Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാനകിയുടെ മുഖ്യമന്ത്രി സ്ഥാനം ഓർമിപ്പിക്കുന്നത് വിശ്വാസ വോട്ടിൽ വിജയിച്ചാലും ജനപിന്തുണയില്ലാത്ത പളനി സ്വാമിക്ക് കസേര ഒഴിയേണ്ടി വരുമെന്ന് തന്നെ; പ്രതിപക്ഷ പിന്തുണയോടെ അൽഭുതം പ്രതീക്ഷിച്ച് ഇപ്പോഴും പനീർശെൽവം; കൂടു തുറന്ന് വിടുമ്പോൾ എംഎൽഎമാർ എന്ത് നിലപാട് എടുക്കുമെന്ന് ആർക്കും ഒരു പിടിയുമില്ല; ഇന്നത്തെ തീരുമാനം എന്തായാലും അനിശ്ചിതത്വങ്ങൾക്ക് അന്ത്യമുണ്ടാവില്ല

ജാനകിയുടെ മുഖ്യമന്ത്രി സ്ഥാനം ഓർമിപ്പിക്കുന്നത് വിശ്വാസ വോട്ടിൽ വിജയിച്ചാലും ജനപിന്തുണയില്ലാത്ത പളനി സ്വാമിക്ക് കസേര ഒഴിയേണ്ടി വരുമെന്ന് തന്നെ; പ്രതിപക്ഷ പിന്തുണയോടെ അൽഭുതം പ്രതീക്ഷിച്ച് ഇപ്പോഴും പനീർശെൽവം; കൂടു തുറന്ന് വിടുമ്പോൾ എംഎൽഎമാർ എന്ത് നിലപാട് എടുക്കുമെന്ന് ആർക്കും ഒരു പിടിയുമില്ല; ഇന്നത്തെ തീരുമാനം എന്തായാലും അനിശ്ചിതത്വങ്ങൾക്ക് അന്ത്യമുണ്ടാവില്ല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ : എംജിആറിന്റെ മരണ ശേഷം ഭാര്യ ജാനകി തമിഴ്‌നാട് മുഖ്യമന്ത്രിയായി. ജയലളിതയെ ചവിട്ട് പുറത്താക്കിയായിരുന്നു ഇത്. എന്നാൽ ജനം ജയലളിതയ്‌ക്കൊപ്പവും. പിന്നീട് തമിഴ്‌നാട് രാഷ്ട്രീയം അമ്മയിലേക്ക് ചുരുങ്ങി. തീർത്തും അപ്രതീക്ഷിതമായി ജയലളിത വിടവാങ്ങി. അപ്പോൾ പഴയ നാടകം ആവർത്തിക്കുന്നു. മുഖ്യമന്ത്രിയാകാൻ കൊതിച്ച ശശികല ഇപ്പോൾ അഴിക്കുള്ളിലാണ്. ജയലളിത ഒന്നാം പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അകത്തായത്. ജയലളിത ജീവിച്ചിരുന്നുവെങ്കിൽ അവരും ജയിലിനുള്ളിലാകുമായിരുന്നു. എന്നാൽ വിയോഗത്തോടെ അത് ഒഴിവായി. അമ്മ കളമൊഴിഞ്ഞത് അണ്ണാ ഡിഎംകെയിൽ  പുതിയ സമവാക്യമുണ്ടാക്കി. തീർത്തും അപ്രതീക്ഷിതമായി പനീർശെൽവം ശശികകയെ വെല്ലുവിളിച്ചു. അങ്ങനെ മുഖ്യമന്ത്രി പദത്തെ ചൊല്ലി തർക്കം ഉണ്ടായി. ഒടുവിൽ വിശ്വസ്തനായ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ ശശികല തീരുമാനിച്ചു.

എംഎൽഎമാരെല്ലാം തടവിലാണ്. ഇവരുടെ വോട്ടിൽ വിശ്വാസം അർപ്പിച്ചാണ് പളനി സ്വാമി ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് നേടുന്നത്. എന്നാൽ തമിഴ്‌നാട്ടിലെ ജനങ്ങൾ പനീർശെൽവത്തിന് ഒപ്പമാണ്. ജയയുടെ വിശ്വസ്തയാണ് ശശികലയെന്ന് അവർ അവകാശപ്പെടുമ്പോഴും ജന മനസ്സുകൾ അങ്ങനെ കരുതുന്നില്ല. ശശികലയാണ് ജയയെ ചതിച്ചതെന്ന് പോലും കരുതുന്നു. അമ്മയുടെ പേരിൽ കലാപത്തിന് പുറപ്പെട്ട പനീർശെൽവത്തിന് പിന്നിൽ ജനം അണിനിരന്നു. അതുകൊണ്ട് തന്നെ ജനപിന്തു പനീർശെൽവത്തിനാണ്. പളനിസ്വാമി മുഖ്യമന്ത്രിയായാലും ജനവികാരം അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ നിന്ന് ഒരു നാൾ ഇറക്കിവിടും. അങ്ങനെ വരുമ്പോൾ അണ്ണാ ഡിഎംകെയുടെ നേതാവായി പനീർശെൽവം മാറുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇന്ന് നിയമസഭയിൽ പളനി സ്വാമി ഭൂരിപക്ഷം തെളിയിക്കുമെന്നാണ് ഏവരും കരുതുന്നത്. എന്നാൽ കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർ പളനിസ്വാമി കൈവിടുമെന്ന് ഇപ്പോഴും പനീർശെൽവം കരുതുന്നു.

അതുകൊണ്ടാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ നിർണായകമായ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ, പളനിസാമിക്കെതിരെ വോട്ടുചെയ്യാൻ പനീർശെൽവം അണ്ണാ ഡിഎംകെ എംഎൽഎമാരോട് ആവശ്യപ്പെട്ടുന്നത്. പളനിസാമിയെ പുറത്താക്കി ജയലളിതയുടെ താൽപര്യം സംരക്ഷിക്കണമെന്നാണ് ആഹ്വാനം. വോട്ടു രേഖപ്പെടുത്തും മുൻപ് ശരിക്കു ചിന്തിക്കുക. സമ്മർദ്ദത്തിന് അടിപ്പെടരുത്. കുടുംബവാഴ്ച തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർവാത്മനാ ശ്രമിച്ചയാളാണ് അമ്മ. അവസാനം വരെയും ഈ നിലപാടു പുലർത്തിയായിരുന്നു അമ്മയുടെ പ്രവർത്തനമെന്നും പനീർശെൽവം അണ്ണാഡിഎംകെ എംഎൽഎമാരെ ഓർമിപ്പിച്ചു. അതേസമയം, പളനിസാമി സർക്കാരിനെതിരെ വോട്ടുചെയ്യാൻ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയും തീരുമാനിച്ചു. പാർട്ടി വർക്കിങ് ചെയർമാൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ വൈകിട്ട് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് പളനിസാമി സർക്കാരിനെതിരെ വോട്ടു ചെയ്യാൻ തീരുമാനിച്ചത്. ഫലത്തിൽ, പനീർശെൽവം വിഭാഗത്തിനു കരുത്തുപകരുന്നതാണ് ഡിഎംകെയുെട തീരുമാനം. നിയമസഭയിൽ 98 എംഎൽഎമാരാണ് ഡിഎംകെ സഖ്യത്തിനുള്ളത്.

ഏതായാലും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി ഇന്നു രാവിലെ 11നു നിയമസഭയിൽ വിശ്വാസ വോട്ട് തേടും. 234 അംഗ സഭയിൽ 123 പേരുടെ പിന്തുണയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഗവർണർ 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടും, റിസോർട്ടിൽ പാർപ്പിച്ചിട്ടുള്ള എംഎൽഎമാർ മറുപക്ഷത്തേക്കു പോകാനുള്ള സാധ്യത കണക്കിലെടുത്താണു പെട്ടെന്നു വിശ്വാസ വോട്ട് തേടാൻ സർക്കാർ തീരുമാനിച്ചത്. വിശ്വാസവോട്ടിനെ എതിർക്കുമെന്ന് ഒരു എംഎൽഎ കൂടി വെളിപ്പെടുത്തിയതോടെ പനീർശെൽവം പക്ഷത്തു 11 പേരായി. മൈലാപൂർ എംഎൽഎയും മുൻ ഡിജിപിയുമായ ആർ.നടരാജ് വിശ്വാസപ്രമേയത്തെ എതിർത്തു വോട്ട് ചെയ്യുമെന്ന് ഇന്നലെ രാവിലെ നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇദ്ദേഹം റിസോർട്ടിലായിരുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ പക്ഷത്തെ എംഎൽഎമാരും കൂവത്തൂരിലെ റിസോർട്ടിൽ തന്നെ തങ്ങുകയാണ്. എട്ടുപേർ കൂടി ഒപ്പമെത്തിയാലേ പനീർശെൽവത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. പ്രതിപക്ഷം മുഴുവൻ വിശ്വാസ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്യുകയും വേണം.

ഇപ്പോഴുള്ള സർക്കാർ താൽക്കാലികമാണെന്നും ഉടൻ തന്നെ തിരഞ്ഞെടുപ്പിനു തയാറാകണമെന്നും സ്റ്റാലിൻ കഴിഞ്ഞ ദിവസം പ്രവർത്തകരോട് പറഞ്ഞിരുന്നു. നിലവിൽ പതിനൊന്ന് എംഎൽഎമാരുടെ പിന്തുണയാണ് പ്രത്യക്ഷത്തിൽ പനീർശെൽവത്തിനുള്ളത്. പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയ്ക്ക് 89 സീറ്റുകളും. ഡിഎംകെയുടെ നിലപാടിനൊപ്പം നിൽക്കാൻ എട്ട് എംഎൽഎമാർക്ക് കോൺഗ്രസും വിപ്പ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ കണക്കുകൂട്ടലും പനീർശെൽവത്തിന്റെ മോഹവും വിജയിച്ചാൽ ഇന്ന് തന്നെ പളനിസ്വാമി പുറത്താകും. അങ്ങനെ സംഭവിച്ചില്ലെങ്കിലും അണ്ണാ ഡിഎംകെ അണികളുടെ മനസ്സ് ശശികലയുടെ വിശ്വസ്തനൊപ്പം എത്തില്ലെന്ന് തന്നെയാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇന്നത്തെ വിശ്വാസ വോട്ടെടുപ്പും തമിഴ്‌നാട്ടിലെ അനിശ്ചിതത്വം അവസാനിപ്പിക്കില്ല

തമിഴ്‌നാട് നിയമസഭയിലെ കക്ഷിനില

ആകെ സീറ്റുകൾ234
ഭൂരിപക്ഷം നേടാൻ ആവശ്യമായ സീറ്റുകൾ117
ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ജയ മത്സരിച്ച ആർ.കെ. നഗർ
അണ്ണാ ഡിഎംകെ എംഎൽഎമാർ 135 (സ്പീക്കർ ഉൾപ്പെടെ)
ശശികല വിഭാഗം123 (സ്പീക്കർ ഒഴിച്ച്)
ഒപിഎസ് വിഭാഗം11
ഡിഎംകെ എംഎൽഎമാർ 89
കോൺഗ്രസ്8
ഐയുഎംഎൽ1

പനീർശെൽവത്തിനും വിപ്പ് നൽകി പളനിസ്വാമി

വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയും അംഗങ്ങൾക്കു വിപ്പ് കൊടുത്തു. പാർട്ടിയിൽനിന്നു പുറത്താണെങ്കിലും അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായാണു ജയിച്ചതെന്നതിനാൽ പനീർശെൽവത്തിനും ഇതു ബാധകമാണ്. ലംഘിക്കുന്നവർ അയോഗ്യത നേരിടേണ്ടി വരും. അണ്ണാ ഡിഎംകെയിൽ പിളർപ്പുണ്ടായ 1988ലാണ് ഇതിനു മുൻപു തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎൽഎമാരെ സ്പീക്കർ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാൽ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സർക്കാരിനെ പിരിച്ചുവിട്ടു. അതിനിടെ പനീർശെൽവം പക്ഷം സ്പീക്കർ പി. ധനപാലിനെ സന്ദർശിച്ച് വിശ്വാസ വോട്ടെടുപ്പിനു രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തൽ. ധനപാൽ ഇതുവരെ പരസ്യനിലപാടൊന്നും എടുത്തിട്ടില്ല. ശശികല പക്ഷത്തോട് അനുകൂല നിലപാട് എടുക്കാനാണു സാധ്യത.

കോൺഗ്രസ് ഡിഎംകെയോടൊപ്പം നിൽക്കുകയും ഇവർ പനീർശെൽവവുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കുകയും ചെയ്താൽ പളനിസാമി വിഭാഗം സമ്മർദത്തിലാകും. അതിനു പളനിസാമി വിഭാഗത്തിൽനിന്ന് എട്ട് എംഎൽഎമാർകൂടി പനീർശെൽവം ക്യാംപിലെത്തണം. അപ്പോൾ എംഎൽഎമാർ കൂറുമാറ്റനിയമത്തിനു കീഴിൽ വരുമോ? നിയമത്തിനു കീഴിൽവരുമെങ്കിലും സർക്കാർ മാറുന്നതോടെ കാര്യങ്ങളും മാറും. പുതിയ സ്പീക്കർവരും. പിന്നെ നടപടികൾ ഉണ്ടാകാൻ സാധ്യതയില്ല.

പളനിസ്വാമിയെ പുറത്താക്കി പനീർശെൽവം

അണ്ണാ ഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി ശശികല, ടി.ടി.വി. ദിനകരൻ, വെങ്കിടേഷ് എന്നിവർക്കുപുറമെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പാർട്ടിയിൽനിന്നു പുറത്താക്കിയതായി പനീർശെൽവം വിഭാഗത്തിന്റെ പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ.മധുസൂദനൻ അറിയിച്ചു. ശശികല നിയമിച്ച അവരുടെ ബന്ധുകൂടിയായ ടി.ടി.വി. ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്.

നേരത്തെ, ശശികല ഉൾപ്പെടെയുള്ളവരെ പുറത്താക്കിയെന്നു ചൂണ്ടിക്കാട്ടി ഇ.മധുസൂദനൻ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയേയും പുറത്താക്കിയത്. പളനിസാമിക്കു പുറമെ, 13 ജില്ലാ സെക്രട്ടറിമാരെയും പുറത്താക്കിയതായി മധുസൂദനൻ അറിയിച്ചു. പളനിസാമിയുടെ സ്വദേശമായ സേലത്തുനിന്നുള്ള ജില്ലാ സെക്രട്ടറിയും പുറത്താക്കപ്പെട്ടവരിൽ പെടുന്നു. പനീർശെൽവത്തിനു പിന്തുണ നൽകിയതിനെ തുടർന്ന് ശശികല, മധുസൂദനനെ പ്രിസീഡിയം ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. ശശികല പക്ഷക്കാരനും പളനിസാമി മന്ത്രിസഭയിൽ സ്‌കൂൾ വിദ്യാഭ്യാസമന്ത്രിയുമായ സെങ്കോട്ടയ്യനാണ് പകരം ചുമതല നൽകിയത്.

അതേസമയം, അണ്ണാ ഡിഎംകെ ഭരണഘടനപ്രകാരം അഞ്ചു വർഷം തുടർച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാൾക്കു മാത്രമേ പാർട്ടി ജനറൽ സെക്രട്ടറിയാകാൻ കഴിയൂവെന്ന് ചൂണ്ടിക്കാട്ടി പനീർശെൽവം വിഭാഗം രംഗത്തെത്തി. ഇതിനു വിരുദ്ധമായാണ് ശശികല തൽസ്ഥാനത്തെത്തിയതെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

തന്നെ നോക്കി ചിരിക്കരുതെന്നു പളനിസാമിക്ക്  സ്റ്റാലിന്റെ 'ഉപദേശം'

തന്നെ നോക്കി ചിരിക്കരുതെന്നു തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ 'ഉപദേശം'. മുൻ മുഖ്യമന്ത്രിയായിരുന്ന ഒ. പനീർശെൽവത്തെ സ്ഥാനത്തുനിന്നു നീക്കുന്നതിനായി പറഞ്ഞ കാരണങ്ങളിലൊന്നു നിയമസഭയിൽവച്ച് സ്റ്റാലിനെ നോക്കി ചിരിച്ചെന്നതായിരുന്നു. ഇതാണ് സ്റ്റാലിന്റെ 'ഉപദേശ'ത്തിനു പിന്നിൽ.

ജയലളിത പലതവണ തന്നെ ചിരിച്ചു കാണിക്കുകയും ഉപചാരപൂർവം സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കിയ സ്റ്റാലിൻ, ഇതുസംബന്ധിച്ച് ജയലളിതയെ ശശികല ചോദ്യം ചെയ്തിട്ടുണ്ടോയെന്നും അന്നു ചോദിച്ചിരുന്നു. രാഷ്ട്രീയ മര്യാദയുടെ ഭാഗമാണു ചിരിച്ചു കാണിക്കുന്നത്. ചിരിക്കുന്നത് ആക്ഷേപകരമായ കാര്യമല്ല. ഇത്തരത്തിൽ പറയുന്നതാണ് അപകീർത്തികരം. ഇപ്പോൾ സംഭവിച്ച കാര്യങ്ങൾ കണ്ട് ജനങ്ങൾ ചിരിക്കുമ്പോൾ ശശികലയ്ക്ക് എന്താണു പറയാനുള്ളതെന്നും സ്റ്റാലിൻ ചോദിച്ചിരുന്നു.

അതേസമയം, മനുഷ്യരെ മൃഗങ്ങളിൽനിന്നു വേർതിരിക്കുന്ന ഗുണങ്ങളിൽ ഒന്നാണ് മറ്റൊരു മനുഷ്യനെ കാണുമ്പോൾ ചിരിച്ചു കാണിക്കുന്നതെന്നായിരുന്നു വിവാദങ്ങളോടുള്ള പനീർശെൽവത്തിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP