Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എടപ്പാടി പളനിസ്വാമിയും 31 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം; മുൻ മന്ത്രിസഭയിലെ അംഗങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടത് പനീർശെൽവവും വിശ്വസ്തൻ പാണ്ഡ്യരാജനും മാത്രം; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താത്കാലിക വിരാമം

എടപ്പാടി പളനിസ്വാമിയും 31 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം; മുൻ മന്ത്രിസഭയിലെ അംഗങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടത് പനീർശെൽവവും വിശ്വസ്തൻ പാണ്ഡ്യരാജനും മാത്രം; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താത്കാലിക വിരാമം

ചെന്നൈ: 1969 ൽ തമിഴ്‌നാട് സംസ്ഥാനം രൂപീകൃതമായശേഷമുള്ള ഏഴാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 31 അംഗ മന്ത്രിസഭയും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് 4.30ന് ആരംഭിച്ച വിപുലമായ ചടങ്ങിൽ തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.

പനീർശെൽവം മന്ത്രിസഭയിൽനിന്ന് അദ്ദേഹവും അദ്ദേഹത്തിന് കൂറു പ്രഖ്യപിച്ച കെ. പാണ്ഡ്യരാജനും ഒഴികെയുള്ളവർ പളനിസ്വാമിയുടെ മന്ത്രിസഭയിൽ ഇടംപിടിച്ചു. രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുന്നത്. 15 ദിവസത്തിനകം പളനിസ്വാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത പളനിസ്വാമി ഇന്ന് രാവിലെ 11.30ന് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു തീരുമാനമായത്. തനിക്ക് 124 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അദ്ദേഹം ഗവർറെ കണ്ടിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു.

അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി തനിക്കു പ്രതികൂലമായതിനെത്തുടർന്നാണു ശശികല തൻെ വിശ്വസ്തനായ പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
234 അംഗ നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 134 അംഗളാണുള്ളത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 118 അംഗളാണ്. പളനിസ്വാമി തന്റെ പക്ഷത്ത് ഏകദേശം 124 എംഎൽഎമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. രാഷ്ട്രീയ നാടകങ്ങൾ ഏറെ അരങ്ങേറിയ കഴിഞ്ഞ ദിവസങ്ങളിൽ പനീർശെൽവത്തിന് കൂടെക്കൂട്ടാനായത് വെറും 10 എംഎൽഎമാരെ മാത്രമാണ്.

രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് തമിഴ്‌നാട്ടിൽ പുതിയ മുഖ്യമന്ത്രി അധികാരത്തിലേറുന്നത്. രണ്ടു മാസത്തിനകം മൂന്നാമത്തെ മുഖ്യമന്ത്രിയെയാണു തമിഴ്‌നാടിനു ലഭിക്കുന്നത്. ഡിസംബർ ആദ്യം ജയലളിത മരിച്ചതോടെയാണ് പനീർശെൽവം മുഖ്യമന്ത്രിയായത്. ഇതിനിടെ പാർട്ടിയിലും ഭരണത്തിലും അധികാരം പിടിച്ചെടുത്ത ജയലളിതയുടെ തോഴി ചിന്നമ്മ ശശികല മുഖ്യമന്ത്രിയാകൻ കരുനീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് പനീർശെൽവം രാജിവയ്ക്കുകയും ശശികലയെ അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ തന്നെ നിർബന്ധിച്ചു രാജിവയ്‌പ്പിക്കുകയായിരുന്നുവെന്ന് പനീർശെൽവം വെട്ടിത്തുറന്നു പറഞ്ഞതോടെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചു.

തുടർന്ന് ശശികല പക്ഷവും പനീർപക്ഷവും തമ്മിലുള്ള പോരടിക്കാണ് രാഷ്ട്രീയ ലോകം സാക്ഷ്യം വഹിച്ചത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ശശികല കൂവത്തൂരിലെ ഒരു റിസോർട്ടിൽ കൊണ്ടുപോയി തടവിലിട്ടു. ഇവിടെനിന്ന് എംഎൽഎമാരെ ആകർഷിച്ചു തന്റെ പക്ഷത്തു ചേർക്കാനുള്ള തന്ത്രങ്ങളുമായി പനീർശെൽവം സജീവമായി. ശശികലയ്ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി പ്രതികൂലമാകുമെന്ന നിഗമനത്തിൽ ശശികലയുടെ സത്യപ്രതിജ്ഞ വൈകിച്ച് ഗവർണർ വിദ്യാസാഗർ റാവുവും കളം നിറഞ്ഞു.

ഒടുക്കം സുപ്രീം കോടതി വിധി വന്നതോടെ ശശികല ബെംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷം തടവുശിക്ഷ ഇന്നലെ മുതൽ ആരംഭിച്ചു. ഇതോടെ ഇനി സർക്കാർ രൂപീകരണത്തിലുള്ള തീരുമാനം വൈകിക്കേണ്ടെന്ന് ഗവർണർ തീരുമാനിക്കുകയായിരുന്നു.

അമ്മയുടെയും ചിന്നമ്മയുടെയും വിശ്വസ്തൻ

ജയലളിത മാത്രം കളം നിറഞ്ഞുനിന്നിരുന്ന തമിഴ് രാഷ്ട്രീയത്തിൽ അത്ര സുപരിചിതമായ പേരായിരുന്നില്ല എടപ്പാടി കെ. പളനിസ്വാമി എന്നത്. എന്നാൽ അമ്മയുടെ വിശ്വസ്തൻ എന്ന നിലയിൽ അണ്ണാഡിഎംകെ പാർട്ടിക്കുള്ളിൽ തീർത്തും പ്രിയപ്പെട്ടവനായിരുന്നു സേലം ജില്ലയിലെ നെടുംകുളം ഗ്രാമവാസിയായ ഈ 63കാരൻ. ജയയുടെ മരണത്തിനു പിന്നാലെ ചിന്നമ്മ ശശികലയോടു കാട്ടിയ കൂറാണ് പളനിസ്വാമിയെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിൽ അവരോധിതനാക്കിയിരിക്കുന്നത്.

ജയലളിതയുടെ കാലത്ത് തന്നെ അമ്മയുടെയും ചിന്നമ്മ ശശികലയുടെയും വിശ്വസ്തനായിരുന്നു എടപ്പാടി. ഭരണത്തിന്റെ താക്കോൽ കൈമാറേണ്ട ഘട്ടങ്ങളിലെല്ലാം ജയ തെരഞ്ഞെടുത്തത് പനീർശെൽവത്തെയായിരുന്നെങ്കിലും ശശികലയുടെ ഗുഡ്ബുക്കിൽ എന്നും പനീർശെൽവത്തെക്കാൾ മുന്നിലായിരുന്നു പളനിസ്വാമി.

ജയയുടെ മരണത്തെ തുടർന്ന് പുതിയ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി എംഎൽഎമാരിൽ നിന്നും ഒപ്പ് ശേഖരണം നടന്നപ്പോൾ തന്നെ പനീർശെൽവത്തിന് പുറമെ പളനിസ്വാമി, ശശികല എന്നിവർക്കും പിന്തുണ നൽകുന്ന പ്രമേയം ഒപ്പിട്ട് വാങ്ങിയിരുന്നുവെന്നാണ് സൂചന. അമ്മയുടെ എക്കാലത്തെയും വിശ്വസ്തനായ പനീർശെൽവത്തെ ഒഴിവാക്കുന്നത് വിവാദങ്ങൾക്കും സംശയങ്ങൾക്കും വഴിവയ്ക്കുമെന്ന ഭീതിയാണ് പളനിസ്വാമിയെ അവരോധിക്കുന്നതിൽ നിന്നും അന്ന് ശശികലയെ പിന്തിരിപ്പിച്ചത്.

ശശികലക്കെതിരെ പനീർശെൽവം കരുനീക്കങ്ങൾ ആരംഭിച്ച സമയം മുതൽ ഇതിനെ പ്രതിരോധിക്കാൻ പളനിസ്വാമി മുന്നിലുണ്ടായിരുന്നു. എംഎൽഎമാരുടെ പിന്തുണ ശശികലക്കാണെന്ന് ഉറപ്പിച്ചത് പളനിസ്വാമി ആദ്യ ഘട്ടം തന്നെ നടത്തിയ ഈ നീക്കങ്ങളാണ്. ഒടുവിൽ ശശികലക്ക് പിന്തുണ നൽകുന്ന എംഎൽഎമാരെ റിസോട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഇവർ ഒത്തുകൂടിയതും പളനിസ്വാമിയുടെ വീട്ടിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ഏഴു കോടിയിലധികം വരുമാനമുള്ള പളനിസ്വാമി ബിഎസ്എസി അഗ്രിക്കൾച്ചർ ബിരുദദാരി കൂടിയാണ്. 40 വർഷം നീണ്ട രാഷ്ട്രീയ ജീവത്തിൽ അണ്ണാഡിഎംകെയുടെ ഏറ്റവും താഴെത്തിട്ടിലുള്ള പ്രവർത്തകനായി തുടങ്ങിയാണ് പളനിസ്വാമി ഒടുക്കം മുഖ്യമന്ത്രി പദത്തിലേറുന്നത്. സേലത്തെ ഗൗണ്ടർ സമുദായത്തിൽപ്പെട്ട കാർഷിക കുടുംബത്തിൽ ജനയിച്ച പളനിസ്വാമി 1974ൽ ഒരു സാധാരണ അംഗമായി അണ്ണാഡിഎംകെയിൽ ചേർന്നാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. എടപ്പാടി പഞ്ചായത്തിലെ സിലുവംപാളയത്തിലെ പാർട്ടി സെക്രട്ടറിയായി അവരോധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തെളിഞ്ഞുതുടങ്ങി

അണ്ണാ ഡിഎംകെയുടെ സ്ഥാപക നേതാവ് എംജിആറിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു പളനിസ്വാമി. 1987 ൽ എംജിആർ കാലം ചെയ്തതോടെ അണ്ണാഡിഎംകെ രണ്ടായി പിളർന്നു. ഒന്നു ജയലളിതയുടെ നേതൃത്വത്തിലും രണ്ട് എംജിആറിന്റെ ഭാര്യ ജാനകിയുടെ നേതൃത്വത്തിലും. ജയലളിതയ്ക്കൊപ്പം നിലയുറപ്പിക്കാനായിരുന്നു എടപ്പാടിയുടെ തീരുമാനം. 1990ൽ പാർജയലളിതയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി. എന്നും തന്നെ പിന്തുണച്ചിരുന്ന എടപ്പാടിക്ക് സേലം ജില്ലയുടെ പാർട്ടി സെക്രട്ടറി സ്ഥാനം നല്കിയാണ് ജയലളിത നന്ദി പ്രകടിപ്പിച്ചത്.

സ്വന്തം മണ്ഡലമായാ എടപ്പാടി അദ്ദേഹത്തിന് തറവാടു പോലെയായിരുന്നു. 1989, 1991, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിൽഎടപ്പാടിയിൽനിന്നു ജയിച്ച് പളനിസ്വാമി നിയമസഭയിലെത്തി. 2001ലും 2006ലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. 1998 ൽ തിരുചെങ്കോട് മണ്ഡലത്തിൽനിന്നു ജയിച്ചു ലോക്സഭാംഗവുമായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ പത്തിലും അണ്ണാഡിഎംകെ വെന്നിക്കൊടി പാറിച്ചത് പളനിസ്വാമിയുടെ പ്രവർത്തനമികവിലായിരുന്നു. ഇതിനുള്ള അംഗീകാരമായിട്ടാണ് ജയലളിത് അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ഹൈവേ, തുറമുഖ വകുപ്പ് മന്ത്രി പദം നല്കിയത്.

തമിഴ്‌നാട്ടിൽ ഇന്നു ചുമതലയേൽക്കുന്ന മന്ത്രിമാരും വകുപ്പുകളും:

1. മുഖ്യമന്ത്രി എടപ്പാടി െക. പളനിസാമി - പൊതുഭരണം, ആഭ്യന്തരം, പൊലീസ്, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ചുമതല, ധനം, പൊതുമരാമത്ത്
2. ഡിണ്ടിഗൽ ശ്രീനിവാസൻ - വനം
3. കെ.എ. സെങ്കോട്ടയ്യൻ - സ്‌കൂൾ വിദ്യാഭ്യാസം
4. സെല്ലൂർ കെ. രാജു - സഹകരണം, തൊഴിൽ
5. പി. തങ്കമണി - വൈദ്യുതി, എക്‌സൈസ്, മദ്യനിരോധനം
6. എസ്‌പി. വേലുമണി - തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, പ്രത്യേക പദ്ധതികളുടെ നടത്തിപ്പ്
7. ഡി. ജയകുമാർ - ഫിഷറീസ്
8. സി.വി. ഷൺമുഖം - നിയമം, കോടതി, ജയിൽ
9. കെ.പി. അൻപഴകൻ - ഉന്നത വിദ്യാഭ്യാസം
10. ഡോ. വി. സരോജ - സാമൂഹ്യക്ഷേമം
11. കെ.സി. കറുപ്പണ്ണൻ - പരിസ്ഥിതി
12. എം.സി. സമ്പത്ത് - വ്യവസായം
13. ആർ. കാമരാജ് - ഭക്ഷ്യം, സിവിൽ സപ്ലൈസ്,
14. ഒ.എസ്. മണിയൻ - കൈത്തറി, ടെക്‌സ്‌റ്റൈൽസ്
15. ഉദുമലൈ രാധാകൃഷ്ണൻ - ഹൗസിങ്, നഗര വികസനം
16. സി. വിജയഭാസ്‌കർ - ആരോഗ്യം, കുടുംബക്ഷേമം
17. സേവൂർ രാമചന്ദ്രൻ - ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്
18. ആർ. ദുരൈക്കണ്ണ് - കൃഷി, മൃഗക്ഷേമം
19. കടമ്പൂർ രാജു - വാർത്താ വിതരണം
20. ആർ.ബി. ഉദയകുമാർ - റവന്യൂ
21. കെ.ടി. രാജേന്ദ്ര ബാലാജി - ചെറുകിട വ്യവസായം
22. കെ.സി. വീരമണി - വാണിജ്യ നികുതി
23. പി. ബെഞ്ചമിൻ - ഗ്രാമ വ്യവസായം
24. വെള്ളമാണ്ടി എൻ. നടരാജൻ - ടൂറിസം
25. എസ്. വളർമതി - പിന്നാക്ക, ന്യൂനപക്ഷ ക്ഷേമം
26. വി എം. രാജലക്ഷ്മി - ആദിദ്രാവിഡ, ആദിവാസി ക്ഷേമം
27. ഡോ. എം. മണികണ്ഠൻ - ഐടി
28. എം.ആർ. വിജയഭാസ്‌കർ - ഗതാഗതം
29. ജി.ഭാസ്‌കരൻ - ഖാദി
30. നിലോഫർ കബിൽ - തൊഴിൽ വകുപ്പ്
31. പി. ബാലകൃഷ്ണ റെഡ്ഡി - മൃഗസംരംക്ഷണ വകുപ്പ് 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP