഉമാഭാരതി ഇരുവരെയും സ്വീകരിച്ചു. നിയുക്തമന്ത്രിമാരും ബിജെപി നേതാക്കളും ഇരുവരെയും വണങ്ങിയാണു കടന്നു പോയത്. മന്ത്രിസഭയിൽ ഉൾപ്പെടാത്ത സുഷമ സ്വരാജ് എത്തിയപ്പോൾ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് തൊഴുകയാണ് രാഹുൽ ഗാന്ധി ചെയ്തത്.

മോദി മന്ത്രിസഭയിൽ പ്രധാനമന്ത്രി ഉൾപ്പെടെ 58 മന്ത്രിമാർ

ഒന്നാം മോദി മന്ത്രിസഭയിലെ 36 പേർ ഇന്നലെ അധികാരമേറ്റ രണ്ടാം മോദി മന്ത്രിസഭയിലും ഇടം നേടി. പ്രധാനമന്ത്രി ഉൾപ്പെടെ 58 മന്ത്രിമാർപേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 6 കാബിനറ്റ് മന്ത്രിമാർ പുതുമുഖങ്ങളാണ്. എസ്. ജയശങ്കർ, പ്രൾഹാദ് ജോഷി, മഹേന്ദ്രനാഥ് പാണ്ഡെ, അരവിന്ദ് സാവന്ദ്, രമേഷ് പൊക്രിയാൽ നിശാന്ത്, അർജുൻ മുണ്ട എന്നിവരാണ് കാബിനറ്റിലെ പുതുമുഖങ്ങൾ.

അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, മേനക ഗാന്ധി, ഉമാ ഭാരതി എന്നിവർക്കു പുറമേ കഴിഞ്ഞതവണ കാബിനറ്റ് മന്ത്രിമാരായിരുന്ന സുരേഷ് പ്രഭു, ജെ.പി. നഡ്ഡ, ഉമാഭാരതി, മേനക ഗാന്ധി, ജൂവൽ ഓറം, രാധാമോഹൻ സിങ്, അനന്ത് ഗീഥേ, ചൗധരി ബീരേന്ദ്ര സിങ് എന്നിവർ പുതിയ മന്ത്രിസഭയിലില്ല. സഹമന്ത്രിമാരിൽ അൽഫോൻസ് കണ്ണന്താനം, ജയന്ത് സിൻഹ, എസ്.എസ്. അലുവാലിയ, രാജ്യവർധൻസിങ് റാത്തോഡ്, വിജയ് ഗോയൽ, മഹേഷ് ശർമ, അനന്ത്കുമാർ ഹെഗ്‌ഡെ തുടങ്ങിയവർ ഒഴിവാക്കപ്പെട്ടു.

കഴിഞ്ഞ തവണ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായിരുന്ന ഗിരിരാജ് സിങ്ങിനും ഗജേന്ദ്ര സിങ് ഷെഖാവത്തിനും കാബിനറ്റ് പദവിയും, സഹമന്ത്രിമാരായിരുന്ന കിരൺ റിജിജുവിനു സ്വതന്ത്ര ചുമതലയും ലഭിച്ചു. സഖ്യകക്ഷികളിൽ എൽജെപി നേതാവ് റാം വിലാസ് പാസ്വാനും ശിരോമണി അകാലി ദളിന്റെ ഹർസിമ്രത് കൗറും കാബിനറ്റ് പദവി നിലനിർത്തി. സഹമന്ത്രിയായിരുന്ന അപ്നാ ദൾ നേതാവ് അനുപ്രിയ പട്ടേൽ ഒഴിവാക്കപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ഭവൻ മുറ്റത്ത് 2 മണിക്കൂർ നീണ്ട പ്രൗഢമായ ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞയിൽ നാവുപിഴ വരുത്തി, വീണ്ടും ചൊല്ലാൻ ആവശ്യപ്പെട്ട് രാഷ്ട്രപതി

സത്യവാചകം ചൊല്ലുന്നതിനിടയിൽ പിഴവു പറ്റിയവർ ഇക്കുറിയും.'മേം (ഞാൻ)' എന്നു രാഷ്ട്രപതി നൽകിയ തുടക്കം ഏറ്റുചൊല്ലാതെ, പേരിലേക്കു കടന്ന മൻസൂഖ് ലക്ഷ്മൺ മാണ്ഡവ്യയോട് വാചകം ആവർത്തിക്കാൻ രാഷ്ട്രപതി ആവശ്യപ്പെട്ടതായിരുന്നു തുടക്കം. തൊട്ടുപിന്നാലെ വന്ന ഭഗൻ സിങ് കുലസ്‌തെയും ഇതേ പിഴവ് ആവർത്തിച്ചു. തെലങ്കാന ബിജെപി പ്രസിഡന്റായ ജി. കിഷൻ റെഡ്ഡിക്കു സത്യപ്രതിജ്ഞയ്ക്കിടെ പലതവണ വാക്കുകൾ തെറ്റിപ്പോയി. എങ്കിലും മറ്റു മന്ത്രിമാരിൽ നിന്നു വ്യത്യസ്തമായി, 'ഭാരത് മാതാ കീ ജയ്' എന്നു കൂടി പറഞ്ഞാണ് കിഷൻ റെഡ്ഡി മടങ്ങിയത്. ബിഹാറിലെ ഉജിയാർപുരിൽ നിന്നുള്ള എംപി നിത്യാനന്ദ റായ്ക്കും സത്യവാചകം ചൊല്ലുന്നതിനിടെ പിഴച്ചു.

ഭൂരിഭാഗവും ദൈവനാമത്തിൽ ആയപ്പൾ ദൃഢപ്രതിജ്ഞ ചെയ്തത് മൂന്ന് പേർ

2014 ലേതു പോലെ ഇക്കുറിയും മിക്കവരും ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ തവണ 8 പേരായിരുന്നു ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്തതെങ്കിൽ, ഇക്കുറി എണ്ണം 12 ആയി. കർണാടകയിൽ നിന്നുള്ള ഡി.വി. സദാനന്ദ ഗൗഡയും. നിർമല സീതാരാമനും വി. മുരളീധരൻ തുടങ്ങിയവർ ഇംഗ്ലിഷിലാണ് സത്യവാചകം ചൊല്ലിയത്. മിക്കവരും ദൈവനാമത്തിൽ സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റപ്പോൾ, ദൃഢപ്രതിജ്ഞയെടുത്ത ഏക ബിജെപി മന്ത്രി ഗുരുഗ്രാമിൽ നിന്നുള്ള റാവു ഇന്ദ്രജിത്ത് സിങ്ങാണ്. എൻഡിഎയിലെ ഘടകകക്ഷി മന്ത്രിമാരായ രാം വിലാസ് പസ്വാൻ, രാംദാസ് അഠാവ്ലെ എന്നിവരും ദൃഢപ്രതിജ്ഞ ചെയ്തു.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ റാംദാസ് അഠാവ്ലെ മാത്രമാണ് സ്വന്തം പേരിൽ പാർട്ടിയുള്ളയാൾ. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അഠാവ്ലെ)യാണ് പാർട്ടി. മുൻ മോദി സർക്കാരിനും അഠാവ്ലെ മന്ത്രിയായിരുന്നു. ഒഡിഷയിൽ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗിക്കൊപ്പമാണ് വി. മുരളീധരൻ ചടങ്ങിനെത്തിയത്. ബാലസോറിൽ നിന്നുള്ള പ്രതാപ്ചന്ദ്ര സാരംഗിയെ ഒഡിഷ മോദി എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ആർഎസ്എസ് പ്രചാരകനായിരുന്ന സാരംഗിക്ക് സ്വന്തമായി ഒരു കുടിലും ഒരു ബാഗിൽ കൊള്ളാവുന്ന വസ്ത്രങ്ങളും ഒരു സൈക്കിളും മാത്രമാണുള്ളത്. ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോഴും വലിയ ആരവമാണ് സദസ്സിൽ നിന്നും ഉയർന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP