Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യക്കാരെ ഹിന്ദുക്കൾ എന്നു വിളിച്ചാൽ എന്താണ് പ്രശ്‌നം? ആർഎസ്എസ് നിലപാടിന് പിന്തുണയുമായി മോദി സർക്കാരിലെ ഏക മുസ്ലിം മന്ത്രി

ഇന്ത്യക്കാരെ ഹിന്ദുക്കൾ എന്നു വിളിച്ചാൽ എന്താണ് പ്രശ്‌നം? ആർഎസ്എസ് നിലപാടിന് പിന്തുണയുമായി മോദി സർക്കാരിലെ ഏക മുസ്ലിം മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ ജനിച്ചു വളർന്നവരെല്ലാം ഹിന്ദുക്കളാണ്.. അവരെ ഹിന്ദുക്കളെന്ന് വിളിച്ചാൽ യാതൊരു തെറ്റുമില്ല... പറയുന്നത് ഒരു മുസ്ലീമാണ്. നരേന്ദ്ര മോദി മന്ത്രി സഭയിലെ ഏക മുസ്ലിം മന്ത്രിയായ നജ്മ ഹെപ്ത്തുള്ള. ന്യൂനപക്ഷകാര്യ വകുപ്പാണവർ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് ആർഎസ്എസ് സമീപകാലത്ത് പ്രസ്താവനയിറക്കിയിരുന്നു. അതിനെ പിന്തുണച്ചു കൊണ്ടാണ് നജ്മ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പൗരന്മാരെയും സൂചിപ്പിക്കാൻ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നത് നാഷണൽ ഐഡന്റിറ്റിയുടെ ഭാഗമാണെന്നാണ് അവർ പറഞ്ഞത്.

അറബ് ലോകത്തുള്ളവർ ഇന്ത്യയെ അൽ ഹിന്ദ് എന്നാണ് വിശേഷിപ്പിക്കുന്നതെന്നും പ്രവാചകൻ മുഹമ്മദ് നബിയുടെ അമ്മായിയുടെ മകൾക്ക് ഹിന്ദ എന്ന് പേരിട്ടിരുന്നെന്നും നജ്മ വെളിപ്പെടുത്തി. അറേബ്യയിലെ ഒരു വാളിന്റ പേര് ഹിന്ദയെന്നാണെന്നും നജ്മ കൂട്ടിച്ചേർത്തു. ബുധനാഴ്ച ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. 2004ലാണ് ഇപ്പോൾ 74 വയസ്സുള്ള നജ്മ ബിജെപിയിൽ ചേർന്നത്. അതിന് മുമ്പ് ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ച നേതാവായിരുന്നു അവർ.

ചരിത്രത്തിൽ ഇന്ത്യയിലുള്ളവരെയെല്ലാം ഹിന്ദുക്കളെന്നാ
ണ് വിശേഷിപ്പിക്കുന്നത്. ഹിന്ദുക്കുഷ് പർവതത്തിനിപ്പുറമുള്ളതും സിന്ധുനദിയുടെ തീരത്തുള്ളതുമായ പ്രദേശങ്ങളെ ചരിത്രത്തിൽ ഹിന്ദ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ജീവിക്കുന്നവരെ പേർഷ്യൻ ഭാഷയിൽ ഹിന്ദുസ്ഥാനിയെന്നാണ് വിശേഷിപ്പിക്കുന്നതെന്നും നജ്മ പറഞ്ഞു. അതിനാൽ ഈ രാജ്യത്ത് ജീവിക്കുന്ന പൗരന്മാരെയെല്ലാം ഹിന്ദു എന്നു വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും ചരിത്രം മറക്കരുതെന്നും അവർ പറഞ്ഞു.

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് ഓഗസ്റ്റ് 17ന് ആർഎസ്എസ് നേതാവ് മോഹൻഭഗവത് പ്രഖ്യാപിച്ചിരുന്നു. ഭഗവതിന്റെ ഈ പ്രസ്താവന ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ച് മുസ്ലീങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ബിജെപിയുടെ ഭരണത്തിന് കീഴിൽ വിഷമമേറിയ ഒരു അന്തരീക്ഷം സംജാതമാകുകയാണെന്ന് അവർ ആശങ്ക പ്രകടിപ്പിക്കുയും ചെയ്തു. എന്നാൽ ന്യൂനപക്ഷങ്ങളെയും അവരുടെ ഐഡന്റിറ്റിയെയും തങ്ങൾ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് നജ്മ പറഞ്ഞത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഹിന്ദുമുസ്ലീമുകൾ, ഹിന്ദുക്രിസ്ത്യാനികൾ എന്ന് വിളിക്കാമോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയിലാണ് നജ്മ മറുപടിയേകിയത്. ഇതിനെ ശരിയോ തെറ്റോ അല്ലെന്നും താൻ ചരിത്രത്തെക്കുറിച്ചാണ് പറയുന്നതെന്നുമായിരുന്നു അവരുടെ മറുപടി.

മുസ്ലീങ്ങൾ ബിജെപിയെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നത് പാർട്ടിയെ ഇസ്ലാമിക വിരുദ്ധമായി എല്ലായ്‌പോഴും ചിത്രീകരിക്കുന്നതിനാലാണെന്നും നജ്മ പറഞ്ഞു. 1992ൽ ബാബറി മസ്ജിദ് തകർത്ത സംഭവം പോലുള്ളവയെ സംബന്ധിച്ച് ചർച്ചകൾ സംഘടിപ്പിക്കുന്നതിന് ഇത് തടസ്സമാകുന്നുണ്ടെന്നും അവർ പറഞ്ഞു. എല്ലാ പാർട്ടികളും മുസ്ലീങ്ങളെ വോട്ട്ബാങ്കായാണ് കാണുന്നത്. എന്നാൽ മുസ്ലീങ്ങളെ അങ്ങനെത്തന്നെ നിലനിർത്താൻ പാർട്ടികൾ ഒന്നും തിരിച്ച് ചെയ്യുന്നില്ലെന്നും അവർ പറഞ്ഞു. എന്നൽ ന്യൂനപക്ഷങ്ങൾക്ക് എന്താണ് ബിജെപി ചെയ്യുകയെന്നത് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലാണ് വർഗീയകലാപങ്ങൾ കൂടുതലായി ഉണ്ടാകുന്നതന്നും നജ്മ പറഞ്ഞു.

ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം നടത്താനുള്ള മുസ്ലീങ്ങളുടെ നീക്കമായാണ് ഹിന്ദുത്വവാദികൾ ലൗജിഹാദിനെ കാണുന്നതെന്ന് നജ്മ പറഞ്ഞു. ഒരു മുസ്ലിം പെൺകുട്ടി ഒരു ഹിന്ദു പുരുഷനെ വിവാഹം ചെയ്താൽ അവളുടെ മാതാപിതാക്കളും ഇതേരീതിയിലാണ് പ്രതികരിക്കുകയെന്നും നജ്മ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വിഘാതമായി വർത്തിക്കുമെന്നും നജ്മ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP