Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബീഹാറിൽ പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി; അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണമെന്ന് മുന്നറിയിപ്പ്; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സസാറാമിൽ ന​​രേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി

ബീഹാറിൽ പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി; അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണമെന്ന് മുന്നറിയിപ്പ്; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സസാറാമിൽ ന​​രേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി

മറുനാടൻ ഡെസ്‌ക്‌

പാട്‍ന: ബീഹാറിൽ എൻഡിഎ സഖ്യത്തെ വീണ്ടും അധികാരത്തിലെത്തിക്കാൻ നരേന്ദ്ര മോദിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സസാറാമിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ആദ്യതെരഞ്ഞെടുപ്പ് റാലി പറഞ്ഞത്. പുൽവാമയും ഗൽവാനും ഉയർത്തിക്കാട്ടിയ പ്രസം​ഗത്തിൽ മോദി കോവിഡിനെതിരായ സർക്കാരിന്റെ നേട്ടങ്ങളും എടുത്ത് പറഞ്ഞു. സസാറാമിലെ ബിയാഡ മൈദാനിൽ നടക്കുന്ന റാലിയിൽ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും പങ്കെടുക്കുന്നുണ്ട്.

നിരവധിപ്പേരാണ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയത്. ''രോഗം പടർന്നുപിടിക്കുന്നതിനിടയിലും ഇത്രയധികം പേർ റാലിക്ക് എത്തിയതിൽ ജനങ്ങളോട് നന്ദി. പ്രധാനമന്ത്രിക്ക് സ്വാഗതം'', നിതീഷ് കുമാർ പറഞ്ഞു.തന്റെ റാലികളിലെ ജനപങ്കാളിത്തം കുറഞ്ഞതിൽ ഖിന്നനായിരുന്ന ജെഡിയു നേതാവിന് ആശ്വാസമേകുന്നതായിരുന്നു ഇന്നത്തെ റാലി.

കേന്ദ്രത്തിൽ സഖ്യകക്ഷിയാണെങ്കിലും ബിഹാറിൽ ഉടക്കി നിൽക്കുന്ന എൽജെപിയുടെ നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ രാംവിലാസ് പസ്വാന് ആദരാഞ്ജലികൾ അർപ്പിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന, ഈയിടെ അന്തരിച്ച രഘുവംശപ്രസാദിനും മോദി ആദരാഞ്ജലികൾ നേർന്നു. കോവിഡിനെ ബിഹാറിലെ ജനങ്ങൾ നേരിട്ട മാതൃക അനുകരണീയമാണെന്നും, അഭിനന്ദനാർഹമാണെന്നും മോദി പറഞ്ഞു. നിതീഷ് കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ്, സംസ്ഥാനത്ത് കോവിഡ് പിടിച്ചുനിർത്താനായത്. അതിന് സംസ്ഥാനസർക്കാർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു - മോദി പറഞ്ഞു.

ഗൽവാൻ താഴ‍്‍വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിലും, പുൽവാമ ഭീകരാക്രമണത്തിലും വീരമൃത്യു വരിച്ച ബിഹാർ സ്വദേശികളായ സൈനികർക്കും മോദി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചവരാണവർ - മോദി പറഞ്ഞു. ആരാണ് സംസ്ഥാനത്തെ പിന്നോട്ടടിച്ചതെന്ന് തിരിച്ചറിയണം. അഴിമതിയുടെ കൂത്തരങ്ങായി ബിഹാറിനെ മാറ്റിയതാരെന്ന് മനസ്സിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില ആകെ തകർന്ന അവസ്ഥയിലായിരുന്നു. അത് മാറ്റിയത് നിതീഷാണ് - മോദി പറഞ്ഞു. അതിർത്തിയിലേക്ക് സ്വന്തം പുത്രന്മാരെയും പുത്രിമാരെയും പോരാടാൻ അയച്ചവരാണ് ബിഹാറുകാർ. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ സർക്കാരാണിത്. ഇപ്പോൾ ഞങ്ങൾക്കെതിരെ നിൽക്കുന്നവർ അധികാരത്തിൽ വന്നാൽ കശ്മീരിന് പ്രത്യേകാധികാരം തിരികെ നൽകുമെന്നാണ് പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവർ ഇവിടെ വന്ന് വീണ്ടും വോട്ട് ചോദിക്കുന്നത്? എന്ന് മോദി.

ഇടനിലക്കാരിൽ നിന്ന് കർഷകച്ചന്തകളെ രക്ഷിക്കാനാണ്, കർഷകനിയമം സർക്കാർ പാസ്സാക്കിയതെന്ന് മോദി പറയുന്നു. ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചതിനെ പല രീതിയിൽ പ്രതിപക്ഷം തടസ്സപ്പെടുത്താൻ നോക്കിയെന്ന് മോദി ആരോപിക്കുന്നു. റഫാൽ വിമാനങ്ങൾ വാങ്ങിയപ്പോൾ ഇടനിലക്കാരുടെയും അട്ടിമറിക്കാരുടെയും ഭാഷയിലാണ് പ്രതിപക്ഷം സംസാരിച്ചതെന്നും മോദി ആരോപിച്ചു.

സസാറാം, ഗയ, ഭാഗൽപുർ എന്നിവിടങ്ങളിലാണു ഇന്നു മോദിയുടെ റാലികൾ. ഇന്നത്തെ റാലികൾക്കു ശേഷം ബിഹാറിൽ ആദ്യ രണ്ടു ഘട്ട തിരഞ്ഞെടുപ്പുകൾ നടക്കുന്ന 28, നവംബർ 3 തീയതികളിലും മോദിയുടെ റാലികളുണ്ട്. ഫലത്തിൽ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലും വോട്ടർമാർ പോളിങ് ബൂത്തിലേക്കു പോകുമ്പോൾ ടിവി ചാനലുകളിൽ മോദി റാലിയുടെ തത്സമയ സംപ്രേഷണമുണ്ടാകും.

ലക്ഷ്യം മോദി തരം​ഗം

നിതീഷ് കുമാറിനോടുള്ള ബീഹാറികളുടെ മമത കുറഞ്ഞെങ്കിലും ഇന്നും ബീഹാറിൽ മോദി തന്നെയാണ് താരം. തീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സർവ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേർ പിന്തുണക്കുന്നതായും പറയുന്നു. ആ കച്ചിത്തുരുമ്പിൽ പിടിച്ച് കയറി തരം​ഗമുണ്ടാക്കി അധികാരം നിലനിർത്താനുള്ള സാധ്യതകളാണ് എൻഡിഎ തേടുന്നത്. അതുകൊണ്ട് തന്നെ മോദിയുടെ റാലികൾ ബീഹാറിലെ ഭരണകക്ഷിയെ സംബന്ധിച്ച് നിർണായകമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ബീഹാറിൽ ഭരണം എൻഡിഎ നിലനിർത്തും എന്നാണ് പുറത്ത് വരുന്ന അഭിപ്രായ സർവെ ഫലം. ലോക്‌നീതി- സിഎസ്ഡിഎസ് അഭിപ്രായ സർവെയിലാണ് ​ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിലയിരുത്തുന്നത്. ജെഡിയു- ബിജെപി സഖ്യം 133 മുതൽ 144 വരെ സീറ്റുകൾ നേടും എന്നാണ് സർവെ പറയുന്നത്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സർവെ പ്രവചിക്കുന്നു.

പ്രതിപക്ഷ മഹാസഖ്യത്തിന് 88 മുതൽ 98 വരെ സീറ്റുകൾ ലഭിക്കും. എൽജെപിക്ക് രണ്ടുമുതൽ ആറ് സീറ്റുകളും മറ്റുള്ളവർക്ക് 6 സീറ്റുകൾ വരെ ലഭിക്കാമെന്നും അഭിപ്രായ സർവെ പറയുന്നു.മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെത് സംതൃപ്തി നൽകുന്നുവെന്ന് 52 ശതമാനം പേർ പറയുന്നു. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ പിന്തുണച്ചവർ 61 ശതമാനം പേരാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അധികം പേർ പിന്തുണക്കുന്നത് നിതീഷ് കുമാറിനെ തന്നെയാണ്. 31 ശതമാനം പേർ നിതീഷ് കുമാറിനെ അനുകൂലിച്ചപ്പോൾ 27 ശതമാനം പേർ മാത്രമാണ് തേജസ്വി യാദവിനെ പിന്തുണച്ചത്. ചിരാഗ് പസ്വാന് അഞ്ച് ശതമാനം പേരുടെ പിന്തുണയും ഉണ്ട്. നിതീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സർവ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേർ പിന്തുണക്കുന്നതായും പറയുന്നു.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP