Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ കുഴപ്പങ്ങൾക്കും കാരണം ഒരു വ്യക്തി കുടിപ്പക തീർക്കുന്നത്; മുലായത്തിന്റെ ആരോപണം രാംഗോപാലിന്റെ പേരെടുത്തു പറയാതെ; അഖിലേഷുമായി ഒരു പ്രശ്‌നവുമില്ല, എല്ലാം വൈകാതെ ശരിയാകുമെന്നും നേതാജി; സമാജ്‌വാദി പാർട്ടിയിൽ നാടകം കളി തുടരുന്നു

എല്ലാ കുഴപ്പങ്ങൾക്കും കാരണം ഒരു വ്യക്തി കുടിപ്പക തീർക്കുന്നത്; മുലായത്തിന്റെ ആരോപണം രാംഗോപാലിന്റെ പേരെടുത്തു പറയാതെ; അഖിലേഷുമായി ഒരു പ്രശ്‌നവുമില്ല, എല്ലാം വൈകാതെ ശരിയാകുമെന്നും നേതാജി; സമാജ്‌വാദി പാർട്ടിയിൽ നാടകം കളി തുടരുന്നു

ന്യൂഡൽഹി: അധികാരത്തർക്തത്തിന്റെ പേരിൽ അച്ഛനും മകനും ഉടക്കി നിൽക്കുന്ന സമാജ് വാദി പാർട്ടിയിലെ നാടകം കളി തുടരുന്നു. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി പ്രശ്നങ്ങളില്ലെന്നും വൈകാതെ എല്ലാം ശരിയാകുമെന്നുമാണ് അച്ഛനും പാർട്ടി നേതാവുമായ മുലായം സിങ് യാദവ് ഇന്ന് പറഞ്ഞിരിക്കുന്നത്. പാർട്ടി ചിഹ്നമായ സൈക്കിൾ സ്വന്തമാക്കൻ ഡൽഹിയിൽ ഇലക്ഷൻ കമ്മീഷൻ ഓഫീസിലെത്തി രേഖകൾ സമർപ്പിച്ചശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് മുലായം ഇക്കാര്യം പറഞ്ഞത്.

പാർട്ടി ചിഹ്നം സ്വന്തമാക്കാൻ ശ്രമിക്കുന്നതുവരെ പോരു നീണ്ട പശ്ചാത്തലത്തിൽ സമാജ് വാദി പാർട്ടി ഇപ്പോൾ പിളരും ഇപ്പോൾ പിളരും എന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് അനുരജ്ഞനത്തിന്റെ സ്വരത്തിൽ മുലായത്തിന്റെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. പാർട്ടിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ മുഴുവൻ കാരണവും ഒരു വ്യക്തി കുടിപ്പക തീർക്കുന്നതാണെന്നും മുലായം ചൂണ്ടിക്കാട്ടി. അഖിലേഷിന്റെ വലംകൈയും അമ്മാവനുമായ രാംഗോപാൽ യാദവിനെ ഉദ്ദേശിച്ചാണ് മുലായം ഇത് പറഞ്ഞത്.

സഹോദരൻ ശിവപാൽ യാദവിനും വിശ്വസ്തനായ അമർസിംഗിനും ഒപ്പമായിരുന്നു മുലായം തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫീസിലെത്തിയത്. തങ്ങളെ പിന്തുണയ്ക്കുന്നവരുടെ സത്യവാങ്മൂലം അടക്കമുള്ള രേഖകളാണ് മുലായം സമർപ്പിച്ചിരിക്കുന്നത്. പാർട്ടി ചിഹ്നമായ സൈക്കിൾ ആർക്ക് അനുവദിക്കണമെന്ന കാര്യം തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിക്കുമെന്ന് മുലായം വ്യക്തമാക്കി.

നേരത്തേ മുലായത്തിനെ എതിർക്കുന്ന മകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് സിങ് യാദവ് സൈക്കിൾ ചിഹ്നം സ്വന്തമാക്കാനായി തെരഞ്ഞെടുപ്പു കമ്മീഷൻ ഓഫീസിൽ തന്നെ പിന്തുണക്കുന്നവരുടെ ആറു പെട്ടി സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും വ്യാജമാണെന്ന് തൊട്ടു പിന്നാലെ മുലായം ആരോപിക്കയുമുണ്ടായി.

ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഉടലെടുത്ത തർക്കമാണ് സമാജ് വാദിയെന്ന കുടുംബ പാർട്ടിയെ പൊട്ടിത്തെറിയിലേക്കു നയിച്ചത്. അഖിലേഷും അമ്മാവൻ രാംഗോപാൽ യാദവും ഒരു വശത്തും മുലായവും സഹോദരൻ ശിവപാൽ യാദവും മറുവശത്തും നിന്നാണ് പോരു നടത്തുന്നത്. തുടർന്ന് പാർട്ടി പിടിച്ചെടുത്തെന്നും അധ്യക്ഷപദവി സ്വന്തമാക്കിയെന്നും ഇരു വിഭാഗവും അവകാശപ്പെടുകയുമുണ്ടായി.

തന്നെ അച്ഛനുമായി തെറ്റിക്കുന്നത് ശിവപാൽ യാദവാണെന്നാണ് അഖിലേഷ് ആരോപിക്കുന്നത്. എ്‌നാൽ മകനെ തന്നിൽനിന്ന് അകറ്റുന്നത് രാംഗോപാൽ യാദവാണെന്ന് മുലായവും കരുതുന്നു. ഇതിനിടെയാണ് ഇന്ന് രാംഗോപാൽ യാദാവിന്റെ പേരെടുത്തു പറയാതെ, എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അദ്ദേഹമാണെന്ന് മുലായം ആരോപിച്ചിരിക്കുന്നത്. ഇതോടൊപ്പം രാംഗോപാൽ യാദവിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയർമാന് മുലായം കത്തു നല്കുകയും ചെയ്തിട്ടുണ്ട്.

മുലായവും സംഘവും മടങ്ങി കുറച്ചുസമയങ്ങൾക്ക് ശേഷം അഖിലേഷും അമ്മാവൻ രാംഗോപാൽ യാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി സൈക്കിൾ ചിഹ്നം തങ്ങൾക്കുതന്നെ നല്കണമെന്ന് ആവശ്യപ്പെട്ടു. 90 ശതമാനം പാർട്ടി ജനപ്രതിനിധികളും അംഗങ്ങളും തങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കി അഖിലേഷിന്റെ വിശ്വസ്തൻ രാംഗോപാൽ യാദവും രംഗത്തെത്തി. പത്രികാസമർപ്പണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും രാംഗോപാൽ യാദവ് അറിയിച്ചു.

ഇരുവിഭാഗങ്ങൾക്കുമിടയിൽ അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ടെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് അസംഖാൻ വ്യക്തമാക്കി. എന്നാൽ പന്ത് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോർട്ടിലാണ് അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP