Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു നിവേദനം നല്കി പളനിസ്വാമി; നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുമ്പ് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണം; ഭൂരിഭാഗം എംഎൽഎമാരും തന്നെ പിന്തുണയ്ക്കുന്നതായും അവകാശവാദം

മുഖ്യമന്ത്രിയാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു നിവേദനം നല്കി പളനിസ്വാമി; നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുമ്പ് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണം; ഭൂരിഭാഗം എംഎൽഎമാരും തന്നെ പിന്തുണയ്ക്കുന്നതായും അവകാശവാദം

ചെന്നൈ: ശശികല അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാ കക്ഷി നേതാവി തെരഞ്ഞെടുത്ത പൊതുമരാമത്തു വകുപ്പു മന്ത്രി എടപ്പാടി പളനിസ്വാമി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴ്‌നാട് ഗവർണർ വിദ്യാസാഗർ റാവുവിനെ കണ്ട്. 5.30ന് രാജ്ഭവനിലെത്തിയ പളനിസ്വാമി പത്തു മിനിട്ടു മാത്രമാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനു മുമ്പ് തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് പളനിസ്വാമി ഗവർണറോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്തുണയ്ക്കുന്ന എംഎൽഎമാർ ഒപ്പിട്ട കത്ത് പളനിസ്വാമി ഗവർണർക്കു കൈമാറിയിട്ടുണ്ട്.

12 അംഗ സംഘത്തിനൊപ്പമാണ് പളനിസ്വാമി രാജ്ഭവനിലെത്തിയത്. പത്തുമിനിട്ടിനകം കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ പളനിസ്വാമി പക്ഷേ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കാൻ തയാറായില്ല. 123 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചതായാണു സൂചന.

രാവിലെ സുപ്രീംകോടതി വിധി ഉണ്ടായതിനു പിന്നാലെയാണ് പളനിസ്വാമിയെ ശശികലപക്ഷം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇതിനു പിന്നാലെ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് പളനിസ്വാമി ഗവർണർക്കു കത്തയച്ചു. ഗവർണർ ക്ഷണിച്ചാലുടൻ പിന്തുണ തെളിയിക്കുന്ന കത്തുകൾ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഏകകണ്‌ഠേനയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പളനിസാമി അറിയിച്ചു. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ട്. ഗവർണറെക്കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും പളനിസാമി അറിയിച്ചു.

സുപ്രീം കോടതി നാല് വർഷത്തേക്ക് ശിക്ഷിക്കുകയും 10 കോടി രൂപ പിഴ ചുമത്തുകയും ചെയ്തതോടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ബംഗലൂരുവിലെ പരപ്പന അഗ്രഹാര കോടതിയിൽ കീഴടങ്ങേണ്ടി വരും. ജഡ്ജി അശ്വത് നാരായണന് മുമ്പാകെയാണ് ചിന്നമ്മ കീഴടങ്ങുക. കോടതിക്ക് മുന്നിൽ കീഴടങ്ങിയാൽ പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികലയെ മാറ്റും. എന്നാൽ കീഴടങ്ങാനുള്ള സമയം കൂട്ടിച്ചോദിക്കാനാണ് ശശികല ക്യാമ്പിന്റെ തീരുമാനം. സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നൽകുമെന്നും അണ്ണാഡിഎംകെ അറിയിച്ചു.

എംഎൽഎമാരെ പാർപ്പിച്ച ഗോൾഡൻ ബേ റിസോർട്ടിൽ സുപ്രീം കോടതി വിധിക്ക് മുമ്പായി എത്തിച്ചേർന്ന ശശികല തിരിച്ചടി നേരിട്ടതോടെ പൊട്ടിക്കരഞ്ഞു. റിസോർട്ട് വിടാതെ സ്ഥലത്ത് തന്നെ തങ്ങുന്ന ശശികലയും പ്രദേശത്തേക്ക് പിന്തുണ തേടിയെത്താനുള്ള പനീർശെൽവത്തിന്റെ നീക്കങ്ങളും സ്ഥലത്ത് സംഘർഷ സാധ്യതക്ക് കാരണമായി. ഇതോടെ കൂവത്തൂരിലെ റിസോർട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൻ പൊലീസ് സന്നാഹമാണ് റിസോർട്ട് പരിസരത്ത് തമ്പടിച്ചിരിക്കുന്നത്. ശശികല സ്വയം കീഴടങ്ങട്ടേയെന്നാണ് ബെംഗലൂരൂ പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാനില്ലെന്നും പൊലീസ് അറിയിച്ചു.

ശശികലയ്‌ക്കെതിരായ സുപ്രീംകോടതി വിധിക്കു പിന്നാലെ കാവൽ മുഖ്യമന്ത്രി പനീർസെൽവം എംഎൽഎമാരുടെ പിന്തുണ തേടി കൂവത്തൂരിലെത്തുമെന്ന സൂചനകൾക്കിടെയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പനീർസെൽവത്തിന്റെ യാത്ര സുരക്ഷാ കാരണങ്ങളാൽ പൊലീസ് വിലക്കിയതായും റിപ്പോർട്ടുണ്ട്. കൂവത്തൂരിലേക്ക് പുറപ്പെട്ട പനീർസെൽവത്തിന്റെ അനുയായികളെ വഴിക്ക് പൊലീസ് തടഞ്ഞു.

അതിനിടെ, മുഖ്യമന്ത്രി പദവി ഒഴിയില്ലെന്ന് പനീർസെൽവം സൂചന നൽകി. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശശികലയ്ക്ക് അധികാരമില്ലെന്നും പനീർസെൽവം വ്യക്തമാക്കി. ജയലളിതയുടെ സദ്ഭരണം മുടക്കമില്ലാതെ തുടരും. ധർമത്തിന്റെയും നീതിയുടെയും വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപെട്ടു. താൽക്കാലികമായുള്ള പ്രശ്‌നങ്ങൾ മറന്നുകളയണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീർസെൽവം എംഎൽഎമാർക്ക് തുറന്ന കത്തെഴുതി.

സഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മറ്റൊരു പാർട്ടിയുടെയും പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കും. പിന്തുണ നൽകിയ പ്രവർത്തകർക്കെല്ലാം നന്ദി. അമ്മയുടെ ആത്മാവ് നമ്മളെ വഴിനടത്തും. അമ്മയുടെ കാലടികളെ പിന്തുടരുമെന്നും പനീർസെൽവം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കരുതെന്ന് പ്രവർത്തകരോട് പനീർശെൽവം അഭ്യർത്ഥിച്ചു.

പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ടാണ് ശശികല പക്ഷം കോടതിയിൽ നിന്നേറ്റ തിരിച്ചടിയിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചത്. പനീർശെൽവം അടക്കം 19 പേരെയാണ് ശശികല പക്ഷം പുറത്താക്കിയത്. ഇതിൽ എട്ട് എംഎൽഎമാരും ഉൾപ്പെടും. കോടതിവിധിക്കു പിന്നാലെ ശശികല
ജയലളിതയുടെ അനന്തരവൻ ദീപക്ക് ജയകുമാറിനെ കൂവത്തൂരിലെ റിസോർട്ടിലേക്കു വിളിച്ചുവരുത്തി ചർച്ച നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP