Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202225Wednesday

അവസാന നിമിഷവും അടിതീരാതെ പഞ്ചാബ് കോൺഗ്രസ്; അമരീന്ദറിനെ തള്ളി ചന്നിയെ വാഴ്‌ച്ചപ്പോൾ അടി മൂത്തത് സിദ്ദുവുമായി; ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് സിദ്ദു; അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ഇന്ന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും

അവസാന നിമിഷവും അടിതീരാതെ പഞ്ചാബ് കോൺഗ്രസ്; അമരീന്ദറിനെ തള്ളി ചന്നിയെ വാഴ്‌ച്ചപ്പോൾ അടി മൂത്തത് സിദ്ദുവുമായി; ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് സിദ്ദു; അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് ഇന്ന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: പഞ്ചാബ് കോൺഗ്രസിൽ തർക്കങ്ങൾ തീരുന്നില്ല. മുതിർന്ന നേതാവ് അമരീന്ദൻ സിംഗിനെ സിദ്ദുവിന് വേണ്ടി കൈവിട്ടിട്ടും യാതൊരു ഫലവും ഇല്ലാത്ത അവസ്ഥയിലാണ് പാർട്ടി. പഞ്ചാബിൽ ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഓരോ നേതാവിന്റെയും ഗുണഗണങ്ങൾ വിശകലനം ചെയ്ത് കോൺഗ്രസ് തീരുമാനം എടുക്കുമെന്നും തനിക്ക് പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും പാർട്ടി ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും തീരുമാനം അംഗീകരിക്കുമെന്നും സിദ്ദു പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന ചോദ്യങ്ങളെ കുറിച്ചും, തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും കോൺഗ്രസിന്റെ പഞ്ചാബ് ഘടകത്തിൽ ഭിന്നത തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സിദ്ദുവിന്റെ പ്രതികരണം.

വികസനത്തോടുള്ള മന്മോഹൻ സിങ് ജിയുടെ സമീപനമാണ് പഞ്ചാബ് മോഡലിന്റെ പ്രചോദനമെന്നും, മൊഹാലിയെ ഒരു ഐ.ടി ഹബ്ബും സ്റ്റാർട്ടപ്പ് നഗരവുമാക്കി മാറ്റുന്നതിനൊപ്പം 10 വ്യാവസായിക, 13 ഭക്ഷ്യ സംസ്‌കരണ ക്ലസ്റ്ററുകളാണ് തന്റെ പഞ്ചാബ് മോഡൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പഞ്ചാബിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശമെന്നും സിദ്ദു പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്ന സമ്മർദ്ദവും പ്രഖ്യപിച്ചാലുള്ള ആഘാതവും പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. ഭഗ്വന്ത് മാനിനെ എഎപി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെ തന്നെ ഉയർത്തിക്കാട്ടണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു, മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝക്കർ തുടങ്ങിയവരും മുഖ്യമന്ത്രിസ്ഥാനത്തിൽ കണ്ണുവച്ചിട്ടുള്ളതിനാൽ ഹൈക്കമാൻഡ് പ്രതിസന്ധിയിലാണ്.

എന്നാൽ, എഎപി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസും തയ്യാറാകണമെന്നാണ് ചന്നി പക്ഷത്തിന്റെ ആവശ്യം. 2012ലും 2017ലും അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നുവെന്ന് ചന്നി പക്ഷക്കാരനായ മന്ത്രി ബ്രം മൊഹീന്ദ്ര പറഞ്ഞു. മന്ത്രിയായ റാണ ഗുർജിത്ത് സിങ്ങും മൊഹീന്ദ്രയോട് യോജിച്ചു.

ചന്നിയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നത് ഗുണം ചെയ്യില്ലെന്ന്- ഗുർജീത്ത് സിങ് പറഞ്ഞു. ചന്നിയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സിദ്ദു അടക്കമുള്ളവർ ഇടയുമോയെന്ന ആശങ്കയിലാണ് നേതൃത്വം. ദളിത് സിഖ് വിഭാഗക്കാരനായ ചന്നിയെ പ്രഖ്യാപിച്ചാൽ മറ്റ് ജാതി വിഭാഗങ്ങൾ എതിരാകുമോയെന്ന ഭയവുമുണ്ട്.

അതിനിടെ ചരൺജിത്ത് സിങ് ചന്നിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് മുതിർന്ന അകാലി നേതാവ് ബിക്രം സിങ് മജിതിയ. തന്റെ മണ്ഡലമായ രൂപ്നഗർ ജില്ലയിലെ ചംകൗർ സാഹിബിൽ നടന്ന മണൽ ഖനനത്തിൽ മുഖ്യമന്ത്രിക്കു പങ്കുണ്ട്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച് തെരഞ്ഞെടുപ്പു കമീഷന് പരാതി നൽകുന്നതിനു മുമ്പ് ചന്നിയുടെ അനന്തരവന്റെ സ്ഥാപനത്തിൽനിന്ന് എങ്ങനെയാണ് വൻതുക പിടിച്ചെടുത്തതെന്ന് കോൺഗ്രസ് വിശദീകരിക്കണമായിരുന്നുവെന്നും മജിതിയ പറഞ്ഞു.

അതിനിടെ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സിറ്റിങ് എംഎൽഎമാരുൾപ്പെടെ സീറ്റ് നഷ്ടപ്പെട്ടവരെ അമരീന്ദർ സിങ് പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ബിജെപിയുമായി സഖ്യം ചേർന്നാണ് പഞ്ചാബ് മുൻ മുഖ്യമന്ത്രിയുടെ പുതിയ പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പട്യാല മണ്ഡലത്തിൽ നിന്നാകും അമരീന്ദർ സിങ് ജനവിധി തേടുക. സംസ്ഥാനത്ത് തന്റെ മുഖ്യമന്ത്രി ഭരണത്തിൽ നടത്തിയ പ്രവർത്തനങ്ങളും ദേശീയതലത്തിൽ ബിജെപിയുടെ നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് പഞ്ചാബ് ലോക് കോൺഗ്രസ് പ്രചാരണത്തിനിറങ്ങുകയെന്ന് അമരീന്ദർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ക്യാപ്റ്റന്റെ മണ്ഡലമായിരുന്ന പട്യാലയിൽ നിന്ന് 72,586 വോട്ടുകൾക്കാണ് അമരീന്ദർ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. എഎപിക്ക് അന്ന് 20000ത്തിൽപ്പരം വോട്ടുകൾ മാത്രമാണ് കിട്ടിയത്.

അമരീന്ദർ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രലാണ് പട്യാലയിൽ നിന്ന് തന്നെ മത്സരിക്കാനുള്ള തീരുമാനം അറിയിച്ചത്. തന്റെ കുടുംബവുമായി പട്യാലയ്ക്ക് 300 വർഷത്തോളം നീണ്ട ബന്ധമുണ്ടെന്നും ക്യാപ്റ്റൻ പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവുമായുള്ള പ്രശ്നങ്ങൾക്കിടയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൂടി പിന്തുണ നഷ്ടമായതോടെയാണ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് അമരീന്ദർ സിങ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്. ബിജെപിയുമായും സുഖ്‌ദേവ് സിങ് ദിൻഡ്‌സയുടെ ശിരോമണി അകാലിദൾ സംയുക്തുമായുള്ള സഖ്യത്തിലാണ് സിങ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP