Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിഎ ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടുൽ കേസിൽ മോദിയെ 'പെടുത്താൻ' സിബിഐ കടുത്ത സമ്മർദ്ദം ചെലുത്തി; രാഹുലിനെ അയോഗ്യനാക്കിയത് നിയമപരമായ വിഷയം; നിരപരാധിയെങ്കിൽ നിയമം നിങ്ങളെ വിട്ടയക്കും; കർണാടകത്തിൽ ഉറച്ച സർക്കാറുണ്ടാക്കുമെന്നും അമിത് ഷാ

യുപിഎ ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടുൽ കേസിൽ മോദിയെ 'പെടുത്താൻ' സിബിഐ കടുത്ത സമ്മർദ്ദം ചെലുത്തി; രാഹുലിനെ അയോഗ്യനാക്കിയത് നിയമപരമായ വിഷയം; നിരപരാധിയെങ്കിൽ നിയമം നിങ്ങളെ വിട്ടയക്കും; കർണാടകത്തിൽ ഉറച്ച സർക്കാറുണ്ടാക്കുമെന്നും അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിരപരാധിയെങ്കിൽ നിയമം നിങ്ങളെ വിട്ടയക്കും. നിയമപരമായ പ്രശ്‌നത്തിൽ ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ല എന്നും ഷാ പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയതിൽ വലിയ പ്രതിഷേധം രാജ്യത്തുടനീളം അരങ്ങേറുന്നതിനിടെയാണ് അമിത് ഷായുടെ വിമർശനം.

കോൺഗ്രസ് ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടുൽ കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ 'പെടുത്താൻ' സിബിഐ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും അമിത് ഷാ ആരോപിച്ചു. എന്നിട്ടുപോലും അനാവശ്യമായ ബഹളങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ ബിജെപി രംഗത്തിറങ്ങിയിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വീഴ്‌ത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

വിവിധ കേസുകളിൽ ഉൾപ്പെട്ട് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന്റെ പേരിൽ ജനപ്രതിനിധി സ്ഥാനം നഷ്ടമാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവല്ല രാഹുൽ ഗാന്ധിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിൽ ഇത്രമാത്രം ബഹളം വയ്ക്കാനും പ്രതിഷേധിക്കാനും യാതൊന്നുമില്ല. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും തെരുവിലിറക്കുന്നതിനു പകരം, കീഴ്‌ക്കോടതി വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്. അതിനു പകരം ലോക്‌സഭാംഗത്വം നഷ്ടമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഴിചാരാനാണ് രാഹുലിന് വ്യഗ്രതയെന്നും അമിത് ഷാ വിമർശിച്ചു.

'കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കിക്കിട്ടാൻ അദ്ദേഹം ഇതുവരെ അപ്പീൽ നൽകിയിട്ടില്ല. എന്തൊരു ധാർഷ്ഠ്യമാണെന്നു നോക്കണം. അദ്ദേഹത്തിന് വേണ്ടത് അനുകൂലമായ നടപടികളാണ്. ഒരേ സമയം എംപിയായി തുടരുകയും വേണം, എന്നാൽ കോടതിയെ സമീപിക്കാൻ തയാറുമല്ല. ഇത്തരത്തിൽ അംഗത്വം നഷ്ടപ്പെടുന്ന ആദ്യത്തെയാളല്ല രാഹുൽ ഗാന്ധി. ഇതിലും വലിയ സ്ഥാനങ്ങളിലിരുന്ന, കൂടുതൽ പരിചയസമ്പത്തുള്ള നേതാക്കൾക്ക് അംഗത്വം നഷ്ടമായിട്ടുണ്ട്. അതും ഇതേ കാരണത്താൽ' അമിത് ഷാ ചൂണ്ടിക്കാട്ടി.

ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത എന്നിവരുൾപ്പെടെ 17 രാഷ്ട്രീയ നേതാക്കൾ നിയമസഭയിലോ പാർലമെന്റിലോ അംഗമായിരിക്കെ അയോഗ്യരാക്കപ്പെട്ടതായി അമിത് ഷാ ചൂണ്ടിക്കാട്ടി. ഇവരെല്ലാം രാഹുൽ ഗാന്ധിയേക്കാൾ പരിചയ സമ്പന്നരായിരുന്നു. അയോഗ്യതാ വിഷയത്തിൽ ഇന്ന് രാഹുൽ ഗാന്ധിയെ സഹായിക്കുമായിരുന്ന ഓർഡിനൻസ് സ്വന്തം സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞത് രാഹുൽ തന്നെയാണെന്നും അമിത് ഷാ ഓർമിപ്പിച്ചു. കോടതി ശിക്ഷിക്കുന്നവർക്ക് നിയമസഭയിലോ പാർലമെന്റിലോ അംഗത്വം നഷ്ടമാകുന്നത് രാജ്യത്തിന്റെ നിയമമാണെന്നും അമിത് ഷാ വിശദീകരിച്ചു.

'കോൺഗ്രസിൽ അംഗങ്ങളായ എത്രയോ പ്രമുഖ അഭിഭാഷകരുണ്ട്. അവരിൽ പലരും രാജ്യസഭാ എംപിമാരുമാണ്. ഈ അയോഗ്യതാ വിഷയത്തിലെ നിയമപരമായ പ്രശ്‌നങ്ങൾ അവർ രാഹുൽ ഗാന്ധിക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം.' അമിത് ഷാ ആവശ്യപ്പെട്ടു. ലോക്‌സഭാംഗത്വം നഷ്ടമായതിനു പിന്നാലെ തിരക്കിട്ട് രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടെന്ന ആരോപണം അമിത് ഷാ തള്ളിക്കളഞ്ഞു. അത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കർണാടകത്തിൽ ഉറച്ച സർക്കാറുണ്ടാക്കും എന്നും അമിത് ഷാ പറഞ്ഞു. യെദിയൂരപ്പയുടെ സീനിയോരിറ്റി ബിജെപിയിലാരും ചോദ്യം ചെയ്തിട്ടില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ദമെന്നും അമിത് ഷാ പറഞ്ഞു. കർണാടകത്തിൽ പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസ് പയറ്റിയത്, തങ്ങൾ അത് തിരുത്തിയെന്നും ഷാ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP