Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

അഭയകേസ് അന്വേഷിച്ച അതേ സിബിഐ എസ്‌പി ത്യാഗരാജൻ തന്നെയാണ് എന്റെ കേസും അന്വേഷിച്ചത്; കേസ് ആദ്യം അന്വേഷിച്ച തോമസ് വർഗീസ് പറഞ്ഞത് അഭയയുടേത് ആത്മഹത്യയാക്കി അവസാനിപ്പിക്കാൻ ത്യാഗരാജൻ സമ്മർദം ചെലുത്തിയെന്നാണ്; പിന്നീട് അഭയയുടെ കൊലപാതികളെ പൊലീസ് അറസ്റ്റു ചെയ്തു; അതുപോലെയല്ല രാജീവ്ഗാന്ധി വധക്കേസെന്ന് ആർക്കും പറയാനാവും? മുമ്പ് പരോൾ കിട്ടിയപ്പോൾ പേരറിവാളൻ മാധ്യമങ്ങളോട് പറഞ്ഞത്

അഭയകേസ് അന്വേഷിച്ച അതേ സിബിഐ എസ്‌പി ത്യാഗരാജൻ തന്നെയാണ് എന്റെ കേസും അന്വേഷിച്ചത്; കേസ് ആദ്യം അന്വേഷിച്ച തോമസ് വർഗീസ് പറഞ്ഞത് അഭയയുടേത് ആത്മഹത്യയാക്കി അവസാനിപ്പിക്കാൻ ത്യാഗരാജൻ സമ്മർദം ചെലുത്തിയെന്നാണ്; പിന്നീട് അഭയയുടെ കൊലപാതികളെ പൊലീസ് അറസ്റ്റു ചെയ്തു; അതുപോലെയല്ല രാജീവ്ഗാന്ധി വധക്കേസെന്ന് ആർക്കും പറയാനാവും? മുമ്പ് പരോൾ കിട്ടിയപ്പോൾ പേരറിവാളൻ മാധ്യമങ്ങളോട് പറഞ്ഞത്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട 27 വർഷം ജയിലിൽ കിടക്കുകയും ഇപ്പോൾ സുപ്രീംകോടതി ഉത്തരവിലൂടെ പുറത്തിറങ്ങാൻ ഒരുങ്ങുകയും ചെയ്യുന്ന പേരറിവാളൻ അഭയക്കേസുമായി ബന്ധപ്പെടുത്തിയാണ് തന്റെ അനുഭവം വിവരിച്ചത്. മുമ്പ് പരോളിൽ ഇറങ്ങിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ഈ വിവരം വെളിപ്പെടുത്തിയത്. പിന്നീട് പേരറിവാളൻ നിരപരാധിയാണെന്ന് ത്യാഗരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്.

'കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ സിബിഐ എസ്‌പി ത്യാഗരാജനെപ്പറ്റി പറയേണ്ടതുണ്ട്. അദ്ദേഹം ഒരു ക്രഡിബിലിറ്റിയും ഇല്ലാത്ത ഓഫീസറാണ്. കേസിൽ അറസ്റ്റിലായ 26 വ്യക്തികളിൽ 17 പേരുടെ കുറ്റസമ്മതമൊഴികൾ രേഖപ്പെടുത്തിയത് അദ്ദേഹമാണ്. രാജീവ് ഗാന്ധി വധക്കേസിൽ ചില കുറ്റാരോപിതരെ രക്ഷിക്കാനായി അദ്ദേഹം വ്യാജരേഖകൾ സമർപ്പിക്കാൻ ശ്രമിച്ചിരുന്നു. എങ്ങനെയാണ് രാജീവ് ഗാന്ധി കേസിൽ കുറ്റസമ്മതമൊഴികൾ ലഭിച്ചതെന്ന് പറയേണ്ട കാര്യമുണ്ടോ?-പേരറിവാളൻ ചോദിക്കുന്നു.

Stories you may Like

1993 ൽ കേരളത്തിലെ കോട്ടയം എന്ന സ്ഥലത്ത് അഭയ എന്ന കന്യാസ്ത്രീ ബലാത്സംഗത്തിന് വിധേയമാകുകയും കൊല്ലപ്പെടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ തോമസ് വർഗീസായിരുന്നു. തോമസ് വർഗീസ് വലിയ രീതിയിലുള്ള കുഴപ്പങ്ങൾക്ക് വിധേയനായി.
ഒടുവിൽ, മാധ്യമങ്ങൾക്ക് മുന്നിൽ വന്ന്, താൻ ജോലി രാജിവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു പറഞ്ഞ കാരണം ത്യാഗരാജൻ കേസ് ആത്മഹത്യയാക്കി അവസാനിപ്പിക്കാൻ തന്റെ മേൽ വലിയതോതിൽ സമ്മർദം ചെലുത്തുന്നൂവെന്നാണ്. ത്യാഗരാജന്റെ വിശ്വാസ്യത കോടതി ചോദ്യം ചെയ്യുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറ് വർഷത്തിനുശേഷം, 2009ൽ സിസ്റ്റർ അഭയക്കേസ് വീണ്ടും അന്വേഷിക്കുകയും അവരുടെ കൊലപാതകികളെ അറസ്റ്റ്ചെയ്യുകയും ചെയ്തു. അതേ ത്യാഗരാജൻ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി എന്റെ കാര്യത്തിൽ എങ്ങനെ സത്യമാവും?.

ഇതേ ത്യാഗരാജന്റെ നേതൃത്വത്തിൽ അതിഭീകരമായാണ് പേരറിവാളനെയും കൂട്ടരെയും മർദിച്ചത്. വെറും 19 വയസ്സുള്ള വിദ്യാർത്ഥിയായ താൻ പെരിയാറിന്റെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്നു. അകാരണമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച് തന്നെ കൊണ്ട് കുറ്റ സമ്മതം എഴുതിവാങ്ങിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.

അവർ അങ്ങനെ എന്നെ തീവ്രവാദിയാക്കി

പേരറിവാളന്റെ വാക്കുകൾ ഇങ്ങനെയാണ്:

'രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെതുടർന്ന് 1991 ജൂൺ പത്തിന്, എന്റെ നാടായ വെല്ലൂർ ജില്ലയിലെ ജൊലാർപേട്ടിൽ പൊലീസ് അന്വേഷണം നടന്നിരുന്നു. തമിഴ്-ഈഴം വിമോചനക്കാരുടെയും ദ്രാവിഡാർ കഴകം അനുഭാവികളുടെയും വീടുകളിലായിരുന്നു അന്വേഷണം. ആ സമയത്ത് പൊലീസ് വീട്ടിൽ വന്ന് മാതാപിതാക്കളോട് എന്നെപ്പറ്റി ചോദിച്ചിരുന്നു. ചെന്നൈ പെരിയാർ തിഡലിലെ 'വിടുതൈ'ഓഫിസിൽ കമ്പ്യൂട്ടർ സെക്ഷൻ ഓഫിസിലാണ് ഞാൻ പ്രവർത്തിച്ചിരുന്നത്. അവിടെയായിരുന്നു താമസം. പെരിയാർ തിഡൽ അധികാരികളെ മാതാപിതാക്കൾ അന്വേഷണത്തെ സഹായിക്കാനായി പൊലീസിന് മുന്നിൽ കൊണ്ടുവരുകയും ചെയ്തു.

ജൂൺ 11ന് രാത്രി 10.30ന് അച്ഛനുമമ്മയും എന്നെ സിബിഐ ഇൻസ്പെക്ടർമാരായ ഗംഗാധരൻ, രാമസ്വാമി, പേരറിയാത്ത മറ്റൊരാൾ എന്നിവർക്ക് കൈമാറി. ചെന്നൈ എഗ്മോറിലെ പെരിയാർ തിഡൽ ഓഫിസിൽവച്ചായിരുന്നു അത്. പെരിയാർ തിഡലിലെ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറൽ.

എന്നെ സിബിഐ മല്ലിഗൈ ഓഫിസിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം, അതായത് 1991 ജൂൺ 12 ന്, തിരിച്ചുവിടാമെന്ന് പറഞ്ഞിരുന്നു. എന്നെ നേരെ മുകളിലെ നിലയിലേക്കാണ് കൊണ്ടുപോയത്. അവിടെ ഡി.ഐ.ജി രാജു, എസ്. പി ത്യാഗരാജൻ, എസ്‌പി സലീം അലി തുടങ്ങിയവരുണ്ടായിരുന്നു. അവരെന്റെ വിദ്യാഭ്യാസത്തെപറ്റിയും കുടുംബ പശ്ചാത്തലത്തെപറ്റിയും ചോദിച്ചു.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിലെ ഡിപ്ളോമ പഠിച്ചത് വിദ്യാഭ്യാസയോഗ്യതയെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരമായി പറഞ്ഞപ്പോൾ ഡി.ഐ.ജി രാജു ചോദിച്ചു: 'നീയല്ലേ ബോംബുണ്ടാക്കിയയാൾ?'' ഞാൻ ഞെട്ടി. ബോംബുണ്ടാക്കൽ എങ്ങനെ പഠിച്ച കോഴ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടി. ആ സമയത്ത് ഷർട്ടിന്റെ അടിഭാഗത്തായി ചെറിയ ദ്വാരമുണ്ടായിരുന്നു. അതിൽ നോക്കി അദ്ദേഹം പറഞ്ഞു: ''ശ്രീപെരുംപത്തൂരിലെ ബോംബ്സ്ഫോടനത്തിൽ സംഭവിച്ചതല്ലെടാ ഈ ദ്വാരം?'' ഞാൻ നിഷേധിച്ചു. 'ശരിയായ പരിചരണം'' ലഭിച്ചാലേ ഇവൻ കാര്യങ്ങൾ സമ്മതിക്കൂ എന്നുപറഞ്ഞ് എന്നെ രണ്ട് ഇൻസ്പെക്ടർമാർക്ക് കൈമാറി.താഴത്തെ നിലയിലേക്ക്കൊണ്ടുവന്നു. പാന്റും ഷർട്ടും മാറ്റി 'ജട്ടി'മാത്രം ധരിച്ചുനിൽക്കാൻ നിർബന്ധിക്കപ്പെട്ടു. ഇൻസ്പെക്ടർ സുന്ദരരാജനും പേര് ഓർമയില്ലാത്ത രണ്ടുപരും നഗ്നശരീരത്തിൽ കൈകൊണ്ട് ആഞ്ഞടിച്ചു. ഒരാൾ കാൽ ഷൂസുവെച്ച് ഞെരിച്ചു. പെട്ടെന്ന് ഇൻസ്പെക്ടർ സുന്ദർരാജ് മുട്ടുവെച്ച് എന്റെ വൃഷണങ്ങളിൽ ഇടിച്ചു. വലിയ വേദനയിൽ ഞാൻ നിലത്തുവീണു. എനിക്ക് ബന്ധമില്ലാത്ത സംഭവവുമായി ബന്ധപ്പെട്ട, അറിയാത്ത കാര്യങ്ങൾ പറയാനായി പീഡനം തുടങ്ങി.

അടുത്ത ദിവസം മല്ലിഗൈ ഓഫിസിന്റെ മുകളിലത്തെ നിലയിൽ 'പീഡന അറ' എന്നുവിളിക്കുന്നിടത്തേക്ക് കൊണ്ടുപോയി. ഇൻസ്പെക്ടർമാരായ രമേഷ്, മാധവൻ, ചെല്ലദുരൈ, ഡി.എസ്‌പി ശിവാജി എന്നിവർക്ക് എന്നെ കൈമാറി. മല്ലിഗൈയിൽ പീഡനങ്ങൾക്ക് കുപ്രസിദ്ധരാണ് അവർ. ഭക്ഷണവും വെള്ളവും നിഷേധിച്ചു. മൂത്രമൊഴിക്കാൻപോലും സമ്മതിച്ചില്ല.ഇൻസ്പെക്ടർ മാധവനും രമേഷും കൈവിടർത്തി, മുട്ട് മടക്കി ഇല്ലാത്ത കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഈ നിലയിൽ ദീർഘനേരം നിർത്തി. കാലിന്റെ പിൻഭാഗത്തെ പേശികളിൽ സിമന്റ് നിറച്ച പി.വി സി പൈപ്പുകൊണ്ട് ആഞ്ഞടിച്ചു. ഇൻസ്പെക്ടർ ചെല്ലദൂരൈ കൈമുട്ട് ഊക്കോടെ അടിക്കാനായി വലിച്ചുപിടിച്ചു.

മാധവനും ചെല്ലദുരൈയും അസഭ്യങ്ങളും മോശമായ വാക്കുകളും ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധരാണ്. അവിടെ ഡി.എസ്‌പി കൃഷ്ണമൂർത്തിയെന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പീഡനം തുടർന്നു. അദ്ദേഹം പീഡനത്തിന് മറ്റൊരു രീതിയാണ് സ്വീകരിച്ചത്. ഭിത്തിക്ക് പുറംതിരിഞ്ഞ്് നിലത്ത് ഇരിക്കാൻ പറഞ്ഞു. ഒരു പൊലീസുകാരനോട് ഒരു കാൽ ഭിത്തിയോടു ചേർത്ത് പിടിക്കാൻ പറഞ്ഞു. മറ്റേ കാൽ അദ്ദേഹം മുകളിലേക്ക് പിടിച്ച് 180 ഡിഗ്രിയിൽ അകറ്റി. ആ സമയത്ത് അനുഭവിച്ച വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ പറ്റില്ല.ഇൻസ്പെക്ടർ ടി.എൻ. വെങ്കിടേശ്വരനും പീഡിപ്പിച്ചു. അദ്ദേഹം വിരലുകൾക്കിടയിൽ പെൻസിലുകളും ചെറിയ കോലുകളും വെച്ചശേഷം വിരലുകൾകൊണ്ട് തിരിച്ചു. നഖങ്ങൾക്കിടയിൽ പിന്നുകൾ കുത്തിക്കേറ്റി. കാലിലെ ചെറുവിരലുകൾ ഷൂസുകൊണ്ട് ഞെരിച്ചുടച്ചു.
സിബിഐ ഓഫിസർമാർ സാഡിസ്റ്റ് ആഹ്ളാദം അനുഭവിക്കുകയായിരുന്നു. ഒരു ദിവസം മുറിയിൽനിന്ന് മറ്റൊരു ഇൻസ്പെക്ടർ കാണണമെന്ന് പറഞ്ഞതിനാൽ 'പീഡന അറ'യിലേക്ക് എന്നെ കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ നിലത്തിരിക്കാൻ പറഞ്ഞു. ഉടനെ ഷൂസ്‌കൊണ്ട്് മുഖത്തിന്റെ ഇടതുവശത്ത് ആഞ്ഞ്ചവിട്ടാൻ തുടങ്ങി. ഇൻസ്പെക്ടർ പറഞ്ഞു, 'യെൻഡ' (ചീത്തവാക്ക്) നീ നിന്റെ രാജ്യത്തുനിന്ന് ഇവിടെ വന്ന് ഞങ്ങളുടെ നേതാവിനെ കൊന്നല്ലേ.'' വശത്തിരുന്ന ഇൻസ്പെക്ടർ മാധവൻ പുഞ്ചിരിച്ച്, 'ഇയാൾ സിലോണിൽനിന്നല്ല, തമിഴ്‌നാട്ടിൽനിന്നാണ്'' എന്നു പറഞ്ഞതിനെ തുടർന്ന് തിരിച്ചയച്ചു. ഞാനിത് പറയാൻ കാരണം, സിബിഐ ഓഫിസർമാർ പിടിച്ചുകൊണ്ടുവന്നിരിക്കുന്നവർ ആരെന്നുപോലും അറിയാതെയാണ് പീഡനവും മർദനവും അഴിച്ചുവിട്ടത് എന്ന് സൂചിപ്പിക്കാനാണ്. ഇത്തരത്തിലായിരുന്നു ഞാനുൾപ്പെടെയുള്ള നിരപരാധികൾ മർദിക്കപ്പെട്ടത്.

എസ്‌പി ത്യാഗരാജന്റെ ഓഫിസ് മല്ലിഗൈയിൽ താഴത്തെ നിലയിലായിരുന്നു. അദ്ദേഹം പുലർച്ച മൂന്നിനും നാലിനും വിളിപ്പിക്കും. തുടർന്ന്, അദ്ദേഹം എന്തുംചോദിക്കും. ഞാൻ നിർത്താതെ മറുപടി പറയണം. രാത്രി വൈകി അറിയാതെ ഉറങ്ങിപ്പോയാൽ അയാൾ മർദിക്കും. വ്യാജ ആരോപണങ്ങൾ സമ്മതിക്കുന്നതുവരെ വെള്ളം തരേണ്ടെന്നായിരുന്നു തീരുമാനം. മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വായിൽ ഒന്നോ രണ്ടോ തുള്ളി ഉറ്റിക്കും. രാത്രി ഉറങ്ങാൻ അനുവദിക്കില്ല. ഉറക്കാതിരിക്കാൻ പ്രത്യേക ഗാർഡുകളെ നിയമിച്ചിരുന്നു. ഉറങ്ങാൻ തുടങ്ങിയാൽ മുഖത്ത് വെള്ളമൊഴിക്കും. ഭക്ഷണംപോലും അവരുടെ പീഡനായുധമായിരുന്നു.

ഒപ്പം പലതരത്തിലുള്ള മർദനവും. ഇത്തരത്തിലുള്ള ശാരീരികവും മാനസികവുമായ പീഡനത്തിനാണ് ഞാൻ വിധേയമായത്.
19ാം തീയതിവരെ അവരെന്നെ കോടതിയിൽ ഹാജരാക്കിയില്ല. നിയമവിരുദ്ധ കസ്റ്റഡിയിൽ, കുളിക്കാനോ പല്ല് തേക്കാനോ അനുവദിക്കാതെ പീഡിപ്പിക്കുകയായിരുന്നു അവർ. ഒടുവിൽ, ശരീരത്തിലെ ദുർഗന്ധം സഹിക്കാനാവാതെവന്നപ്പോൾ 19ാം തീയതി ഇൻസ്പെക്ടർ രമേഷ് കുളിക്കാൻ അനുവദിച്ചു. ഈ അനുവാദത്തിനുള്ള മറ്റൊരു കാരണം അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്നതാണ്.

ഒരു ദിവസം ഡി.ഐ.ജി ശ്രീകുമാർ വന്നു പറഞ്ഞു:

'ഡാ, എന്റെ നാട്ടുകാരനായ കെ.ജി.എഫ് നിന്റെ നാട്ടിലുണ്ട്. ഞാൻ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലുമൊരു സ്ഥലം കാണിച്ചാൽ ഞാൻ നിന്നെ മോചിപ്പിക്കും.''

ഞാൻ ചോദിച്ചു: ''സാർ, എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?''

'എ.കെ 47 റൈഫ്ൾ, വയർലെസ് സെറ്റ്, സ്വർണക്കട്ടികൾ എന്നിവ മണ്ണിനടിയിൽ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്?''

ഞാൻ പറഞ്ഞു: ''അറിയാമെങ്കിൽ മാത്രമേ എനിക്ക് പറയാനാവൂ. അത് എന്റെ കൈയിൽ ഇല്ല. ഞാനെങ്ങനെ അത് നൽകും?''

''ഇങ്ങനെയാണെങ്കിൽ നിന്നെയാർക്കും രക്ഷിക്കാനാവില്ല''എന്നു പറഞ്ഞ് അദ്ദേഹം അവിടംവിട്ടു.

ഈ ഡി.ഐ.ജി ശ്രീകുമാർ കൊഡൈക്കരെ ഷൺമുഖം കൊലചെയ്യപ്പെട്ട സംഭവത്തിൽ പിന്നീട് പങ്കാളിയായ ആളാണ്. 24 മണിക്കൂറും കൈകൾ വിലങ്ങണിയിച്ചിരുന്നു. പ്രാഥമിക കൃത്യങ്ങൾചെയ്യുമ്പോൾ പോലും. ഭക്ഷണം നൽകുമ്പോൾ മാത്രം ഒരുകൈയിലെ വിലങ്ങുമാറ്റും. ഉറങ്ങുമ്പോഴും വിലങ്ങുണ്ടാവും. പിന്നീട് മർദനത്തിനായി വിവിധ മാർഗങ്ങളും രീതികളും ഉപയോഗിച്ചു. അതെല്ലാം വളരെ ഭീകരവും പ്രാണനെടുക്കുന്നതും തീർത്തും മനുഷ്യത്വരഹിതവുമായിരുന്നു.

ജൂൺ 19നാണ് ചെങ്കൽപേട്ടിലെ കോടതിയിൽ, ഇപ്പോൾ കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന റോബർട്ട് പയസിനൊപ്പം എന്നെ കൊണ്ടുപോകുന്നത്. കോടതിയിൽ വാ തുറക്കരുതെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. മിണ്ടാതിരുന്നാൽ മോചിപ്പിക്കുമെന്നും പറഞ്ഞു. അല്ലെങ്കിൽ, മല്ലിഗൈയിൽ കൊണ്ടുപോയി പീഡനം തുടരുമെന്നും. പേടിപ്പിക്കുന്നതായിരുന്നു അവിടത്തെ അവസ്ഥ. അങ്ങോട്ടേക്ക് തിരിച്ചുപോകാൻ ഞാൻ ഭയപ്പെട്ടു. കോടതി ഞങ്ങളുടെ പേരുവിളിക്കുകയും മുന്നോട്ട് നിൽക്കാനും പറഞ്ഞു. പിന്നീട് ഡി.എസ്‌പി രഹോത്തമിനോട് എന്തോ പറഞ്ഞു. അദ്ദേഹം സാക്ഷിക്കൂട്ടിൽനിന്ന് എന്തൊക്കെയോ വാദങ്ങൾ നിരത്തി. പിന്നെയാണ് ജഡ്ജിക്കു മുന്നിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. കോടതി ഞങ്ങളെ 1991 ജൂലൈ 19വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. അങ്ങനെ പിന്നെയും മല്ലിഗൈയിലെ 'പീഡന അറ'യിലേക്ക് തിരിച്ചെത്തി.

ബന്ധുക്കൾ കോടതിയിൽ വന്നതിനും മർദനം!

ആ ഒരു മാസം പീഡനങ്ങളുടെ തുടർച്ചയായിരുന്നു. നിശ്ചിത ഇടവേളകളിൽ ഞങ്ങൾ പീഡനങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്നു. പുറത്ത് പരിക്കുകൾ കാണാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടുള്ള മർദനമായിരുന്നു നേരിട്ടത്. ശക്തമായി കാൽവണ്ണയിൽ വടികൊണ്ട് അടിക്കും. പിന്നെ ചാടാനായി ആവശ്യപ്പെടും. ഇത്തരത്തിലുള്ളതായിരുന്നു ഒരു പീഡനം.
രണ്ടാമത്തെ തവണ ഹാജരാക്കിയത് ചെന്നൈ ഹൈക്കോടതി വളപ്പിലുള്ള ടാഡ കോടതിയിലാണ്. ജസ്റ്റിസ് സിദ്ദിഖിന് മുന്നിലാണ് ഹാജരാക്കിയത്. അതിന് മുമ്പേ, കോടതിയിൽ ഒരക്ഷരം മിണ്ടാതെ നിശ്ശബ്ദമായി നിൽക്കണമെന്ന് ഡി.എസ്‌പിമാർ ആജ്ഞാപിച്ചിരുന്നു. മിണ്ടിയാൽ തിരിച്ചെത്തുമ്പോൾ പീഡനം ഉണ്ടാവുമെന്നും പറഞ്ഞു. ഓഗസ്റ്റ് 16വരെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിക്ക് പുറത്ത് അച്ഛനുമമ്മയും ബന്ധുക്കളുമൊക്കെ വന്നിട്ടുണ്ടായിരുന്നു. പക്ഷേ, അവിടെയുണ്ടായിരുന്ന എല്ലാവരെയും നോക്കാൻപോലും അവസരം കിട്ടിയില്ല.

മല്ലിഗൈ ഓഫിസിൽ എത്തിയപ്പോൾ ഡി.എസ്‌പി രഹോത്തമൻ എന്നേട് ചോദിച്ചു:

''ആരൊക്കെയായിരുന്നു കോടതിവളപ്പിലുണ്ടായിരുന്നത്?

''അച്ഛനുമമ്മയും വന്നിരുന്നു'', ഞാൻ പറഞ്ഞു.

''അതേപ്പറ്റിയല്ല ചോദിച്ചത്. അവിടെ 200 -300 പേരുണ്ടായിരുന്നു. അവരാരാണ്? നീ പറഞ്ഞിട്ടാണോ അവർ വന്നത്?''

ഞാൻ പറഞ്ഞു: ''അവരാരൊക്കെയാണെന്ന് അറിയില്ല. അവരെ ശ്രദ്ധിക്കാൻ പറ്റിയില്ല. ചിലപ്പോൾ ബന്ധുക്കളായിരുന്നിരിക്കണം.''

ഞാനദ്ദേഹത്തോട്, ഒരു മാസമായി പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോൾ എങ്ങനെ അവരോട് വരാൻ പറയാൻ പറ്റുമായിരുന്നു എന്ന് ചോദിച്ചു. ഡി.എസ്‌പിക്ക് ദേഷ്യംവന്ന് മുഖത്ത് ആഞ്ഞടിച്ചു. അവിടെയുണ്ടായിരുന്ന പൊലീസുകാരോടും അടിക്കാൻ പറഞ്ഞു. ബന്ധുക്കൾ കോടതിയിൽ വന്നത് ഇഷ്ടപ്പെടാത്തതിനുപോലും മർദനം! മൂന്നാം തവണ കോടതിയിൽ ഹാജരാക്കിയത് ഞങ്ങളെ പാർപ്പിച്ചിരുന്ന പൂനമല്ലി പ്രത്യേക ജയിലിൽതന്നെയായിരുന്നു. ആ ജയിൽസമുച്ചയം സിബിഐ ആളുകളെ തടവിലാക്കാനും പീഡിപ്പിക്കാനുമായി ഏറ്റെടുത്തതാണ്. മല്ലിഗൈയിൽനിന്ന് എന്നെ ഓഗസ്റ്റ്് മൂന്നിന് പുനമലൈ സബ്ജയിലിലേക്ക് കൊണ്ടുപോയി. അപ്പോൾ ഡി.എസ്‌പി രാമകൃഷ്ണനായിരുന്നു ചുമതല. ദിവസവും ഉദ്യോഗസ്ഥർ പീഡനം അഴിച്ചുവിട്ടു..

സബ്ജയിലിലെ ഓഫിസ് ശരിക്കും പീഡന അറയായിരുന്നു. അവിടെവെച്ചും പീഡിപ്പിക്കപ്പെട്ടു. വിവിധ ദിവസങ്ങൾ അടയാളപ്പെടുത്തിയ, കൈകൊണ്ടെഴുതിയ കടലാസുകളിൽ ഒപ്പിടാൻ എസ്‌പി ത്യാഗരാജൻ ആവശ്യപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥർ പീഡനം ഒഴിവാക്കി. കടലാസുകളിൽ എഴുതിയതെന്തെന്ന് വായിക്കാൻ അനുവദിച്ചില്ല. ഇതിൽ ഒപ്പിട്ടാൽ മോചിപ്പിക്കപ്പെടും എന്നാണ് പറഞ്ഞത്. ആ സമയത്ത് ടാഡനിയമം എന്താണെന്ന് അറിയുമായിരുന്നില്ല. എനിക്ക് മാത്രമല്ല, തമിഴ്‌നാട്ടിലെ എല്ലാവർക്കും ടാഡ പുതിയ കാര്യമായിരുന്നു. ഈ സാഹചര്യത്തിൽ മർദനം താങ്ങാനാവാതെ ഞാൻ രേഖകളിൽ അവരുടെ നിർദ്ദേശപ്രകാരം ഒപ്പിട്ടു, ജീവൻ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ. പക്ഷേ, അന്ന് ജീവൻ രക്ഷിക്കാൻ ഇട്ട ഒപ്പുകൾ ഇന്നെന്റെ ജീവൻ ആവശ്യപ്പെടുന്നു. രേഖകൾ ഒപ്പിട്ടശേഷം അവരെന്നെ തടവ്മുറിയിൽ വീണ്ടും അടച്ചു. ഞാൻ കരയാൻ തുടങ്ങി.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ എന്നോട്, ''എന്തിനാണ് നീ കരയുന്നത്'' എന്ന് ചോദിച്ചു. ഞാനെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ആശ്വസിപ്പിച്ചു: ''പൊലീസ് കസ്റ്റഡിയിലുള്ളപ്പോൾ ഇടുന്ന ഒപ്പിന് കോടതിയിൽ വിലയില്ല. അതിനാൽ രേഖയിൽ എന്തെഴുതിയാലും അത് നിന്നെ ബാധിക്കില്ല.'' ഞാൻ അത് വിശ്വസിച്ചു. മനുഷ്യസ്നേഹം ആ വാക്കുകളിൽ നിഴലിച്ചിരുന്നു. ആ പൊലീസുകാരന്റെ പ്രസ്താവനയിൽ സത്യമുണ്ടായിരുന്നു. സാധാരണ നിയമപ്രക്രിയയിലെ പരിചയംവച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ടാഡയെപ്പറ്റി ഒന്നുമറിയില്ല എന്നതായിരുന്നു ദുരന്തം.'-പേരറിവാളൻ വ്യക്തമാക്കി.പിന്നീട് അതേ ത്യാഗരാജൻ തന്നെ പേരറിവളാൻ കുറ്റക്കാരനല്ലെന്ന് പറഞ്ഞിട്ടും  അംഗീകരിച്ചതുമില്ല.

അയാൾക്ക് ഒന്നുമറിയുമായിരുന്നില്ല- ത്യാഗരാജൻ

പേരറിവാളനെ ക്രൂരമായി പീഡിപ്പിച്ച എസ്‌പി ത്യാഗരാജൻ തന്നെ പിന്നീട് നിലപാട് തിരുത്തി കോടതയിൽ സത്യവാങ്മൂലം നൽകിയിരുന്നു. രാജിവ് ഗാന്ധിയെ വധിച്ച ബോംബ് നിർമ്മിക്കാൻ ബാറ്ററികൾ എത്തിച്ചു നൽകിയിരുന്നു എന്നാണ് പേരറിവാളനെതിരെ ആരോപിക്കുന്ന കുറ്റം. എന്നാൽ ബാറ്ററികൾ എന്താവശ്യത്തിനായിരുന്നു എന്ന് പോലും പേരറിവാളന് അറിയില്ലായിരുന്നു എന്നായിരുന്നു ത്യാഗരാജന്റെ സത്യവാങ്മൂലം. പേരറിവാളൻ നിരപരാധിയാണെന്ന് സിബിഐക്ക് ബോധ്യപ്പെട്ടിരുന്നതാണ്. 1991ൽ എൽടിടിഇ നേതാവ് ശിവരശനും പൊട്ടുഅമ്മനും തമ്മിലുള്ള വയർലെസ് സന്ദേശം തനിക്ക് ലഭിച്ചിരുന്നു.പേരറിവാളന് ഗൂഢാലോചനയിൽ പങ്കില്ലെന്നും ബാറ്ററി എന്തിനാണ് വാങ്ങിയതെന്ന് അറിയില്ലെന്നും ആ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സിബിഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജൻ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP