Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജമ്മു കശ്മീരിലെ പ്രതിപക്ഷ മഹാസഖ്യത്തിന് വലിയ തിരിച്ചടി; മുതിർന്ന പിഡിപി നേതാവ് റമസാൻ ഹുസൈൻ ബിജെപിയിൽ ചേർന്നു; പ്രതിപക്ഷത്തിന് തിരിച്ചടിയായത് ത്രിവർണ പതാക ഉയർത്തില്ലെന്ന മെഹ്ബൂബ മുഫ്തിയുടെ പ്രഖ്യാപനം; കശ്മീരിൽ പ്രതിപക്ഷത്തെ വിറപ്പിച്ച് ബിജെപി

ജമ്മു കശ്മീരിലെ പ്രതിപക്ഷ മഹാസഖ്യത്തിന് വലിയ തിരിച്ചടി; മുതിർന്ന പിഡിപി നേതാവ് റമസാൻ ഹുസൈൻ ബിജെപിയിൽ ചേർന്നു; പ്രതിപക്ഷത്തിന് തിരിച്ചടിയായത് ത്രിവർണ പതാക ഉയർത്തില്ലെന്ന മെഹ്ബൂബ മുഫ്തിയുടെ പ്രഖ്യാപനം; കശ്മീരിൽ പ്രതിപക്ഷത്തെ വിറപ്പിച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകശ്മീരിൽ മുതിർന്ന പിഡിപി നേതാവ് പാർട്ടി വിട്ടു. റമസാൻ ഹുസൈനാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമർശങ്ങൾ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് റമസാൻ ഹുസൈൻ പാർട്ടി വിട്ടത്. കഴിഞ്ഞ ദിവസം പിഡിപിയിലെ മൂന്ന് നേതാക്കൾ പാർട്ടി വിട്ടിരുന്നു. അതിന് പിന്നാലെയാണ് റമസാൻ ഹുസൈനും ബിജെപിയിലേക്ക് ചേക്കേറിയത്.

രാജ്യത്തെയും ദേശീയ പതാകയെയും അപകീർത്തിപ്പെടത്താൻ ശ്രമിക്കുന്ന ആരെയും കശ്മീരിലെ ജനങ്ങൾ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിൽ കശ്മീരിലെ ജനങ്ങൾ ശുഭാപ്തി വിശ്വാസമുള്ളവരാണ്‌. സമാധാനത്തിനും വികസനത്തിനുമായി കശ്മീർ ഇപ്പോൾ ശരിയായ പാതയിലാണെന്നും താൻ ഇപ്പോൾ ശരിയായ സ്ഥലത്താണ് എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

പിഡിപിയിൽ ചേരുന്നതിനു മുൻപ് 2014ൽ റമസാൻ ഹുസൈൻ ബിഎസ്‌പി ടിക്കറ്റിൽ ബാനി മണ്ഡലത്തിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ജമ്മുവിലെ പാർട്ടി ആസ്ഥാനത്ത് ജെ-കെ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന റമസാൻ ഹുസൈനെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു. “പിഡിപി രാജ്യത്തെ അപമാനിച്ചു, ഇത് മുതിർന്ന നേതാക്കളെ ആ പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ പ്രേരിപ്പിച്ചു,” റെയ്‌ന അവകാശപ്പെട്ടു.

വീട്ടുതടങ്കലിൽ നിന്നും മോചിതയായ മെഹ്ബൂബ, ജമ്മു കശ്മീരിനെ പഴയ നിലയിലേക്കു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ദേശീയ പതാക പിടിക്കുന്നതിനോ താൽപര്യമില്ല. അതിനായി രക്തം ചിന്തേണ്ടിവന്നാൽ, ആദ്യത്തെയാൾ താനായിരിക്കുമെന്നും മെഹ്ബൂബ പറഞ്ഞിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദ പ്രകാരം ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ മെഹ്ബൂബ അടക്കമുള്ള നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. പൊതുസുരക്ഷാ നിയമപ്രകാരം ആയിരുന്നു നടപടി. 14 മാസം വീട്ടുതടങ്കലിൽ കഴിഞ്ഞ മെഹ്ബൂബയെ അടുത്തിടെയാണ് മോചിപ്പിച്ചത്.

ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സർക്കാർ കവർന്നെടുത്ത കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കാത്തപക്ഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ദേശീയ പതാക ഉയർത്തുന്നതിനോ തനിക്ക് താത്പര്യമില്ലെന്ന് അവർ അടുത്തിടെ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിനെ കൊള്ളക്കാരെന്ന് വിശേഷിപ്പിച്ച അവർ ജമ്മു കശ്മീരിന്റെ പഴയ പതാക പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മെഹ്ബൂബ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിജെപി കശ്മീരിൽ പതാകാ മാർച്ച് നടത്തിയിരുന്നു. ബുള്ളറ്റ്പ്രൂഫ് വാഹനങ്ങളിൽ ദേശീയ പതാകയും വഹിച്ചായിരുന്നു ബിജെപിയുടെ മാർച്ച്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി സമ്മർദ്ദം ചെലുത്താൻ രൂപവത്കരിച്ച 'പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ' എന്ന മുന്നണിയിൽ മെഹ്ബൂബയുടെ പാർട്ടിയും അംഗമാണ്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയാണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാൻ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ ഐക്യത്തിലാണ്. നാഷനൽ കോൺഫറൻസ്, പിഡിപി, സിപിഎം തുടങ്ങിയ 6 പാർട്ടികൾ ചേർന്നാണ് സഖ്യം രൂപീകരിച്ചത്. 'പീപ്പിൾ അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ' എന്ന പേരിൽ രൂപീകരിച്ച സഖ്യത്തിന്റെ പ്രസിഡന്റായി മുന്മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുല്ലയെ തിരഞ്ഞെടുത്തു. പിഡിപി നേതാവും മുന്മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്റ്. ജമ്മുകശ്മീരിന്റെ മുൻ പതാക ഉപയോഗിക്കാനും സഖ്യം തീരുമാനിച്ചു.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മതത്തിന്റെ പേരിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു. ഇടത് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കൺവീനറായും പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനെ വക്താവായും തിരഞ്ഞെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP