Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിആർഎസ് ഭരിക്കുന്ന തെലങ്കാനയിൽ ''ജനാധിപത്യവിരുദ്ധ'' സാഹചര്യമാണെന്ന് ഗവർണ്ണർ പറഞ്ഞത് കെസിആറിനെ ചൊടുപ്പിച്ചു; ഫോൺ ചോർത്തൽ ആരോപണത്തോടെ രാജ് ഭവനും സർക്കാരും തമ്മിൽ അകന്നു; ഹൈക്കോടതി പറഞ്ഞിട്ടും റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലുങ്കാന സർക്കാർ; സെക്കന്തരാബാദിലെ രാഷ്ട്രീയം വീണ്ടും കോടതിയിലെത്തും

ടിആർഎസ് ഭരിക്കുന്ന തെലങ്കാനയിൽ ''ജനാധിപത്യവിരുദ്ധ'' സാഹചര്യമാണെന്ന് ഗവർണ്ണർ പറഞ്ഞത് കെസിആറിനെ ചൊടുപ്പിച്ചു; ഫോൺ ചോർത്തൽ ആരോപണത്തോടെ രാജ് ഭവനും സർക്കാരും തമ്മിൽ അകന്നു; ഹൈക്കോടതി പറഞ്ഞിട്ടും റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലുങ്കാന സർക്കാർ; സെക്കന്തരാബാദിലെ രാഷ്ട്രീയം വീണ്ടും കോടതിയിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമോ എന്ന ചർച്ച സജീവം. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ തുടർച്ചയായി മൂന്നാം വർഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയാറാകാത്തത്. അതുകൊണ്ട് തന്നെ കോവിഡ് ചർച്ചയിൽ ന്യായീകരണമുണ്ടാക്കുകയാണ് തെലുങ്കാന സർക്കാർ. ഏതായാലും ഈ വിഷയം ഹൈ്‌ക്കോടതിക്ക് മുമ്പിലെത്തുമെന്ന് ഉറപ്പാണ്.

അതേസമയം, രാജ്ഭവനിൽ സംഘടിപ്പിച്ച ആഘോഷത്തിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്തി. ചീഫ് സെക്രട്ടറി എ.ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ചടങ്ങിൽ 'നാട്ടു നാട്ടു' ഗാനത്തിന്റെ സംഗീതസംവിധായകൻ എം.എം.കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ആദരിച്ചു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും (കെസിആർ) മറ്റു മന്ത്രിമാരും ആഘോഷത്തിൽനിന്നു വിട്ടുനിന്നു. അതേസമയം, കെസിആർ സെക്കന്തരാബാദിലെ സൈനിക സ്മാരകത്തിലെത്തി റീത്ത് സമർപ്പിച്ചു.

ഗവർണർ-മുഖ്യമന്ത്രി പോരാണ് എല്ലാ പ്രശ്‌നത്തിനും കാരണം. ഗവർണറുമായുള്ള പ്രശ്‌നങ്ങൾ മൂലം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ചടങ്ങിൽ നിന്ന് വിട്ടുനിന്നു. കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തണമെന്ന ഹൈക്കോടതി ഉത്തരവാണ് മുഖ്യമന്ത്രി ലംഘിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമാകാൻ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ കത്തയച്ചിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് രാജ്ഭവനിൽ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി.

2019-ലായിരുന്നു തെലങ്കാന ഗവർണറായി തമിഴിസൈ സൗന്ദരരാജൻ ചുമതലയേൽക്കുന്നത്. പിന്നീട് സംസ്ഥാന സർക്കാരുമായുള്ള ഗവർണറുടെ ബന്ധം മോശമായിരുന്നു. കഴിഞ്ഞ വർഷവും കോവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാണിച്ച് പരേഡ് ഗ്രൗണ്ടിലെ ചടങ്ങ് സർക്കാർ ഉപേക്ഷിച്ചിരുന്നു. ചടങ്ങുമായി ബന്ധപ്പെട്ട് ഗവർണർക്ക് പ്രസംഗം വായിക്കാൻ അയയ്ക്കുന്ന കീഴ്‌വഴക്കവും ലംഘിക്കപ്പെട്ടു. ഇത്തരം സംഭവവികാസങ്ങളിൽ ഗവർണർ അസ്വസ്ഥയാണെന്നാണ് സൂചനകൾ.

ദിവസങ്ങൾക്കു മുൻപേ മുഖ്യമന്ത്രിയുടെ നിലപാടിനെ ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു. 'സംസ്ഥാന ബജറ്റ് വരുന്നു, റിപ്പബ്ലിക് ദിനാഘോഷവും വരുന്നു, ഒരു ഗവർണർ എങ്ങനെ ബഹുമാനിക്കപ്പെടുമെന്നു നോക്കാം', അവർ പറഞ്ഞു. തന്റെ പക്കൽ എത്തിയിരിക്കുന്ന ബില്ലുകളെക്കുറിച്ച് തീരുമാനിക്കണമെങ്കിൽ ആദ്യം മുഖ്യമന്ത്രി പ്രോട്ടോക്കോൾ എന്തിനു ലംഘിക്കുന്നെന്ന് വിശദീകരിക്കട്ടെയെന്നും തമിഴിസൈ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു,

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർമാരും ഭരണസംവിധാനവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ചർച്ചയിലാണ്. തന്റെ ഫോൺ തെലങ്കാനയിൽ ചോർത്തുന്നു എന്ന ആശങ്ക ഉയർത്തി തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഗുരുതര ആരോപണം ഉയർത്തിയിരുന്നു. ടിആർഎസ് ഭരിക്കുന്ന തെലങ്കാനയിൽ ''ജനാധിപത്യവിരുദ്ധ'' സാഹചര്യമാണെന്ന് തെലങ്കാന ഗവർണർ അവകാശപ്പെട്ടിരുന്നു.

കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം തെലങ്കാനയിൽ വലിയ രീതിയിൽ ആഘോഷം നടന്നിരുന്നില്ല. പരേഡ് ഗ്രൗണ്ടിൽ പരിപാടി നടത്തുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സർക്കാർ പരിപാടി മാറ്റിവെച്ചത്. ഇതേ തുടർന്ന് സംസ്ഥാനത്ത് രണ്ട് റിപ്പബ്ലിക് ദിനാഘോഷങ്ങളായിരുന്നു കഴിഞ്ഞ വർഷം നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിൽ സംസ്ഥാന സർക്കാരിന്റെ പതാക ഉയർത്തൽ ചടങ്ങ് നടത്തിയപ്പോൾ ഗവർണർ പങ്കെടുക്കാതെ വേറെ പതാക ഉയർത്തുകയായിരുന്നു. ബിജെപി മുൻ ദേശീയ സെക്രട്ടറിയും തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP