Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202206Thursday

അഭിപ്രായ സർവേയിൽ 93 ശതമാനത്തിന്റെ പിന്തുണ; രണ്ട് തവണയും ലോക്‌സഭയിൽ എത്തിയത് വമ്പൻ ഭൂരിപക്ഷത്തിൽ; ജാട്ട് നേതാവെന്ന നിലയിൽ താഴെ തട്ടിൽ അടക്കം സ്വാധീനം; തീപ്പൊരി പ്രാസംഗികൻ; സ്റ്റാൻഡ് അപ്പ് കൊമേഡിയനായും തിളങ്ങി; പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ ചില്ലറക്കാരനല്ല

അഭിപ്രായ സർവേയിൽ 93 ശതമാനത്തിന്റെ പിന്തുണ; രണ്ട് തവണയും ലോക്‌സഭയിൽ എത്തിയത് വമ്പൻ ഭൂരിപക്ഷത്തിൽ; ജാട്ട് നേതാവെന്ന നിലയിൽ താഴെ തട്ടിൽ അടക്കം സ്വാധീനം; തീപ്പൊരി പ്രാസംഗികൻ; സ്റ്റാൻഡ് അപ്പ് കൊമേഡിയനായും തിളങ്ങി; പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ ചില്ലറക്കാരനല്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെയാണ് പഞ്ചാബിൽ ഇക്കുറി ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പു ഗോദയിലേക്ക് ഇറങ്ങുന്നത്. ഇവിടെ ഇക്കുറി മത്സരം ആം ആദ്മിയും കോൺഗ്രസും തമ്മിലാണെന്ന പ്രതീതി ശക്തമാണ്. ചില സർവേകൾ ആ്ം ആദ്മിക്ക് ഭരണം കിട്ടുമെന്നും പ്രഖ്യാപിക്കുന്നു. ഇതിനിടെയാണ് ആപ്പ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചത്. ഭഗവന്ത് മൻ സിങ് എന്ന ജനകീയനായ നേതാവിനെയാണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ജനങ്ങൾക്കിടയിൽ സർവേ നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയതെന്നാണ് അരവിന്ദ് കെജ്രിവാൾ അവകാശപ്പെടുന്നത്.

ഫോണിലൂടെ നടത്തിയ അഭിപ്രായ സർവേയിൽ 93% പേരും ഭഗവന്തിന്റെ പേരാണു നിർദേശിച്ചതെന്നു ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. വോട്ടെടുപ്പിൽ പങ്കെടുത്ത 3% പേർ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെ നിർദേശിച്ചുവെന്നതു കൗതുകം. മറ്റു ചിലർ അരവിന്ദ് കേജ്രിവാൾ തന്നെ പഞ്ചാബ് മുഖ്യമന്ത്രിയാകണമെന്നു പറഞ്ഞു. ഈ വോട്ടുകളെ അസാധുവായി പ്രഖ്യാപിച്ചാണ് ഭഗവന്തിനെ പ്രഖ്യാപിച്ചത്.

നേരത്തെ തന്നെ ഈ പേരിനാണ് പാർട്ടിക്കുള്ളിൽ മുൻതൂക്കമെങ്കിലും നാടകീയമായിട്ടാണ് പഞ്ചാബിൽ തങ്ങളുടെ മുഖ്യമന്ത്രി മുഖമായി ഭഗവന്തിനെ ആം ആദ്മി അവതരിപ്പിച്ചത്. 21 ലക്ഷം പേർ അഭിപ്രായം അറിയിച്ചുവെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. 117 അംഗ നിയമസഭയിൽ 77 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുമായി മുഖ്യ പ്രതിപക്ഷമായിരുന്നു ആം ആദ്മി.

ചില്ലറക്കാരനല്ല ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ആം ആദ്മിയുടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനായ ഭഗവന്ത് 2014 മുതൽ സഗ്രൂരിൽനിന്നുള്ള ലോക്‌സഭാംഗമാണ്. രണ്ടു തിരഞ്ഞെടുപ്പുകളിലും വൻഭൂരിപക്ഷത്തിനായിരുന്നു ജയം. രാഷ്ട്രീയപ്രവേശത്തിനു മുൻപു നടനായും സ്റ്റാൻഡപ് കൊമീഡിയനായും തിളങ്ങി. ലോക്‌സഭയിൽ ഉൾപ്പെടെ മദ്യപിച്ചെത്തിയതു പലപ്പോഴും വിവാദങ്ങളുണ്ടാക്കി. 2019ൽ, മദ്യപാനം ഉപേക്ഷിക്കുന്നതായി ഭഗവന്ത് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജലാലാബാദിൽ മത്സരിച്ചിരുന്നെങ്കിലും സുഖ്ബീർ സിങ് ബാദലിനോടു തോറ്റു.

ജാട്ട് നേതാവ് എന്ന നിലയിൽ താഴെ തട്ട് വരെയുള്ള സ്വാധീനമുണ്ട് ഭഗവന്ത് മന്. മികച്ച പ്രാസംഗികൻ തുടങ്ങിയവ ഭഗവന്ത് മന് ഗുണകരമായി. മദ്യപാനി എന്ന ആരോപണവും നിലവിലെ മുഖ്യമന്ത്രി ചരൻ ജിത് ഛന്നി അടക്കമുള്ളവരെ അപേക്ഷിച്ചും മൻവാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതേസമയം പതിവു പോലെ ഇഡി റെയ്ഡുമായി രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ അനന്തരവന്റെ 12 സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. രാഷ്ട്രീയ വേട്ടയാടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ചരൺജിത് സിങ് ഛന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിങ് ഹണിയുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളിൽ നടന്ന എൻഫോഴ്സ്മെന്റ് റെയ്ഡിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മൊഹാലിയിലെ വസതിയിലടക്കം 12 ഇടങ്ങളിലായിരുന്നു പരിശോധന. അനധികൃത മണൽ ഖനനക്കേസുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് എടുത്ത കേസ് ഇഡിക്ക് കൈമാറിയിരുന്നു. അന്വേഷണ ഏജൻസികളെ വച്ചുള്ള വേട്ടയാടലാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി അഴിമതിക്കാരെയും അനധികൃത മണൽ കടത്തുകാരെയും സംരക്ഷിക്കുകയാണെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP