Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

'എല്ലാം ഞാൻ മാത്രം; മോദിയുടെ മനോഭാവം അഗീകരിക്കാൻ കഴിയില്ല'; രാഷ്ട്രപതിയെ മാറ്റിനിർത്തുന്നതിൽ പ്രതിപക്ഷ നിരയിൽ എതിർപ്പ്; പ്രതിപക്ഷം ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന് അറിയിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്; ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു

'എല്ലാം ഞാൻ മാത്രം; മോദിയുടെ മനോഭാവം അഗീകരിക്കാൻ കഴിയില്ല'; രാഷ്ട്രപതിയെ മാറ്റിനിർത്തുന്നതിൽ പ്രതിപക്ഷ നിരയിൽ എതിർപ്പ്; പ്രതിപക്ഷം ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന് അറിയിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്; ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരണ ഭീഷണി ഉയർത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്. മെയ്‌ 28-ന് സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പാർലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു.

ഉദ്ഘാടനച്ചടങ്ങിലേക്ക് പാർലമെന്റ് അംഗങ്ങൾക്കു പുറമേ മറ്റു പ്രമുഖർക്കും ക്ഷണമുണ്ട്. ലോക്സഭാ ജനറൽ സെക്രട്ടറി ജനറൽ ഉത്പാൽ കുമാർ സിങ് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ക്ഷണക്കത്തയച്ചു. ഉച്ചയ്ക്ക് 12 മുതലായിരിക്കും ഉദ്ഘാടന പരിപാടികൾ. ലോക്‌സഭാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നിരുന്നു. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നതടമടക്കമുള്ള പ്രതികരണങ്ങൾ പ്രതിപക്ഷത്തുനിന്നുണ്ടായി.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെയോ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെയോ ക്ഷണിക്കാതെയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ നരേന്ദ്ര മോദി തീരുമാനിച്ചതെന്നും പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇതുവഴി ഉന്നത ഭരണഘടനാ പദവികളെ കേന്ദ്രം അവഗണിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

രാഷ്ട്രപതിയെ അവഗണിച്ചെന്നാരോപിച്ച് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് നിരവധി പ്രതിപക്ഷ നേതാക്കൾ. സവർക്കറുടെ ജന്മദിനംകൂടിയാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായ മെയ്‌ 28-ന്. മോദി തന്നെയാണ് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചിരുന്നത്. 1200 കോടി രൂപ ചെലവിൽ ടാറ്റ പ്രൊജക്ടാണ് മന്ദിരം നിർമ്മിച്ചത്.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച വിവരം ഔദ്യോഗികമായി പത്രക്കുറിപ്പായി പുറത്തിറങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തൃണമൂൽ കോൺഗ്രസും (ടിഎംസി) സിപിഐയും പരിപാടി ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടികൾക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചതിനു പിന്നാലെ ബുധനാഴ്ചത്തന്നെ അന്തിമ തീരുമാനം ഉണ്ടാകും. പ്രതിപക്ഷം ഒന്നടങ്കമാണ് ചടങ്ങ് ബഹിഷ്‌കരിക്കുക എന്നാണ് വിവരം.

ദലിത് വിഭാഗത്തിൽനിന്നുള്ള വനിതാ രാഷ്ട്രപതിയെ ഈ നടപടിയിലൂടെ സർക്കാർ അപമാനിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. 2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങും പ്രതിപക്ഷ കക്ഷികൾ ബഹിഷ്‌കരിച്ചിരുന്നു. കർഷകരുടെ പ്രതിഷേധം, കോവിഡ് മഹാമാരി, ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കിടയിൽ ഇത്തരമൊരു ചടങ്ങ് നടത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു അന്നത്തെ ബഹിഷ്‌കരണം.

28ന് രാവിലെ തന്നെ പൂജകൾ ആരംഭിച്ച് ഉച്ചകഴിഞ്ഞ് ഉദ്ഘാടന ചടങ്ങ് നടത്തുന്ന രീതിയിൽ ആയിരിക്കും അന്നത്തെ ദിവസത്തെ പരിപാടികൾ. മോദിയെക്കൂടാതെ ലോക്‌സഭാ സ്പീക്കർ ഓം ബിർലയും ചടങ്ങിൽ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവർ പതിനൊന്നരയോടുകൂടി സീറ്റുകളിൽ ഇടംപിടിക്കണമെന്നാണ് സർക്കാർ അയച്ച ക്ഷണക്കത്തിൽ പറയുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'എല്ലാം ഞാൻ മാത്രം' എന്ന മനോഭാവം അംഗീകരിക്കാൻ കഴിയില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയാൻ പറഞ്ഞു. 'പാർലമെന്റ് വെറുമൊരു പുതിയ കെട്ടിടം മാത്രമല്ല. അത് മൂല്യങ്ങളും കീഴ്‌വഴക്കങ്ങളുമുള്ള ഒരു സ്ഥാപനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയാണ്. അത് പ്രധാനമന്ത്രിക്ക് മനസ്സിലാകില്ല'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സിപിഐയും ഉദ്ഘാടനം ബഹിഷ്‌കരിക്കും. വി ഡി സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് സംഘപരിവാർ അജണ്ടയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP