Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്സിൻ ക്യാംപെയിൻ നടപ്പിലാക്കണം; സെൻട്രൽ വിസ്ത നിർത്തിവെക്കണം; പ്രധാനമന്ത്രിക്ക് ഒൻപത് നിർദേശങ്ങളുമായി 12 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കത്ത്

വാക്സിൻ ക്യാംപെയിൻ നടപ്പിലാക്കണം;  സെൻട്രൽ വിസ്ത നിർത്തിവെക്കണം; പ്രധാനമന്ത്രിക്ക് ഒൻപത് നിർദേശങ്ങളുമായി 12 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കത്ത്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്സിൻ ക്യാംപെയിൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെ പന്ത്രണ്ട് പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കളാണ് കത്തയച്ചത്.

കോവിഡ് -19 സൗജന്യ വാക്സിനേഷൻ, സെൻട്രൽ വിസ്ത പ്രോജക്ട് നിർത്തിവയ്ക്കുക അടക്കം ഒൻപത് നിർദേശങ്ങളാണ് കത്തിൽ ഉൾപ്പെടുന്നത്. മായവതിയുടെ ബിഎസ്‌പി, ആംആദ്മി പാർട്ടി ഒഴികെ പ്രമുഖ പ്രതിപക്ഷ കക്ഷികൾ എല്ലാം കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

പല സന്ദർഭങ്ങളിലാടി പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ കേന്ദ്രം തള്ളിയതോടെയാണ് വീണ്ടും കത്തയച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ കോവിഡ് പ്രതിരോധത്തിനായി നടപടികൾ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും സാധ്യതകൾ പ്രയോജനപ്പെടുത്തണം. കോവിഡ് വാക്സിൻ പൂർണമായും സൗജന്യമാക്കണം.

തദ്ദേശിയമായ വാക്സിൻ ഉത്പാദനത്തിന് ലൈസൻസ് നിർബന്ധമാക്കണം. ബജറ്റിൽ നിന്നുള്ള 35,000 കോടി വാക്സിന് വേണ്ടി ചിലവഴിക്കണം. സെൻട്രൽ വിസ്താ പദ്ധതി നിർമ്മാണം നിർത്തിവച്ച് ആ പണം ഓക്സിജനും വാക്സിനും വാങ്ങാൻ ഉപയോഗിക്കണമെന്നും കത്തിൽ പറയുന്നു.

20000 കോടിയോളം രൂപ ചെലവിൽ നടത്തുന്ന ഈ പദ്ധതി ഈസമയത് പണിയുന്നതിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്. രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പഥ് വിപുലപ്പെടുത്തി പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും നിർമ്മിക്കുന്നതാണ് പദ്ധതി. എന്നാൽ, ഈ സമയത്ത് വാക്സിൻ സംഭരിക്കുകയാണ് വേണ്ടതെന്നും ഇവർ ആവശ്യപെടുന്നു.

പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ഉപയോഗിച്ച് വാക്‌സീൻ, ഓക്‌സിജൻ, മരുന്ന് എന്നിവ സംഭരിക്കുക. ബജറ്റിൽ വകയിരുത്തിയ 35,000 കോടി രൂപ വാക്‌സീൻ ഉൽപാദനം, സംഭരണം എന്നിവയ്ക്കായി വിനിയോഗിക്കുക. വിദേശത്തു നിന്നുൾപ്പെടെ വാക്‌സീൻ സംഭരിക്കുക. തുടങ്ങിയ കാര്യങ്ങളും കത്തിൽ ആവശ്യപെടുന്നു.

സോണിയ ഗാന്ധി (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ), സീതാറാം യച്ചൂരി (സിപിഎം), ശരദ് പവാർ (എൻസിപി), എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഡി. രാജ (സിപിഐ), ഹേമന്ത് സോറൻ (ജെഎംഎം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), അഖിലേഷ് യാദവ് (എസ്‌പി), തേജസ്വി യാദവ് (ആർജെഡി) എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തയിച്ചിരിക്കുന്നത്.

നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ഉദ്ദേശിച്ച് കത്തെഴുതിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത നീക്കം.

രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുകയാണെന്ന് കത്തിൽ സൂചിപ്പിക്കുന്ന പ്രതിപക്ഷ കക്ഷികൾ ഇത്തരം ഒരു അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങൾ ഒറ്റയ്ക്കും കൂട്ടായും പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചിരുന്നു എന്നും ഓർമ്മപ്പെടുത്തുന്നു.

അന്ന് ഞങ്ങൾ നിർദേശിച്ച കാര്യങ്ങൾ എല്ലാം കേന്ദ്രസർക്കാർ അവഗണിച്ചു, ഇതാണ് ഇത്തരം ഒരു ദുരന്തത്തിലേക്ക് എത്താൻ കാരണം - കത്തിൽ കുറ്റപ്പെടുത്തുന്നു.

പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന 9 നിർദേശങ്ങൾ ഇങ്ങനെ

1. അന്തർദേശീയമായതും, പ്രദേശികമായതുമായ എല്ലാ വാക്‌സിനുകളും പ്രയോജനപ്പെടുത്തുക
2. സൗജന്യവും, സാർവത്രികവും കൂട്ടയതുമായ വാക്‌സിനേഷൻ നടത്തുക
3. രാജ്യത്ത് കൂടുതൽ വാക്‌സിൻ നിർമ്മാണ സൗകര്യങ്ങൾ ഒരുക്കുക.
4. വാക്‌സിന് അനുവദിച്ച ബഡ്ജറ്റ് വിഹിതം 35000 കോടി ചിലവഴിക്കുക
5. സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കി ആ പണം വാക്‌സിനും, മരുന്നിനുമായി വിനിയോഗിക്കുക
6. ജോലി ഇല്ലാത്തവർക്ക് മാസം 6000 രൂപ അനുവദിക്കുക
7. ആവശ്യക്കാർ സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക
8. കണക്കിൽപ്പെടാത്ത സ്വകാര്യ ഫണ്ടുകൾ പിഎം കെയർ ഫണ്ടിലേക്ക് മാറ്റി കോവിഡ് പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുക
9. കാർഷിക നിയമങ്ങൾ പിൻവലിച്ച്, കൊവിഡിന് കർഷകർ ഇരകളാകുന്നത് തടയുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP