Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകും; 21ാം നൂറ്റാണ്ട് ഏഷ്യയുടേതാകാൻ തടസ്സം നിൽക്കുന്നത് പാക്കിസ്ഥാൻ; ഏഷ്യയിൽ ഭീകരത കയറ്റിയയക്കുന്നതും ഇവർ; ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കാതെ എതിർത്ത് തോൽപ്പിക്കും; പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട്; 'വഞ്ചകരായ നേതൃത്വത്തിനും എതിരെ പാക് ജനത യുദ്ധം ചെയ്യുന്ന കാലം വരും'

ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകും; 21ാം നൂറ്റാണ്ട് ഏഷ്യയുടേതാകാൻ തടസ്സം നിൽക്കുന്നത് പാക്കിസ്ഥാൻ; ഏഷ്യയിൽ ഭീകരത കയറ്റിയയക്കുന്നതും ഇവർ; ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കാതെ എതിർത്ത് തോൽപ്പിക്കും; പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട്; 'വഞ്ചകരായ നേതൃത്വത്തിനും എതിരെ പാക് ജനത യുദ്ധം ചെയ്യുന്ന കാലം വരും'

കോഴിക്കോട്: ഉറിയിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾക്കും അതിന് സഹായമൊരുക്കിയ പാക്കിസ്ഥാനും ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിലാണ് പ്രധാനമന്ത്രി പാക്കിസ്ഥാന് മറുപടി നൽകിയത്. തുടക്കത്തിൽ പാക്കിസ്ഥാന്റെ പേര് പറയാതെ തുടങ്ങിയ മോദി പിന്നീട് കനത്ത ഭാഷയിൽ തീവ്രവാദികൾക്ക് താക്കീത് നൽകുകയായിരുന്നു.

21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോൾ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഏഷ്യയിൽ എവിടെയൊക്കെ ഭീകരവാദ പ്രവർത്തികൾ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയായി വരുന്നത്. അഫ്ഗാനായാലും ബംഗ്ലാദേശായാലും എവിടെ ഭീകരവാദികൾ എന്ത് ചെയ്താലും ഈ രാജ്യത്തിന്റെ പേര് പറയുന്നു. അതല്ലെങ്കിൽ ഉസാമ ബിൻ ലാദനെപ്പോലുള്ളവർക്ക് അവർ അഭയം നൽകുന്നു. ഇന്ത്യയിൽ നിന്നും പലായനം ചെയ്ത ഭീകരാവാദികൾക്കും പാക്കിസ്ഥാൻ അഭയം നൽകുന്നു. ഭീകരവാദത്തിന് മുന്നിൽ ഭാരതം മുട്ടു മടക്കില്ല. ഉറി ഭീകരാക്രമണത്തിൽ നമ്മുടെ ജവാന്മാർ കൊല്ലപ്പെട്ടു. ഇവരുടെ രക്തസാക്ഷിത്വം വെറുതേയാകില്ലെന്നും മോദി പറഞ്ഞു. ഭാരതം ഇത് ഒരിക്കലും മറക്കില്ല. ഇതിന് അതിന്റേതായ രീതിയിൽ മറുപടി പറയുമെന്നും മോദി വ്യക്തമാക്കി.

പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും നിരന്തരം ആക്രമണങ്ങൾ ഉണ്ടായെന്ന കാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി. 17 തവണകളിലായി അതിർത്തി കടക്കാൻ ഭീകരർ ശ്രമിച്ചു. നമ്മുടെ സൈന്യം അതിനെ സമർത്ഥമായി നേരിട്ട് പരാജയപ്പെടുത്തി. ഇക്കാലയളവിനിടെ 110 ഓളം ഭീകരവാദികളെ വധിക്കാൻ ഇന്ത്യക്ക് ആയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ സൈന്യം പരിശ്രമം നടത്തുകയാണ്. 125 കോടി ജനങ്ങൾ സൈന്യത്തിന്റെ പരിശ്രമത്തെ ഓർക്കുന്നു. ആയിരം വർഷം യുദ്ധം ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് ആ രാജ്യം പറയുമായിരുന്നു. അവരുടെ വീര്യം എവിടെപ്പോയി. അവിടെത്തെ നേതാവ് ഭീകരവാദികൾ എഴുതിക്കൊടുത്ത കത്ത് വായിക്കുകയാണ്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ല. പാക് ഭീകരത തുറന്നു കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി.

പാക്കിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്തു ശക്തമായ വാക്കുകൾ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി. ഞാൻ പാക്കിസ്ഥാൻ ജനതയോട് സംസാരിക്കാൻ ആഗ്രഹിക്കുകയാണ്. 1947ന് മുമ്പ് ഒരുമിച്ച് നിന്നാണ് നിങ്ങളുടെ പൂർവീകർ ഈ നാടിനോട് പെരുമാറിയിരുന്നത്. പാക് അധീന കശ്മീർ നിങ്ങളുടെ നിയന്ത്രണത്തിലല്ലേ, ബംഗ്ലാദേശ് നിങ്ങളുടെ നിയന്ത്രണത്തിലല്ലേ, സിന്ധ്, ഗിൽജിത്ത്, പക്തൂണിസ്ഥാൻ എന്നിവയും നിങ്ങളുടെ നിയന്ത്രണത്തിലല്ലേ. ഇവിടെ നേരായ രീതിയിൽ കൊണ്ട് പോകാൻ സാധിക്കാത്ത നിങ്ങൾ പിന്നെ എന്തിനാണ് കശ്മീരിന്റെ പേര് പറഞ്ഞ് ഞങ്ങളെ വിഡ്ഢികളാക്കുന്നത്.

1947ൽ നമ്മൾ ഒരേ സമയം പിറന്നവരാണ്. ഞങ്ങൾ ഇപ്പോൾ സോഫ്റ്റ് വെയർ കയറ്റുമതി നടത്തുമ്പോൾ നിങ്ങൾ ഭീകരത കയറ്റുമതി ചെയ്യുന്നു. രണ്ടു രാജ്യങ്ങളിലേയും പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാനുള്ള യുദ്ധത്തിലേക്ക് നമുക്കൊരുമിച്ച് നീങ്ങാൻ മോദി ആഹ്വാനം ചെയ്തു. പ്രസംഗത്തിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ പേര് പറയാതിരുന്ന പ്രധാനമന്ത്രി ഒടുവിൽ പാക്കിസ്ഥാൻ എന്നു എടുത്ത് പറഞ്ഞ് സംസാരിച്ചു.

നിങ്ങളുടെ കണ്ണിൽ പൊടിയിടാൻ യുദ്ധത്തെ കുറിച്ച് നിങ്ങളുടെ നേതാക്കൾ വലിയ വായിൽ സംസാരിക്കുന്നു. എന്നാൽ ഭാരതം ആ വെല്ലുവിളി ഏറ്റെടുക്കുന്നു. പാക്കിസ്ഥാനിലെ ജനങ്ങളോട് ഞാൻ പറയുന്നു നമുക്കൊരുമിച്ച് യുദ്ധത്തിലേക്ക് നീങ്ങാം. രണ്ടു രാജ്യങ്ങളിലെയും ദാരിദ്യം നീക്കം ചെയ്യാനുള്ള യുദ്ധം. പാക്കിസ്ഥാനിലെ യുവതീയിവാക്കളോട് ഞാൻ പറയുന്നു തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള യുദ്ധത്തിൽ നമുക്ക് ഏർപ്പെടാം. ഇക്കാര്യത്തിൽ പാക്കിസ്ഥാനും ഇന്ത്യക്കും യുദ്ധം ചെയ്യാം. ബാലികാ ബാലന്മാരോട് ഞാൻ പറയുന്നു, വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തിൽ നമുക്ക് യുദ്ധം ചെയ്യാം. ഒന്നാമതെത്താൻ. നവജാത ശിശുക്കളോട് ഞാൻ പറയുന്നു നമുക്ക് യുദ്ധം ചെയ്യാം ശിശുമരണ നിരക്ക് കുറക്കാനുള്ള യുദ്ധം. പാക് ജനത സ്വന്തം സർക്കാരിനെതിരെ സമരം ചെയ്യുന്ന സമയമാണിപ്പോഴെന്നും മോദി പറഞ്ഞു.

ഭാരതം മാറ്റത്തെ വരവേൽക്കുന്നു. ഭാരതം അഴിമുതിയിൽ നിന്ന് വിമുക്തമായി മാറണം. തൊഴിലില്ലായ്മയിൽ നിന്ന് മുക്തമാവണം. സ്ത്രീകളുടെ മുന്നേറ്റമാവട്ടെ ഭാരതം. മാറട്ടെ ഭാരതം. അതിനു വേണ്ടി ഒറ്റക്കെട്ടായി നമുക്ക് മുന്നേറാമെന്നും പറഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

മലയാളത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. പ്രിയ സഹോദരീ സഹോദന്മാരേ എല്ലാവർക്കും നമസ്‌ക്കാരം എന്നു മലയാളത്തിൽ പറഞ്ഞ് സാമൂതിരിയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും മണ്ണാണ് കോഴിക്കോടെന്നും മോദി പറഞ്ഞു. സാമൂതിരിയുെട മണ്ണിലെ വിശാലമായ സമ്മേളനത്തിന് എത്തിച്ചേർന്ന എല്ലാവർക്കും എന്റെ ആശംസകൾ. നിങ്ങളെ നേരിൽ കാണാനായി ഇവിടെ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നം അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബലിദാനികളുടെ ത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മാറ്റമുണ്ടാകാൻ പോകുകയാണ്. ഈ മാറ്റമുണ്ടാകുക ബിജെപിയിലൂടെ ആകുമെന്നും അദ്ദേഹം പറഞ്ഞു. കേരളമെന്നാൽ ദൈവത്തിന്റെ സ്വന്തം നാട്. കേരളമെന്ന പേര് കേൾക്കുമ്പോൾ തന്നെ ഓർമയിലേക്ക് വരുന്നത് പവിത്രമായൊരു ചിന്തയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന ചിന്ത. ഇത് ഈ മണ്ണിന്റെ മാത്രം പ്രത്യേകതയല്ല. അതിനപ്പുറത്ത്, ഈ നാട്ടിലെ ജനങ്ങളും, ഇവിടെ ജീവിച്ചുമരിച്ച ഋഷിമാരും മുനിമാരും വിശുദ്ധരുമെല്ലാം ചേർന്ന് വളർത്തിയെടുത്ത സംസ്‌കാരം നിമിത്തം ഈ നാടിനേക്കുറിച്ച് കേൾക്കുമ്പോൾ പവിത്രമായൊരു വികാരത്തോടെ മാത്രമേ ഈ നാടിനേക്കുറിച്ച് ഓർമിക്കാനാകൂ എന്നതാണ് വാസ്തവമെന്ന് മോദി പറഞ്ഞു.

ഈ അടുത്തകാലത്ത് ഞാൻ ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവിടുത്തെ ഭരണാധികാരികളുമായി സ്വാഭാവികമായും നാം കൂടിക്കാഴ്ച നടത്തും. എന്നാൽ, ഗൾഫ് രാജ്യങ്ങളിൽ ചെന്നപ്പോൾ എനിക്ക് കാണണമെന്ന് തോന്നിയത് അവിടെ വിയർത്ത് പണിയെടുക്കുന്ന നമ്മുടെ രാജ്യത്തെ ആളുകളെയാണ്. പ്രത്യേകിച്ചും ചോരവിയർപ്പാക്കി അവിടെ പണിയെടുക്കുന്ന മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യാക്കാരെ കാണണമെന്നായിരുന്നു എന്റെ ആഗ്രഹമെന്നും മോദി പറഞ്ഞു.

ഇത്തരത്തിൽ രാഷ്ട്രത്തലവന്മാരെ നേരിട്ടു കാണാൻ സാധിച്ചപ്പോഴെല്ലാം മലയാളികൾ ഉൾപ്പെടുന്ന നമ്മുടെ രാജ്യക്കാരുടെ കഠിനാധ്വാനത്തേക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അവർ പുകഴ്‌ത്തി പറയുന്നത് കേട്ട് എനിക്ക് അഭിമാനം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂമിയിൽ വീണ്ടും ഒരിക്കൽക്കൂടി വരാൻ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. ഹെലിപ്പാഡ് മുതൽ ഇവിടംവരെ എനിക്ക് കാണാൻ സാധിച്ചത് നമ്മുടെ പ്രവർത്തകർ ചേർന്നു നിർമ്മിച്ച മനുഷ്യഭിത്തിയാണ്.

വർഷങ്ങൾക്കു മുൻപ് ഇതേ ഭൂമിയിലാണ് ദീൻ ധ്യാൻ ഉപാധ്യായ ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അന്ന് നമ്മുടെ മാദ്ധ്യമങ്ങൾ എത്രത്തോളം ഈ സംഭവം റിപ്പോർട്ട് ചെയ്യാനും ജനസംഘത്തെക്കുറിച്ച് എഴുതാനും താൽപര്യമെടുത്തിരുന്നു എന്ന് അറിയില്ല. എന്നാൽ ഇന്ന്, 125 കോടിയിലധികം ജനങ്ങളും ഒട്ടേറെ ഭാഷകളും സംസ്‌കാരങ്ങളും ഭക്ഷണ രീതികളുമുള്ള നമ്മുടെ രാജ്യത്തെ ഒന്നാം നമ്പർ പാർട്ടിയായി ഭാരതീയ ജനതാ പാർട്ടി വളർന്നിരിക്കുന്നു. ഇതേ ഭാരതത്തിന്റെ അധികാരം കൈയാളാൻ അവർ ബിജെപിയെ തിരഞ്ഞെടുത്തിരിക്കുന്നു.- മോദി പറഞ്ഞു.

നമ്മുടെ രാജ്യത്തേക്കുറിച്ച് ഏറെ വീക്ഷണങ്ങൾ പുലർത്തിയിരുന്ന ഒരു വ്യക്തിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ പൂർവസായാഹ്നത്തിലാണ് നാം ഇവിടെ ഒരുമിച്ച് ചേർന്നിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ ഈ രാജ്യത്ത് ജീവിച്ച മൂന്ന് മഹാ വ്യക്തികളുടെ, അവരുടെ രാഷ്ട്രീയ ചിന്തകളുടെ അവർ വളർത്തിയെടുത്ത പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് നമ്മുടെ രാജ്യത്തിന്റെ വളർച്ച. ഒന്നാമത് മഹാത്മാ ഗാന്ധി, രണ്ടാമത് ദീൻ ദയാൽ ഉപാധ്യായ, മൂന്ന് റാം മനോഹർ ലോഹ്യ. ഇവരുടെ ആശയ സംഹിതകളിൽനിന്നും പ്രചോദനമുൾക്കൊണ്ട് സ്ഥാപിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഈ രാജ്യത്തെ കഴിഞ്ഞ ഒരു നൂറ്റാണ്ടായി മുന്നോട്ട് നയിക്കുന്നത്.

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അംഗങ്ങൾ ചേർന്ന് നേതാവായി എന്നെ തിരഞ്ഞെടുത്തപ്പോൾ, അവരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. പാവപ്പെട്ടവർക്കായുള്ള സർക്കാരായിരിക്കും ഇത്. ദീൻ ദയാൽ ഉപാധ്യായ മുന്നോട്ട് വച്ച അന്ത്യോദയ എന്ന പദ്ധതി നടപ്പാക്കുന്നതിന്, പാവപ്പെട്ടവർക്ക് പ്രാധാന്യം ലഭിക്കുന്നതിന് മുന്നിട്ടിറങ്ങിയ സർക്കാരിന്റെ കാലമായിരുന്നു കഴിഞ്ഞ രണ്ടര വർഷത്തേതെന്നു മോദി പറഞ്ഞു.

കോഴിക്കോട് കടപ്പുറത്താണ് പൊതു സമ്മേളനം നടന്നത്. ജനലക്ഷങ്ങളാണ് കോഴിക്കോട് ബിജെപിയുടെ പൊതു സമ്മേളനത്തിത്തിൽ പങ്കെടുക്കുന്നത്. അക്ഷരാർത്ഥത്തിൽ കാവിക്കൊടി പുതച്ചിരിക്കയാണ് കോഴിക്കോട് കടപ്പുറം. കേരളത്തിലെ അടുത്ത സർക്കാർ ബിജെപിയുടേതായിരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ പ്രസംഗത്തിൽ വ്യക്തമാക്കി. 15 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ കിട്ടിയത്. അതിൽ നിന്ന് വളർന്ന് വിദൂരമല്ലാത്ത ഭാവിയിൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ കൗൺസിലിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാലരയോടെയാണ് മോദി കേരളത്തിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ മോദി അവിടെ നിന്ന് ഹെലിക്കോപ് ടറിൽ വെസ്റ്റ് ഹിൽ വിക്രം മൈതാനത്തെത്തി. തുടർന്ന് റോഡ് മാർഗം സമ്മേളന സ്ഥലമായ കോഴിക്കോട് കടപ്പുറത്തെത്തുകയാിരുന്നു. 11 മുഖ്യമന്ത്രിമാർ 25 കാബിനറ്റ് മന്ത്രിമാർ 42 സഹമന്ത്രിമാർ 60 എംപി.മാരും 300 എംഎ‍ൽഎമാരുമാണ് ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയത്.

18 സൈനികർ വീരമൃത്യുവരിച്ച ഉറി ഭീകരാക്രമണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യപ്രധാന പൊതുപരിപാടിയെ രാജ്യം വീക്ഷിച്ചത് ഏറെ ആകാംക്ഷയോടെയായിരുന്നു. പൊതു സമ്മേളനത്തിൽ മോദി നടത്തുന്ന പ്രസംഗം ഉറി ഭീകരാക്രമണം സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക പ്രതികരണം കൂടിയായി. ശക്തമായ വാക്കുകളിലൂടെയാണ് മോദി പാക്കിസ്ഥാന് മറുപടി നൽകിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP