Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതാപം മങ്ങിയ കോൺഗ്രസ് ഉൾപ്പെടെ ഫണ്ടിന് പെടാപ്പാട് പെടുമ്പോൾ ബിജെപിക്ക് കൊയ്ത്തായി ഇലക്ട്രൽ ബോണ്ടുകൾ; വിദേശ കമ്പനികളും ഷെൽ കമ്പനികളും ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നത് ഭരിക്കുന്ന പാർട്ടിക്ക് സംഭാവന നൽകാൻ; സ്രോതസ് കാണിക്കേണ്ടതില്ലാത്ത ബോണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയെന്ന് പ്രതിപക്ഷ പാർട്ടികൾ; ഇലക്ട്രൽ ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും പഴയ രീതിയിലേക്ക് മടങ്ങണമെന്നും വർഗീസ് ജോർജ് മറുനാടനോട്

പ്രതാപം മങ്ങിയ കോൺഗ്രസ് ഉൾപ്പെടെ ഫണ്ടിന് പെടാപ്പാട് പെടുമ്പോൾ ബിജെപിക്ക് കൊയ്ത്തായി ഇലക്ട്രൽ ബോണ്ടുകൾ; വിദേശ കമ്പനികളും ഷെൽ കമ്പനികളും ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നത് ഭരിക്കുന്ന പാർട്ടിക്ക് സംഭാവന നൽകാൻ; സ്രോതസ് കാണിക്കേണ്ടതില്ലാത്ത ബോണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയെന്ന് പ്രതിപക്ഷ പാർട്ടികൾ; ഇലക്ട്രൽ ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും പഴയ രീതിയിലേക്ക് മടങ്ങണമെന്നും വർഗീസ് ജോർജ് മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: ഇലക്ട്രൽ ബോണ്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി മാറുന്നുവെന്ന ആക്ഷേപം കനക്കുന്നു. രണ്ടു വർഷം മുൻപാണ് കേന്ദ്ര സർക്കാർ ഇലക്ട്രൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. ഈ ബോണ്ടുകൾ കള്ളപ്പണത്തെ ഒഴുക്കാനും ശക്തിപ്പെടുത്താനുമുള്ള മാർഗമായി മാറിയിരിക്കുന്നുവെന്നാണ് രാഷ്ട്രീയപാർട്ടികൾ ആരോപിക്കുന്നത്. ബോണ്ടുകളിൽ ആരാണ് പണം നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ ഇരുസഭകളിലും തെരഞ്ഞെടുപ്പ് ബോണ്ടുകൾ പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയത്. വിദേശ കമ്പനികൾക്കും വ്യവസായികൾക്കും രാഷ്ട്രീയ രംഗത്ത് പണമിറക്കാനുള്ള നിയമസാധുതയുള്ള വഴികൾ ബോണ്ട് തുറന്നുകൊടുക്കുകയാണ് എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.

ഏതു കമ്പനികൾക്കും പൗരന്മാർക്കും ബോണ്ടുകൾ വാങ്ങിക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനാണ് ബോണ്ടുകൾ വാങ്ങുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് രണ്ടായിരം രൂപവരെ മാത്രമേ സംഭാവന ചെയ്യാൻ കഴിയുകയുള്ളൂ. രണ്ടായിരം രൂപയ്ക്ക് മേൽ സംഭാവന നൽകണമെങ്കിൽ ഇലക്ട്രൽ ബോണ്ട് വാങ്ങണം. ഇങ്ങനെ ബോണ്ട് വാങ്ങിക്കുമ്പോൾ ഈ തുകയുടെ ശ്രോതസ് കാണിക്കണം എന്നില്ല. ഇത് കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപി മുതലെടുക്കുകയാണ് എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ഇലക്ട്രൽ ബോണ്ട് ബിജെപി ഉപയോഗിക്കുകയാണ് എന്ന ആരോപണം തന്നെയാണ് പ്രതിപക്ഷം മുഖ്യമായി ഉയർത്തുന്നത്. ഭരിക്കുന്ന പാർട്ടികൾക്ക് സംഭാവന നൽകുന്ന പ്രവണതയാണ് എപ്പോഴും കമ്പനികൾ പ്രകടിപ്പിക്കുന്നത്.

കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് ഫണ്ട് സംഘടിപ്പിക്കാൻ പാടുപെടുമ്പോൾ ബിജെപിക്ക് പണം നൽകാൻ വ്യവസായികൾ മത്സരിക്കുന്ന സ്ഥിതി വിശേഷമുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് ഇലക്ട്രൽ ബോണ്ട് ബിജെപി കൊയ്ത്തായി മാറ്റുന്നത്. വിദേശ കമ്പനികൾക്കും ഷെൽ കമ്പനികൾക്കും ഇലക്ട്രൽ ബോണ്ട് എത്ര വേണമെങ്കിലും വാങ്ങാം. സ്രോതസ് കാണിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു മാർഗമായി ഇത് മാറുകയാണ്. ഒരു കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകുമ്പോൾ ഇത്ര കോടി രൂപ ഞങ്ങൾ നൽകി എന്ന് കമ്പനി കണക്കുകളിൽ കാണിച്ചാൽ മതി. സോഴ്‌സ് പറയേണ്ടതില്ല എന്ന് വരുമ്പോൾ വെളുക്കുന്നത് കള്ളപ്പണമാണ്. ഇലക്ട്രൽ ബോണ്ട് വരും മുൻപ് കമ്പനികൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നല്കാൻ കഴിയുന്ന സംഭാവനകൾക്ക് പരിമിതിയുണ്ട്. ലാഭത്തിന്റെ ഇത്ര ശതമാനം മാത്രം മാത്രമേ നൽകാൻ പാടുള്ളൂ എന്നുമുണ്ടായിരുന്നു. ഒരു രാഷ്ട്രീയപാർട്ടിക്ക് തുക നൽകുമ്പോൾ ഏതു രാഷ്ട്രീയ പാർട്ടിക്ക് നൽകി എന്ന് കൂടി കാണിക്കണമായിരുന്നു. എലക്ട്രൽ

ബോണ്ട് വന്നപ്പോൾ സ്ഥിതി മാറി. എത്ര തുക വേണമെങ്കിലും കമ്പനികൾക്ക് ബോണ്ട് വഴി സംഭാവന ചെയ്യാം. രാഷ്ട്രീയ പാർട്ടികൾക്ക് വാർഷിക കണക്കിൽ ഇത്ര കോടി മൊത്തം നൽകി എന്ന് മാത്രം കാണിച്ചാൽ മതി. ഇങ്ങനെ കാണിക്കുമ്പോൾ വെളുക്കുന്നത് കള്ളപ്പണമാണ്. കള്ളപ്പണം വെളുപ്പിക്കുന്ന വഴിയായി ഇലക്ട്രൽ ബോണ്ടുകൾ വ്യക്തികളും കമ്പനികളും ഉപയോഗിക്കുകയാണ്. ബിജെപി ഭരിക്കുന്ന പാർട്ടിയായതിനാൽ ഇതിന്റെ മുഖ്യ ഗുണഭോക്താവും ബിജെപി തന്നെയാണ്. ഇതാണ് പ്രതിപക്ഷം ബോണ്ട് കുന്തമുനയാക്കി മാറ്റുന്നത്.ഇലക്ട്രൽ ബോണ്ട് വഴി പണം നൽകുമ്പോൾ അത് പൊതുജനം അറിയുന്നില്ല. കമ്പനികളും ഇതുമായി ബന്ധപ്പെട്ട വ്യക്തികളും മാത്രമാണ് ബോണ്ട് വിവരങ്ങളെക്കുറിച്ച് അറിയുന്നത്. ഇതിൽ തന്നെ ദുരൂഹതയുണ്ട്. ഒരു പൗരനോ കമ്പനിയ്‌ക്കോ ഇലക്ട്രൽ ബോണ്ട് ബാങ്കുകളിൽ നിന്നും വാങ്ങാം. പൗരനോ കമ്പനിയ്‌ക്കോ ഒരു വർഷം നാല് തവണ മാത്രമാണ് ബോണ്ട് വാങ്ങിക്കാൻ കഴിയുക. എന്നെല്ലാം പറഞ്ഞു കള്ളപ്പണം ഒഴിവാക്കാനുള്ള വഴിയായാണ് ബോണ്ട് കൊണ്ട് വന്നത്. പക്ഷെ ശ്രോതസ് കാണിക്കേണ്ടതില്ല. ഏത് രാഷ്ട്രീയ പാർട്ടിക്ക് പണം നൽകി എന്ന് പറയേണ്ടതില്ല എന്നൊക്കെ വന്നതോടെ കള്ളപ്പണം സർക്കുലേറ്റ് ചെയ്യാനുള്ള വഴിയായി മാറി. ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപി ഇത് മുഴുവൻ ഉപയോഗിക്കാനും തുടങ്ങി. ഇതോടെയാണ് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും ഇലക്ട്രൽ ബോണ്ടിന് എതിരെ ശബ്ദം ഉയർത്തിയത്.

ഭരിക്കുന്ന പാർട്ടികൾക്ക് അവിഹിതമായ പണസമ്പാദനത്തിന്റെ വഴിയാണ് ഇലക്ട്രൽ ബോണ്ട് വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്-വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ഇലക്ട്രൽ ബോണ്ടുകൾ മാറിയിട്ടുണ്ട്. കമ്പനികളും വ്യക്തികളും എത്ര തുക ബോണ്ടുകൾ വഴി രാഷ്ട്രീയപാർട്ടികൾക്ക് നൽകി എന്ന കാര്യം പൊതുജനങ്ങൾക്ക് അറിയാൻ കഴിയാത്തതുകൊണ്ട് തന്നെ ഇതിനു സുതാര്യതയില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ബോണ്ട് എന്ന രീതി അവസാനിപ്പിച്ച് മുൻപുള്ള തിരഞ്ഞെടുപ്പ് ഫണ്ട് രീതിയിലേക്ക് മടങ്ങുകയാണ് വേണ്ടത്-എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. മുൻപുള്ള രീതിയിൽ എത്ര തുക ഏതൊക്കെ പാർട്ടികൾക്ക് ലഭിച്ചു എന്ന് അറിയാൻ കഴിയും. ബോണ്ട് വന്നതോടെ ആ സുതാര്യത നഷ്ടമായി. അതിനാൽ ഇലക്ട്രൽ ബോണ്ടുകൾ ഒഴിവാക്കണം-വർഗീസ് ജോർജ് പറയുന്നു.

എന്താണ് ഇലക്ട്രൽ ബോണ്ട്?

വിദേശത്തു നിന്നുൾപ്പെടെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൗണ്ടുകൾ മുഖേന പണമാക്കി മാറ്റാം. ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളിൽ ആരാണ് പണം നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. ജനുവരി,ഏപ്രിൽ, ജൂലൈ,ഒക്ടോബർ,മാസങ്ങളിൽ കേന്ദ്ര സർക്കാർ അറിയിക്കുന്ന 10 ദിവസങ്ങളിലായിരിക്കും ബോണ്ട് വിതരണം നടത്തുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP