Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം: സോണിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നാളെ രാഷ്ട്രപതിയെ കാണും; എല്ലാ മുഖ്യ പ്രതിപക്ഷ നേതാക്കളും കൂടിക്കാഴ്ചയ്ക്ക് എത്തുമെന്ന് എ.കെ.ആന്റണി; വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചതിനെതിരെ ഇന്ത്യാ ഗേറ്റിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് ധർണ; വിദ്യാർത്ഥികളെ മർദ്ദിച്ചത് ഇന്ത്യയുടെ ആത്മാവിന് നേരേയുള്ള ആക്രമണമെന്ന് പ്രിയങ്ക; ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം: സോണിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നാളെ രാഷ്ട്രപതിയെ കാണും; എല്ലാ മുഖ്യ പ്രതിപക്ഷ നേതാക്കളും കൂടിക്കാഴ്ചയ്ക്ക് എത്തുമെന്ന് എ.കെ.ആന്റണി; വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചതിനെതിരെ ഇന്ത്യാ ഗേറ്റിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് ധർണ; വിദ്യാർത്ഥികളെ മർദ്ദിച്ചത് ഇന്ത്യയുടെ ആത്മാവിന് നേരേയുള്ള  ആക്രമണമെന്ന് പ്രിയങ്ക; ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗര്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ ഗേറ്റിൽ പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺ്ഗ്രസ് നേതാക്കളുടെ കുത്തിയിരുന്നുള്ള ധർണയും. നാലുമണിക്ക് ആരംഭിച്ച പ്രതീകാത്മക പ്രതിഷേധം ജാമിയ മിലിയ ഇസ്ലാമിയ അടക്കമുള്ള സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായാണ് ധർണയെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരേയുള്ള പൊലീസ് അതിക്രമം ഇന്ത്യയുടെ ആത്മാവിന് നേരേയുള്ള ആക്രമണമാണെന്ന് പ്രിയങ്ക വിശേഷിപ്പിച്ചു.

'വിദ്യാർത്ഥികളാണ് രാഷ്ട്രത്തിന്റെ ആത്മാവ്. ഈ സംഭവം ഭരണഘടനയ്ക്ക് നേരേയുള്ള അതിക്രമമാണ്. വിദ്യാർത്ഥികളെ വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്..സ്വേച്ഛാധിപത്യരാഷ്ട്രമല്ല', പ്രിയങ്ക പറഞ്ഞുഎ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, പി.എൽ. പുനിയ, അഹമ്മദ് പട്ടേൽ, അംബികാ സോണി അടക്കം നേതാക്കൾ പങ്കെടുത്തു. നേരത്തെ, വിദ്യാർത്ഥികളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്തുന്ന കേന്ദ്രത്തിലെ മോദി സർക്കാരിനെതിരേ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതു ഭീരുക്കളുടെ സർക്കാരാണെന്നും യുവാക്കളുടെ ശബ്ദത്തെ അടിച്ചമർത്താനാവില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും ധ്രുവീകരണത്തിനു വേണ്ടി ഫാസിസ്റ്റുകൾ അഴിച്ചുവിട്ട ആയുധങ്ങളാണെന്നും പ്രതിഷേധിക്കുന്നവരെ പിന്തുണയ്ക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിൽ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുവേണ്ടി ഫാഷിസ്റ്റുകൾ അഴിച്ചുവിട്ട ആയുധങ്ങളാണ്. ഇത്തരം വൃത്തികെട്ട ആയുധങ്ങൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാപരവുമായ സത്യാഗ്രഹമാണ്. പൗരത്വ ഭേദഗതി ബില്ലിനും എൻആർസിക്കുമെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാവർക്കും താൻ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.

പൗരത്വ നിയമഭേദഗതിക്കെതിരായ അക്രമസമരം ദൗർഭാഗ്യകരവും, ദുഃഖകരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമഭേദഗതി രാജ്യത്തെ ഒരുപൗരനെയും മതത്തെയും ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സംവാദവും ചർച്ചയും എതിർപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണ്, എന്നാൽ, പൊതുമുതൽ നശിപ്പിക്കലും പൊതുജീവിതത്തെ തടസ്സപ്പെടുത്തലും നമ്മുടെ ധാർമികതയ്ക്ക് നിരക്കുന്നതല്ല, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വലിയ പിന്തുണയോടെയാണ് ഭേദഗതി ഇരുസഭകളും പാസാക്കിയത്. ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള സാഹോദര്യത്തിന്റേയും സഹിഷ്ണുതയുടെയും പ്രതീകമാണ് ഭേദഗതിയെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ജാമിയ മിലിയയിലടക്കം വിവിധ സർവകലാശാലകളിൽ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

പൗരത്വ നിയമഭേദഗതിയിൽ ഒരുഇന്ത്യാക്കാരനും ആശങ്കപ്പെടേണ്ടതില്ല. വർഷങ്ങളായി രാജ്യത്തിന് പുറത്ത് പീഡനങ്ങൾ നേരിടുകയും ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും ആശ്രയമില്ലാത്തവർക്കും വേണ്ടിയാണ് നിയമഭേദഗതി, മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സ്വയം അർപ്പിക്കേണ്ട സമയമാണിത്. ഓരോ ഇന്ത്യാക്കാരന്റെയും വിശേഷിച്ച് ദരിദ്രരുടെയും പാർശ്വവൽകരിക്കപ്പെട്ടവരുടെയും വികസനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയമാണിത്. രാജ്യത്തെ ഭിന്നിപ്പിക്കാനും ലഹളയുണ്ടാക്കാനും ശ്രമിക്കുന്ന സ്ഥാപിത താൽപര്യക്കാരെ അതിന് അനുവദിച്ചുകൂടാ, മോദി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇന്ത്യാഗേറ്റിലെയും ജന്തർ മന്ദറിലെയും പ്രതിഷേധം കണക്കിലെടുത്ത് നാലു മെട്രോ സ്റ്റേഷനുകളിലെ പ്രവേശന, എക്‌സിറ്റ് ഗേറ്റുകളാണ് അടച്ചത്.ജാമിയ മിലിയാ ഇസ്ലാമിയ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവൻ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളാണ് അടച്ചതെന്നും ഡിഎംആർസി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം, പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ സർവകലാശാലയിൽ കടന്നുകയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചിരുന്നു. നിരവധി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് തിങ്കളാഴ്ച പുലർച്ചയോടെയാണ് വിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP