Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂറുമാറ്റത്തിലൂടെ അയോഗ്യരായാലും വീണ്ടും മത്സരിക്കാമെന്ന വിധി ലോട്ടറിയായത് ബിജെപിക്ക്; കർണാടകയിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിൽ വന്നതിനു പിന്നിൽ കൂറുമാറ്റം; രാജസ്ഥാനിൽ പയറ്റുന്നതും അതേ കുറുക്കുവഴി; കർണാടക വിഷയത്തിലെ സുപ്രീംകോടതി വിധി കൂറുമാറ്റ നിരോധന നിയമത്തെ അപ്രസക്തമാക്കുന്നതായി പ്രതിപക്ഷം; കോടതിവിധിക്ക് എതിരെ നിയമനിർമ്മാണം വേണം; നിയമപരിരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ അത്യാവശ്യമെന്ന് വർഗീസ് ജോർജ് മറുനാടനോട്

കൂറുമാറ്റത്തിലൂടെ അയോഗ്യരായാലും വീണ്ടും മത്സരിക്കാമെന്ന വിധി ലോട്ടറിയായത് ബിജെപിക്ക്; കർണാടകയിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിൽ വന്നതിനു പിന്നിൽ  കൂറുമാറ്റം; രാജസ്ഥാനിൽ പയറ്റുന്നതും അതേ കുറുക്കുവഴി;  കർണാടക വിഷയത്തിലെ സുപ്രീംകോടതി വിധി കൂറുമാറ്റ നിരോധന നിയമത്തെ അപ്രസക്തമാക്കുന്നതായി പ്രതിപക്ഷം; കോടതിവിധിക്ക്  എതിരെ നിയമനിർമ്മാണം വേണം; നിയമപരിരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ അത്യാവശ്യമെന്ന് വർഗീസ് ജോർജ് മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: പ്രതിപക്ഷപാർട്ടികളുടെ എംഎൽഎമാരെ വശത്താക്കി സംസ്ഥാനങ്ങൾ പിടിച്ചെടുക്കുന്ന ബിജെപി നീക്കത്തിന്നെതിരെ ദേശീയതലത്തിൽ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്. കേന്ദ്രഭരണത്തിന്റെ ബലത്തിൽ എംഎൽഎമാരെ വിലയ്ക്കെടുത്ത് അധികാരം പിടിക്കാൻ ബിജെപി ഒരുങ്ങിയതായി മനസിലാക്കിയാണ് പ്രതിപക്ഷം പ്രക്ഷോഭ പാതയിലേക്ക് നീങ്ങുന്നത്. കർണാടകയിലെ കൂറുമാറ്റമാണ് ഭരണം പിടിക്കാൻ ബിജെപിക്ക് വഴിയൊരുക്കിയത്. 17 കോൺഗ്രസ്-ജനതാദൾ എംഎൽഎമാരെ കഴിഞ്ഞ വർഷം സ്പീക്കർ അയോഗ്യരാക്കിയപ്പോൾ അവർക്ക് വരുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാമെന്ന സുപ്രീംകോടതി വിധി കൂറുമാറ്റ നിരോധന നിയമത്തെ അപ്രസക്തമാക്കുന്നതായി പ്രതിപക്ഷം കണക്കുകൂട്ടുന്നു.

ജ്യോതിരാതിദ്യയ്ക്ക് ഒപ്പം കൂട്ടത്തോടെ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോക്ക് വന്നതോടെയാണ് മദ്ധ്യപ്രദേശ് ഭരണം കോൺഗ്രസിന് നഷ്ടമായത്. ഇപ്പോൾ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വന്ന വിമത പ്രശ്‌നത്തോടെ രാജസ്ഥാനിലും കോൺഗ്രസ് മന്ത്രിസഭാ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പ്രതിപക്ഷ എംഎൽഎമാരെ കൂറുമാറ്റി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലെത്താൻ സുപ്രീംകോടതി വിധിയുടെ നിഴലിൽ ബിജെപി നടത്തുന്ന നീക്കം മുൻകൂട്ടി കണ്ടാണ് പ്രതിപക്ഷം കൂറുമാറ്റ പ്രശ്‌നത്തിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നത്.

കൂറുമാറ്റ നിയമം സംബന്ധിച്ച ഭരണഘടനയിലെ പത്താം ഷെഡ്യൂളിനും അനുബന്ധ ഭേദഗതികൾക്കും എതിരാണ് സുപ്രീം കോടതി വിധി. കൂറുമാറ്റം നടത്തി അയോഗ്യരായവർക്ക് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാമെന്ന കോടതിവിധിക്ക് എതിരെ നിയമനിർമ്മാണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒന്നുകിൽ ഭരണഘടനയിലെ പത്താം ഷെഡ്യൂൾ കോടതികൾക്ക് പരിശോധിക്കാൻ കഴിയാത്ത വിധത്തിൽ ഭരണഘടനയിലെ സംരക്ഷിത പട്ടികയിൽ പെടുത്തണം. അല്ലെങ്കിൽ കർണാടകയിലെ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച വിധി മറികടക്കാനായി പാർലമെന്റ് നിയമനിർമ്മാണം നടത്തണം. ഇതാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 'കൂറുമാറ്റ നിരോധന നിയമത്തെ സംബന്ധിച്ച ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെയും ഭേദഗതികളുടെയും അന്തസത്ത നിലനിർത്തുന്നതിന് ആവശ്യമായ നിയമപരിരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതി ഇടപെടണം'' എൽജെഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു.

കർണാടകയിലെ എംഎൽഎമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന വിധിക്കെതിരെ നിയമനിർമ്മാണം നടത്തണം എന്നാണ് പ്രതിപക്ഷ ആവശ്യം. പ്രശ്‌നത്തിൽ സുപ്രീം കോടതിയിലേക്ക് പോകുന്നതിനോപ്പം രാഷ്ട്രപതിയേയും ഇടപെടുവിക്കാനാണ് പ്രതിപക്ഷ നീക്കം-വർഗീസ് ജോർജ് പറയുന്നു. കർണാടകയിൽ കോൺഗ്രസ്-ദൾ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച സുപ്രീംകോടതി വിധി 34 വർഷം മുമ്പ് നിലവിൽവന്ന കൂറുമാറ്റനിരോധന നിയമത്തിന്റെ അന്തസത്തയുടെ കടയ്ക്കൽ വെച്ച കത്തിയായാണ് പ്രതിപക്ഷം കാണുന്നത്. കർണാടക പ്രശ്‌നത്തിൽ വന്ന സുപ്രീംകോടതി വിധിയെ തുടർന്നാണു മറ്റു സംസ്ഥാനങ്ങളിൽ കൂറുമാറ്റം വഴി അധികാരം പിടിക്കാൻ ബിജെപി ശ്രമങ്ങൾ ഊർജിതമാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുള്ള കൂറുമാറ്റം ശക്തമാണ്.

കർണാടകത്തിൽ 15, മധ്യപ്രദേശിൽ 28, രാജസ്ഥാനിൽ 18, ഉത്തർപ്രദേശിൽ 1, മണിപ്പൂരിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ട്, എന്നിങ്ങനെ അടുത്ത കാലത്ത് കൂറുമാറ്റം വന്നിട്ടുണ്ട്. ഈ കൂറുമാറ്റത്തിന്റെ ഗുണഭോക്താക്കൾ ബിജെപിയാണ്. കർണാടക രീതിയിൽ കോൺഗ്രസ് മന്ത്രിസഭയെ മറിച്ചിട്ട് മദ്ധ്യപ്രദേശിലും കോൺഗ്രസ് അധികാരത്തിൽ വന്നു. ഇത് ഒരു അസാധാരണ സാഹചര്യമാണ്. ഇതിനു പ്രധാന കാരണം കർണാടകയിൽ 15 എംഎൽഎമാർ കൂറ് മാറിയതിന് ശേഷം വന്ന സുപ്രീംകോടതി വിധിയാണ്. കൂറുമാറ്റത്തോടെ ഇവർ അയോഗ്യരായെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളിൽ അവർക്ക് മത്സരിക്കാം എന്നാണ് സുപ്രീംകോടതി വിധിച്ചത്. കൂറുമാറ്റ നിരോധന നിയമമനുസരിച്ച് ഒരു പാർട്ടിയുടെ ചിഹ്നത്തിൽ ജയിച്ച് കൂറുമാറിയ ആളുകൾ അയോഗ്യരാവും. അവർക്ക് പിന്നീട് ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്നതാണ്. എന്നാൽ കർണാടകത്തിലെ വിധി വന്നതോടെ കർണാടകത്തിൽ കൂറുമാറിയ പന്ത്രണ്ടു കോൺഗ്രസ് എംഎൽഎമാരും മൂന്നു ജെഡിഎസ് എംഎൽഎമാർക്കും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അനുവാദം ലഭിച്ചു. ഇത് മറ്റ് സംസ്ഥാനങ്ങളിലെ കൂറുമാറ്റത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് മധ്യപ്രദേശിൽ 25 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റി ശിവരാജ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നത്. ഇപ്പോൾ രാജസ്ഥാനിലും അത് നടന്നുകൊണ്ടിരിക്കുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നിന്നുള്ള രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ടു ചെയ്യുകയും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്യുക. ഇതിനെല്ലാം കാരണം കർണാടകയിൽ നിന്നുള്ള കോടതി വിധിയാണ്. രാജ്യവ്യാപകമായി പ്രതിപക്ഷ എംഎൽഎമാരെ കൂറുമാറ്റി ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഭരണം പിടിക്കുന്ന പ്രവണതയിലേക്കാണ് പോകുന്നത്. ഒരു കാലത്തും ഇല്ലാത്ത വിധത്തിലാണ് ഇപ്പോൾ കൂറുമാറ്റം നടക്കുന്നത്. ഏറ്റവും ഒടുവിൽ രാജസ്ഥാനിൽ നടന്ന കൂറുമാറ്റ പ്രക്രിയയാണ് വിവാദമായി നിൽക്കുന്നത്. കോൺഗ്രസിന്റെ ചിഹ്നത്തിൽ ജയിച്ച 18 എംഎൽഎമാർ പ്രത്യേക റിസോർട്ടിൽ കഴിയുകയാണ്. വിശ്വാസ പ്രമേയം വരുമ്പോൾ അവർ ഭരണകക്ഷിക്ക് അനുകൂലമായി വോട്ടു ചെയ്യുമോ എന്ന് യാതൊരു നിശ്ചയവുമില്ല. അതുകൊണ്ട് കൂറുമാറ്റ പ്രശ്‌നത്തിൽ നിയമനിർമ്മാണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP