Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈദരാബാദിൽനിന്നും ബീഹാറിലെത്തിയ ഒവൈസിക്ക് മുസ്ലിം ജനതയ്ക്കിടയിൽ വൻ സ്വീകാര്യത; ലക്ഷ്യമിടുന്നത് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒറ്റ പാർട്ടി; കരുതലോടെ കരുനീക്കി മുസ്ലിം ലീഗും; ബീഹാറിലെ ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷയും ഒവൈസിയുടെ സ്വാധീനം തന്നെ

ഹൈദരാബാദിൽനിന്നും ബീഹാറിലെത്തിയ ഒവൈസിക്ക് മുസ്ലിം ജനതയ്ക്കിടയിൽ വൻ സ്വീകാര്യത; ലക്ഷ്യമിടുന്നത് ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഒറ്റ പാർട്ടി; കരുതലോടെ കരുനീക്കി മുസ്ലിം ലീഗും; ബീഹാറിലെ ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷയും ഒവൈസിയുടെ സ്വാധീനം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ജാതിയാണ് ബീഹാർ രാഷ്ട്രീയത്തിന്റെ കാതൽ. യാദവന്മാർ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയെയും കുർമികൾ നിതീഷ് കുമാറിന്റെ ഐക്യ ജനതാദളിനെയും സവർണർ ബിജെപിയെയും പിന്തുണയ്ക്കുന്നത് അതുകൊണ്ടാണ്. മാഞ്ചികൾ ജിതൻ റാം മാഞ്ചിയെയും പാസ്വാന്മാർ രാം വിലാസ് പാസ്വാനെയും നേതാവായി കാണുന്നതും അതുകൊണ്ടുതന്നെ-കിഷൻഗഞ്ജിൽ തന്നെ കേൾക്കാനെത്തിയിരിക്കുന്ന ആയിരങ്ങളെ ലക്ഷ്യമിട്ട് അസസുദീൻ ഒവൈസി ഇത് പറയുമ്പോൾ അദ്ദേഹം ലക്ഷ്യമിടുന്നത് ഒന്നേയുള്ളൂ. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഒറ്റപ്പാർട്ടി.

ഹൈദരാബാദിൽനിന്നുള്ള എംപിയായ ഒവൈസിക്ക് ബീഹാറിലെ മുസ്ലീങ്ങൾക്കിടയിൽ ഇതിനകം വൻ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. യു.പി.യിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി ഒവൈസിയുടെ അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദൂൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) വരവറിയിച്ചുകഴിഞ്ഞു. ബീഹാറിൽ ഒവൈസിക്ക് ലഭിക്കുന്ന സ്വീകരണത്തെ എം.ഐ.എമ്മിന് മുസ്ലീങ്ങൾക്കിടയിൽ കിട്ടുന്ന പ്രചാരമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങൾക്കെല്ലാം ഒരു രാഷ്ട്രീയ കക്ഷിയെന്നതാണ് ഒവൈസി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. എ.ഐ.എം.ഐ.എമ്മാണ് ആ കക്ഷി. മജ്‌ലിസെ ഇത്തിഹാദൂൽ മുസ്ലിമീൻ മാത്രമാണ് ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയെന്ന് അദ്ദേഹം പറയുന്നു. മതേതരം എന്ന് അവകാശപ്പെടുന്ന പാർട്ടികളുടെ പ്രീണനത്തിൽനിന്ന് സമുദായത്തെ രക്ഷിക്കുകയാണ് ഒവൈസിയുടെ ലക്ഷ്യം. കാവിപ്പാർട്ടിയിൽനിന്നും മതേതര പാർട്ടികളിൽനിന്നും സമദൂരം പാലിക്കുന്നതാകും തന്റെ പാർട്ടിയെന്ന് ഒവൈസി കരുതുന്നു

ബീഹാറിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ ആറു സീറ്റുകളിൽ എം.ഐ.എം മത്സരിക്കുന്നുണ്ട്. എം.ഐ.എമ്മിന്റെ വരവിനെ പ്രതീക്ഷയോടെ കാണുന്നത് ബിജെപിയാണ്. മുസ്ലിം വോട്ടുകൾ ഭിന്നിച്ച് പോകുന്നത് തടയാൻ ഒവൈസിയുടെ സാന്നിധ്യത്തിനാകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. മുസ്ലീങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുസ്ലിം ലീഗാണ് ഒവൈസിയുടെ വരവിന് കരുതലോടെ കാണുന്നത്. മുന്നണി സംവിധാനത്തിൽ കോൺഗ്രസ്സിനൊപ്പം നിൽക്കുന്ന ലീഗിന് സമുദായ താത്പര്യങ്ങൾ സംരക്ഷിക്കാനാവുന്നില്ലെന്ന ആരോപണം നേരത്തെ മുതൽക്കുണ്ട്. ആ നിലയ്ക്ക് എം.ഐ.എമ്മിന്റെ ഒറ്റപ്പാർട്ടി നയത്തെ ലീഗ് അൽപം ആശങ്കയോടെയാണ് കാണുന്നത്.

2004 മുതൽ ഹൈദരാബാദ് മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്യുന്ന ഒവൈസി ഇന്ത്യയിലെ മുസ്ലിം യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവാണ്. 2014-ലെ തിരഞ്ഞെടുപ്പിൽ രണ്ടുലക്ഷത്തിലേറെ വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പല പരാമർശങ്ങളും വിവാദം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, മുസ്ലിം സമൂഹം അദ്ദേഹത്തെ ആരാധനയോടെയാണ് കാണുന്നത്. ബീഹാറിൽ 39 മുതൽ 43വരെ ശതമാനം മുസ്ലിം വോട്ടുകളുള്ള 24 നിയമസഭാ മണ്ഡലങ്ങളിലാണ് എം.ഐ.എം. സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലിം വോട്ടർമാരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ബിഹാർ. ഒന്നാമത്തേത് ഉത്തർപ്രദേശ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നും ഒരൊറ്റ മുസ്ലിംപോലും പാർലമെന്റിലെത്തിയില്ല.
കഴിഞ്ഞ മഹാരാഷ്ട്ര അസംബഌ തെരഞ്ഞെടുപ്പിലും ഒവൈസി 24 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. രണ്ടു സീറ്റുകളിൽ ജയിച്ചു. രണ്ടു സീറ്റുകളിൽ രണ്ടാംസ്ഥാനത്തുവന്നു; എട്ടു സീറ്റുകളിൽ മൂന്നാംസ്ഥാനത്തും.

മഹാരാഷ്ട്രയിൽ ഒരു പിൻബലവുമില്ലാതെയാണ് ഒവൈസി സ്ഥാനാർത്ഥികളെ നിർത്തിയത്. രണ്ടുപേർ ജയിക്കുകയും മറ്റുള്ളവർക്ക് നല്ല വോട്ടുകൾ ലഭിക്കുകയും ചെയ്തപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടു. ബീഹാറിലും മതാടിസ്ഥാനത്തിലുള്ള ഒരു ധ്രുവീകരണത്തിലാണ് ഒവൈസിയും ഊന്നുന്നത്. ഇംഗഌഷിലും ഉറുദുവിലും ഹിന്ദിയിലും തീപ്പൊരിപ്രസംഗങ്ങൾ നടത്തുന്ന ഒവൈസി അവകാശപ്പെടുന്നത് താൻ ഇന്ത്യൻ മുസ്ലിങ്ങളുടെ ശബ്ദമാണെന്നാണ്. ബിജെപി. കേന്ദ്രത്തിൽ അധികാരത്തിൽവന്നശേഷം മുസ്ലിങ്ങളിലുണ്ടായിട്ടുള്ള ആശങ്കയാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ചില ബിജെപി. നേതാക്കളുടെ തീവ്രഹിന്ദുത്വസമീപനങ്ങൾ മുസ്ലിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഹിന്ദുക്കളെ രാം കാ ബച്ചാ എന്നും മറ്റുള്ളവരെ ഹറാം കാ ബച്ചാ എന്നും വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ പോകട്ടെ എന്നുവരെയുള്ള ചില പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ ഒവൈസി ചൂണ്ടിക്കാട്ടുന്നു.

ലണ്ടിനിൽ നിന്ന് ബാരിസ്റ്റർ ബിരുദം നേടിയിട്ടുള്ള ഈ നാൽപ്പത്തിയാറുകാരൻ ലക്ഷ്യമിടുന്നത് മുസ്ലിം യുവാക്കളെയാണ്. നഗരങ്ങളിലെ 13 ശതമാനത്തോളം മുസ്ലിം യുവാക്കൾ തൊഴിൽരഹിതരാണെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്ക് ആനുപാതികമായുള്ള അംഗസംഖ്യ നിയമസഭകളിലോ പാർലമെന്റിലോ ഇല്ലെന്നുകാണിക്കാൻ അദ്ദേഹം സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിക്കുന്നു.

മതേതരപാർട്ടികൾ മുസ്ലിങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതുകൊണ്ടാണ് ഒരു മുസ്ലിം പാർട്ടിയായ എം.ഐ.എമ്മിനെ ജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നത്. ''മുസ്ലിമിനെ പ്രതിനിധീകരിക്കേണ്ടത് മുസ്ലിമാണ്'' ഒവൈസിയുടെ പ്രസംഗങ്ങളിൽ ഈ ശബ്ദം ഉയർന്നുകേൾക്കാം. ബീഹാറിലെ പരീക്ഷണം വിജയിച്ചാൽ കേരളത്തിലേക്കും ഒവൈസി കണ്ണെറിയാം. മുസ്ലിം രാഷ്ട്രീയത്തിന് ഏറ്റവും പ്രസക്തിയുള്ള കേരളത്തിലേക്കുള്ള ഒവൈസിയുടെ വരവിനെ കരുതലോടെ തന്നെ മുസ്ലിം ലീഗും കാണും.

ഹൈദരാബാദിൽ നിന്ന് ബീഹാറിലെത്തി അൽഭുതം കാട്ടാനായാൽ അത് കേരളത്തിലെ മുസ്ലിം സമൂഹത്തേയും സ്വാധീനിക്കും. അതുകൊണ്ട് തന്നെ കോട്ടകളിൽ വിള്ളലുണ്ടാകാതിരിക്കാൻ കരുതലോടെ മുസ്ലിം ലീഗും നീങ്ങും. എം.ഐ.എം. പാർട്ടി ഒരു കൊച്ചുകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള പാർട്ടിയാണ്. നേരത്തേ ഓവൈസിയുടെ പിതാവായിരുന്നു പാർട്ടിയുടെ പരമോന്നതനേതാവ്. ഇപ്പോൾ അസദുദ്ദീൻ കഴിഞ്ഞാൽ അടുത്ത നേതാവ് അദ്ദേഹത്തിന്റെ സഹോദരനായ അക്‌ബറുദ്ദീനാണ്. മതവിദ്വേഷം സൃഷ്ടിക്കുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ അക്‌ബറുദ്ദീന് കുറച്ചുകാലം ജയിലിൽക്കഴിയേണ്ടിവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP