Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞു പെയ്യുന്ന ശ്രീനഗറിൽ ഭാരത് ജോഡോ യാത്രക്ക് സമാപനം; മരംകോച്ചുന്ന തണുപ്പിനെയും വകവെക്കാതെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു 11 പ്രതിപക്ഷ പാർട്ടി നേതാക്കൾ; യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു; യാത്രക്ക് ലഭിച്ച ജനപിന്തുണ കണ്ണു നനയിക്കുന്നതെന്ന് രാഹുൽ ഗാന്ധി; രാജ്യം മുഴുവൻ ഈ പ്രകാശം വ്യാപിക്കുമെന്നും വെറുപ്പും വിദ്വേഷവും ഇല്ലാതാകുമെന്നും പ്രിയങ്കയും

മഞ്ഞു പെയ്യുന്ന ശ്രീനഗറിൽ ഭാരത് ജോഡോ യാത്രക്ക് സമാപനം; മരംകോച്ചുന്ന തണുപ്പിനെയും വകവെക്കാതെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു 11 പ്രതിപക്ഷ പാർട്ടി നേതാക്കൾ; യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു; യാത്രക്ക് ലഭിച്ച ജനപിന്തുണ കണ്ണു നനയിക്കുന്നതെന്ന് രാഹുൽ ഗാന്ധി; രാജ്യം മുഴുവൻ ഈ പ്രകാശം വ്യാപിക്കുമെന്നും വെറുപ്പും വിദ്വേഷവും ഇല്ലാതാകുമെന്നും പ്രിയങ്കയും

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: രാഹുൽ ഗാന്ധി നയിച്ച ഭാരത്ജോഡോ യാത്രക്ക് കാശ്മീരിൽ സമാപനം. കാലാവസ്ഥ ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു. സമാപന സമ്മേളനം നിശ്ചയിച്ചിരുന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിൽ ആണെങ്കിലും നേതാക്കൾ എല്ലാവരും യോഗത്തിന് എത്തിയിരുന്നു.

മഞ്ഞു പെയ്യുന്ന വേളയിൽ തന്നെയാണ് രാഹുൽ ഗാന്ധി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തതും. യാത്രയിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു. യാത്രക്ക് ലഭിച്ച ജനപിന്തുണ കണ്ണു നനയിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കാശ്മീർ ജനത ഗ്രനേഡല്ല സ്നേഹമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വികാരാധീരനായ വാക്കുകളോടെയാണ് രാഹുൽ പ്രസംഗിച്ചത്. തനിക്ക് യാത്രയിൽ ഉടനീളം ലഭിച്ച പിന്തുണയെ കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന യോഗത്തിൽ പങ്കെടുത്തു. പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തിൽ പറഞ്ഞു. ഡിഎംകെ, ജാർഖണ്ഡ് മുക്തിമോർച്ച, ബിഎസ്‌പി, നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഐ, ആർഎസ്‌പി, വിടുതലെ ചിരുതൈ കട്ച്ചി, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളാണ് സമാപനസമ്മേളനത്തിൽ പങ്കെടുത്തത്. സിപിഎം, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ വിട്ടു നിന്നു.

രാജ്യം മുഴുവൻ ഭാരത് ജോഡോ യാത്രയുടെ പ്രകാശം വ്യാപിക്കും. രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാൻ സാധിക്കും. രാജ്യത്ത് ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഭാരത് ജോഡോ യാത്ര ആത്മീയ യാത്രയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് മൗനം ആചരിച്ചാണ് സമാപന ചടങ്ങ് തുടങ്ങിയത്. തുടർന്ന് സംസാരിച്ച കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി ചരിത്രം സൃഷ്ടിച്ചുവെന്ന് പറഞ്ഞു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നുവെന്ന രാഹുലിന്റെ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധിയെ ഷോൾ അണിയിച്ച് ആദരിച്ചു.

തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് പിന്നീട് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണ്. കശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരും. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനൊപ്പം നിന്നുവെന്നും അവരോട് നന്ദിയുണ്ടെന്നും മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ നാമെല്ലാം ഒത്തുചേർന്ന് പൊരുതി രാജ്യത്തിന് സ്വാതന്ത്ര്യം നേടി. അതുപോലെ, ബിജെപി രാജിനെ നേരിടാനും രാജ്യത്തെ മതേതര പാർട്ടികളെല്ലാം ഒത്തുചേരണമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ഇത്തരമൊരു യാത്ര നടത്തിയ രാഹുൽഗാന്ധിയെ താനും തന്റെ പാർട്ടിയും അഭിനന്ദിക്കുന്നതായി നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു.

ഭാരജ് ജോഡോ യാത്ര വൻ വിജയമായിരുന്നു. ഇതുപോലെ രാജ്യത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടേക്ക് ഒരു യാത്ര കൂടി സംഘടിപ്പിക്കണമെന്ന് രാഹുലിനോട് അഭ്യർത്ഥിക്കുന്നു. ആ കാൽനടയാത്രയിൽ താനും പങ്കാളിയാകുമെന്നും ഒമർ അബ്ദുള്ള പറഞ്ഞു. രാഹുൽഗാന്ധിയിൽ രാജ്യം പ്രതീക്ഷയുടെ ഒരു നാളമാണ് കാണുന്നതെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബുബ മുഫ്തി പറഞ്ഞു. ഇതൊരു ചരിത്രനിമിഷമാണെന്നും, രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരായ പോരാട്ടത്തിനുള്ള യഥാർത്ഥ നേതാവ് രാഹുൽഗാന്ധിയാണെന്ന് തെളിഞ്ഞതായും ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.

136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങൾക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര. 2022 സെപ്റ്റംബർ 7 ന് ആണ് രാഹുൽ ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയിൽ തുടങ്ങുന്നത്. നാല് ദിവസത്തെ തമിഴ്‌നാട് പര്യടത്തിന് ശേഷം സെപ്റ്റംബർ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP