Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്ര ഭരണ പ്രതിസന്ധി: ഷിൻഡെ ക്യാമ്പിൽ നുഴഞ്ഞുകയറി ഉദ്ധവ് വിഭാഗം; വിമതരെ പിളർത്തി ഒപ്പം നിർത്താൻ നീക്കം; ജനപിന്തുണയും ഉദ്ധവിന്; ചതിച്ചവരെ തിരിച്ചെടുക്കില്ലെന്ന് ആദിത്യ താക്കറെ

മഹാരാഷ്ട്ര ഭരണ പ്രതിസന്ധി: ഷിൻഡെ ക്യാമ്പിൽ നുഴഞ്ഞുകയറി ഉദ്ധവ് വിഭാഗം; വിമതരെ പിളർത്തി ഒപ്പം നിർത്താൻ നീക്കം; ജനപിന്തുണയും ഉദ്ധവിന്; ചതിച്ചവരെ തിരിച്ചെടുക്കില്ലെന്ന് ആദിത്യ താക്കറെ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി മറികടക്കാൻ വിമതരെ പിളർത്തി ഒപ്പം നിർത്താൻ നീക്കവുമായി ഉദ്ധവ് വിഭാഗം. ഹോട്ടലിൽ തങ്ങുന്നവരിൽ 20 വിമത എംഎൽഎമാരുമായി നിരന്തരം ബന്ധം പുലർത്തുന്നതായാണ് സൂചന. എന്നാൽ ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പ്രതികരിച്ചു.

വിമത ക്യാമ്പിൽ ഉദ്ധവ് പക്ഷ എംഎൽഎമാർ നുഴഞ്ഞു കയറിയതായും റിപ്പോർട്ടുണ്ട്. ചില ട്രോജൻ കുതിരകൾ വിമത ക്യാമ്പിലുണ്ടെന്നും സഭയിൽ വിശ്വാസ വോട്ടെടുപ്പ് വരുമ്പോൾ അത് കാണമെന്നുമാണ് മുതിർന്ന ശിവസേന നേതാക്കൾ അവകാശപ്പെട്ടത്.

ഏക്നാഥ് ഷിന്ദേ വിശ്വാസ വോട്ടെടുപ്പിന് വിമുഖത കാണിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നും ശിവസേന നേതാക്കൾ പറയുന്നു. ഇതിനിടെ 20 വിമത എംഎൽഎമാർ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി ശിവസേന ഉറവിടങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ചില എംഎൽഎമാർ മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ചതായി സേനാ എംപി അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം ജനപിന്തുണ ആർജിക്കാനായത് ഉദ്ധവ് വിഭാഗത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നു.

അതേസമയം ഒരു ശിവസേന മന്ത്രി കൂടി ഷിൻഡെ ക്യാമ്പിലെത്തി. ഇതോടെ 9 മന്ത്രിമാർ ഷിൻഡേക്ക് ഒപ്പമായി. ഏകനാഥ് ഷിൻഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയതിനിടെയാണ് ഒരു മന്ത്രി കൂടി മറുകണ്ടം ചാടിയത്. വൈകീട്ടോടെയാണ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിൽ എത്തിയത്. ഇതോടെ ഉദ്ധവ് പക്ഷത്തിൽ അവശേഷിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി.

അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവായി. നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ് ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഷിൻഡെയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. അതിനിടെ വിമത എംഎൽമാരിൽ ഒരാളുടെ പിറന്നാൾ ആഘോഷവും ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലിൽ നടന്നു.

അസമിലെ വിവിധ ബിജെപി മന്ത്രിമാരും വിമതരുമായി ചർച്ചകൾ തുടരുകയാണ്. നാട്ടിൽ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുന്ന വിമത എംഎൽഎമാർ ആശങ്കയിലാണ്. നിലനിൽപ്പിനായുള്ള തീരുമാനമെടുക്കാൻ ഏകനാഥ് ഷിൻഡെക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് വിമതർ.

പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിക്കുകയും ചെയ്തിരുന്നു. മഹാവികാസ് അഘാഡി (ശിവസേനഎൻസിപികോൺഗ്രസ്) സർക്കാർ കണക്കുകൂട്ടുന്ന ഭരണഘടനാപരവും നിയമപരവുമായ നീക്കങ്ങൾ മറികടക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത ശേഷം മുന്നോട്ടു നീങ്ങാനാണ് വിമതരുടെ പൊതുധാരണ.

അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്‌നാഥ് ഷിൻഡെയടക്കം 16 ശിവസേനാ വിമത എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചതും വിമതപക്ഷത്തുള്ളവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടക്കുന്നതും വിമതരെ സമ്മർദത്തിലാക്കിയതായി സൂചനയുണ്ട്.

20 വിമത എംഎൽഎമാരുമായി അനുനയ നീക്കം നടക്കുന്നതായി ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് എംപി അറിയിച്ചിരുന്നു. അനുനയിപ്പിച്ച് ഉദ്ധവ് താക്കറെ ക്യാംപിലെത്തിക്കാനാണ് നീക്കം. വിമതർ ക്യാംപ് ചെയ്യുന്ന ഗുവാഹത്തിയിലെ ഹോട്ടലിൽ ക്യാംപ് ചെയ്യാൻ ഉദ്ധവ് താക്കറെ പക്ഷത്തിനു പദ്ധതിയുണ്ടെന്നും ഇവിടെ മുറി ബുക്ക് ചെയ്യാൻ ശിവസേനാ നേതാക്കൾ ഹോട്ടൽ അധികൃതർക്ക് ഇമെയിൽ സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എംഎൽഎ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ വിമത എംഎൽഎമാരെ ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. ഏക്‌നാഥ് ഷിൻഡെ, ഗുലാബ്‌റാവു പാട്ടീൽ, ദാദ ഭൂസ്, ശംഭുരാജ് ദേശായ്, അബ്ദുൾ സത്താർ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമാകാനാണ് സാധ്യത. ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP