Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജിപിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ച് പനീർശെൽവം; രാജിവച്ചത് നിർബന്ധിച്ചപ്പോൾ; നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി; ശുഭപ്രതീക്ഷയെന്നും സത്യം എന്നും ജയിക്കുമെന്നും ഒപിഎസ്; ഗവർണറുടെ സുപ്രധാന തീരുമാനം ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം

രാജിപിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ച് പനീർശെൽവം; രാജിവച്ചത് നിർബന്ധിച്ചപ്പോൾ; നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി; ശുഭപ്രതീക്ഷയെന്നും സത്യം എന്നും ജയിക്കുമെന്നും ഒപിഎസ്; ഗവർണറുടെ സുപ്രധാന തീരുമാനം ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം

ചെന്നൈ: ഒ. പനീർശെൽവം ഗവർണർ സി. വിദ്യാസാഗർ റാവുമായി കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിൽനിന്ന് തന്നെ അണ്ണാഡിഎംകെ നേതൃത്വം നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചു. രാജി പിൻവലിക്കാനുള്ള തീരുമാനവും അദ്ദേഹം ഗവർണറെ അറിയിച്ചു. വൈകിട്ട് അഞ്ചിന് രാജ്ഭവനിലെത്തിയ പനീർശെൽവം പത്തു മിനിട്ടാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു പരാതിയും അദ്ദേഹം ഗവർണർക്കു നല്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഉള്ളടക്കം വ്യക്തമല്ല.

നല്ലതേ നടക്കൂ എന്നും സത്യം ജയിക്കുമെന്നും ഗവർണറെ കണ്ടശേഷം മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയ പനീർ ശെൽവം പറഞ്ഞു. എല്ലാ കാര്യങ്ങളും ഗവർണറെ ധരിപ്പിച്ചു. നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി. തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും തിരിച്ചുവരുമെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയനാടകങ്ങൾ അരങ്ങേറുന്ന തമിഴ്‌നാട്ടിൽ ഗവർണർ സി. വിദ്യാസാഗർ റാവു ഇന്ന് ഉച്ചയ്ക്കാണ് എത്തിയത്. വൈകിട്ട് അഞ്ചിന് പനീർശെൽവം രാജ്ഭവനിലെത്തി ഗവർണറെ കാണുകയായിരുന്നു. 7.30ന് ശശികല ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നു ശശികല ഗവർണറെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണു സൂചന. ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും ഗവർണറുടെ നിർണായക തീരുമാനം ഉണ്ടാകുക.

ഇതിനിടെ, ശശികലയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ഗവർണർക്കു മുന്നിലെത്തുന്നതു തടയാനുള്ള നീക്കങ്ങൾ പനീർശെൽവം സജീവമാക്കി. ഇതിന്റെ ഭാഗമായി എംഎൽഎമാരെ വൈകിട്ട് അഞ്ചു മണിക്കുമുമ്പു മോചിപ്പിക്കണമെന്ന് ചെന്നൈ പൊലീസിന് നിർദ്ദേശം നല്കി. സംസ്ഥാന പൊലീസ് മേധാവി ടി.കെ. രാജേന്ദ്രനാണ് ചെന്നൈ സിറ്റി പൊലീസ് മേധാവി സഞ്ജയ് അറോറയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എംഎൽഎമാരെ മഹാബലിപുരത്തുള്ള ഗോൾഡൻ ബേ റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്.

ഇതിനിടെ, ശശികലയ്ക്കു കനത്ത തിരിച്ചടിയായി അണ്ണാഡിഎംകെയിലെ മുതിർന്ന നേതാവും പ്രസിഡീയം സെക്രട്ടറിയുമായ മധുസൂദനൻ ശശികലയുടെ തടങ്കൽ ഭേദിച്ച് പനീർസെൽവത്തിനൊപ്പമെത്തി. അൽപം മുമ്പാണ് മഹാബലിപുരത്തെ റിസോർട്ടിൽനിന്നു മധുസൂദനൻ പനീർസെൽവത്തിനടുത്തെത്തിയത്.

പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടശേഷം പൊയസ് ഗാർഡനിൽ തിരിച്ചെത്തിയപ്പോൾ ശശികല ജയലളിതയ്ക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷ തുടർന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ പനീർസെൽവം വായിച്ചു. ഇനി ഒരിക്കലും പാർട്ടിയിൽ യാതൊരു പദവിയും ആഗ്രഹിക്കില്ലെന്നും ആവശ്യപ്പെടില്ലെന്നുമാണ് മാപ്പപേക്ഷയിൽ ശശികല എഴുതിക്കൊടുത്തത്. ജയലളിതയെ ശശികല വഞ്ചിച്ചെന്നും പനീർ സെൽവം പറഞ്ഞു. താൻ മുഖ്യമന്ത്രിയും മധുസൂദനൻ പാർട്ടി ജനറൽ സെക്രട്ടറിയും ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശശികല എല്ലാം അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ് ജനതയുടെ പിന്തുണ നേടാനാണ് ഇപ്പോൾ പനീർ സെൽവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയതുകൊണ്ട് അധികാരം നിലനിർത്താമെങ്കിലും ജയലളിത വികാരം തുറന്നുവിട്ട് ജനങ്ങളെ കൂടെ നിർത്തുകയാണ് ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടതെന്നാണ് പനീർസെൽവത്തിന്റെ നിഗമനം. അതിനുതന്നെയാണ് ഇപ്പോൾ പനീർസെൽവം ക്യാമ്പ് ശ്രമിക്കുന്നത്.

പൊലീസിൽ അഴിച്ചുപണി നടത്തിയതും നേരത്തെ പുറത്താക്കിയ ഐഎഎസ് ഓഫീസർമാരെ തിരിച്ചെടുത്തതും പനീർസെൽവം തന്റെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് പല എംഎൽഎമാരും പനീർസെൽവത്തിന് അനുകൂലമാകാൻ കാരണം. ചില എംഎൽഎമാർ ഇപ്പോഴും ശശികലയ്ക്കൊപ്പമാണോ പനീർ സെൽവത്തിനൊപ്പമാണോ എന്നു തീരുമാനിച്ചിട്ടില്ല. അവരിൽ പലരും ഇപ്പോഴും അജ്ഞാതരാണ്. ഇവർ തനിക്കൊപ്പം വരുമെന്നാണ് പനീർ സെൽവത്തിന്റെ പ്രതീക്ഷ.

ഇതിനിടെ, ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡനിൽനിന്നു ശശികലയെ പുറത്താക്കാനുള്ള നീക്കങ്ങൾ പനീർശെൽവം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊയസ് ഗാർഡൻ ജയലളിത സ്മാരകമാക്കാൻ പനീർശെൽവം ഉത്തരവിട്ടു. കോൺഗ്രസിന്റെ പിന്തുണ തേടാൻ ശശികലയും നീക്കം സജീവമാക്കി. പോയസ് ഗാർഡനിലെ വേദനിലയത്തിലാണ് ഇപ്പോൾ ശശികല താമസിക്കുന്നത്.

തമിഴ്‌നാട്ടിൽ നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ തനിക്കു കഴിയുമെന്ന പ്രതീക്ഷ നൽകി പ്രമുഖരുടെ പിന്തുണ തേടുകയാണ് പനീർസെൽവം. ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡൻ ദേശസാൽകരിക്കണമെന്ന് ഇന്നലെ പനീർ സെൽവം ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പൊയസ് ഗാർഡൻ ജയ സ്മാരകമായി ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവു നടപ്പാകുന്ന മുറയ്ക്ക് ശശികലയ്ക്ക് അവിടെനിന്നു പടിയിറങ്ങേണ്ടിവരും

ജയലളിതയുടെ മരണശേഷവും ശശികലയും ഒപ്പമുള്ളവരും പൊയസ് ഗാർഡനിൽതന്നെയാണ് തങ്ങുന്നത്. ഇവരെ പുറത്തിറക്കുക എന്നതാണ് പനീർസെൽവത്തിന്റെ പദ്ധതിയെന്നു വ്യക്തം. നീലഗിരിയിലെ എസ്റ്റേറ്റും ജയയുടെ മറ്റു സ്വത്തുവകകളും പിന്നാലെ ദേശസാൽകരിക്കുമെന്നാണു സൂചന. ജയയുടെ സ്വത്തുക്കളിൽ ശശികലയ്ക്ക് യാതൊരു അധികാരവുമില്ലെന്നാണു പനീർസെൽവത്തിന്റെയും മുതിർന്ന നേതാക്കളുടെയും നിലപാട്.

പിന്തുണതേടി ശശികല കോൺഗ്രസിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. പി ചിദംബരവും മകൻ കാർത്തി ചിദംബരവുമായും ശശികല അനൗദ്യോഗിക ചർച്ച നടത്തിയതായാണു സൂചന. ടെലിഫോണിൽ ചില ദേശീയ നേതാക്കളെയും ശശികല ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP