Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കറന്റ് വേണമെന്നാവശ്യപ്പെട്ട് അമേഠിയിൽ ജനം രാഹുലിനെ തടഞ്ഞു; കറന്റ് നൽകേണ്ടയാൾ ജപ്പാനിൽ ചെണ്ടകൊട്ടി കളിക്കുന്നെന്ന് നേതാവിന്റെ മറുപടി; കോൺഗ്രസുകാർ വകവയ്ക്കാത്ത ആളെ ഗൗനിക്കില്ലെന്ന് ബിജെപി

കറന്റ് വേണമെന്നാവശ്യപ്പെട്ട് അമേഠിയിൽ ജനം രാഹുലിനെ തടഞ്ഞു; കറന്റ് നൽകേണ്ടയാൾ ജപ്പാനിൽ ചെണ്ടകൊട്ടി കളിക്കുന്നെന്ന് നേതാവിന്റെ മറുപടി; കോൺഗ്രസുകാർ വകവയ്ക്കാത്ത ആളെ ഗൗനിക്കില്ലെന്ന് ബിജെപി

അമേഠി: വർഷങ്ങളായി പ്രതിനിധാനം ചെയ്യുന്ന അമേഠി മണ്ഡലത്തിൽ വൈദ്യുതി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനം രാഹുൽ ഗാന്ധിയെ വളഞ്ഞു. സഹികെട്ട രാഹുൽ ഗാന്ധി മോദിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. നാട് ഊർജ്ജ പ്രതിസന്ധിയിൽ ഉഴലുമ്പോൾ മോദി ജപ്പാനിൽ പോയി ചെണ്ടകൊട്ടിക്കളിക്കുകയാണെന്നായിരുന്നു, എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ വിമർശം. എന്നാൽ സ്വന്തം പാർട്ടിക്കാർ പോലും ഗൗനിക്കാത്ത രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തങ്ങളെന്തിനു ചെവികൊടുക്കണം എന്നായിരുന്നു, ബിജെപിയുടെ പ്രതികരണം.

അമേഠിയിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ നാട്ടുകാർ തടഞ്ഞു. നാട്ടിലെ വൈദ്യുതി പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് നൂറു കണക്കിന് വരുന്ന നാട്ടുകാർ രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞത്. കനത്ത സുരക്ഷാസംവിധാനങ്ങളുണ്ടായിട്ടും രാഹുലിനെ കടത്തിവിടാൻ നാട്ടുകാർ തയ്യാറായില്ല. ഏറെ നേരം കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഒടുവിൽ നേതാക്കളും നാട്ടുകാരും തമ്മിലുള്ള ചർച്ചയിലാണ് നാട്ടുകാർ വഴിയൊരുക്കിയത്.

വിഷയത്തിൽ ഉടൻ തന്നെ നടപടിയെടുക്കാമെന്നും പ്രശ്‌നപരിഹാരം ഉടനുണ്ടാകുമെന്നും രാഹുൽ നാട്ടുകാർക്ക് ഉറപ്പ് നൽകുകയായിരുന്നു. അമേഠിയിലെ ജനകീയ പ്രശ്‌നങ്ങളിൽ രാഹുൽ ഇടപെടുന്നില്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു.

എന്നാൽ ജനക്കൂട്ടത്തിൽ നിന്നു രക്ഷപ്പെട്ട രാഹുൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാത്തതിൽ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വിമർശിക്കാതെ, മോദിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. നാട് ഊർജ്ജ പ്രതിസന്ധിയിലും വിലക്കയറ്റത്തിലും പെട്ടുഴലുമ്പോൾ പ്രധാനമന്ത്രി ജപ്പാനിൽ ചെണ്ടകൊട്ടി കളിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. "സർക്കാരിന്റെ ആദ്യ നൂറു ദിനങ്ങൾ പൂർത്തിയായി. എന്നാൽ അവർ അവരുടെ വാഗ്ദാനങ്ങൾ മറന്നുകഴിഞ്ഞു..," ഊർജ്ജം, ജലം, അഴിമതി, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനം സർക്കാർ ലംഘിച്ചതായി ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി.

ഇന്നലെയാണ് അഞ്ചുദിവസത്തെ ജപ്പാൻ സന്ദർശനം കഴിഞ്ഞ് പ്രധാമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയത്. ടോക്യോയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ടാറ്റ കൺസൽട്ടൻസി സർവ്വീസസിന്റെ ഒരു ചടങ്ങിൽ മോദി ജാപ്പനീസ് പരമ്പരാഗത തുകൽ വാദ്യമായ ടയ്കോ ചെണ്ട കൊട്ടിയത് മാദ്ധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. അടുത്ത അഞ്ചുവർഷക്കാലം കൊണ്ട് ഇന്ത്യയുടെ പ്രധാനപ്പെട്ട അടിസ്ഥാനമേഖലാ വികസന പദ്ധതികൾക്കായി ജപ്പാൻ 34 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് വാഗ്ദാനവുമായാണ് മോദി മടങ്ങിയെത്തിയത്. ചുവപ്പുനാടയല്ല, ചുവന്ന പരവതാനിയാണ്, നിങ്ങളെ കാത്തിരിക്കുന്നത് എന്നാണ് ജാപ്പനീസ് വ്യവസായികളോട് മോദി പറഞ്ഞത്. എന്നാൽ ജാപ്പനീസ് ഗവൺമെന്റുമായി ഒപ്പുവയ്ക്കുമെന്ന് കരുതപ്പെട്ടിരുന്ന, ഇന്ത്യയുടെ ഊർജ്ജാവശ്യം മുൻനിർത്തിയുള്ള ആണവക്കരാർ, ജപ്പാനിലെ പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഒപ്പുവയ്ക്കാൻ സാധിക്കാതെയാണ് അദ്ദേഹം മടങ്ങിയെത്തിയത്.

അതേ സമയം സ്വന്തം പാർട്ടി അംഗങ്ങൾ പോലും വകവയ്ക്കാത്ത അദ്ദേഹത്തെ തങ്ങളെന്തിനാണ് ഗൗനിക്കുന്നത് എന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. മുതിർന്ന നേതാക്കൾ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

"ആരെങ്കിലും രാഹുലിനെ ഗൗരവമായി എടുക്കുന്നുണ്ടോ? സ്വന്തം പാർട്ടി തന്നെ അദ്ദേഹത്തെ ഉപേക്ഷിച്ചു," ബിജെപി വക്താവ് സംപിത് പത്ര ചോദിച്ചു. "അദ്ദേഹത്തിന്റെ പാർട്ടി തന്നെ പറയുന്നത്, പാർട്ടിയെ രക്ഷിക്കണമെങ്കിൽ അദ്ദേഹം അവധിയിൽ പോകണമെന്നാണ്. അവരാദ്യം, അവർക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ," പത്ര തുടർന്നു.

മുൻ സർക്കാരാണ് ഊർജ്ജ പ്രതിസന്ധിക്ക് കാരണമെന്ന് ബിജെപി നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടു. നിലവിലുള്ള സർക്കാർ ആ പ്രശ്നം പരിഹരിക്കുന്നതിൽ ബദ്ധശ്രദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP