Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറിയ ആറ് എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കർ; ബജറ്റ് സമ്മേളനത്തിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടി; ഹിമാചലിൽ അനുനയ നീക്കങ്ങൾക്കിടെ വിമതരോട് വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറിയ ആറ് എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കർ; ബജറ്റ് സമ്മേളനത്തിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നടപടി; ഹിമാചലിൽ അനുനയ നീക്കങ്ങൾക്കിടെ വിമതരോട് വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ സംസ്ഥാന സർക്കാരിന് ഉറച്ച ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കങ്ങൾ നടത്തുന്നതിനിടെ വിമതർക്കെതിരെ ശക്തമായ നടപടിയുമായി നിയമസഭാ സ്പീക്കർ. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ ഹിമാചൽ സ്പീക്കർ അയോഗ്യരാക്കി.

രജിന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടോ, രവി ഠാക്കൂർ, ചേതന്യ ശർമ എന്നീ എംഎൽഎമാരെയാണ് അയോഗ്യരാക്കിയത്. ബജറ്റ് സമ്മേളനത്തിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തർക്കം പരിഹരിക്കുന്നതിനുള്ള നടപടികൾക്കിടയിലും കൂറുമാറിയവർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. അതിന്റെ ഭാഗമാണ് അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി.

കർണാടക ഉപമുഖ്യമന്ത്രിയും തന്ത്രജ്ഞനുമായ ഡി.കെ.ശിവകുമാറിനെയും ഛത്തീസ്‌ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെയും ഭൂപൂന്ദർ ഹൂഡയെയുമാണ് പാർട്ടിക്കകത്തെ പടലപ്പിണക്കം തീർക്കാൻ ഹൈക്കമാൻഡ് ഷിംലയിലേക്ക് അയച്ചത്.

'കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച ആറ് എംഎ‍ൽഎമാർ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു' സ്പീക്കർ കുൽദീപ് സിങ് പതാനിയ പറഞ്ഞു.

ആറ് എംഎൽഎമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കർ അയോഗ്യരാക്കിയത്. ബാക്കിയുള്ള എംഎൽഎമാരെ കൂടെ നിർത്താൻ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ഷിംലയിൽ യോഗം വിളിച്ച് ചേർത്തു. എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷന് ഇന്ന് റിപ്പോർട്ട് നൽകും.

പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് ധനബിൽ പാസാക്കുമ്പോൾ അടക്കം വിട്ടുനിന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആറ് കോൺഗ്രസ് എംഎൽഎമാരെയും സ്പീക്കർ അയോഗ്യരാക്കിയത്. എംഎൽഎമാരിൽ നിന്ന് ഇന്നലെ വിശദീകരണം തേടിയ ശേഷമാണ് സ്പീക്കർ കുൽദീപ് സിങ് പഠാനിയയുടെ നടപടി. മറുപടി നൽകാൻ ഏഴ് ദിവസത്തെ സാവകാശം വേണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. ഇതോടെ ബിജെപിക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 34 ൽ നിന്ന് 28 ആയി കുറഞ്ഞു.

കോൺഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാർട്ടിയുടെ ആറ് എംഎ‍ൽഎ.മാരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർത്ഥി മനു അഭിഷേക് സിംഘ്വി പരാജയപ്പെട്ടിരുന്നു.

രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സ്വതന്ത്രരരും ആറ് വിമതരം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് കാരണമായത്. പാർട്ടി എംഎൽഎമാർ അയോഗ്യരായത് കോൺഗ്രസിന്റെ അംഗസംഖ്യ കേവല ഭൂരിപക്ഷമായ 35ന് താഴെയെത്തിക്കുകയും ചെയ്തിട്ടുണ്ട് . നിയമസഭയുടെ അംഗസംഖ്യ കുറഞ്ഞതിനാൽ തൽക്കാലം സർക്കാരിന് പിടിച്ചു നിൽക്കാം. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് കോൺഗ്രസ് കടന്നത്.

മുതിർന്നനേതാവ് ആനന്ദ് ശർമയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമാണ് ഹിമാചലിലെ വിമത നീക്കത്തിന് പിന്നിൽ. രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പ്രതിഭാ സിങിന്റെ മകനും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യസിങ് രാജിവെച്ച് വിമത ഭീഷണിയുയർത്തിയിരുന്നെങ്കിലും ഹൈക്കമാൻഡിന്റെ ഇടപെടലിൽ നിലപാടിൽ അയവ് വരുത്തിയിരുന്നു.

കോൺഗ്രസിലെ തർക്കം മുതലെടുത്ത് സർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബിജെപി. നീക്കംതുടരുന്നതിനിടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ താത്കാലിക ആശ്വാസംനേടിയിരുന്നു.

സ്പീക്കറുടെ ചേംബറിലെത്തി പ്രതിഷേധവുമുയർത്തി. പ്രതിപക്ഷനേതാവ് ജയറാം താക്കൂർ അടക്കം 15 ബിജെപി. അംഗങ്ങളെ സ്പീക്കർ കുൽദീപ് സിങ് പതാനിയ സസ്പെൻഡ്ചെയ്യുകയുമുണ്ടായി. ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ്.

രാജി പിൻവലിച്ചെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഹിമാചലിൽ സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചാകും ഭാവിനീക്കമെന്ന് മന്ത്രി വിക്രമാദിത്യ സിങ് മുന്നറിയിപ്പ് നല്കി. നേതൃമാറ്റം അടക്കം ആവശ്യമാണോയെന്നത് പരിഗണിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നിരീക്ഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ എംഎൽഎമാർ കാലുമാറാതിരിക്കാനാണ് വിമതരെ ഉടൻ പുറത്താക്കിയുള്ള മുന്നറിയിപ്പ് കോൺഗ്രസ് നല്കിയിരിക്കുന്നത്. സ്പീക്കറുടെ നടപടിയിൽ വിമതർ സ്വീകരിക്കുന്ന നിയമനടപടികളുടെ ഭാവി ഇനി നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP