Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്മനത്തിന്റെ വഴിയേ വീണ്ടും കേരളത്തിൽ നിന്നൊരാൾ; പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണറാകും; തീരുമാനം അടുത്ത മാസം ബിജെപി അദ്ധ്യക്ഷ പദവിയിൽ ശ്രീധരൻ പിള്ളയുടെ കാലാവധി അവസാനിക്കാനിരിക്കെ; എല്ലാം നല്ലതിനാണെന്നും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും പ്രതികരണം; സ്ഥാനചലനം ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപി പരാജയത്തിന് പിന്നാലെ; ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായി മാറ്റി; ഗിരീഷ് ചന്ദ്ര മുർമു പുതിയ ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ

കുമ്മനത്തിന്റെ വഴിയേ വീണ്ടും കേരളത്തിൽ നിന്നൊരാൾ; പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണറാകും; തീരുമാനം അടുത്ത മാസം ബിജെപി അദ്ധ്യക്ഷ പദവിയിൽ ശ്രീധരൻ പിള്ളയുടെ കാലാവധി അവസാനിക്കാനിരിക്കെ; എല്ലാം നല്ലതിനാണെന്നും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും പ്രതികരണം; സ്ഥാനചലനം ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപി പരാജയത്തിന് പിന്നാലെ; ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായി മാറ്റി; ഗിരീഷ് ചന്ദ്ര മുർമു പുതിയ ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി കേരള അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണറാകും. രാഷ്ട്രപതി ഇറക്കിയ വിജ്ഞാപനത്തിലെ പുതിയ ഗവർണർമാരുടെ പട്ടികയിലാണ് ശ്രീധരൻ പിള്ളയുടെ പേരുള്ളത്. നേരത്തെ കുമ്മനം രാജശേഖരൻ വഹിച്ചിരുന്ന ഗവർണർ പദവിയിലേക്കാണ് ശ്രീധരൻ പിള്ള എത്തുന്നത്. ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായി മാറ്റി നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമുവാണ് പുതിയ ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ. രാധാകൃഷ്ണ മാഥൂർ ലഡാക്കിലെ ലഫ്റ്റനനന്റ് ഗവർണറാകും.

ബിജെപി സംസ്ഥാന പി.എസ്.ശ്രീധരൻ പിള്ളയുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. ബിജെപി അദ്ധ്യക്ഷനായിരിക്കെ മിസോറാം ഗവർണറാകുന്ന രണ്ടാമത്തെ നേതാവാണ് ശ്രീധരൻ പിള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സഥാനാർഥിയാവാൻ വേണ്ടിയാണ് കുമ്മനം മിസോറാം ഗവർണർ പദവി ഒഴിഞ്ഞത്. പുതിയ പ്രഖ്യാപനത്തോടെ പുതിയ അദ്ധ്യക്ഷൻ ആരായിരിക്കുമെന്ന അഭ്യൂഹങ്ങളും ഏറിയിരിക്കുകയാണ്.

ഗവർണർ പദവിയിൽ തനിക്ക് സക്രിയമായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഒന്നിലും അന്ധമായി ആഹ്ലാദിക്കുകയോ, വേദനിക്കുകയോ ചെയ്യുന്ന ആളല്ല. മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകും. എല്ലാം നല്ലതിനാണെന്ന് കരുതുന്നു. പാർട്ടിയിലെ സ്ഥാനമാനങ്ങൾക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ ഇന്നുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഗവർണറാകുന്നത് സംബന്ധിച്ച ശുപാർശ നേരത്തെയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ശ്രമവും നടത്തിയിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. പ്രധാനമന്ത്രി നാലു ദിവസം മുമ്പ് വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. മിസോറം ഗവർണർ സ്ഥാനത്ത് മലയാളികൾ മുമ്പും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകൾ ഗവർണർ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരചയസമ്പന്നനല്ല എന്നുമാത്രമെന്നും അദ്ദേഹം പറഞ്ഞു. മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻ പിള്ള. 2011 - 14 കാലത്ത് വക്കം പുരുഷോത്തമനും 2018 - 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവർണറായിരുന്നു

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനമെന്നത് ശ്രദ്ധേയമാണ്. നേരത്തെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കുമ്മന രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചത്. മുതിർന്ന നേതാക്കളെ മാറ്റുമ്പോൾ അർഹമായ പദവി നൽകുക എന്ന കീഴ് വഴക്കമാണ് ബിജെപി പിന്തുടരുന്നത്. കുമ്മനം ഗവർണറായെങ്കിലും പാർട്ടിയുടെയും ആർഎസ്എസിന്റെയും സമ്മർദ്ദത്തിന് വഴങ്ങി വീണ്ടും സക്രിയ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയായിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്നു ശ്രീധരൻ പിള്ള. ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് അദ്ദേഹം ബിജെപി സ്ംസ്ഥാന അദ്ധ്യക്ഷനാകുന്നത്.

ഒരുതരത്തിൽ ശ്രീധരൻ പിള്ളയ്ക്ക് ഇതുനാടുകടത്തലാണ്. സംസ്ഥാന
അദ്ധ്യക്ഷനെന്ന നിലയിൽ മഞ്ചേശ്വരത്ത് ഒഴികെ മറ്റ് നാലിടത്തും പാർട്ടിക്ക് വോട്ട് കുറഞ്ഞതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ശ്രീധരൻ പിള്ളയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല. ലോക്സഭാ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണ്ണയങ്ങളിലും ശ്രീധരൻ പിള്ളയ്ക്ക് ഭിന്നസ്വരമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലും ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും മറ്റുനേതാക്കളുടെ എതിർപ്പിനെ തുടർന്ന് കേന്ദ്ര നേതൃത്വം ഒഴിവാക്കുകയായിരുന്നു. ശബരിമല വിഷയം കത്തിനിന്നപ്പോഴും ശ്രീധരൻ പിള്ളയും കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. സമരം ശബരിമലയിൽ നിന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയതിൽ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. ശബരിമലയിൽ ബിജെപി അജണ്ട നടപ്പായി എന്ന മട്ടിൽ യുവമോർച്ച സമ്മേളനത്തിൽ ശ്രീധരൻ പിള്ള നടത്തിയ പ്രസംഗവും വിവാദമായി.

ശ്രീധരൻപിള്ള പാർട്ടി അധ്യക്ഷനായി നിയമിതനായതിനുശേഷം എൻ.ഡി.എ എന്ന മുന്നണി സംവിധാനം കേരളത്തിൽ പച്ചപിടിച്ചില്ല. ബി.ഡി.ജെ.എസ് എൻ.ഡി.എയുമായി അകന്നത് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുന്നണിയിലേക്ക് വന്ന പി.സി.ജോർജ്ജ് ഉപതെരഞ്ഞെടുപ്പോടുകൂടി ബിജെപിക്കെതിരെ തിരിഞ്ഞതും ശ്രീധരൻപിള്ളയ്ക്ക് തിരിച്ചടിയായി. എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകൾ ബിജെപിയോട് അകലം പാലിച്ചതും തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തിരിഞ്ഞുകുത്തി. ഇതെല്ലാമാണ് കേന്ദ്ര നേതൃത്വത്തെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP