Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാരൂഖ് സ്വാതന്ത്ര്യസമരസേനാനിയുടെ മകൻ; സംഘപരിവാർ നടത്തുന്നത് ഇന്ത്യക്കാരുടെ ദേശാഭിമാനത്തിനു നേർക്കുള്ള കടന്നാക്രമണം: ബോളിവുഡ് താരത്തിനെതിരായ നീക്കത്തെ വിമർശിച്ച് പിണറായി വിജയൻ

ഷാരൂഖ് സ്വാതന്ത്ര്യസമരസേനാനിയുടെ മകൻ; സംഘപരിവാർ നടത്തുന്നത് ഇന്ത്യക്കാരുടെ ദേശാഭിമാനത്തിനു നേർക്കുള്ള കടന്നാക്രമണം: ബോളിവുഡ് താരത്തിനെതിരായ നീക്കത്തെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ലോകാരാധ്യനായ ചലച്ചിത്രതാരം ഷാരൂഖ് ഖാനോട് പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളാൻ ഉത്തരവിടുന്ന സംഘ പരിവാർ ശക്തികൾ ഓരോ ഇന്ത്യക്കാരന്റെയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നതെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഏറ്റവും പ്രശസ്തരായ ഇന്ത്യക്കാരിൽ ഒരാൾ മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മഹിതമായ പാരമ്പര്യമുള്ള കുടുംബാംഗം കൂടിയാണ് ഷാരൂഖ് ഖാനെന്നും പിണറായി ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യസമര സേനാനി മീർ താജ് മുഹമ്മദ്ഖാന്റെ മകനാണ് ഷാരൂഖ് ഖാൻ. സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഐ എൻ എ യിൽ മേജർ ജനറലായിരുന്ന ഷാനവാസ് ഖാന്റെ ദത്തു പുത്രി ലത്തീഫ് ഫാത്തിമയാണ് ഷാരൂഖിന്റെ മാതാവ്. പെഷാവറിൽനിന്ന് വിഭജനകാലത്ത് പാക്കിസ്ഥാൻ വിട്ടു ഡൽഹിയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഷാരൂഖ്. ഈ ചരിത്രമൊന്നും അറിയാതെയാണ് ആർഎസ്എസുകാർ ഷാരൂഖിനെ വിമർശിക്കുന്നതെന്നും പിണറായി പറഞ്ഞു.

ദേശീയ പ്രസ്ഥാനത്തോട് പുറം തിരിഞ്ഞു നിന്ന ആർ എസ് എസിന് ആ കുടുംബത്തിന്റെ പാരമ്പര്യം അറിയാത്തതിൽ അത്ഭുതമില്ല.
ഏതെങ്കിലും ഇന്ത്യാവിരുദ്ധ പ്രസ്താവനയോ വർഗീയ ഇടപെടലോ നടത്തിയിട്ടല്ല ഷാരൂഖ് ഖാന് നേരെ സംഘപരിവാറിന്റെ അനേകം നാവുകൾ ഒന്നിച്ച് നീണ്ടുചെല്ലുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.

'രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും മതസഹിഷ്ണുത പുലർത്താത്തതും മതേതരത്വം കാത്തുസൂക്ഷിക്കാത്തതും രാജ്യത്തോടുള്ള ദ്രോഹമാണെന്നും ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാൻ പറഞ്ഞതാണ് ആർഎസ്എസിന്റെ പ്രകോപനം. വളരുന്ന അസഹിഷ്ണുതയോടുള്ള പ്രതിഷേധസൂചകമായി കലാകാരന്മാരും സാഹിത്യനായകരും ശാസ്ത്രജ്ഞരും പുരസ്‌കാരങ്ങൾ ഉപേക്ഷിക്കുന്നതിനെ ആദരവോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതോടെയാണ് പാക്കിസ്ഥാനിലേക്ക് ആട്ടിയോടിക്കപ്പെടേണ്ടവനാണ്, ഇന്ത്യാ വിരോധിയാണ് ഷാരൂഖ് ഖാൻ എന്ന ആക്രോശവുമായി സംഘപരിവാർ നേതാക്കൾ രംഗത്തുവന്നത്.

ഷാരൂഖ് രാജ്യദ്രോഹിയെന്നും പാക്കിസ്ഥാനിൽ ആത്മാവും ഇന്ത്യയിൽ ജീവിതവുമാണെന്നും ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ കുറ്റപ്പെടുത്തി. ഷാരൂഖ്ഖാന്റെ ചലച്ചിത്രങ്ങൾ ഹിന്ദുക്കൾ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചാണ് ബിജെപി എംപി യോഗി ആദിത്യനാഥ് പറയുന്നത്. പത്മശ്രീ തിരിച്ചുകൊടുക്കണമെന്നാണ് ബാബാ രാംദേവിന്റെ ആവശ്യം. ഷാരൂഖ് പാക്കിസ്ഥാനിലേക്ക് പോകട്ടെയെന്ന് സ്വാധി പ്രാച്ചി ആവർത്തിച്ചുപറയുന്നു.

ഇവരെല്ലാം ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. നരേന്ദ്ര മോദിയുടെ പരിവാരത്തിൽപ്പെട്ടവരാണ്. ഇത്തരം വർഗീയനാവുകളെ അടക്കിനിർത്താൻ ആർഎസ്എസിന് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം പ്രസക്തമല്ല. കാരണം ഇവരുടെ രക്ഷാകർതൃത്വം തന്നെ ആർ എസ് എസിനാണ്.

രാഷ്ട്രപതി നാലുവട്ടം ആശങ്കയോടെ ചൂണ്ടിക്കാട്ടിയ അസഹിഷ്ണുത എല്ലാ അതിരുകളും ഭേദിച്ച് മുന്നേറുകയാണ് എന്നതിന്റെ തെളിവാണിത്. രാഷ്ട്രപതിയുടെ വാക്കുകൾ ആവർത്തിച്ച ഷാരൂഖ് ഖാന് രാജ്യ ദ്രോഹിപ്പട്ടം ചാർത്തിക്കൊടുക്കുന്നവർ നാളെ രാഷ്ട്രപതിയോട് തന്നെ ഇതേ സമീപനം സ്വീകരിക്കും. രാഷ്ട്ര പിതാവിന്റെ ഘാതകന് ക്ഷേത്രം പണിയുന്ന സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഈ തിളച്ചുമറിയൽ വലിയ വിപത്തിന്റെ സൂചനയാണെന്ന് തിരിച്ചറിഞ്ഞു പ്രതികരണങ്ങൾ ഉയരണം.'- പിണറായി പറഞ്ഞു.

ലോകാരാധ്യനായ ചലച്ചിത്രതാരം ഷാരൂഖ് ഖാനോട് പാക്കിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാൻ ഉത്തരവിടുന്ന സംഘ പരിവാർ ശക്തികൾ ഓരോ ഇന്ത്യക്കാ...

Posted by Pinarayi Vijayan on Thursday, 5 November 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP