Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ രക്തക്കറ ബിജെപിയുടെയും മോദിയുടെയും കൈകളിൽ'; രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്; മമത ബാനർജി ബാലസോറിൽ; ഞെട്ടലുണ്ടാക്കിയ അപകടമെന്ന് പട്‌നായിക്

'ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ രക്തക്കറ ബിജെപിയുടെയും മോദിയുടെയും കൈകളിൽ'; രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്; മമത ബാനർജി ബാലസോറിൽ; ഞെട്ടലുണ്ടാക്കിയ അപകടമെന്ന് പട്‌നായിക്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ്. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ രക്തക്കറ ബിജെപിയുടെയും മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ടെന്ന് തൃണമൂൽ കുറ്റപ്പെടുത്തി.

2012ൽ മമത ബാനർജി റെയിൽവേ മന്ത്രിയായിരിക്കെ അവതരിപ്പിച്ച സുരക്ഷാ സംവിധാനം കുറ്റകരമായ രീതിയിൽ ഇവർ അവഗണിച്ചതാണ് ബാലസോറിലെ ട്രെയിൻ ദുരന്തത്തിനു കാരണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകൾക്ക് മാത്രം പ്രാധാന്യം നൽകുന്നതിന്റെ ഫലം കൂടിയാണ് ഈ ദുരന്തമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'ട്രെയിനുകളുടെയും ട്രാക്കുകളുടെയും സുരക്ഷയ്ക്കു പകരം ബിജെപിയുടെ ശ്രദ്ധ സമ്പൂർണമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്ദേ ഭാരത് പിആർ വർക്കിലും ഫോട്ടോ സെഷനുകളിലും മാത്രമാണ്. അതിന്റെ ഫലമായാണ് ഒറ്റ രാത്രികൊണ്ട് മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമായതും 900ൽ അധികം പേർക്ക് പരുക്കേറ്റതും' ഗോഖലെ ട്വിറ്ററിൽ കുറിച്ചു.

''അപകടത്തിൽ മരിച്ച എല്ലാ ഇന്ത്യക്കാരുടെയും രക്തക്കറ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കൈകളിലുണ്ട്. 2012ൽ അവതരിപ്പിച്ച സുരക്ഷാ സംവിധാനം തികച്ചും കുറ്റകരമായ രീതിയിലാണ് അവർ അവഗണിച്ചത്. എന്തെങ്കിലും ഉത്തരവാദിത്ത ബോധമോ മനഃസാക്ഷിയോ കുറച്ചെങ്കിലും ലജ്ജയോ ഉണ്ടെങ്കിൽ അശ്വിനി വൈഷ്ണവ് എത്രയും വേഗം സ്ഥാനമൊഴിയണം' ഗോഖലെ കുറിച്ചു.

മോദി സർക്കാർ 'വന്ദേ ഭാരത്' പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്ന വിമർശനവും ഗോഖലെ ഉയർത്തിയിട്ടുണ്ട്. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുക മാത്രമല്ല, അതെല്ലാം മോദി നേരിട്ടുതന്നെ ചെന്ന് ഉദ്ഘാടനം ചെയ്യാനും ശ്രദ്ധിക്കുന്നതായി അദ്ദേഹം പരിഹസിച്ചു.

കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഇതുവരെ നടപ്പാക്കിയത് വെറും 2 ശതമാനം ട്രാക്കുകളിൽ മാത്രമാണെന്നും ഗോഖലെ ചൂണ്ടിക്കാട്ടി. ഈ സംവിധാനം ഇതുവരെ സ്ഥാപിക്കാത്ത 98 ശതമാനം ട്രാക്കുകളിലൂടെയാണ് വന്ദേ ഭാരത് ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകൾ ഓടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ബാലസോറിലെ അപകടം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്രെയിൻ അപകടം നടന്ന ബാലസോറിൽ എത്തി. മമത ബാനർജി സ്ഥിതി ഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ കണ്ടു. പ്രധാനമന്ത്രി ഒഡിഷയിലേക്ക് തിരിച്ചു. കട്ടക്കിലെ ആശുപത്രിയും സന്ദർശിക്കും. ഒഡിഷ ട്രെയിൻ ദുരന്തം ഞെട്ടലുണ്ടാക്കിയ അപകടമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രതികരിച്ചു. മികച്ച ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും പട്‌നായിക് പറഞ്ഞു.

വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്‌പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി.

17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്‌പ്രസ്‌ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. ഒഡീഷയിൽ ട്രെയിൻ അപകടം നടന്ന ബെഹനഗിൽ എങ്ങും സങ്കട കാഴ്‌ച്ചകളാണ്. 230 ലേറെ പേർ മരിച്ച അപകട സ്ഥലത്ത് യാത്രക്കാരായ നിരവധി പേരുടെ ബാഗുകളും സാധനങ്ങളുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.

എസ്എംവിടി - ഹൗറ എക്സ്‌പ്രസിൽ പരിക്കേറ്റത് ജനറൽ കോച്ചുകളിൽ ഉള്ളവർക്കെന്ന് സൗത്ത് വെസ്റ്റ് റെയിൽവേ. റിസർവ്ഡ് കോച്ചുകളിൽ ഉള്ളവർ സുരക്ഷിതർ എന്നാണ് ഇത് വരെ വിവരമെന്നും സൗത്ത് വെസ്റ്റ് റെയിൽവേ പിആർഒ അറിയിച്ചു. കർണാടക സ്വദേശികൾക്ക് ആർക്കും പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തതായി വിവരമില്ലെന്ന് റെയിൽ ഡിഐജി ശശികുമാറും അറിയിച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തതിനാൽ ബംഗളുരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിയ നിരവധി യാത്രക്കാരാണ് വലഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP